Jump to content

ടെർനേറ്റ് സുൽത്താനേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടെർനേറ്റ് സുൽത്താനേറ്റ്

Kesultanan Ternate
1257–1914
Greatest extent of the Sultanate of Ternate
Greatest extent of the Sultanate of Ternate
തലസ്ഥാനംTernate
പൊതുവായ ഭാഷകൾTernate
മതം
Sunni Islam (after 1486)
ഭരണസമ്പ്രദായംSultanate
Sultan
(Kolano before 1486)
 
• 1257 – 1277
Baab Mashur Malamo
• 1902 – 1915
Haji Muhammad Usman Shah
• 2015 – 2019
Sjarifuddin Sjah
ചരിത്രം 
• Founded
1257
• Conversion to Islam
1486
• Vassalisation by Dutch
1683
• Final ruler dethroned by Dutch
1914
• Honorary sultan crowned
1927
ശേഷം
Dutch East Indies
Today part of Indonesia

ടെർനേറ്റ് സുൽത്താനേറ്റ് (മുമ്പ് ഗാപ്പി രാജ്യമെന്നറിപ്പെട്ടിരുന്നു[1]) ടിഡോർ, ജയ്ലോലോ, ബകാൻ എന്നിവയ്‌ക്ക് പുറമെ ഇന്തോനേഷ്യയിൽ നിലനിന്നിരുന്ന ഏറ്റവും പഴയ മുസ്‌ലിം രാജ്യങ്ങളിലൊന്നാണ്. 1257-ൽ ടെർനേറ്റിലെ ആദ്യത്തെ നേതാവായിരുന്ന മോമോൽ സിക്കോ ‘ബാബ് മഷൂർ മലാമോ’ എന്ന സ്ഥാനപ്പേരോടെ ടെർനേറ്റ് സുൽത്താനേറ്റ് സ്ഥാപിച്ചു.[2] ഇത് സുൽത്താൻ ബാബുള്ളയുടെ (1570–1583) ഭരണകാലത്ത് അതിന്റെ സുവർണ്ണ കാലഘട്ടത്തിലെത്തുകയും ഇന്തോനേഷ്യയുടെ കിഴക്കൻ ഭാഗങ്ങളുടെ ഭൂരിഭാഗവും തെക്കൻ ഫിലിപ്പീൻസിന്റെ ഒരു ഭാഗവും ഉൾക്കൊണ്ടിരുന്നു. ഗ്രാമ്പുവിന്റെ പ്രധാന ഉത്പാദകരായിരുന്ന ടെർനേറ്റ് സുൽത്താനേറ്റ് 15 മുതൽ 17 വരെയുള്ള നൂറ്റാണ്ടുകളിൽ  ഒരു പ്രാദേശിക ശക്തിയായിരുന്നു.

ചരിത്രം

[തിരുത്തുക]

കൊളോണിയൽ കാലത്തിനു മുമ്പ്

[തിരുത്തുക]

സുൽത്താനേറ്റിന് ആദ്യം ഗാപ്പി രാജ്യം എന്ന് പേരിട്ടുവെങ്കിലും പിന്നീട് ഈ പേര് അതിന്റെ തലസ്ഥാനമായ ടെർനേറ്റിനെ അടിസ്ഥാനമാക്കി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ ഗ്രാമ്പൂ ഉൽ‌പാദകർ ടെർ‌നേറ്റും അവരുടെ അയൽ‌പ്രദേശമായ ടിഡോറായിരുന്നതിനാൽ അവിടുത്തെ ഭരണാധികാരികൾ‌ ഇന്തോനേഷ്യൻ‌ മേഖലയിലെ ഏറ്റവും ധനികരും ശക്തരുമായ സുൽത്താന്മാരായി മാറി. എന്നിരുന്നാലും, അവരുടെ സമ്പത്തിന്റെ ഭൂരിഭാഗവും പരസ്പരം പോരടിച്ചു പാഴാക്കപ്പെട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ ഡച്ചുകാർ മാലുകുവിന്റെ കോളനിവൽക്കരണം പൂർത്തിയാക്കുന്നതുവരെ, ടെർനേറ്റ് സുൽത്താന്റെ പ്രഭാവം നിലനിൽക്കുകയും ആമ്പോൺ, സുലവേസി, പപ്പുവ വരെയുള്ള പ്രദേശങ്ങളിൽ നാമമാത്രമായെങ്കിലുമുള്ള സ്വാധീനം അവർ അവകാശപ്പെടുകയും ചെയ്തിരുന്നു.

വ്യാപാരത്തെ ആശ്രയിച്ചുള്ള സുൽത്തനേറ്റിന്റെ സംസ്കാരത്തിന്റെ ഫലമായി, 15-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജാവയിൽ നിന്ന് എത്തിയതെന്നു കരുതപ്പെടുന്ന ഇസ്‌ലാം മതം വ്യാപിച്ച ആദ്യകാല പ്രദേശങ്ങളിലൊന്നാണ് ടെർനേറ്റ് സുൽത്താനേറ്റ്. തുടക്കത്തിൽ ഈ പുതിയ വിശ്വാസം ടെർനേറ്റിന്റെ ചെറിയ ഭരണകുടുംബത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്നുവെങ്കിലും ക്രമേണ ഇത് മറ്റ് ജനങ്ങൾക്കിടയിലേയ്ക്കും പടർന്നു പിടിച്ചു.

മർഹം രാജാവിന്റെ (1465–1486) ഭരണകാലത്ത് ടെർനേറ്റിലെ രാജകുടുംബം ഇസ്ലാം മതം സ്വീകരിക്കുകയും ഇസ്ലാം സ്വീകരിച്ച ആദ്യത്തെ ടെർനേറ്റ് രാജാവായി അദ്ദേഹം മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനും പിൻഗാമിയുമായിരുന്ന സൈനൽ അബിദിൻ (1486–1500) രാജ്യത്ത് ഇസ്ലാമിക നിയമം നടപ്പാക്കുകയും രാജ്യത്തെ ഒരു ഇസ്ലാമിക സുൽത്താനേറ്റാക്കി മാറ്റുകയും ചെയ്തു. കൊലാനോ (രാജാവ്) എന്ന സ്ഥാനപ്പേര് പിന്നീട് സുൽത്താൻ എന്നാക്കി മാറ്റപ്പെട്ടു.

16-ആം നൂറ്റാണ്ടിന്റെ അവസാനത്തിൽ, സുൽത്താൻ ബാബുള്ളയുടെ (1570–1583) കീഴിൽ ടെർനേറ്റ് സുൽത്താനേറ്റ് അതിന്റെ ശക്തിയുടെ പരമോന്നതിയിലെത്തുകയും, സുലാവേസിയുടെ കിഴക്കൻ ഭാഗങ്ങളിൽ ഭൂരിഭാഗത്തിലും ആമ്പോൺ, സെറാം മേഖല, തിമൂർ ദ്വീപ്, തെക്കൻ മിൻഡാനാവോയുടെ ചില ഭാഗങ്ങൾ പപ്പുവയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലും സ്വാധീനം ചെലുത്തിയിരുന്നു. സമീപസ്ഥമായ ടിഡോർ സുൽത്താനേറ്റുമായി അതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണത്തിനായി അവർ കടുത്ത മത്സരത്തിൽ ഏർപ്പെട്ടിരുന്നു. ചരിത്രകാരനായ ലിയോനാർഡ് ആൻഡായയുടെ അഭിപ്രായത്തിൽ, ടിഡോറുമായുള്ള ടെർനേറ്റിന്റെ പോരാട്ടം മാലുകു ദ്വീപുകളുടെ ആദ്യകാല ചരിത്രത്തിലെ ഒരു പ്രധാന വിഷയമായിരുന്നു.

16 ആം നൂറ്റാണ്ടു മുതൽ

[തിരുത്തുക]

ടെർനേറ്റ് സുൽത്താനേറ്റിൽ താമസിച്ച ആദ്യത്തെ യൂറോപ്യന്മാർ ഫ്രാൻസിസ്കോ സെറിയോയുടെ പോർച്ചുഗീസ് പര്യവേഷണത്തിന്റെ ഭാഗമായി നാവികയാത്ര നടത്തുകയും സെറാമിന് സമീപത്തുവച്ച് കപ്പൽ തകർന്നതോടെ പ്രദേശവാസികൾ രക്ഷിക്കുകയും ചെയ്ത പോർട്ടുഗീസുകാരായിരുന്നു. ടെർനേറ്റിലെ സുൽത്താൻ ബയാനുല്ല (1500–1522) അവരുടെ ഒറ്റപ്പെടലിനെക്കുറിച്ച് കേട്ടറിയുകയും ശക്തമായ ഒരു വിദേശരാജ്യവുമായി സഖ്യമുണ്ടാക്കാനുള്ള അവസരം മുൻക്കൂട്ടിക്കണ്ട് 1512-ൽ അവരെ ടെർനേറ്റിലേക്ക് കൊണ്ടുവരുകയും ചെയ്തു. പോർച്ചുഗീസുകാർക്ക് ദ്വീപിൽ കസ്റ്റെല്ല എന്നറിയപ്പെട്ട ഒരു കോട്ട പണിയാൻ അനുവാദം കൊടുക്കുകയും ഇതിന്റെ നിർമ്മാണം 1522 ൽ ആരംഭിക്കുകയും ചെയ്തുവെങ്കിലും ടെർനേറ്റ് സുൽത്താനേറ്റും പോർച്ചുഗീസുകാരും തമ്മിലുള്ള ബന്ധം തുടക്കം മുതൽ തന്നെ വളരെ ദുർബലമായിരുന്നു.

യൂറോപ്പിൽ നിന്ന് വളരെ ദൂരെയുള്ള ഒരു ഔട്ട്‌പോസ്റ്റ് തീവ്ര നൈരാശ്യം ബാധിച്ചവരേയും ധനലോഭികളായവരേയും മാത്രമേ ആകർഷിക്കുകയുള്ളെന്നു വ്യക്തമായിരുന്നതുപോലെ പൊതുവേയുള്ള പോർച്ചുഗീസുകാരുടെ മോശം പെരുമാറ്റത്തോടൊപ്പം ക്രൈസ്തവവൽക്കരണത്തിനുള്ള ദുർബലമായ ശ്രമങ്ങളും ടെർനറ്റിന്റെ മുസ്‌ലിം ഭരണാധികാരിയും പോർച്ചുഗീസുകാരും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിനിടയാക്കി. 1535-ൽ സുൽത്താൻ തബാരിജിയെ പോർച്ചുഗീസുകാർ സ്ഥാനഭ്രഷ്ടനാക്കി ഗോവയിലേക്ക് അയച്ചു. അവിടെ അദ്ദേഹം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുകയും പേര് ഡോം മാനുവൽ എന്നാക്കി മാറ്റുകയും ചെയ്തു. തനിക്കെതിരായ ആരോപണങ്ങളിൽ നിരപരാധിയാണെന്ന് പ്രഖ്യാപിക്കപ്പെട്ടശേഷം, സിംഹാസനം വീണ്ടും ഏറ്റെടുക്കാൻ അദ്ദേഹത്തെ തിരിച്ചയച്ചുവെങ്കിലും 1545-ൽ യാത്രാമധ്യേ മലാക്കയിൽവച്ച് അദ്ദേഹം മരണമടഞ്ഞു. ഇതിനകംതന്നെ അംബോൺ ദ്വീപ് തന്റെ പോർച്ചുഗീസ് ഗോഡ്ഫാദറായ ജോർദോ ഡി ഫ്രീറ്റാസിന് നൽകിയിരുന്നു. പോർച്ചുഗീസുകാരുടെ കൈകളാൽ സുൽത്താൻ ഹയ്‌റൂൺ‌ കൊല്ലപ്പെട്ടതിനേത്തുടർന്ന് ടെർനേറ്റുകാർ 1575-ൽ അഞ്ചുവർഷത്തെ ഉപരോധത്തിനുശേഷം പോർച്ചുഗീസുകാരെ അവിടെനിന്നു പുറത്താക്കി. മാലുക്കുവിലെ പോർച്ചുഗീസ് പ്രവർത്തനങ്ങളുടെ പുതിയ കേന്ദ്രമായി ആമ്പോൺ മാറി. ഈ പ്രദേശത്തെ യൂറോപ്യൻ ശക്തി ദുർബലമായിരുന്നു. ടെർനേറ്റ് സുൽത്താൻ ബാബ് ഉല്ലാ (കാലം. 1570–1583), അദ്ദേഹത്തിന്റെ മകൻ സുൽത്താൻ സെയ്ദ് എന്നിവരുടെ ഭരണത്തിൻ കീഴിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു തീവ്ര ഇസ്ലാമിക, പോർച്ചുഗീസ് വിരുദ്ധ രാജ്യമായി ഇതു മാറി.

1606-ൽ സ്പാനിഷ് ശക്തികൾ മുൻകാല പോർച്ചുഗീസ് കോട്ട കീഴടക്കുകയും ടെർനേറ്റ് സുൽത്താനെയും അദ്ദേഹത്തിന്റെ പരിചാരകവൃന്ദങ്ങളേയും  മനിലയിലേക്ക് നാടുകടത്തുകയും ചെയ്തു.1607-ൽ ഡച്ചുകാർ ടെർനേറ്റിലേക്ക് മടങ്ങിയെത്തുകയും അവിടെ ടെർനേറ്റുകാരുടെ സഹായത്തോടെ മലായോയിൽ ഒരു കോട്ട പണിതുയർത്തുകയും ചെയ്തു. സ്പെയിൻകാർ ടിഡോറുമായും  ഡച്ചുകാർ അവരുടെ ടെർനേറ്റ് സഖ്യകക്ഷികളുമായും സഖ്യത്തിലെന്ന നിലയിൽ ദ്വീപ് രണ്ട് ശക്തികൾക്കിടയിലായി വിഭജിക്കപ്പെട്ടു. ടെർനേറ്റ് ഭരണാധികാരികളെ സംബന്ധിച്ചിടത്തോളം ഡച്ചുകാർ അവർക്ക് ഉപയോഗപ്രദമായിരുന്നു, പ്രത്യേകിച്ചും സ്വാഗതം ചെയ്തിരുന്നില്ലെങ്കിൽക്കൂടി അവരുടെ സാന്നിദ്ധ്യ ടിഡോറിനും സ്പെയിൻകാർക്കുമെതിരെ അവർക്ക് സൈനിക നേട്ടങ്ങൾ നൽകുന്നതായിരുന്നു. പ്രത്യേകിച്ചും സുൽത്താൻ ഹംസയുടെ (1627-1648) ഭരണത്തിൻകീഴിൽ, ടെർനേറ്റ് അതിന്റെ പ്രദേശങ്ങൾ വികസിപ്പിക്കുകയും ചുറ്റുപാടുമുള്ള പ്രദേശങ്ങളിലെ തങ്ങളുടെ നിയന്ത്രണം ശക്തിപ്പെടുത്തുകയും ചെയ്തു. രാജ്യത്തിനുമേൽ ഡച്ച് സ്വാധീനം പരിമിതമായിരുന്നുവെങ്കിലും ഹംസയും അദ്ദേഹത്തിന്റെ ചെറു ഭാഗിനേയനും പിൻഗാമിയുമായിരുന്ന സുൽത്താൻ മന്ദർ സിയും (1648-1675) ചില പ്രദേശങ്ങൾ അവിടെ കലാപങ്ങളെ നിയന്ത്രിക്കുന്നതിനുള്ള സഹായത്തിനു പകരമായി ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് (വിഒസി) വകവച്ചു കൊടുത്തിരുന്നു. 1663 ൽ സ്പെയിൻകാർ മാലുക്കുവിനെ ഉപേക്ഷിച്ചുപോയി.

പഴയ പ്രതാപത്തിലേക്ക് ടെർനേറ്റിനെ പുനഃസ്ഥാപിക്കാനും പാശ്ചാത്യശക്തിയെ പുറത്താക്കാനും ആഗ്രഹിച്ച ടെർനേറ്റിലെ സുൽത്താൻ സിബോറി (1675-1691) ഡച്ചുകാരുമായി യുദ്ധം പ്രഖ്യാപിച്ചു, പക്ഷേ ടെർനേറ്റിന്റെ ശക്തി കാലക്രമേണ കുറഞ്ഞുവന്നിരുന്നതിനാൽ അദ്ദേഹം പരാജയപ്പെടുകയും 1683 ലെ ഒരു ഉടമ്പടി പ്രകാരം കൂടുതൽ ഭൂമി ഡച്ചുകാർക്ക് വിട്ടുകൊടുക്കാൻ നിർബന്ധിതനായി. ഈ ഉടമ്പടി പ്രകാരം, ടെർനേറ്റിന് ഡച്ചുകാരുമായുള്ള തുല്യ സ്ഥാനം നഷ്ടപ്പെടുകയും അത് ഒരു സാമന്ത രാജ്യമായി മാറുകയും ചെയ്തു. എന്നിരുന്നാലും, 1914-ൽ പിടിച്ചെടുക്കപ്പെടുന്നതുവരെ ടെർനേറ്റ് സുൽത്താന്മാരും അവിടത്തെ ജനങ്ങളും ഒരിക്കലും പൂർണ്ണായി ഡച്ച് നിയന്ത്രണത്തിലായിരുന്നില്ല.

പതിനെട്ടാം നൂറ്റാണ്ടിൽ ഒരു വി‌ഒ‌സി ഗവർ‌ണർ‌ഷിപ്പിലുൾപ്പെട്ട സ്ഥലമായിരുന്ന ടെർനേറ്റ്  വടക്കൻ മൊളൂക്കാസിലെ എല്ലാ വ്യാപാരവും നിയന്ത്രിക്കാൻ ശ്രമിച്ചു. പത്തൊൻപതാം നൂറ്റാണ്ടോടെ സുഗന്ധവ്യഞ്ജന വ്യാപാരം ഗണ്യമായി കുറഞ്ഞു. അതിനാൽ ഈ പ്രദേശം നെതർലാൻഡ്‌സ് കൊളോണിയൽ രാജ്യത്തിന്റെ അൽപ്പുമാത്ര നിയന്ത്രണത്തിലായിരിക്കുകയും, എന്നാൽ മറ്റൊരു കൊളോണിയൽ ശക്തി കൈവശപ്പെടുത്തുന്നത് തടയാനായി ഡച്ചുകാർ ഈ പ്രദേശത്ത് തങ്ങളുടെ സാന്നിധ്യം നിലനിർത്തുകയും ചെയ്തു. 1800 ൽ ഡച്ച് സർക്കാർ വി‌ഒ‌സിയെ ദേശസാൽക്കരിച്ച ശേഷം, ടെർനേറ്റ് മൊളൂക്കാസ് സർക്കാരിന്റെ ഭാഗമായി. 1817 ൽ ഡച്ച് നിയന്ത്രണത്തിലേക്ക് മടങ്ങുന്നതിനുമുമ്പായി ടെർനേറ്റ് ബ്രിട്ടീഷ് സേന കൈവശപ്പെടുത്തി. 1824 ൽ ഇത് ഹൽമഹേരയും ന്യൂ ഗിനിയയുടെ മുഴുവൻ പടിഞ്ഞാറൻ തീരവും സുലവേസിയുടെ മധ്യ കിഴക്കൻ തീരവും ഉൾക്കൊള്ളുന്ന ഒരു റെസിഡൻസിയുടെ (ഭരണ മേഖല) തലസ്ഥാനമായിത്തീർന്നു. 1867 ആയപ്പോഴേക്കും ഡച്ച് അധിനിവേശത്തിലുള്ള മുഴുവൻ ന്യൂ ഗിനിയയെയും റെസിഡൻസിയിലേക്ക് കൂട്ടിചേർത്തു, പക്ഷേ 1922 ൽ ഇതിന്റെ മേഖലകൾ റെസിഡൻസിയിലേക്ക് ലയിപ്പിക്കുന്നതിനുമുമ്പ് ക്രമേണയായി ആമ്പോണിലേയ്ക്കു (ആമ്പോണിയ) മാറ്റപ്പെട്ടു.

സുൽത്താൻ ഹാജി മുഹമ്മദ് ഉസ്മാൻ (1896-1914) ഈ പ്രദേശത്ത് കലാപങ്ങൾക്ക് പ്രേരണ നൽകി ഡച്ചുകാരെ തുരത്താനുള്ള ഒരു അവസാന ശ്രമം നടത്തിയെങ്കിലും അദ്ദേഹം പരാജയപ്പെട്ടതോടെ പുറത്താക്കപ്പെടുകയും സമ്പത്ത് കണ്ടുകെട്ടി ബന്ദൂങിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. അവിടെ 1927 വരെ തന്റെ ബാക്കിയുള്ള കാലങ്ങൾ താമസിച്ചു. ടെർനേറ്റ് സിംഹാസനം 1914 മുതൽ 1927 വരെ ഒഴിഞ്ഞുകിടക്കുകയും ഡച്ചുകാരുടെ ആശീർവാദത്തോടെ മന്ത്രിസഭ കിരീടാവകാശി ഇസ്‌കന്ദർ മുഹമ്മദ് ജാബിറിനെ അടുത്ത സുൽത്താനായി അവരോധിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. "Sejarah Kesultanan Ternate: Kerajaan Islam Tertua di Maluku Utara". tirto.id (in ഇന്തോനേഷ്യൻ). Retrieved 2019-08-17.
  2. "Sejarah Kesultanan Ternate: Kerajaan Islam Tertua di Maluku Utara". tirto.id (in ഇന്തോനേഷ്യൻ). Retrieved 2019-08-17.