ഗോട്ടിപൂവ
ഒറീസ്സയിലെ പ്രാചീന നൃത്തമാണ് ഗോടിപൂവ. മുഗൾ ഭരണകാലത്ത് ഇല്ലാതായ ‘മഹരി’യെന്ന ദേവദാസി നൃത്ത സമ്പ്രദായത്തിനു പകരം പതിനാറാം നൂറ്റാണ്ടിൽ ഒറീസ്സയിലെ പുരിക്കടുത്ത് രൂപം കൊണ്ടതാണ് ഈ നൃത്തരൂപം. ശ്രീകൃഷ്ണനേയും ജഗന്നഥനേയും പ്രീതിപ്പെടുത്താനായി അവതരിപ്പിക്കപ്പെട്ടിരുന്ന നൃത്തരൂപമാണിത്. അമ്പലത്തിനുള്ളിൽ പ്രത്യേക ആഘോഷ വേളയിലും പൂജസമയത്തും മാത്രമാണ് ഇതിനു് അനുമതിയുള്ളത്.
വൈഷ്ണവ സമൂഹത്തിൽ പെൺകുട്ടികളെ നൃത്തം ചെയ്യാൻ അനുവദിച്ചിരുന്നില്ല. അതുകൊണ്ട് ഒമ്പതു മുതൽ 13 വയസ്സുവരെയുള്ള ആൺകുട്ടികളാണ് ഇതിൽ പങ്കെടുക്കുക. 13 വയസ്സു കഴിഞ്ഞാൽ ഒഡീസിയിലേക്ക് മാറും. ഒഡീസി നൃത്തത്തിനുള്ള ഒരു കളരിയാണീ നൃത്തം. ഒറീസ്സയിലെ കൊണാർക്ക് നാട്യമണ്ഡപത്തിലാണ് ഈ നൃത്തം പഠിപ്പിക്കുന്നത്.[1]
നെറ്റിയിൽ ചുട്ടിയും കണ്മഷിയും പട്ടുവസ്ത്രങ്ങളും അണിഞ്ഞ് സ്ത്രീവേഷത്തിലാണ് നൃത്തം അവതരിപ്പിക്കുന്നത്. നൃത്തം അഭ്യസിക്കുന്നവർ മുടി നീട്ടിവളർത്തും അസാമാന്യമായ മെയ് വഴക്കം ഈ നൃത്തത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. ബന്ധനൃത്തമെന്ന പ്രത്യേക വിഭാഗത്തിൽ മെയ് വഴക്ക പ്രകടനങ്ങൾ കൂടുതൽ കാണാം.
അവലംബം
[തിരുത്തുക]- ↑ മലയാള മനോരമ, മാതൃഭൂമി ദിനപത്രങ്ങൾ 07.09.2010