Jump to content

ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം is located in Kerala
ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°16′39″N 76°34′53″E / 9.27750°N 76.58139°E / 9.27750; 76.58139
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:ആലപ്പുഴ
പ്രദേശം:ചെറിയനാട്
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:സുബ്രമണ്യൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവും പുറപ്പാടും, തൈപ്പൂയ കാവടിയാട്ടം, സ്കന്ദ ഷഷ്ഠി, വിഷു
ചരിത്രം
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്

ആലപ്പുഴ ജില്ലയിലെ ചെറിയനാട് സ്ഥിതിചെയ്യുന്ന അതിപുരാതനവും[അവലംബം ആവശ്യമാണ്] പ്രശസ്തവുമായ ക്ഷേത്രമാണ് ചെറിയനാട്ടു ശ്രീ ബാലസുബ്രഹ്മണ്യസ്വാമീക്ഷേത്രം. കോഴഞ്ചേരി - മാവേലിക്കര പാതയിൽ ചെങ്ങന്നൂരിനും മാവേലിക്കരയ്ക്കും മധ്യേ പ്രധാനപാതയിലുള്ള പടനിലം ജങ്ഷനിൽ റോഡിനു പടിഞ്ഞാറുവശത്ത് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ചേരമാൻ പെരുമാളിന്റെ കാലത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളതും[അവലംബം ആവശ്യമാണ്] ഒരു മഹാക്ഷേത്രത്തിന്റെ എല്ലാ അംഗോപാംഗങ്ങളോടു കൂടിയതുമാണ് ഈ ക്ഷേത്രം.

ക്ഷേത്രത്തിലെ പ്രധാനമൂർത്തി സുബ്രഹ്മണ്യനാണ്. ഹരിപ്പാട്ടുള്ളതുപോലെ ചെമ്പുമേഞ്ഞ വട്ടശ്രീകോവിൽ കിഴക്കോട്ട് ദർശനമായാണ് നിലകൊള്ളുന്നത്. ഇവിടെ നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുണ്ട്. ശിവൻ, ഗണപതി, അയ്യപ്പൻ, ഭദ്രകാളി, ശ്രീകൃഷ്ണൻ, ബ്രഹ്മരക്ഷസ്സ്, യോഗീശ്വരൻ, നാഗങ്ങൾ, യക്ഷിയമ്മ എന്നിവരാണ് ഉപപ്രതിഷ്ഠകൾ.

ചരിത്രം

[തിരുത്തുക]

ക്ഷേത്രവിജ്ഞാനകോശത്തിലും അപ്പൻ തമ്പുരാന്റെ ആട്ടപ്രകാരത്തിലും ചെറിയനാടിനെപ്പറ്റിയും ക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. പ്രസിദ്ധ തച്ചുശാസ്ത്രവിദഗ്ദ്ധരും രാജശില്പികളുമായിരുന്ന ഇടവങ്കാട്ട് ആചാരിമാരുടെ വാസ്തുശില്പവൈഭവവും കലാചാതുരിയും വെളിവാക്കുന്നതാണ് ക്ഷേത്രത്തിന്റെ നിർമ്മിതി. പല ദാരുശില്പങ്ങളും ഇവർ വഴിപാടായി നിർമ്മിച്ച് നൽകിയതാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. മുഖമണ്ഡപത്തിന്റെ തൂണുകളിലും സോപാനത്തിന്റെ കൈവരികളിലും ഉള്ള ശിലാരേഖകൾ പുരാതനലിപികളിൽ ഉള്ളവ ആയതിനാലും കാലപ്പഴക്കത്താൽ തേയ്മാനം സംഭവിച്ചിട്ടുള്ളതിനാലും ക്ഷേത്രത്തിന്റെ നിർമ്മാണകാലം നിശ്ചയിക്കാൻ കഴിഞ്ഞിട്ടില്ല.

പ്രധാന പാതയിലുള്ള പടനിലം ജംങ്ഷനിൽനിന്നും പടിഞ്ഞാറോട്ട് ക്ഷേത്രത്തിലേക്ക് വീതിയേറിയ പാതയുണ്ട്. റോഡിനു കിഴക്കുവശമുള്ള പടനിലം കരനാഥന്മാരുടെ സാന്നിദ്ധ്യത്തിൽ കായികാഭ്യാസ വേദിയായി ഉപയോഗിച്ചിരുന്നു. ഇവിടെ കിഴക്കും പടിഞ്ഞാറുമായി രാജപ്രൌഢിയെ ഓർമ്മിപ്പിക്കുന്ന രണ്ടു കളത്തട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ നടുഭാഗത്തിന് ‘ഒത്തവരമ്പ്‘ എന്നാണു പറഞ്ഞിരുന്നത്.[അവലംബം ആവശ്യമാണ്]

മുഖമണ്ഡപത്തിൽ ഉണ്ടായിരുന്ന ദാരുശില്പങ്ങൾ, മണ്ഡപം പുതുക്കി നിർമ്മിച്ചപ്പോൾ ആനക്കൊട്ടിലിലേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. മുഖമണ്ഡപത്തിലും ബലിക്കല്പുരയിലുമായി അഷ്ടദിക് പാലകന്മാർ, ബ്രഹ്മാവ്, വിഷ്ണു, ശിവൻ മുതലായ ശില്പങ്ങളുണ്ട്. ബലിക്കല്പുരയുടെ മേൽത്തട്ടിൽ രാമായണ കഥയും സന്താനഗോപാല കഥയും സ്ത്രീരൂപത്തിലുള്ള ഗണപതിയുടെ ശില്പവും (വിനായകി) ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്. ശ്രീകോവിലിനു ചുറ്റുമുള്ള ശിലാരൂപങ്ങൾ അവശേഷിച്ചിട്ടുണ്ടെങ്കിലും ചുവർ ചിത്രങ്ങൾ പുനരുദ്ധാരണ സമയത്ത് നഷ്ടപ്പെട്ടുപോയിട്ടുണ്ട്. കാലഘട്ടത്തെ സൂചിപ്പിക്കുന്ന രേഖകൾ കൊടിമരപ്പറയിൽ ഇപ്പോഴും കാണാം. കൊടിമരപ്പറയിലെ ലിഖിതം ഇപ്രകാരമാണ്. മലയാളം ലിപിയോട് സാമ്യമുള്ള പുരാതന ലിപിയിലാണ്‌ ഇതെഴുതിരിക്കുന്നത്.


ശ്ലോകത്തിലെ ഒരു ഭാഗം. ശിശുരാഷ്ട്രം എന്ന വാക്ക് ചുവന്ന വൃത്തത്തിൽ

രാജവാഴ്ചക്കാലത്ത് ഉത്തമമായ മുഹൂർത്തത്തിൽ മൃത്യുഞ്ജയനെന്ന തന്ത്രി ചെറിയനാട്ട് ബാലസുബ്രഹ്മണ്യ സ്വാമിയെ ഭക്തജനങ്ങൾക്ക് കലിയുഗകാലത്ത് സ്തുതിച്ച് വാഴ്ത്തുന്നതിനു വേണ്ടി പ്രതിഷ്ഠിച്ചിരിക്കുന്നു. മേൽ ശ്ലോകത്തിലെ ‘ശിശുരാഷ്ട്രം’ എന്ന പ്രയോഗത്തിൽ നിന്നാണ് ‘ചെറിയനാട്’ എന്ന പേര് കൈവന്നതെന്നും പറയപ്പെടുന്നു.

കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു ഈ ക്ഷേത്രത്തിന്റെ ഭരണച്ചുമതല. തൃശൂരിനടുത്ത് കണയന്നൂർ ദേശത്ത് ഊമൻപള്ളിമനയുടേയും കൈസ്ഥാനം ചെറിയനാട്, കുമാരമംഗലത്ത്, കിഴക്കേടത്ത് മൂസ്സതന്മാരിലും നിക്ഷിപ്തമായിരുന്നു. പൂജാദികാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി മൂത്തേടത്ത് മഠം, വടുകത്തിൽ മഠം, നെടുവേലിൽ മഠം, പുലിമുഖത്ത് മഠം മുതലായ ഊരായ്മക്കാരേയും വിളക്കെടുക്കുന്നതിനും മാലകെട്ടുന്നതിനും അകത്തടിച്ചു തളിക്കുന്നതിനും ചെമ്പകശ്ശേരിൽ ഉണ്ണിമാരേയും താന്ത്രികച്ചുമതല താഴമൺ മഠം തന്ത്രികളേയും രാജാവ് ഏൽപ്പിച്ചിരുന്നു. കരമൊഴിവായിക്കിട്ടിയതും നാട്ടുകാർ സംഭാവന ചെയ്തതുമായി വളരെയേറെ ഭൂസ്വത്തുക്കളും, വെള്ളിയിലും സ്വർണ്ണത്തിലും ഉള്ള തിരുവാഭരണങ്ങളും ഉണ്ടായിരുന്നു.

കാലാന്തരത്തിൽ ഭൂസ്വത്തിൽ നിന്നുമുള്ള വരുമാനം നാമമാത്രമായിത്തീരുകയും ക്ഷേത്രത്തിലെ നിത്യനിദാനങ്ങൾക്കു പോലും മതിയാകാതെ വരികയും ചെയ്തപ്പോൾ നാട്ടുകാരുടെ ശ്രമഫലമായി ക്ഷേത്രം ദേവസ്വം ഡിപ്പാർട്ട്മെന്റിനെ ഏൽപ്പിക്കുകയും തുടർന്ന് ദേവസ്വം അധീനതയിൽ ആകുകയും ചെയ്തു. നാട്ടുകാർ ചേർന്ന് ‘ശ്രീ സുബ്രഹ്മണ്യ സേവാസംഘം‘ എന്നൊരു സംഘടന ഉണ്ടാക്കുകയും ദേവസ്വം ബോർഡിന്റെ സഹായത്തോടെ ആനക്കൊട്ടിൽ, അലങ്കാരഗോപുരം, കിഴക്കേ അമ്പലം, ഉപദേവന്മാരുടെ ക്ഷേത്രങ്ങൾ, ചുറ്റുമതിൽ മുതലായവ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്ര പുനഃരുദ്ധാരണത്തിന്റെയും പുനഃപ്രതിഷ്ഠയുടെയും ഘട്ടത്തിൽ നടത്തിയ സപ്താഹയജ്ഞത്തിന്റെ സമാപനദിവസം നടന്ന അന്നദാനത്തിന്റെ തുടർച്ചയായി എല്ലവർഷവും ഇടവ മാസത്തിൽ സപ്താഹയജ്ഞവും അന്നദാനസദ്യയും നടന്നു വരുന്നു. ഇപ്പൊൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർദ്ദേശാനുസരണം ഒരു ഉപദേശകസമിതി ക്ഷേത്രവികസനപ്രവർത്തനങ്ങൾ നടത്തിപ്പോരുന്നു.

പ്രധാന ആഘോഷങ്ങൾ

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]