Jump to content

മുംബൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mumbai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മുംബൈ
അപരനാമം: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം

മുംബൈ
18°58′N 72°49′E / 18.96°N 72.82°E / 18.96; 72.82
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം മഹാരാഷ്ട്ര
ഭരണസ്ഥാപനങ്ങൾ
മേയർ
കമ്മീഷണർ
വിശ്വനാഥ് മഹാദേശ്വർ
അജോയ് മേത്ത
വിസ്തീർണ്ണം 437.71ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11,914,398
ജനസാന്ദ്രത 27,220/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
400 xxx
+022
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ
സർക്കാർ വെബ് സൈറ്റ്

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് മുംബൈ, മുൻപ് ബോംബെ എന്ന പേരിലറിയപ്പെട്ടിരുന്നു. 1 കോടി 30 ലക്ഷം ആളുകൾ വസിക്കുന്ന മുംബൈ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ളതും ഏറ്റവും ജനസാന്ദ്രതയുള്ളതുമായ നഗരമാണ്. ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. ഒരിക്കലും ഉറങ്ങാത്ത ഈ നഗരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം കൂടിയാണ്‌. നഗരപ്രാന്തം കൂടി ഉൾപ്പെടുന്ന മുംബൈ മെട്രോപൊളിറ്റൻ പ്രദേശം 25 ദശലക്ഷം ജനസംഖ്യയോടുകൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആറാമത്തെ മെട്രോ നഗരമാണ്‌. മുംബൈയിലെ ആഴക്കടൽ തുറമുഖത്തിലൂടെയാണ്‌ ഭാരതത്തിലെ 50 ശതമാനത്തോളം ചരക്കുഗതാഗതവും നടക്കുന്നത്‌. മുംബൈ ഇന്ത്യയുടെ വ്യാപാര വിനോദ തലസ്ഥാനം കൂടിയാണ്‌. റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ , ബോംബേ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌, നാഷണൽ സ്റ്റോക്ക്‌ എക്സ്ചേഞ്ച്‌ എന്നിവയും, പലരാജ്യങ്ങളുടെ എംബസി മന്ദിരങ്ങളും, പല ഇന്ത്യൻ കമ്പനികളുടെയും കോർപ്പറേറ്റ്‌ ആസ്ഥാന മന്ദിരങ്ങളും മുംബൈയിലാണുള്ളത്‌. മുംബൈയിലെ അദമ്യമായ തൊഴിൽ-വ്യവസായ സാധ്യതകൾ കാരണം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും അനേകം പ്രവാസികളെ ആകർഷിക്കാൻ മുംബൈക്കു കഴിഞ്ഞിട്ടുണ്ട്‌. അതുകൊണ്ടു തന്നെ മുംബൈ വളരെ ഉയർന്ന ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളിൽ ഒന്നാണ്‌. നഗരത്തിലെ സംസ്കാരം ഇന്ത്യയിലെ വിവിധ മതങ്ങളുടെയും പ്രദേശങ്ങളുടെയും സംസ്കാരങ്ങൾ കൂടിച്ചേർന്നു രൂപപ്പെട്ട ഒരു സങ്കര സംസ്കാരമത്രെ. ഹിന്ദി ടെലിവിഷൻ- ചലച്ചിത്ര വ്യവസായം മുംബൈയിൽ അടിസ്ഥാനമിട്ടിരിക്കുന്നു. നഗരത്തിനുള്ളിൽ തന്നെയുള്ള സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക്‌, മുംബൈക്ക്‌, നഗരത്തിനുള്ളിൽ തന്നെ ഒരു ദേശീയ ഉദ്യാനമുള്ള ചുരുക്കം ചില നഗരങ്ങളുടെ പട്ടികയിൽ ഇടം നൽകുന്നു.

സ്ഥലനാമവിശേഷം

[തിരുത്തുക]
മുബൈ ഗേറ്റ്-ഒരു രാത്രികാഴ്ച്

മുംബൈ എന്ന പേര്‌ ഹിന്ദു ദേവതയായ മുംബാദേവിയുടെ പേരിൽ നിന്നും , ആയി എന്നറിയപ്പെറ്റുന്ന മറാത്തികളുടെ ദേവതയുടെ പേരിൽ നിന്നും ആവിർഭവിച്ചതാണെന്നാണ്‌ വിശ്വാസം. 16-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ മുംബൈ കൈവശപ്പെടുത്തിയപ്പോൾ അവർ മുംബൈയെ പല പേരുകളിലും വിളിച്ചെങ്കിലും 'ബോംബൈം' എന്ന പേരാണ്‌ അവർ രേഖകളിൽ ഉപയോഗിച്ചിരുന്നത്‌. 17-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ അവർ ആംഗ്ലേയവത്കരിച്ച്‌ ബോംബൈം -നെ ബോംബെ എന്നു വിളിച്ചു. എന്നിരുന്നാലും മറാത്തികൾ മുംബൈ എന്നും ഗുജറാത്തികൾ മംബൈ എന്നും ഹിന്ദിയിൽ ബംബൈ എന്നുമാണ്‌ ഈ നഗരം അറിയപ്പെട്ടിരുന്നത്‌. 1995-ഇൽ ഔദ്യോഗികമായി നഗരത്തിന്റെ പേര്‌ വീണ്ടും മുംബൈ എന്നാക്കിത്തീർത്തു. എന്നിരുന്നാലും പല നഗരവാസികളും നഗരത്തിലെ പല പ്രസിദ്ധ സ്ഥാപനങ്ങളും നഗരത്തെ ഇന്നും ബോംബെ എന്നു തന്നെ വിളിച്ചു വരുന്നു. ബൊംബ എന്ന വാക്കിന്റെ പോർച്ചുഗീസ്‌ ഭാഷയിലെ അർത്ഥം നല്ല ഉൾക്കടൽ (ബോം ബാഹിയ[1]) എന്നാണ്‌.

ചരിത്രം

[തിരുത്തുക]
ബോംബേയുടെ സഹോദര നഗരമായ അമേരിക്കയിലെ ലോസ് എഞ്ചൽസിലെ സിസ്റ്റർ സിറ്റിയുടെ ദിശാസ്തംഭം

കാന്തിവ്‌ലിക്കു സമീപം കണ്ടെത്തിയ ശിലാഫലകങ്ങൾ സൂചിപ്പിക്കുന്നത്‌, മുംബൈ ജനനിബിഡമായിരുന്നു എന്നാണ്‌. ബി.സി.250-ഇൽ തന്നെ ഇവിടെ മനുഷ്യർ ജീവിച്ചിരുന്നു എന്നതിനേ രേഖാമൂലമായ തെളിവുണ്ട്‌. അന്ന് ഹെപ്തനേഷ്യ (പുരാതന ഗ്രീക്ക്‌ ഭാഷയിൽ ഏഴു ദ്വീപുകളുടെ സമുച്ചയം എന്നർത്ഥം) എന്നാണ് ഈ പ്രദേശം അറിയപ്പെട്ടിരുന്നത്‌. ബി.സി മൂന്നാം നൂറ്റാണ്ടിൽ ബുദ്ധ ചക്രവർത്തിയായ അശോകന്റെ കീഴിലുള്ള മൗര്യ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ആദ്യ നൂറ്റാണ്ടുകളിൽ മുംബൈയുടെ നിയന്ത്രണം ഭാരതീയരുടെയും, ഇറാനിയരുടെയും, സാതവാഹനരുടെയും കൈകളിൽ മാറിമറിഞ്ഞുകൊണ്ടിരുന്നു. പിൽക്കാലത്ത്‌ സിൽഹാര എന്ന ഹിന്ദു രാജവംശം 1343 വരെ മുംബൈ ഭരിച്ചു. അന്ന് മുംബൈ ഗുജറാത്തിന്റെ ഭാഗമായിരുന്നു. എലിഫന്റാ ഗുഹകൾ, വാൾകേശ്വർ ക്ഷേത്രം എന്നിവ ഈ കാലഘട്ടത്തിൽ രൂപീകൃതമായതാണ്‌.

പതിനാറാം നൂറ്റാണ്ടിൽ ഈ തീരദേശപ്രദേശത്തിന്റെ പ്രാധാന്യവും പ്രത്യേകതയും മനസ്സിലാക്കിയ പോർച്ചുഗീസുകാർ 1534-ഇൽ ഗുജറാത്തിന്റെ ബഹദൂർ ഷായിൽ നിന്നും മുംബൈ കൈപ്പറ്റി ഇവിടെ ഒരു നഗരം പണിതുയർത്തി. നല്ല ഉൾക്കടൽ എന്നർത്ഥത്തിൽ ബോം ബാഹിയ എന്ന പോർച്ചുഗീസ് നാമം ഈ നഗരത്തിനു നൽകുകയും ചെയ്തു. പോർച്ചുഗീസ് രാജാവിന്റെ പുത്രി ബ്രാഗൻസായിലെ കാതറീനിനെ ബ്രിട്ടണിലെ ചാൾസ് രണ്ടാമൻ രാജാവ് വിവാഹം ചെയ്തപ്പോൾ സ്ത്രീധനമായി ബോംബെ നഗരം 1661-ൽ പോർച്ചുഗീസുകാർ ബ്രിട്ടനു കൈമാറി. കിഴക്കുള്ള ഈ പ്രദേശത്തിന്റെ നിയന്ത്രണം ഒരു ബാദ്ധ്യതയാകുമെന്നു തോന്നിയ ചാൾസ് രണ്ടാമൻ രാജാവ് 1668-ൽ ഈ നഗരം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് പാട്ടത്തിനു നൽകി (ഇതിനു പുറമേ 50,000 പൗണ്ട് വായ്പയായും വാങ്ങി)[1].

അവർ ദ്വീപുകളുടെ പടിഞ്ഞാറൻ തീരത്ത്‌, ഇന്ത്യയിലെ കമ്പനിയുടെ ആദ്യത്തെ തുറമുഖം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്തി. ഇവിടുത്തെ ജനസംഖ്യ 1661-ഇൽ 10000 ആയിരുന്നത്‌ 1675-ഇൽ 60000 ആയി പെട്ടെന്ന് ഉയർന്നു. 1687-ഇൽ ബ്രിട്ടീഷ്‌ ഈസ്റ്റിൻഡ്യാ കമ്പനിയുടെ ആസ്ഥാനം സൂറത്തിൽ നിന്നും ബോംബേയിലേക്ക്‌ മാറ്റി. ബോംബേ പ്രസിഡൻസിയുടെ ആസ്ഥാനം എന്ന സ്ഥാനവും ഈ നഗരത്തിനു ലഭിച്ചു. 1817 മുതൽ ഏഴു ദ്വീപുകളെയും കൂട്ടിയൊജിപ്പിക്കുന്ന വൻ പ്രൊജക്ടുകൾക്ക്‌ നഗരം സാക്ഷിയായി. ഹോർൻബി വെല്ലാർഡ്‌ എന്നറിയപ്പെട്ടിരുന്ന ഈ പ്രോജക്ട്‌ 1845-ഇ പൂർത്തിയായതോടെ നഗരത്തിന്റെ വിസ്തീർണ്ണം 438 ചതുരശ്ര കിലോമീറ്ററായി ഉയർന്നു. 1853-ഇൽ യാത്രക്കാർക്കുള്ള ഭാരതത്തിലെ പ്രഥമ റെയിൽവേ ലൈൻ ബോംബെയിൽ നിന്നും താനെയിലേക്ക്‌ സ്ഥാപിച്ചു.

പരുത്തിയും പരുത്തിവസ്ത്രങ്ങളുടേയും കയറ്റുമതിയായിരുന്നു ബോംബേയെ വാണീജ്യകേന്ദ്രമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഘടകം.പത്തൊമ്പതാം നൂറ്റാണ്ടിൽ ബോംബേയിൽ നിന്നുള്ള മറ്റൊരു പ്രധാനപ്പെട്ട കയറ്റുമതിയായിരുന്നു കറുപ്പ്. 1861 മുതൽ 1865 കാലത്തെ അമേരിക്കൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് അമേരിക്കയിലെ തെക്കൻ സംസ്ഥാനങ്ങളിൽ നിന്ന് ബ്രിട്ടണിലേക്ക്കുള്ള പരുത്തിയുടെ വരവ് തടയപ്പെട്ടതിനെത്തുടർന്ന് ബോംബേയുടെ വാണിജ്യമേഖലയിൽ കാര്യമായ ഉണർവുണ്ടായി. ഇതിനു മുമ്പ് ബോംബേയിൽ നിന്നും അസംസ്കൃത പരുത്തിയായിരുന്നു കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ ഇക്കാലയളവിൽ പരുത്തിയെ തുണിയാക്കിയും കയറ്റുമതി ചെയ്യാനാരംഭിച്ചു. 1854-ൽ ഒരേ ഒരു പരുത്തിനെയ്ത്തുശാല മാത്രം ഉണ്ടായിരുന്ന സ്ഥാനത്ത് 30 വർഷത്തിനു ശേഷം അമ്പത് നെയ്ത്തുശാലകളും അവയിൽ 30,000-ഓളം ജോലിക്കാരുമായി.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും (അതായത് ഇന്ത്യയിലെ പരുത്തിമേഖലയായ ഡെക്കാനോട് തൊട്ടുകിടക്കുക, യുറോപ്പിനെ അഭിമുഖീകരിക്കുന്ന തുറമുഖം) മേഖലയിൽ വളരേ നേരത്തേ തന്നെ ആവിർഭവിച്ച സാമ്പത്തികസ്ഥാപനങ്ങളും, വായ്പാവ്യവസ്ഥിതികളും ബോംബേയെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രമാക്കുന്നതിൽ നല്ല പങ്കുവഹിച്ചു[1].


1869-ഇൽ സൂയസ്‌ കനാൽ തുറന്നതോടു കൂടെ, ബോംബേ അറബിക്കടലിലെ ഏറ്റവും വലിയ തുറമുഖങ്ങളിൽ ഒന്നായി മാറി. തുടർന്നുള്ള 30 വർഷങ്ങളിൽ നഗരം ഒരു പ്രധാന നഗര കേന്ദ്രമായി വളർന്നു. നഗരത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാലഘട്ടത്തിലാണ്‌ സ്ഥാപിതമായത്‌. 1906-ഇൽ തന്നെ നഗരത്തിന്റെ ജനസംഖ്യ 10 ലക്ഷം കടന്ന് കൽക്കട്ട കഴിഞ്ഞ്‌ ഇന്ത്യയിലെ ഏറ്റവും വലിയ നഗരമായി ബോംബെ മാറി. ബോംബേ പ്രസിഡൻസിയുടെ ആസ്ഥാനം എന്ന നിലയിൽ 1942-ഇൽ മഹാത്മാ ഗാന്ധി നയിച്ച ക്വിറ്റ്‌-ഇന്ത്യാ പ്രസ്ഥാനത്തിന്‌ സാക്ഷിയാകാൻ നഗരത്തിന്‌ കഴിഞ്ഞു..

ഫോർട്ട്

[തിരുത്തുക]
പഴയ കോട്ടമതിലിൽ

ബോംബേയുടെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രം ഫോർട്ട് മേഖലയാണ്‌. പോർച്ചുഗീസുകാരുടെ കോട്ടയെ ചുറ്റിപ്പറ്റി രൂപമെടുത്ത മേഖലയാണിത്. താജ് മഹൽ ഹോട്ടൽ പോലെയുള്ള വൻകിട ഹോട്ടലുകളും റിസർവ്‌ ബാങ്ക്‌ ഓഫ് ഇന്ത്യ, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിങ്ങനെയുള്ള വൻ സാമ്പത്തികസ്ഥാപനങ്ങളും നിലനിൽക്കുന്ന ഇവിടം ബോംബെയുടെ ഏറ്റവും പ്രധാനപ്പെട്ട സാമ്പത്തിക വാണിജ്യകേന്ദ്രമാണ്‌[1]‌.

ഇതു കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 HILL, JOHN (1963). "3-WESTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 100–103. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുംബൈ&oldid=3618969" എന്ന താളിൽനിന്ന് ശേഖരിച്ചത്