പുത്തൻ പാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അർണോസ് പാതിരി

മിശിഹായുടെ പാന എന്നും പുത്തൻ പാന എന്നും 'രക്ഷാചരിത കീർത്തനം' എന്നും പേരുകളുള്ള ഈ കൃതി യേശു ക്രിസ്തുവിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി,ബഹുഭാഷാപണ്ഡിതനും മലയാള-സംസ്കൃതഭാഷകളിൽ നിപുണനുമായ അർണ്ണോസ് പാതിരിയാണ് (Johann Ernst Hanxleden) രചിച്ചത്. ജർമ്മൻകാരനായ ഒരു ഈശോസഭാ വൈദികനായിരുന്ന അദ്ദേഹം, വൈദികാർത്ഥിയായിരിക്കെ 1699-ൽ കേരളത്തിലെത്തി. വൈദികപട്ടം സ്വീകരിച്ചശേഷം ശിഷ്ടായുസ്സ് തൃശൂരിനടുത്തുള്ള അമ്പഴക്കാട്, വേലൂർ, പഴയൂർ, പഴുവ് എന്നീ സ്ഥലങ്ങളിലായി അദ്ദേഹം ചിലവഴിച്ചു. സംസ്കൃത പണ്ഡിതന്മാരുടെ സഹായത്തോടെ അദ്ദേഹം മലയാളവും സംസ്കൃതവും പഠിച്ച് പ്രാവീണ്യം നേടി.[1]

ഈ കാവ്യത്തിന് പുത്തൻപാന എന്നു പേരു വിളിക്കാനുള്ള മുഖ്യ ഹേതു ഇതിലെ പന്ത്രണ്ടാം പാദമെന്നു പറയുന്നവരുമുണ്ട്. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപ്പാന പ്രസിദ്ധമാണല്ലോ. അതിന്റെ ചുവടു പിടിച്ചാണ് പുത്തൻപാന രചിച്ചിട്ടുള്ളതെന്ന് അനുമാനിക്കാവുന്നതാണ്. ജ്ഞാനപ്പാനയ്ക്ക് ശേഷം വന്ന പാന എന്ന അർത്ഥത്തിൽ പുത്തൻപാന എന്ന പേര് പ്രചാരത്തിലായതുമാകാം. അർണോസ് പാതിരി പുത്തൻപാന എഴുതിയതും ജ്ഞാനപ്പാനയുടെ രീതിയിലായിരുന്നു.

പുത്തൻപാനയുടെ ഏറ്റം പ്രധാന ഭാഗം 10,11,12 പാദങ്ങളായാണ് കരുതിപ്പോരുന്നത്.അമ്പതുനോമ്പു കാലങ്ങളിൽ ക്രിസ്തീയ ഭവനങ്ങളിൽ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കൾക്ക് രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തൻ പാന ഒരു കാലത്ത് കേരളത്തിലെ ക്രിസ്തീയ വീടുകളിൽ പാരായണം ചെയ്യപ്പെട്ടിരുന്നത്. കേരള ക്രൈസ്തവരുടെ ആദ്ധ്യാത്മികതയുമായി ഇഴുകി ചേർന്ന ഒരു കാവ്യമാണ് പുത്തൻ പാന. 1500-ൽ പരം വരികളിലായി, പതിനാലു പാദങ്ങളിലായി എഴുതപ്പെട്ട ഈ കൃതിയിൽ ലോകസൃഷ്ടി മുതൽ മിശിഹായുടെ ജനനമരണങ്ങൾ വരെ പ്രതിപാദിച്ചിരിക്കുന്നു. പെസഹാ വ്യാഴാഴ്ച രാത്രിയിലും ദുഃഖവെള്ളിയാഴ്ച രാവിലെയും ഇവ പാടുന്ന പതിവ് തലമുറകളായി നിലവിൽ നിൽക്കുന്നു. ശവസംസ്കാരത്തിന്റെ തലേരാത്രിയിൽ പാനവായിക്കുന്ന പതിവ് കേരള ക്രൈസ്തവരുടെ ഇടയിൽ ഇപ്പോഴുമുണ്ട്. [2]

പ്രത്യേകതകൾ[തിരുത്തുക]

മൈക്കലാഞ്ചലോ യുടെ പിയേത്താ എന്ന് വിഖ്യാതമായ ശില്പം. പുത്തൻ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉൾകൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്

സർപ്പിണി വൃത്തത്തിലാണ് ഇതിന്റെ രചന. ഒരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു അങ്ങനെ പതിനാലു പാദങ്ങളായാണ് ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്.

ഭാഷ വളരെ ലളിതവും ഹൃദ്യവുമാണ്. സംസ്കൃത പദങ്ങൾ മറ്റു കൃതികളെ അപേക്ഷിച്ച് കുറവാണ്. അച്ചടിപ്പിശകുകളും ലേഖക പ്രമാദങ്ങളും കടന്നു കൂടിയിരിക്കാനിടയുള്ളതിനാൽ പാതിരിയുടെ കാവ്യ മാഹാത്മ്യത്തെക്കുറിച്ച് പറയുന്നത് ശ്രമകരമാണ്

പതിനൊന്നാം പാദത്തിൽ യേശു ക്രിസ്തുവിന്റെ മരണം വിവരിക്കുന്നു. പന്ത്രണ്ടാം പാദത്തിൽ കന്യകാ മാതാവിന്റെ വിലാപം വർണ്ണിച്ചിരിക്കുന്നു. ഇത് നതോന്നത വൃത്തത്തിൽ ആണ് എഴുതപ്പെട്ടിട്ടുള്ളത്.

"ഗണം ദ്വ‌യക്ഷരമെട്ടെണ്ണമൊന്നാം പാദത്തിൽ, മ‍റ്റതിൽ ഗണമാറരനിൽക്കേണം രണ്ടുമെട്ടാമതക്ഷരേ, ഗുരുതന്നെയെഴുത്തെല്ലാമിശ്ശീലിൻ പേർ നതോന്നതാ" എന്നതാണ് നതോന്നതയുടെ ലക്ഷണം.

വഞ്ചിപ്പാട്ട് വൃത്തമായ നതോന്നതയിൽ ‍എഴുതപ്പെട്ടിട്ടുള്ള മറ്റ് വിലാപകാവ്യങ്ങൾ ഏതെങ്കിലും മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്.രാമപുരത്ത് വാര്യരുടെ കുചേല വൃത്തം വഞ്ചിപ്പാട്ടാണ് നതോന്നത വൃത്തത്തിൽ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ കൃതി. കുമാരനാശാൻറെ 'കരുണ' എന്ന കാവ്യവും നതോന്നത വൃത്തത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്.

അവലംബം[തിരുത്തുക]

  1. http://www.praarthana.org/puthen-pana
  2. പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികൾ- അർണ്ണോസ് പാതിരി, പ്രസാധകർ: കേരള ഹിസ്റ്ററി അസോസിയേഷൻ, എറണാകുളം, കേരള; 1982
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ പുത്തൻ പാന എന്ന താളിലുണ്ട്.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Joseph J. Palackal: Puthen paana: A Musical Study, Master's Thesis, Hunter College of the City University of New York, 1995. Christian Musicological Society of India
"https://ml.wikipedia.org/w/index.php?title=പുത്തൻ_പാന&oldid=3089539" എന്ന താളിൽനിന്ന് ശേഖരിച്ചത്