ദേവാസ്ത്
ഈസ്റ്ററിനു മുന്നോടിയായി അമ്പതു നോമ്പുകാലങ്ങളിൽ കേരളത്തിലെ തീരപ്രദേശങ്ങളിൽ വളരെ ഉറക്കെ ആലപിച്ചു വരുന്ന ക്രിസ്തീയ പ്രാർത്ഥനാഗീതമാണ് “ദേവാസ്ത് വിളി”.
യേശുക്രിസ്തുവിന്റെ പീഡാനുഭവങ്ങളേയും മനുഷ്യരുടെ ജീവിതമനുസരിച്ച് അവർക്ക് ലഭിക്കുന്ന സ്വർഗ്ഗ നരകങ്ങളേയും കുറിച്ച് ഇതിൽ പ്രതിപാദിക്കുന്നു. ഏകദേശം പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ച ക്രിസ്തീയ അനുഷ്ഠാന കലയാണിത്. ‘ദേവാസ്ത വിളി’, ‘ദേവാസ് വിളി’ എന്നൊക്കെ ദേവാസ്ത് വിളി അറിയപ്പെടുന്നു. ഒരു കലാരൂപമെന്ന നിലയിൽ പരിഗണിച്ചാൽ, ചവിട്ടുനാടകം പോലെ പോർച്ചുഗീസ് മലയാള പാരമ്പര്യമാണ് അതിനുള്ളത്.
വി. ഫ്രാൻസീസ് സെവ്യർ (1506-1552) പോർച്യുഗീസ് ഭാഷയിൽ കൊച്ചിയിൽ വെച്ച് എഴുതിയ ഈ പ്രാർത്ഥനാഗീതം സംസ്കൃതം, തമിഴ്, മലയാളം ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു.[1]
സംസ്കൃത പദങ്ങൾ നിറഞ്ഞ മലയാളത്തിലുള്ള ദേവാസ്ത്, തനി മലയാള പദങ്ങൾ നിറഞ്ഞ മലയാള ദേവാസ്തു് തുടങ്ങിയവ യഥാക്രമം, സംസ്കൃത ദേവാസ്ത് (വലിയ ദേവാസ്ത്), മലയാള ദേവാസ്ത് (ചെറിയ ദേവാസ്ത്), എന്നിങ്ങനെ അറിയപ്പെടുന്നു.
പദോത്പത്തി
[തിരുത്തുക]ദേവാസ്ത’ എന്ന വാക്കിന്റെ അർത്ഥത്തെക്കുറിച്ച് പല വ്യഖ്യാനങ്ങളും ഉണ്ട്. ഭക്തി, ഭക്ത്യഭ്യാസം എന്നിങ്ങനെ അർത്ഥമുള്ള ‘ദേവോസം (devocao)’ എന്ന പോർച്യുഗീസ് വാക്കിൽ നിന്ന് ‘ദേവോതേ’ എന്ന രൂപവും അതിൽ നിന്നും മലയാളത്തിൽ ‘ദേവോസ’, ‘ദേവാസ’, ‘ദേവാസ്ത’ എന്നീ രൂപങ്ങളുമുണ്ടായി. ഉറക്കെ പറയുന്നതു കൊണ്ട് ‘വിളി’ എന്ന പേരും കൂട്ടിച്ചേർത്തു.[1] ഇംഗ്ലീഷിൽ Devotional call. ദേവാസ്ത് വിളി അഥവാ ദേവാസ‌് വിളി (Devotional call) എന്നെല്ലാം പറയാറുണ്ട്.
‘വാഗ്ദാനം ചെയ്യുക, ശപഥം ചെയ്യുക, സമർപ്പിക്കുക എന്നൊക്കെ അർത്ഥം വരുന്ന ‘ദെവോവോസിയോ’ (devovotio) എന്ന ലത്തീൻ വാക്കിന്റെ ചുരുങ്ങിയ രൂപമാണ് ‘ദേവോസിയോ’(devotio). പോർച്യുഗീസിൽ ഇത് ‘ദേവോസം (devocao)’ആയി.[1]
‘ദേ’ ‘വാസോ’ എന്നീ വാക്കുകളിൽ നിന്നാണ് ദെവോസം, ദേവാസ്ത എന്നീ പദങ്ങളുണ്ടായതെന്നും കരുതുന്നു. ‘ദേ’ എന്നാൽ പോർച്യുഗീസിൽ ‘ന്റെ’ (ലെ) എന്നും ‘വാസോ’ എന്നാൽ ‘വായിക്കുന്നത്’ എന്നുമാണ് അർത്ഥം. നശിപ്പിക്കുക, ഒഴിപ്പിക്കുക എന്നർത്ഥം വരുന്ന പോർച്യുഗീസ് വാക്കാണ് ‘ദേവാസ്ത്’[2] ദേവനെ (യേശുക്രിസ്തുവിനെ) സ്തുതിക്കുന്ന ഗീതമായതിനാൽ ദേവസ്തുതിയെന്നും പറയാറുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളിലാണ് ദേവാസ് വിളി നടക്കാറുള്ളത്. പ്രധാനമായും ലത്തീൻ കത്തോലിക്കാ സമുദായാംഗങ്ങളാണ് പാരമ്പര്യമായി ദേവാസ് വിളി നടത്തുന്നത്.
അമ്പതു നോമ്പാരംഭിക്കുന്ന കരിക്കുറി ബുധനാഴ്ച (വിഭൂതി ബുധൻ Ash Wednesday) ആരംഭിക്കുന്ന ദേവസ്ത് വിളി ദുഃഖവെള്ളിയാഴ്ച അവസാനിക്കുന്നു. വലിയ നോമ്പുകാലത്തെ രാത്രികളിൽ തെരുവുകളിലൂടെ ദേവാസ് വിളി സംഘം നീങ്ങുന്നു. സംഘത്തിന്റെ മുമ്പിൽ കത്തിച്ച മെഴുകുതിരി പിടിച്ച ആൾ, പിന്നിൽ കുരിശ്, അതിനു പുറകിലായി സംഘത്തിലെ മറ്റുള്ളവർ എന്ന ക്രമത്തിൽ വരിയായി പോകുന്നു. ഏതെങ്കിലുമൊരു പറമ്പിലോ വീട്ടിലോ വെച്ചാണ് സാധാരണയായി ദേവാസ്ത് വിളിക്കുന്നത്.[3]
നിലത്ത് കുത്തനെ നിറുത്തിയ കുരിശിൽ കൈകൾ പിടിച്ച് മുട്ടിന്മേൽ നിന്നുകൊണ്ടാണ് ദേവാസ്തു് വിളിക്കുന്നത്. എല്ലാവരും മുട്ടിന്മേൽ നിന്നശേഷം പ്രത്യേക താളത്തിൽ ആദ്യം കൈമണി കിലുക്കുന്നു. തുടർന്ന്, ‘സ്വർഗസ്ഥനായ . . . , നന്മ നിറഞ്ഞ മറിയമെ . . . , ത്രിത്വസ്തുതി’ എന്നീ പ്രാർത്ഥനകൾ ചൊല്ലുന്നു. ശേഷം ദേവാസ്തു വിളി ആരംഭിക്കുകയായി.[3]
വളരെ ഉയർന്ന ധ്വനിയിലാണ് ദേവാസ്ത് വിളിക്കുന്നത്. ഏതാണ്ട് മുസ്ലീം പള്ളികളിലെ വാങ്ക് വിളിയോട് വിദൂര സാമ്യം തോന്നും. സംഘത്തിലെ ഒരാൾ ദേവാസ്തിലെ ആദ്യ രണ്ടു വരികൾ ചൊല്ലുന്നു. അടുത്ത രണ്ടു വരികൾ മറ്റൊരാൾ ചൊല്ലുന്നു. അതിനടുത്ത രണ്ടു വരികൾ വേറൊരാൾ. അങ്ങനെ ഓരോരുത്തരായി ഈരണ്ടു വരികൾ വീതം മാറി മാറി ചൊല്ലി ദേവാസ്ത് വിളി പൂർത്തിയാക്കുന്നു. എട്ടു വരികൾക്കു ശേഷം ‘സ്വർഗസ്ഥനായ . . . , നന്മ നിറഞ്ഞ മറിയമെ . . . , ത്രീത്വസ്തുതി’ എന്നീ പ്രാർത്ഥനകളും ചൊല്ലും. ഉയർന്ന സ്ഥായിയിലുള്ള വിളിയായതിനാൽ സുഗമമായി ദേവാസ്ത് വിളിക്കാൻ കുറഞ്ഞത് നാലു പേരെങ്കിലും വേണം.[3]
ദൈവനാമത്തിൽ ദുഷ്ടാരുപികളെ അകറ്റുന്നതിനുള്ള ഒരു മന്ത്രമെന്നാണ് ദേവാസ്ത് വിളിയെകുറിച്ച് പൊതുവേയുള്ള ധാരണ. അനിഷ്ട സംഭവങ്ങൾ നടക്കുന്ന വീടുകളിൽ ദേവാസ്ത് വിളിക്കുകയാണെങ്കിൽ അവിടെ സമാധാനവും ശാന്തിയും ഉണ്ടാകുമെന്ന് ആളുകൾ വിശ്വസിക്കുന്നു.[3]
പൈശാചിക ബാധയുള്ള വീടുകളിലോ അങ്ങനെയുള്ള ഒഴിഞ്ഞ പറമ്പുകളിലോ ആയിരുന്നു പഴയകാലങ്ങളിൽ ദേവസ്ത് വിളിച്ചിരുന്നത്. രാത്രി ഏറെ വൈകിയ ശേഷം; പലപ്പോഴും അർധ രാത്രിയിൽ. എന്നാൽ ഇപ്പോൾ അത്രയേറെ വൈകി ദേവാസ്ത് വിളിക്കാറില്ല. രോഗികളുള്ള വീടുകൾ, അടുത്തിടെ മരണം സംഭവിച്ച വീടുകൾ, പള്ളികൾ, സെമിത്തേരി തുടങ്ങിയവിടങ്ങളിലാണ് ഇപ്പോൾ ദേവാസ്ത് വിളിക്കുന്നത്. ദേവാസ്ത് വിളിക്കാൻ പോകുമ്പോഴും വിളിച്ച് തിരികെ വരുമ്പോഴും സംസാരിക്കുകയൊ പുറകിലേക്ക് നോക്കുകയൊ ചെയ്യരുതെന്ന് ഒരു വിശ്വാസം പഴയ കാലത്ത് ഉണ്ടായിരുന്നു. ദേവാസ്ത് വിളി തുടങ്ങിയാൽ എന്തു സംഭവിച്ചാലും വിളി തീരുന്നതുവരേയും മുട്ടിൽനിന്നും എഴുന്നേൽക്കുവാൻ പാടില്ല. ഇടിവെട്ടൊ മഴയൊ ആണെങ്കിലും അതു സഹിച്ച് ദേവാസ്ത് വിളി തീർക്കണം.[3]
ഒരു നോമ്പുകാലത്ത് പതിന്നാലു വിളികളെങ്കിലും കുറഞ്ഞത് വിളിച്ചിരിക്കണം. ഓശാന ഞായർ മുതലുള്ള വിശുദ്ധവാരത്തിൽ കൈമണി ഉപയോഗിക്കാറില്ല; പകരം മരമണിയാണ് ഉപയോഗിക്കുക.[3]
ദേവാസ്ത് ശ്ലോകത്തിന്റെ ഏതാനും വരികൾ താഴെ കൊടുക്കുന്നു.
പാഠം
[തിരുത്തുക]വലിയ ദേവാസ്ത്
[തിരുത്തുക]ആരംഭ വരികൾ
01. പാവനാ പരിപൂർണ്ണ പുണ്യപൂരമേ മനുഷ്യാവനത്തിനു ദൈവം കല്പിച്ച കാരുണ്യാബ്ദേ.
02. മർത്ത്യ ജാതികൾക്കായ് മനുജകാരം പൂണ്ട് വൃത്തിയാൽ അവതാരം ചെയ്ത കർത്താവെ ജയാ.
03. ആശുകാകാശങ്ങളും ഭൂമിയും ജലങ്ങളും മാശു ശുഷ്കണിയതും… തഥാ ദിനങ്ങളല്ലോ.
04. അങ്ങിനേയുള്ള പരാൽ പരമേ ജഗൽ നാഥാ മംഗളാം കൃതേ ചിത്രേ ചരിത്രേ നമോ നമോ.
05. *ചെന്നാക്കോലെന്ന സ്ഥലേ വെച്ചു താൻ നമുക്കായി തന്നരുളിയൊരു വിശുദ്ധ കുർബ്ബാനയ്ക്കും.
06. മന്നിലെ ജന്മ പാപമൊഴിച്ചു ജനിച്ചൊരു കന്യകാ ഉത്ഭവത്തേയും സന്തതം സ്തുതിക്കുന്നു
( മണി ….. നന്മ നിറഞ്ഞ മറിയമെ . . . . . . . . . . )
അവസാന വരികൾ
42. ഭൂലോക പാപഹീനം ചെയ്ത ദൈവികസൂനോ.
( മണി …. )
ഈ ലോകവാസികളെ അനുഗ്രഹിക്കേണമെ.
43. സർവ്വ വല്ലഭാ.. ദൈവസുതനീശോ നമോ നമ:
( മണി .. സ്വർഗസ്ഥനായ . . . നന്മ നിറഞ്ഞ . . .ത്രീത്വ സ്തുതി )
- മലയാളം ദേവാസ‌് വിളിയിലെ 5 ാ മാത്തെ വരിയിൽ, ‘ചെന്നാക്കോലെന്ന സ്ഥലേ വെച്ചു താൻ നമുക്കായി തന്നരുളിയൊരു വിശുദ്ധ കുർബ്ബാനയ്ക്കും’ ചേനാക്കുളം (coenaculam) എന്ന ലത്തീൻ വാക്കാണ് ‘ചെന്നാക്കോൽ’ ആയത്. കോയെൻസാ (coensa) എന്ന പ്രാചീനലത്തീൻ വാക്കിൽ നിന്നും വിരുന്ന് എന്നർത്ഥമുള്ള ചേന (coena) എന്ന വാക്കുണ്ടായത്. ഈ വാക്കാകട്ടെ co-edna എന്ന വാക്കിൽനിന്നുണ്ടായതും. അർത്ഥം സഹ(co) ഭോജനം(edna). കുളും(culum) സ്ഥിതി ചെയ്യുന്ന സ്ഥലം. ചേനാക്കുളം (coenaculam) എന്നാൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന സ്ഥലം. (കൈസ്തവ ശബ്ദ കോശം – ഡോ.ജോർജ് കുരുക്കൾ). ചേനാക്കുളം (coenaculam) അഥവാ ചെന്നാക്കോൽ ‘ഊട്ടുശാല എന്നർത്ഥം. സെഹിയോൻ ഊട്ടുശാലയിൽ വെച്ച് യേശുക്രിസ്തു സ്ഥാപിച്ച വിശുദ്ധ കുർബാന.
ചെറിയ ദേവാസ്ത്
[തിരുത്തുക]ആരംഭ വരികൾ
1. ദൈവ കൂദാശയാകുന്ന ശുദ്ധമാന കുർബ്ബാനയ്ക്കും
2. ഉത്ഭവ ദോഷമെന്നിയൊ ജനിക്കപ്പെട്ടു
3. കന്നി മറിയത്തിന്റെ ദിവ്യമായ ജനനത്തിന്നു സ്തുതിയും വാഴും പുകഴുമാകട്ടെ.
4. പട്ടാങ്ങയുടെ നാഥനാകുന്ന ഈശോ കർത്താവിന്റെ
5. ശുശ്രൂഷികളാകുന്ന വിശ്വാസകാരമെ.
അവസാന വരികൾ
47. തന്റെ കാരുണ്ണ്യം ഞങ്ങൾക്കുണ്ടാകണമെ..
48. പട്ടാങ്ങയുടെ നാഥനെ കാരുണ്ണ്യം
49. തന്റെ കാരുണ്ണ്യം ഞങ്ങൾക്കുണ്ടാകണമെ..
50. സകല നന്മയുടെ തമ്പുരാനെ.
നെട്ടൂരിലെ ദേവസ്ത് സംഘം
[തിരുത്തുക]വർഷങ്ങളായി മുടങ്ങാതെ ദേവാസ്ത് വിളിച്ചു വരുന്നവരുടെ ഒരു കൂട്ടായ്മ നെട്ടൂരിലുണ്ട്. പരേതനായ പി.സി.വർഗീസ്, പനക്കലിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണിവർ.[4] ഈ സംഘത്തെ ഇപ്പോൾ ശ്രീ. ടി.എസ്. ജോസഫ്, തട്ടാശ്ശേരിയാണ് നയിക്കുന്നത്. ആദ്യ വിളി നെട്ടൂർ വിശുദ്ധ കുരിശിന്റെ ദേവാലയനടയിലാണ് നടത്തുക. പെസ്സഹ വ്യാഴാഴ്ച വിശുദ്ധ കുരിശിന്റെ ദേവാലയത്തിലെ സെമിത്തേരിയിൽ വെച്ചും. ഇടവകപ്പള്ളിയായ വിമലഹൃദയ ദേവാലയത്തിൽ ദുഃഖവെള്ളിയാഴ്ചയിലെ വിളിയോടുകൂടിയാണ് ദേവാസ്ത് വിളി സമാപിക്കുന്നത്. മറ്റു ദിവസങ്ങളിൽ ആളുകളുടെ ആവശ്യ പ്രകാരം വീടുകളിൽ വിളിക്കാറുണ്ട്.
ബുധൻ, വെള്ളി ദിവസങ്ങളിലാണ് സാധാരണയായി ദേവാസ്ത് വിളിക്കുന്നത്. എന്നാൽ ആളുകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഞായറാഴ്ചകളിലും തിങ്കളാഴ്ചകളിലും വിളിക്കാറുണ്ട്. ഒരു ദിവസം ഒന്നു മുതൽ മൂന്നു വരെ സ്ഥലങ്ങളിൽ ദേവാസ്ത് വിളിക്കാറുണ്ട്.[3] സംസ്കൃത പദങ്ങൾ സമൃദ്ധമായ മലയാളത്തിലുള്ള വലിയ ദേവാസ്താണ് നെട്ടൂരിൽ വിളിക്കുന്നത്. രണ്ടു വരികൾ വീതമുള്ള നാല്പത്തി മൂന്ന് അടികളാണിതിനുള്ളത്.[3]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 ക്രൈസ്തവ ശബ്ദകോശം” – ഡേ. ജോർജ് കുരുക്കൂർ
- ↑ കടലിന്റെ താളം, വിശ്വാസത്തിന്റെ ഈണം” – ജിജോ ജോൺ പുത്തേഴത്ത്, 20.04.2003 ലെ ‘മലയാള മനോരമ ശ്രീ
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 ദേവാസ്ത്” - 'എന്റെ ചരിത്ര പുസ്തകം' - എം.എസ്.അഗസ്റ്റിൻ
- ↑ വ്യക്തികൾ: പി.സി. വർഗീസ്, പനക്കൽ” – എം.എസ്.അഗസ്റ്റിൻ,1997 ലെ നെട്ടൂർ വിമലഹൃദയ ദേവാലയ സിൽവർ ജൂബിലി സ്മരണിക