ടസ്കനി
ടസ്കനി Tuscany Toscana | |||
---|---|---|---|
| |||
Country | Italy | ||
Capital | Florence | ||
• President | Enrico Rossi (PD) | ||
• ആകെ | 22,993 ച.കി.മീ.(8,878 ച മൈ) | ||
(01-01-2011) | |||
• ആകെ | 37,50,000 | ||
• ജനസാന്ദ്രത | 160/ച.കി.മീ.(420/ച മൈ) | ||
Demonym(s) | Tuscan | ||
• Italian | 93% | ||
• Albanian | 2% | ||
• Romanian | 1% | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
GDP/ Nominal | € 106.1[2] billion (2008) | ||
GDP per capita | € 28,500[3] (2008) | ||
NUTS Region | ITC | ||
വെബ്സൈറ്റ് | www.regione.toscana.it |
ഇറ്റാലിയൻ ഉപദ്വീപിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു സ്ഥിതിചെയ്യുന്ന വിശാലമായ ഭൂപ്രദേശമാണ് ടസ്കനി. മാസ-കരാറ, ലൂക്ക, പിസ്തോയ, ഫിറൻസെ,പ്രാത്തോ,ലിവോർണോ, പിസ, അരെറ്റ്സ്സോ, സിയെന്ന, ഗ്രൊസെതോ എന്നീ 10 ഇറ്റാലിയൻ പ്രവിശ്യകൾ ടസ്കനിയിൽ ഉൾപ്പെടുന്നു. ഇറ്റാലിയൻ ഭാഷയിൽ ടോസ്കാന എന്നാണ് ഇതറിയപ്പെടുന്നത്.
- വിസ്തീർണം: 22997 ചതുരശ്ര കിലോമീറ്റർ (1996)
- ജനസംഖ്യ: 3,529,946 (1991)
- ജനസാന്ദ്രത: 154/ചതുരശ്ര കിലോമീറ്റർ(1991).
അതിരുകൾ
[തിരുത്തുക]ഏതാണ്ട് ത്രികോണാകൃതിയിൽ വ്യാപിച്ചു കിടക്കുന്ന ഈ ഭൂപ്രദേശത്തിന്റെ അതിരുകൾ ഇപ്രകാരമാണ്:
- പടിഞ്ഞാറ് ടൈറീനിയൻ-ലിഗൂറിയൻ കടലുകളും, ലിഗൂറിയൻ പ്രദേശം
- വടക്കും വടക്കു പടിഞ്ഞാറും എമിലിയ-റോമാഞ്ഞ പ്രദേശം
- കിഴക്ക് മാർചസ് പ്രദേശം
- തെക്കുകിഴക്കും തെക്കും ഉംബ്രിയ, ലാറ്റ്സ്സിയൊ പ്രദേശങ്ങളും അതിരുകളായി നിലകൊള്ളുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ ടസ്കനിയെ നാലു പ്രധാന ഭൂവിഭാഗമായി തിരിക്കാം:
- ആപിനൈൻസ്
- ടസ്കൻ പീഠഭൂമി
- ആർനോനദിക്കരയിലെ നിമ്നപ്രദേശങ്ങൾ
- തീരപ്രദേശങ്ങൾ.
ആപിനൈൻ
[തിരുത്തുക]ആപിനൈൻസിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് മോൺട് സിമോൺ (2163 മീ.). മാഗ്രാ, സെർചിവോ, സീവ്, ആർണോ എന്നീ നദികളുടെ ഉത്ഭവസ്ഥാനത്തിനടുത്തായി നിരനിരയായുള്ള അനേകം തടങ്ങൾ കാണപ്പെടുന്നു. അസാധാരണമായ ചരിവുകളും നിമ്നോന്നതഭാഗങ്ങളുമുള്ള അപുവൻ ആൽപ്സ് പ്രദേശത്തിനു സമീപത്തെ കരാരയിൽ ധാരാളം മാർബിൾ ഖനനകേന്ദ്രങ്ങളുണ്ട്.
ടസ്കാൻ പീഠഭൂമി
[തിരുത്തുക]വരണ്ടതും പൊങ്ങിയും താണും കിടക്കുന്നതുമായ ഭൂപ്രകൃതി ടസ്കൻ പീഠഭൂമിയുടെ പ്രത്യേകതയാണ്. ഈ പീഠഭൂമിയുടെ ഭൂരിഭാഗവും രൂപപ്പെട്ടിരിക്കുന്നത് ടെർഷ്യറി മണ്ണും കളിമണ്ണും കൊണ്ടായതിനാൽ മഴക്കാലത്ത് കുത്തിയൊഴുകുന്ന ജലം ഉപരി തലത്തിൽ ആഴമുള്ള ചാലുകൾ സൃഷ്ടിക്കുന്നു. അഗ്നിപർവത പ്രവർത്തനത്തെ സൂചിപ്പിക്കുന്ന ഉഷ്ണനീരുറവകളും ചെളി-അഗ്നിപർവതങ്ങളും നിർജീവമായ ഒരു അഗ്നിപർവതവും (മോൺട് ആമിയാത) ഈ പ്രദേശത്തുണ്ട്.
അർനോനദിക്കരയിലെ നിമ്നപ്രദേശങ്ങളും തീരപ്രദേശങ്ങളും
[തിരുത്തുക]ആർനോ നദീതടത്തിലെ നിമ്നപ്രദേശങ്ങളും തീരപ്രദേശവും കൂടിച്ചേർന്ന നിലയിലാണ് കാണപ്പെടുന്നത്. കടലിലേക്ക് തള്ളിനിൽക്കുന്ന പാറക്കൂട്ടങ്ങളും മണൽത്തിട്ടകളും ധാരാളമുള്ള തീരപ്രദേശം മറേമ എന്ന പേരിലറിയപ്പെടുന്നു. ലിഗൂറിയൻ പ്രദേശത്തെ ലാ സ്പീസിയ (La Spezia)[4] ആണ് ടസ്കൻ തീരത്തെ ഒരേയൊരു പ്രകൃതിദത്ത തുറമുഖം. എന്നാൽ കൃത്രിമ തുറമുഖമായ ലെഗോൺ (Leghorn)[5] വാണിജ്യപരമായി കൂടുതൽ പ്രാധാന്യം കൈവരിച്ചിരിക്കുന്നു.
നദികൾ
[തിരുത്തുക]ആർനോ,[6] ഓമ്പ്രോൺ (Ombrone)[7] എന്നിവയാണ് ടസ്കനിയിലെ മുഖ്യനദികൾ. കടുത്ത വേനലും കനത്ത മഴയും ടസ്കനിയിലെ നദികളുടെ ജലവിതാനത്തിൽ ഏറ്റകുറച്ചിലുകൾ സൃഷ്ടിക്കാറുണ്ട്. വേനൽക്കാലത്ത് വറ്റിപ്പോകുന്നതിനാൽ നദികൾ ജലഗതാഗതത്തിന് ഉപയുക്തമാകുന്നില്ല. ജല വൈദ്യുതോർജ ഉത്പ്പാദനവും ഇവിടെ കുറവാണ്.
കാലാവസ്ഥ
[തിരുത്തുക]മെഡിറ്ററേനിയൻ കാലാവസ്ഥയാണ് ടസ്കനിയിലനുഭവപ്പെടുന്നത്. ഇതിനനുസൃതമായി ഗോതമ്പും ഒലീവും മുന്തിരി തുടങ്ങിയ ഫലങ്ങളും ഇവിടെ ഉത്പ്പാദിപ്പിക്കപ്പെടുന്നു. ഇവിടെയനുഭവപ്പെടുന്ന കുറഞ്ഞ താപനില നാരകഫലങ്ങളുടെ കൃഷിക്ക് തടസ്സമായി വർത്തിക്കുന്നു. ചോളവും തീറ്റപ്പുല്ലിനങ്ങളും താഴ്ന്ന സമതലങ്ങളിൽ സമൃദ്ധമായി വളരുന്നു. വാണിജ്യപ്രാധാന്യമുള്ള പഴങ്ങൾ, പച്ചക്കറികൾ, പുകയില തുടങ്ങിയവയുടെ കൃഷിയും ഉത്പ്പാദനവും ആർനോ നദിയുടെ സമതലത്തിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.
വ്യവസായം
[തിരുത്തുക]ഇറ്റലിയിലെ ഒരു പ്രധാന ധാതുവിഭവകേന്ദ്രമാണ് ടസ്കനി. മാർബിൾ, ഗ്രാനൈറ്റ്, പൈറൈറ്റുകൾ, ഇരുമ്പ് എന്നിവ പ്രധാന ധാതുനിക്ഷേപങ്ങളിൽപ്പെടുന്നു. അപ്പർ ആർനോയിൽ നിന്നു ലിഗ്നൈറ്റും, എൽബയിൽ (Elba) നിന്ന് ഇരുമ്പും മോണ്ട് ആമിയാത പ്രദേശത്ത് നിന്ന് മെർക്കുറിയും അപുവൻ ആൽപ്സ് പ്രദേശത്തുനിന്ന് മാർബിളും ഖനനം ചെയ്യപ്പെടുന്നു.
ടസ്കനിയിൽ ജലവൈദ്യുതോത്പ്പാദനം കുറവാണ്; ഊർജാവശ്യങ്ങൾക്കായി ഇന്ധനം ഇറക്കുമതി ചെയ്യപ്പെടുന്നു. ടസ്കനി ഒരു വ്യവസായകേന്ദ്രം കൂടിയാണ്. ലോഹശുദ്ധീകരണം, രാസവസ്തുക്കളുടെ ഉത്പ്പാദനം, എണ്ണ ശുദ്ധീകരണം, കപ്പൽ നിർമ്മാണ മുൾപ്പെടെയുള്ള എൻജിനിയറിങ് വ്യവസായം തുടങ്ങിയവ ലെഗോണിൽ കേന്ദ്രീകരിച്ചിരിക്കുന്നു. പിസ്തോയിയ (Pistoia) യിലും, ഫ്ലോറൻസിലും ഭക്ഷ്യസംസ്കരണം, വൈദ്യുത എൻജിനിയറിങ്, വസ്ത്രനിർമ്മാണം, രാസവസ്തുക്കളുടെ ഉത്പ്പാദനം, സൂക്ഷ്മോപകരണങ്ങളുടെ നിർമ്മാണം എന്നിവയ്ക്കാണ് പ്രാധാന്യം. കമ്പിളി വസ്ത്രനിർമ്മാണ വ്യവസായത്തിന്റെ പ്രധാനകേന്ദ്രം പ്രാറ്റോയാണ്. തടി, തുകൽ, ലോഹം, കളിമൺ എന്നിവയെ അടിസ്ഥാനമാക്കിയുള്ള കരകൗശല വ്യവസായങ്ങൾ ഫ്ലോറൻസ്, പിസ, സീന തുടങ്ങിയ പ്രദേശങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
ചരിത്രം
[തിരുത്തുക]പ്രാചീന എട്രൂസ്കൻ സംസ്കാരത്തിന്റെ കേന്ദ്രമാണ് ടസ്കനി. പുരാതന എട്രൂറിയയോട് ഏതാണ്ട് തുല്യമാണ് ഈ പ്രദേശം. ഇവിടത്തെ ചരിത്രാവശിഷ്ടങ്ങളിൽ നിന്നും എട്രൂസ്കൻ സംസ്കാരത്തെപ്പറ്റിയുള്ള വിലപ്പെട്ട പല വിവരങ്ങളും ലഭിക്കുന്നുണ്ട്. ബി. സി. 4-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ റോമാക്കാർ ഇവിടം കീഴടക്കി. റോമാക്കാരുടെ പതനത്തിനുശേഷം എ. ഡി. 6 മുതൽ 8 വരെ നൂറ്റാണ്ടുകളിൽ ലൂക്ക ആസ്ഥാനമാക്കി ഭരണം പിടിച്ചെടുക്കുകയും അധീശത്വം പുലർത്തുകയും ചെയ്തതു ലൊംബാർഡുകളായിരുന്നു. ലൊംബാർഡുകളെ എ. ഡി. 8-ആം നൂറ്റാണ്ടിൽ ഷാർല മെയ് ൻ പരാജയപ്പെടുത്തിയതു മുതൽ 12-ആം നൂറ്റാണ്ടു വരെ ഈ പ്രദേശം ഫ്രാങ്കുകളുടെ കൈവശമായിരുന്നു. അവസാനത്തെ ഫ്രാങ്കിഷ് ഭരണാധിപയായിരുന്ന മാറ്റിൽഡ (1046-1115) മതാധികാരികളെ പിന്തുണച്ചത് പിന്നീട് പോപ്പും ചക്രവർത്തിമാരും തമ്മിൽ ദീർഘകാലം നിലനിന്ന ഏറ്റുമുട്ടലുകൾക്കു കാരണമായി. ഇതേത്തുടർന്ന് 11-ഉം 12-ഉം നൂറ്റാണ്ടൂകളിൽ പിസ, ലൂക്ക, സീന, ഫ്ലോറൻസ് തുടങ്ങിയ കമ്യൂണുകൾ രൂപംകൊണ്ടു. ഗ്വെൽഫുകളും (പോപ്പിന്റെ പക്ഷത്തുള്ളവർ) ഗിബെലിനുകളും (ചക്രവർത്തിയുടെ പക്ഷത്തുള്ളവർ) തമ്മിലുള്ള മത്സരം ഇക്കാലത്ത് രൂക്ഷമായിരുന്നു. കമ്യൂണുകൾ തമ്മിലുള്ള മത്സരവും നിലവിലിരുന്നു. 12-ഉം 13-ഉം നൂറ്റാണ്ടുകളിലെ പിസ നഗരത്തിന്റെ മേൽക്കോയ്മയ്ക്കുശേഷം ടസ്കനിയിൽ ഫ്ലോറൻസ് മേധാവിത്വം സ്ഥാപിച്ചു. ഇതോടെ ടസ്കനി ഫ്ലോറൻസിലെ മെഡിസി കുടുംബത്തിന്റെ ഭരണത്തിൻ കീഴിലായി. ഈ കുടുംബം 1569-ഓടെ ടസ്കനിയിലെ ഗ്രാൻഡ് ഡ്യൂക്ക് പദവിയിലെത്തി. മെഡിസി ഭരണനിരയുടെ പതനത്തിനുശേഷം ടസ്കനി 1737-ൽ ലൊറെയ്നിലെ (പിന്നീടുള്ള ഹാബ്സ്ബർഗ്-ലൊറെയ്ൻ പരമ്പര) ഫ്രാൻസിസ് പ്രഭുവിന്റെ (പിൽക്കാലത്ത് ഫ്രാൻസിസ് I എന്ന ഹോളി റോമൻ ചക്രവർത്തി) ഭരണത്തിൻകീഴിലായി. തുടർന്ന് ഗ്രാൻഡ് ഡ്യൂക്ക് ലിയോപോൾഡ് I (1765-90), ഫെർഡിനന്റ് III (1790-1801; 1814-24) എന്നിവർ ഭരണം നടത്തി. ഫ്രഞ്ച് റവല്യൂഷണറി സേന 1799-ൽ ടസ്കനി കീഴടക്കി. ഇതിന്റെ ഫലമായി ഫെർഡിനന്റ് പലായനം ചെയ്തു. അതോടുകൂടി ടസ്കനിയിൽ ഫ്രഞ്ചുകാരുടെ താത്ക്കാലിക ഗവൺമെന്റ് നിലവിൽ വന്നു. 1801 മുതൽ 1807 വരെ ടസ്കനി അന്നു നിലവിലിരുന്ന എട്രൂസ്കൻ രാജ്യത്തിൽ ഉൾപ്പെട്ടിരുന്നു. പിന്നീട് നെപ്പോളിയൻ I ഇവിടം ഫ്രാൻസിന്റെ ഭാഗമാക്കി. 1814-ൽ ഫെർഡിനന്റ് III അധികാരത്തിൽ തിരിച്ചെത്തി. തുടർന്ന് ലിയോപോൾഡ് II (1824-59) ഭരണം നടത്തി. ടസ്കനിക്ക് ഒരു ഭരണഘടനയുണ്ടാക്കാൻ ലിയോപോൾഡ് 1848-ൽ നിർബന്ധിതനായി. അതോടെ രൂപംപ്രാപിച്ചു വന്ന ഇറ്റലിരാജ്യത്തിന്റെ കേന്ദ്രമായിരുന്ന സാർഡീനിയയുടെ ഭാഗമായി ടസ്കനി മാറി (1860). ടസ്കനി ഉൾപ്പെട്ട ഇറ്റലിരാജ്യം 1861 ഫെബ്രുവരി 18-ന് നിലവിൽവന്നു.
കലയും സംസ്കാരവും
[തിരുത്തുക]മധ്യകാലം മുതൽ 19 ആം നൂറ്റാണ്ടുവരെ ടസ്കനി കലയുടെയും സംസ്കാരത്തിന്റെയും മണ്ഡലങ്ങളിൽ വളരെ ഔന്നത്യം പുലർത്തിയിരുന്നു. ദാന്തെ, ബൊക്കാഷിയോ എന്നീ സാഹിത്യകാരന്മാരും ലിയനാർഡോ ഡാവിഞ്ചി, മൈക്കൽ ആൻജലോ എന്നീ കലാകാരന്മാരും രാഷ്ട്രീയതത്ത്വചിന്തകനായിരുന്ന മാക്കിയവെല്ലിയും ശാസ്ത്രജ്ഞനായ ഗലീലിയോയും ഇക്കാലത്തു ജീവിച്ചിരുന്നവരാണ്.
ഇതുകൂടികാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Statistiche demografiche ISTAT". Archived from the original on 2021-02-22. Retrieved 10 March 2010.
- ↑ http://epp.eurostat.ec.europa.eu/tgm/table.do?tab=table&init=1&language=en&pcode=tgs00003&plugin=1
- ↑ EUROPA - Press Releases - Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London
- ↑ http://www.worldportsource.com/ports/ITA_Port_of_La_Spezia_1069.php Archived 2012-04-26 at the Wayback Machine. World Port Source - Port of La Spezia
- ↑ http://www.italylimo.com/shore-excursions-italy/livorno.php Archived 2012-03-21 at the Wayback Machine. From Livorno Port (Italy) | italylimo.com
- ↑ http://www.britannica.com/EBchecked/topic/35759/Arno-River Arno River (river, Italy) -- Britannica Online Encyclopedia
- ↑ http://www.neogeo.unisi.it/dbgmnew/Archivio/T-1582.02/TESTO_1582.02.PDF THE EROSION OF THE OMBRONE RIVER DELTA (ITALY)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.discovertuscany.com/
- http://www.tuscanyslc.com/
- http://www.tripadvisor.com/Tourism-g187893-Tuscany-Vacations.html
- http://www.tuscanyholidaysaccommodations.com/?gclid=CI3L4vTwyK8CFUka6wodD3AVag
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടസ്കനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |