ക്യൂബൻ വിപ്ലവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്യൂബൻ വിപ്ലവം
ശീതയുദ്ധം ഭാഗം
തിയതി 26 ജൂലൈ 1953 – 1 ജനുവരി 1959
(5വർഷം, 5മാസം, 6ദിവസം)
സ്ഥലം ക്യൂബ
ഫലം വിജയം - 26 ജൂലൈ മൂവ്മെന്റ്
Belligerents
26ജൂലൈ മൂവ്മെന്റ് (സോവിയറ്റ് യൂണിയന്റെ പിന്തുണ) ക്യൂബ ബാറ്റിസ്റ്റയുടെ സൈന്യം (അമേരിക്കയുടെ പിന്തുണ)
പടനായകരും മറ്റു നേതാക്കളും
ഫിദൽ കാസ്ട്രോ
ചെ ഗുവേര
റൗൾ കാസ്ട്രോ
കാമിലോ സെൻഫ്യൂഗോസ്
ജുവാൻ അൽമേഡ ബോസ്ക്
റൗൾ മാർട്ടിനെസ്
റാമോസ് ലത്തോർ
റെനെ ലാത്തോർ
റോളണ്ടോ ക്യൂബേല
റോബർട്ടോ റോഡ്രിഗ്സ്
ക്യൂബ ഫുൾജെൻസിയോ ബാറ്റിസ്റ്റ
ക്യൂബ യൂലോജിയോ കാന്റിലോ
ക്യൂബ ജോസ് ക്യൂവേഡോ
ക്യൂബ അൽബർട്ടോ ഡെൽവിയോ
ക്യൂബ ജോവാക്വിൻ കാസില്ലാസ്
ക്യൂബ കൊർണെലിയോ
ക്യൂബഫെർണാണ്ടസ് സ്യൂറോ
ക്യൂബ കാൻഡിഡോ ഹെർണാണ്ടസ്
ക്യൂബ ആൽഫ്രഡോ അബോൻ
ക്യൂബ ആൽബർട്ടോ ഷാവിയാനോ
നാശനഷ്ടങ്ങൾ
5,000 പേർ കൊല്ലപ്പെട്ടതായി കണക്കാക്കുന്നു (1958–1959)[1][2][3]

ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ ഏകാധിപത്യ ഭരണത്തിനെതിരായി ഫിദൽ കാസ്‌ട്രോയുടെയും ഏർണസ്റ്റോ ചെ ഗുവേരയുടെയും നേതൃത്വത്തിൽ 1953 ൽ നടത്തിയ പോരാട്ടമാണ് ക്യൂബൻ വിപ്ലവം[4]. 1953 ജുലായ് 26 ന് മൊൻകാട ബാരക്സ് ആക്രമണത്തോടെ ആരംഭിച്ച ക്യൂബൻ വിപ്ലവം 1959 ലാണ് അവസാനിക്കുന്നത്. തുടർന്ന് വിപ്ലവ ഗവൺമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത ഫിദൽ കാസ്‌ട്രോ ക്യൂബയുടെ പ്രസിഡന്റ്, കമ്യൂണിസ്‌റ്റ് പാർട്ടി ജനറൽ സെക്രട്ടറി, സർവ്വ സൈന്യാധിപൻ എന്നീ ചുമതലകൾ ഏറ്റെടുത്തു.

ക്യൂബയുടെ മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം ഉൾപ്പെടെ ആഭ്യന്തരമായും, അന്താരാഷ്ട്രപരമായും ധാരാളം പ്രത്യാഘാതങ്ങൾ ഉളവാക്കിയ ഒരു യുദ്ധപരമ്പരയായിരുന്നു ഇത്. ക്യൂബൻ വിപ്ലവത്തെത്തുടർന്ന് അധികാരം പിടിച്ചെടുത്ത ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സർക്കാർ പിന്നീട് അംഗോള, നിക്കരാഗ്വ മുതലായ വിദേശ രാഷ്ട്രങ്ങളുടെ ആഭ്യന്തര വിപ്ലവങ്ങളിലും ഇടപെടുകയുണ്ടായി.

പശ്ചാത്തലം[തിരുത്തുക]

1940 മുതൽ 1944 വരെയുള്ള കാലഘട്ടത്തിൽ ക്യൂബയുടെ പ്രസിഡന്റായിരുന്നു ഫുൾജെൻസിയോ ബാറ്റിസ്റ്റ. 1952 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഒരു സൈനിക അട്ടിമറിയിലൂടെ ബാറ്റിസ്റ്റ വീണ്ടും ക്യൂബയുടെ പരമാധികാര സ്ഥാനത്തെത്തി.[5] ആദ്യതവണ ക്യൂബയുടെ പ്രസിഡന്റായിരുന്നപ്പോൾ പുരോഗമനപരമായ പല തീരുമാനങ്ങളും ബാറ്റിസ്റ്റ നടപ്പാക്കിയിരുന്നെങ്കിലും, രണ്ടാമൂഴത്തിൽ തികച്ചും ഏകാധിപതിയെപ്പോലെയാണ് ബാറ്റിസ്റ്റ പെരുമാറിയിരുന്നത്.[6] ജനദ്രോഹ നടപടികളായിരുന്നു ഭരണത്തിലിരുന്നുകൊണ്ട് നടപ്പാക്കാൻ ശ്രമിച്ചത്. തൊഴിലില്ലായ്മകൊണ്ടും മറ്റു പലവിധ പ്രശ്നങ്ങൾകൊണ്ടും ക്യൂബയിലെ ജനങ്ങൾ സഹികെട്ടപ്പോഴും, അത്തരം വിഷയങ്ങളിലൊന്നും ശ്രദ്ധപതിപ്പിക്കാതെ ക്യൂബയുടെ സാമ്പത്തിക മേഖല അമേരിക്കൻ കമ്പനികൾക്ക് അടിയറവെക്കാനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയായിരുന്നു ബാറ്റിസ്റ്റ. അഴിമതിയും,അധോലോക ബന്ധവുമുൾപ്പടെയുള്ള വിവിധ തരം കുറ്റങ്ങൾ ബാറ്റിസ്റ്റയുടെ മേൽ ആരോപിക്കപ്പെട്ടിരുന്നു.[7][8]

ബാറ്റിസ്റ്റയുടെ ഭരണത്തിന്റെ ഒന്നാമൂഴത്തിൽ ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിന്തുണ ബാറ്റിസ്റ്റക്കുണ്ടായിരുന്നു. എന്നാൽ രണ്ടാം വട്ടം അധികാരം കൈവന്നപ്പോൾ അമേരിക്കയുമായി ബാറ്റിസ്റ്റ സൗഹൃദം സ്ഥാപിക്കുകയും അവരിൽ നിന്ന് സൈനിക,സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ച് തികഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മാറുകയായിരുന്നു.[9] ക്യൂബയിൽ വളർന്നുവരുന്ന കമ്മ്യൂണിസ്റ്റ് മതത്തിന്റെ വളർച്ച തടയുകയായിരുന്നു അമേരിക്കയുടെ താൽപര്യമെങ്കിൽ, അധികാരം ഉപയോഗിച്ച് സുഖലോലുപത എന്നതായിരുന്നു ബാറ്റിസ്റ്റയുടെ ലക്ഷ്യം.[10] തന്റെ എതിരാളികളെ അധികാരം ഉപയോഗിച്ച് നിശ്ശബ്ദരാക്കിയിരുന്നു. ബാറ്റിസ്റ്റയുടെ അധികാരത്തിൻ കീഴിൽ ക്യൂബ തികഞ്ഞ ഒരു പോലീസ് സ്റ്റേറ്റായി മാറിയിരുന്നു.

ബാറ്റിസ്റ്റയുടെ ഭരണത്തിൽ തികഞ്ഞ അതൃപ്തി തോന്നിയ ക്യൂബയിലെ ജനങ്ങളുടെ പ്രതിനിധിയായ ഫിദറൽ കാസ്ട്രോ എന്ന അഭിഭാഷകൻ, ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാൻ കോടതിയിൽ ഒരു അപേക്ഷ സമർപ്പിച്ചിരുന്നു. ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാൻ കാസ്ട്രോ സമർപ്പിച്ച കാരണങ്ങളൊന്നും മതിയാവില്ല എന്ന കാരണം പറഞ്ഞ് കോടതി ആ അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. നിയമപരമായ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും നീക്കം ചെയ്യാൻ കഴിയില്ലെന്നു മനസ്സിലാക്കിയ കാസ്ട്രോയും, സഹോദരൻ റൗളും ഇതേ ലക്ഷ്യത്തിനു വേണ്ടി മറ്റു വഴികൾ തേടുകയുണ്ടായി. ഇരുവരും ചേർന്ന് ദ മൂവ്മെന്റ് എന്ന സമാന്തര സൈന്യത്തെ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഈ സംഘടനയിലേക്ക് 1200 ഓളം വരുന്ന സമാനലക്ഷ്യം വച്ചു പുലർത്തുന്ന ആളുകളേയും അംഗങ്ങളായി ചേർത്തു.[11] 1952 ൽ രൂപംകൊണ്ട ഈ സംഘടയിലെ അംഗങ്ങൾ ഭൂരിഭാഗവും സാധാരണ തൊഴിലാളികളായിരുന്നു. ബാറ്റിസ്റ്റയുടെ ഭരണത്തിൽ തൃപ്തരല്ലാത്ത സമാനചിന്താഗതിക്കാരായ മറ്റു ചില സംഘടനകൾ കൂടി ക്യൂബയിലുണ്ടായിരുന്നു. ഇന്നാൽ ഇവരൊന്നും ഒരു രക്തരൂക്ഷിത വിപ്ലവത്തോട് ആഭിമുഖ്യമുണ്ടായിരുന്നവരല്ലായിരുന്നു, അതുകൊണ്ടു തന്നെ ഫിദലിന്റെ നേതൃത്വത്തിലുള്ള സംഘടന ഇവരുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യപ്പെട്ടിരുന്നില്ല. വിദേശാധിപത്യത്തിനെതിരേ പോരാടിയ മുൻ സ്വാതന്ത്ര്യസമരപോരാളിയായിരുന്ന ജോസ് മാർട്ടിനിയുടെ ചരിത്രമാണ് ഫിദലിനേയും റൗളിനേയും മുന്നോട്ടു നയിച്ചത്.[12]

വിപ്ലവം[തിരുത്തുക]

മൊൻകാട ബാരക്ക് ആക്രമണം എന്ന പേരിൽ നടത്തിയ വിപ്ലവമുന്നേറ്റത്തോടെയാണ് ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം എന്നു പറയാം. ബാറ്റിസ്റ്റ് ഭരണത്തോട് എതിർപ്പുള്ള വിമതരെ കണ്ടുപിടിച്ച് തങ്ങളുടെ സംഘടനയിൽ ചേർത്ത് സായുധ പരിശീലനം നൽകുകയാണ് ഫിദലും, റൗളും ആദ്യമായി ചെയ്തത്. പത്ത് പേരടങ്ങുന്ന ചെറിയ സെല്ലുകളായിട്ടായിരുന്നു വിപ്ലവകാരികളെ അവർ സംഘടിപ്പിച്ചത്. 1953 ൽ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ നടത്തിയ ശ്രമമാണ് മൊൻകാട ബാരക് ആക്രമണം എന്നറിയപ്പെടുന്നത്. ക്യൂബൻ വിപ്ലവചരിത്രത്തിലെ ധീരോജ്ജ്വലമായ ഏടായി ഇത് തിളങ്ങി നിൽക്കുന്നു. മൊൻകാട ബാരക്ക് പിടിച്ചെടുത്ത് അവിടുത്തെ ആയുധങ്ങൾ കൈക്കലാക്കുകയായിരുന്നു ഈ മുന്നേറ്റത്തിന്റെ ലക്ഷ്യം. കൂടാതെ സാന്റിയാഗോ റേഡിയോ സ്റ്റേഷൻ പിടിച്ചെടുത്ത് ദ മൂവ്മെന്റിന്റെ പ്രകടന പത്രിക അതിലൂടെ പ്രക്ഷേപണം ചെയ്യുക എന്ന ലക്ഷ്യം കൂടി കാസ്ട്രോയ്ക്കുണ്ടായിരുന്നു. എന്നാൽ വ്യക്തമായ ഒരു പദ്ധതിയുടെ അഭാവം മൂലം ഈ മുന്നേറ്റം പാളി പോവുകയായിരുന്നു. കൂടാതെ അപ്രതീക്ഷിതമായി സൈന്യത്തിൽ നിന്നേറ്റ തിരിച്ചടിയും കാസ്ട്രോയുടെ മുന്നേറ്റത്തെ തടയുകയുണ്ടായി.[13]

റൗളും ഫിദലും അവശേഷിക്കുന്ന വിപ്ലവകാരികളുടെ കൂടെ ഒളിത്താവളത്തിലേക്കു പോയെങ്കിലും താമസിയാതെ പിടിക്കപ്പെട്ടു. വിചാരണ സമയത്ത് വിപ്ലവകാരികൾക്കു വേണ്ടി കോടതിയിൽ വാദിച്ചത് അഭിഭാഷകൻ കൂടിയായിരുന്നു ഫിദൽ തന്നെയായിരുന്നു. പാലസ് ഓഫ് ജസ്റ്റീസ് എന്ന കോടതിയിൽ നടന്ന വിചാരണ സമയത്ത് കാസ്ട്രോ പറഞ്ഞ ചരിത്രം എനിക്കു മാപ്പു നൽകും എന്ന വാചകം പിന്നീട് ക്യൂബൻ വിപ്ലവത്തിന്റെ വിളംബര പ്രഖ്യാപനം പോലയായിത്തീർന്നു. ഒക്ടോബർ 16 ന് വിചാരണക്കോടതിയിൽ ഫിദൽ നടത്തിയ നാലുമണിക്കൂർ നീണ്ട വാദത്തിന്റെ പതിനായിരക്കണക്കിന് അച്ചടിച്ച പതിപ്പുകൾ രാജ്യവ്യാപകമായി പ്രചരിച്ചു.[14] ഫിദലിനെ പതിനഞ്ചു വർഷത്തേക്കും, റൗളിനെ പതിമൂന്നു വർഷത്തേക്കും തടവിന് കോടതി ശിക്ഷിച്ചു. ഫിദലിന്റെ ചെറുപ്പകാലത്തെ അദ്ധ്യാപകരുടെ പ്രേരണമൂലം ബാറ്റിസ്റ്റ ഫിദലിനെ തടവുശിക്ഷയിൽ നിന്നും മോചിപ്പിക്കുകയുണ്ടായി.

ജയിൽമോചിതരായ ഫിദലിന്റേയും, റൗളിന്റേയും പിറകെ ബാറ്റിസ്റ്റയുടെ ചാരന്മാർ സദാ ഉണ്ടായിരുന്നു. ബാറ്റിസ്റ്റയുടെ പതനം ആഗ്രഹിച്ചിരുന്ന ഈ സഹോദരന്മാർ കൂടുതൽ ശക്തിയാർജ്ജിക്കുന്നതിനും, വിപ്ലവത്തിനായി തയ്യാറെടുക്കുന്നതിനുവേണ്ടി തൽക്കാലം ക്യൂബയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചു. ഇരുവരും, സഹപ്രവർത്തകരോടൊപ്പം മെക്സിക്കോയിലേക്ക് പലായനം ചെയ്തു. റൗൾ കാസ്ട്രോ അവിടെ വെച്ച് അർജന്റീനിയൻ ഡോക്ടറും, വിപ്ലവകാരിയും കൂടെയായ ഏണസ്റ്റോ ചെഗുവേരയെ പരിചയപ്പെട്ടു. തന്നെക്കാൾ ആധുനികനായ വിപ്ലവകാരി എന്നാണ് ഫിദൽ ചെഗുവേരയെ വിശേഷിപ്പിച്ചത്.[15] ഗറില്ലാ യുദ്ധമുറകളിൽ അറിവുള്ളയാളായിരുന്നു ചെ ഗുവേര. ക്യൂബൻ വിപ്ലവമുന്നേറ്റത്തിൽ പങ്കെടുക്കാനുള്ള തന്റെ താൽപര്യം ചെ ഗുവേര ഫിദലിനെ അറിയിച്ചു. ചെഗുവേരയും, ഫിദലും, മുൻ സ്പാനിഷ് സൈനികോദ്യോഗസ്ഥൻ കൂടിയായ ആൽബർട്ടോ ബായോയിൽ നിന്ന് ഗറില്ലാ യുദ്ധമുറകൾ പരിശീലിച്ചു. 25 നവംബർ 1956 ന് വിലക്കു വാങ്ങിയ ഗ്രന്മ എന്ന പായ്ക്കപ്പലിൽ കാസ്ട്രോയും 82 വിപ്ലവകാരികളും, മെക്സിക്കോയിൽ നിന്നും ക്യൂബ ലക്ഷ്യമാക്കി യാത്രതിരിച്ചു. 90 ചെറുതോക്കുകൾ, 3 യന്ത്രവൽകൃത തോക്കുകൾ, 40 കൈത്തോക്കുകൾ, 2 ടാങ്ക്-വേധ തോക്കുകൾ എന്നിവയായിരുന്നു ക്യൂബയിലെ സർക്കാരിനെ പരാജയപ്പെടുത്താൻ തയ്യാറെടുത്തിരുന്ന ആ സൈന്യത്തിന്റെ ആയുധബലം

സിയറ മിസ്ത്ര മുന്നേറ്റം[തിരുത്തുക]

വിപ്ലവകാരികളേയും വഹിച്ചുകൊണ്ട്ഗ്രന്മ പായ്ക്കപ്പൽ 1956 ഡിസംബർ 2 ന് പ്ലായാ ലാസ് കൊളോറോഡസ് എന്ന സ്ഥലത്ത് എത്തിച്ചേർന്നു. വിചാരിച്ചിരുന്നതിലും രണ്ടും ദിവസം വൈകിയാണ് കപ്പൽ തീരത്തടുത്തത്. പരിശീലനയാത്രയിലേക്കാളും ഭാരം കൂടുതലുണ്ടായിരുന്നതിനാൽ യാത്രാ സമയം കൂടുകയായിരുന്നു.[16] വിമതർ സിയറ മിസ്ത്ര എന്ന മലനിരകളിലേക്ക് നീങ്ങി, അവിടെ നിന്നും ആക്രമണം തുടങ്ങുക എന്നതായിരുന്നു പദ്ധതി. എന്നാൽ വിചാരിച്ചിരുന്ന അത്ര എളുപ്പമായിരുന്നില്ല ഇത്. സംഘാംഗങ്ങളിൽ ഏറെപ്പേരും ഈ ദീർഘയാത്ര കൊണ്ട് ക്ഷീണിതരായിരുന്നു. ക്ഷീണിതരായി തങ്ങളുടെ താൽക്കാലിക താവളങ്ങളിൽ വിശ്രമിച്ചിരുന്ന വിമതരെ ബാറ്റിസ്റ്റയുടെ ചാരവിമാനങ്ങൾ കണ്ടെത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. അപ്രതീക്ഷിതമായ സൈന്യത്തിന്റെ ആക്രമണത്തിൽ വിമതസേന തകർന്നു. ക്യൂബൻ തീരത്തെത്തിയ 82 പേരിൽ 19 മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കിയുള്ളവരെ ബാറ്റിസ്റ്റയുടെ സൈന്യം കൊല്ലുകയോ പിടികൂടുകയോ ചെയ്തു.

തുടക്കത്തിൽ കാസ്ട്രോയുടെ സേനയിൽ ചേരാൻ പ്രാദേശികരായ യുവാക്കൾ മടിച്ചുവെങ്കിലും, പിന്നീട് ഇവരുടെ ചെറിയ വിജയങ്ങൾ യുവാക്കളെ സേനയിലേക്ക് ആകർഷിച്ചു. വിമതസേനയുടെ അംഗസംഖ്യ ക്രമേണ 200 ആയി ഉയർന്നു. ഇവരെ മൂന്നു ചെറിയ സംഘങ്ങളാക്കി ആക്രമണം തുടങ്ങാനാണ് ഫിദൽ തീരുമാനിച്ചത്. ഓരോ സംഘത്തിന്റേയും നേതൃത്വം യഥാക്രമം ഫിദൽ കാസ്ട്രോ, ചെ ഗുവേര, റൗൾ കാസ്ട്രോ എന്നിവർ ഏറ്റെടുത്തു.[17] ക്യൂബയിലാകമാനം ഒരു ബാറ്റിസ്റ്റവിരുദ്ധ തരംഗം ഉയർന്നുവരുന്നുണ്ടായിരുന്നു. ക്യൂബയിലെ സംഘർഷങ്ങൾ കണ്ട്അമേരിക്ക ക്യൂബക്കുമേൽ ഏർപ്പെടുത്തിയ ഉപരോധവും, നയതന്ത്രബന്ധങ്ങൾ തൽക്കാലം നിറുത്തിവെക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ നയതന്ത്രപ്രതിനിധിയെ തിരിച്ചുവിളിച്ചതും ബാറ്റിസ്റ്റയെ വല്ലാതെ ബാധിച്ചു.[18] കൂടാതെ ബാറ്റിസ്റ്റയുടെ അനുയായികൾ പോലും, വിമതസേനയിൽ ചേരുകയോ, ബാറ്റിസ്റ്റയിൽ നിന്നും അകലം പാലിക്കുകയോ ചെയ്തു. എന്നാൽ അമേരിക്കൻ കുത്തക, അധോലോക സംഘങ്ങളും ബാറ്റിസ്റ്റക്ക് ശക്തമായ പിന്തുണയുമായി രംഗത്തുണ്ടായിരുന്നു.

ഗറില്ലാ യുദ്ധങ്ങൾ[തിരുത്തുക]

ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഓർത്തഡോക്സ് രാഷ്ട്രീയ കക്ഷിയുമായി ഫിദൽ സഖ്യമുണ്ടാക്കി. ആശയപരമായി വിയോജിപ്പുണ്ടായിരുന്നെങ്കിലും, ലക്ഷ്യം സാധൂകരിക്കുന്നതിനുവേണ്ടിയാണ് ഫിദൽ ഇത്തരം തീരുമാനങ്ങളെടുത്തിരുന്നത്. ബാറ്റിസ്റ്റയെ പുറത്താക്കി ജനാധിപത്യരീതിയിലുള്ള ഒരു തിരഞ്ഞെടുപ്പു നടത്തുക എന്നതായിരുന്നു പുതിയ സഖ്യക്ഷിയുടെ മുഖ്യ അജണ്ട. ബാറ്റിസ്റ്റയുടെ സേനാബലം 37000 ത്തോളം ഉണ്ടായിരുന്നുവെങ്കിലും, കേവലം 200 ഓളം വരുന്ന 26 ജൂലൈ മൂവ്മെന്റിന്റെ വിമതസേനയോട് അവർക്ക് പലപ്പോഴും പരാജയം സമ്മതിക്കേണ്ടി വന്നു. കൂടാതെ 1958 മാർച്ച് 14 ന് അമേരിക്കൻ സർക്കാർ ക്യൂബയുടെ മേൽ ആയുധ ഉപരോധം ഏർപ്പെടുത്തി. അതോടെ ബാറ്റിസ്റ്റയുടെ സേനക്ക് പുതിയ ആയുധങ്ങൾക്കായി സമീപിക്കാൻ രാജ്യങ്ങളില്ലാതെ വന്നു. കൂടാതെ ബാറ്റിസ്റ്റയുടെ വ്യോമസേനയുടെ വിമാനങ്ങൾ അറ്റകുറ്റപണികൾ നടത്താൻ കഴിയാതെയും വന്നത് അവർക്ക് തിരിച്ചടിയായി.[19]

വിമതസേനയെ പരാജയപ്പെടുത്താൻ ഓപ്പറേഷൻ വെറാനോ എന്നൊരു സൈനിക പദ്ധതി ബാറ്റിസ്റ്റയുടെ സേന തയ്യാറാക്കി. 12000 ഓളം വരുന്ന സൈന്യത്തെ സിയറ മിസ്ത്ര മലനിരകളിലേക്കയച്ചു. എന്നാൽ ഇവരിൽ പകുതിയോളം പേരും മലനിരകളിൽ യുദ്ധം ചെയ്യുന്നതിന് പ്രാവീണ്യം നേടിയിട്ടുള്ളവരല്ലായിരുന്നു. കാസ്ട്രോയുടെ ഗറില്ലാ സൈന്യം ബാറ്റിസ്റ്റയുടെ സേനയെ പരാജയപ്പെടുത്തി.[20] 1958 ജൂലൈ 11 മുതൽ 21 വരെ നടന്ന ലാ പ്ലാറ്റ യുദ്ധത്തിലും കാസ്ട്രോയുടെ വിമതസേന വിജയം കൈവരിച്ചു. ഈ യുദ്ധത്തിൽ ബാറ്റിസ്റ്റയുടെ സൈന്യത്തിലെ 240 പേരോളം പേരെ വിമതസേന തടവിലാക്കി.[21]

29 ജൂലൈ 1958 ന് കാസ്ട്രോയുടെ വിമതസേനക്കു മേൽ കനത്ത ആഘാതം ഏൽപ്പിക്കാൻ ബാറ്റിസ്റ്റയുടെ സൈന്യത്തിനു കഴിഞ്ഞു. ഇതോടെ താൽക്കാലിക വെടിനിർത്തലിനു വേണ്ടി കാസ്ട്രോ നിർബന്ധിതനായി. എന്നാൽ ഉഭയകക്ഷി ചർച്ചകൾ നടക്കുന്നതിനിടെ കാസ്ട്രോയുടെ സേന മലനിരകളിലേക്ക് ഒളിച്ചോടുകയായിരുന്നു. ചുരുക്കത്തിൽ ഓപ്പറേഷൻ വെറാനോ ഒരു പരാജയത്തിൽ കലാശിക്കുകയായിരുന്നു.[22]

ബാറ്റിസ്റ്റയുടെ പതനം[തിരുത്തുക]

അമേരിക്കയിൽ നിന്നും ആയുധം ലഭ്യമാകാതെ വന്നപ്പോൾ ബാറ്റിസ്റ്റ ഇംഗ്ലണ്ടിൽ നിന്നും വെടിക്കോപ്പുകൾ വാങ്ങാൻ തീരുമാനിച്ചു. ഇത് വ്യാപകമായ പ്രതിഷേധം വിളിച്ചുവരുത്തി. പ്രതിപക്ഷം ഒരു പൊതുമണിമുടക്കിനു ആഹ്വാനം ചെയ്തു. ഓപ്പറേഷൻ വെറാനോക്കുശേഷം സുപ്രധാന സൈനികതാവളങ്ങളിൽ ആധിപത്യം ഉറപ്പിക്കാൻ വിമതസേനക്കു കഴിഞ്ഞു. സാന്താ ക്ലാരയിലും, ലാസ് വില്ലാസിലും, വിമതർ നിയന്ത്രണം നേടിയെടുത്തു. ചുരുക്കത്തിൽ ക്യൂബയെ രണ്ടായി വിഭജിക്കാൻ വിമതർക്കു കഴിഞ്ഞു. ബാറ്റിസ്റ്റക്ക് സാധനസാമഗ്രികൾ എത്തിച്ചേരുന്ന മുഖ്യമായ റെയിൽ, റോഡ് മാർഗ്ഗങ്ങൾ വിമതർ തകർത്തു. 1958 ഓഗസ്റ്റിനുശേഷം, ചെറുതെങ്കിലും ചില നഗരങ്ങൾ കൂടി വിമതസേന കൈയ്യടക്കി.

ചെ ഗുവേര, കാമില്ലോ, ജൈമി എന്നിവരുടെ നേതൃത്വത്തിലുള്ള മൂന്നു സൈനിക വിഭാഗങ്ങൾ പടിഞ്ഞാറൻ ഭാഗത്തേക്കു നീങ്ങി. ബാറ്റിസ്റ്റയുടെ സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും ലാസ് വില്ലാസ് പോലുള്ള സ്ഥലങ്ങളിൽ വിജയം കൈവരിക്കാൻ വിമതർക്കായി. തുടരെ തുടരെയുള്ള വിജയങ്ങൾ വിമതസേനക്ക് കൂടുതൽ കരുത്തു പകർന്നു. സാന്താ ക്ലാര പൂർണ്ണമായും നിയന്ത്രണത്തിലാക്കാനുള്ള ശ്രമം അവർ ആരംഭിച്ചു. ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള സൈന്യത്തിനു മുന്നിൽ സാന്താ ക്ലാര പൂർണ്ണമായും വരുതിയിലായി. ബാറ്റിസ്റ്റയുടെ സൈന്യത്തിൽ നിന്നും കടുത്തഎതിർപ്പുകൾ നേരിട്ടുവെങ്കിലും, വിമതസേന വിജയം കൈവരിക്കുകയായിരുന്നു.

ബാറ്റിസ്റ്റയുടെ പതനം ഏതാണ്ട് തീർച്ചയായപ്പോൾ, പുതിയ ബന്ധങ്ങൾക്കായി അമേരിക്ക ക്യൂബയിലെ അന്നത്തെ പട്ടാള മേധാവിയായിരുന്ന ജനറൽ കാന്റിലോയെ സമീപിച്ചു. കാരണം, ഫിദൽ അധികാരത്തിലെത്തുന്നതിനെ അമേരിക്ക ഭയപ്പെട്ടിരുന്നു. തങ്ങളുടെ താൽപര്യങ്ങൾ ക്യൂബയിൽ നടപ്പാക്കാൻ അത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അമേരിക്കക്കറിയാമായിരുന്നു. അമേരിക്കയുമായുള്ള കൂടിക്കാഴ്ചക്കുശേഷം കാന്റില്ലോ ഫിദലിനെ സമീപിച്ച് ഒരു വെടിനിർത്തലിനായി നിർബന്ധിച്ചു. മൂന്നു നിർദ്ദേശങ്ങളാണ് കാന്റില്ലോക്ക് മുന്നിൽ ഫിദൽ വെച്ചത്. ഹവാനയിൽ ഇനിയൊരു സൈനികനും പാടില്ല, ബാറ്റിസ്റ്റയെ രക്ഷപ്പെടാനായി ആരും സഹായിക്കാൻ പാടില്ല, അമേരിക്കൻ എംബസ്സിയുമായി യാതൊരു ബന്ധവും പാടില്ല എന്നിവയായിരുന്നു ഈ മൂന്നു ആവശ്യങ്ങൾ. ഇതെല്ലാം അംഗീകരിച്ച കാന്റില്ലോ ഇതേസമയം തന്നെ ബാറ്റിസ്റ്റയേയും സമീപിച്ചു, പരാജയശേഷം വിപ്ലവകാരികളുടെ തീരുമാനമെന്തായിരിക്കുമെന്ന് കാന്റില്ലോ ബാറ്റിസ്റ്റയേയും അറിയിച്ചു. യുദ്ധത്തിൽ പരാജയപ്പെടുകയാണെങ്കിൽ അത് തന്റെ ജീവനു തന്നെ ഭീഷണിയായേക്കാമെന്നറിയാവുന്ന ബാറ്റിസ്റ്റ രാജി വെക്കാൻ സന്നദ്ധനനായി. തുടർന്ന് 1958 ഡിസംബർ 31 ന് കയ്യിൽ കിട്ടിയ പണവുമായി ബാറ്റിസ്റ്റ രാജ്യം വിട്ടു.

അവലംബം[തിരുത്തുക]

 1. റിച്ചാർഡ്, ബെർക്കോവിച്ച്; റിച്ചാർഡ് ജാക്സൺ (1997). ഇന്റർനാഷണൽ കോൺഫ്ലിക്ട് - എ ക്രോണോളജിക്കൽ എൻസൈക്ലോപീഡിയാ ഓഫ് കോൺഫ്ലിക്ട്സ് ആന്റ് ആന്റ് ദെയർ മാനേജ്മെന്റ് 1945-1995. കോൺഗ്രഷണൽ ക്വാർട്ടർലി പ്രസ്സ്. ഐ.എസ്.ബി.എൻ. 978-1568021959.  Unknown parameter |coauthors= ignored (സഹായം)
 2. ജോയൽ ഡേവിഡ് സിംഗർ, മെൽവിൻ മാൾ - 1816-1965 (1972)ദ വേജസ് ഓഫ് വാർ.
 3. വേൾഡ് മിലിറ്ററി ആന്റ് സോഷ്യൽ എക്സ്പൻഡീച്ചർ 1987-88 (12ആം പതിപ്പ്, 1987)‍ -റൂഥ് ലെഗാർ സെവാഡ്.
 4. "ഫിദറൽ കാസ്ട്രോ ആന്റ് 26 ജൂലൈ മൂവ്മെന്റ്". ഹസിയന്ത പബ്ലിഷിംഗ്. 27-ജൂലൈ-2004.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 5. "ബാറ്റിസ്റ്റാസ് റെവല്യൂഷൻ". ദ ഗാർഡിയൻ ദിനപത്രം. 11-മാർച്ച്-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 6. ജൂലിയ, സ്വീഗ് (2004). ഇൻസൈഡ് ദ ക്യൂബൻ റെവല്യൂഷൻ. ഹാർവാർഡ് സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 9780674016125. 
 7. "ഫുൾജെൻസിയോ ബാറ്റിസ്റ്റ". ഹിസ്റ്ററിഓഫ് ക്യൂബ. ശേഖരിച്ചത് 02-ഒക്ടോബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 8. "ജോൺ.എഫ്.കെന്നഡി, സ്പീച്ച് ഓഫ് സെനറ്റർ". അമേരിക്കൻ പ്രസിഡൻസി പ്രൊജക്ട്. 06-ഒക്ടോബർ-1960.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 9. "ജോൺ.എഫ്.കെന്നഡി, സ്പീച്ച് ഓഫ് സെനറ്റർ". അമേരിക്കൻ പ്രസിഡൻസി പ്രൊജക്ട്. 06-ഒക്ടോബർ-1960. "ബാറ്റിസ്റ്റക്ക് അമേരിക്കൻ സഹായം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 10. സെർഗിയോ, ഡയസ്; ജോർജ്ജ് ലോപ്പസ് (2006). കറപ്ഷൻ ഇൻ ക്യൂബ, കാസ്ട്രോ ആന്റ് ബിയോണ്ട്.. ടെക്സാസ് സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 978-0292714823.  Unknown parameter |coauthors= ignored (സഹായം)
 11. പീറ്റർ, ബോൺ (1986). ഫിദൽ, ദ ബയോഗ്രഫി ഓഫ് ഫിദൽ കാസ്ട്രോ. ഡോഡ്&മെഡ്. pp. 68–69. ഐ.എസ്.ബി.എൻ. 978-0396085188. 
 12. ലീസസ്റ്റർ കോൾട്ട്മാൻ (2005). ദ റിയൽ ഫിദൽ കാസ്ട്രോ. യേൽ സർവ്വകലാശാല പ്രസ്സ്. p. 76. ഐ.എസ്.ബി.എൻ. 978-0300107609. 
 13. അന്റോണിയോ, റാഫേൽ (2007). മൊൻകാട ബാരക് ആക്രമണം. സൗത്ത് കരോളിന സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 978-1570036729. 
 14. ലീസസ്റ്റർ കോൾട്ട്മാൻ (2005). ദ റിയൽ ഫിദൽ കാസ്ട്രോ. യേൽ സർവ്വകലാശാല പ്രസ്സ്. p. 90. ഐ.എസ്.ബി.എൻ. 978-0300107609. "ചരിത്രം എനിക്കു മാപ്പു നൽകും, വിചാരണകോടതിയിലെ കാസ്ട്രോയുടെ പ്രസംഗം" 
 15. ഇഗ്നേഷിയോ റെമോണറ്റ്; ഫിദൽ കാസ്ട്രോ (2009). ഫിദൽ കാസ്ട്രോ, മൈ ലൈഫ് എ സ്പോക്കൺ ഓട്ടോബയോഗ്രഫി. സ്ക്രൈബ്നർ. p. 170-173. ഐ.എസ്.ബി.എൻ. 978-1416562337. "ചെഗുവേരയെക്കുറിച്ച് ഫിദൽ കാസ്ട്രോ"  Unknown parameter |coauthor= ignored (സഹായം)
 16. ഇഗ്നേഷിയോ റെമോണറ്റ്; ഫിദൽ കാസ്ട്രോ (2009). ഫിദൽ കാസ്ട്രോ, മൈ ലൈഫ് എ സ്പോക്കൺ ഓട്ടോബയോഗ്രഫി. സ്ക്രൈബ്നർ. p. 182. ഐ.എസ്.ബി.എൻ. 978-1416562337. "ഗ്രന്മ"  Unknown parameter |coauthor= ignored (സഹായം)
 17. ലീസസ്റ്റർ കോൾട്ട്മാൻ (2005). ദ റിയൽ ഫിദൽ കാസ്ട്രോ. യേൽ സർവ്വകലാശാല പ്രസ്സ്. p. 122. ഐ.എസ്.ബി.എൻ. 978-0300107609. 
 18. ലൂയിസ് എ, പെരസ് (2003). ക്യൂബ ആന്റ് ദ യുണൈറ്റഡ് സ്റ്റേറ്റ്സ്. ജോർജ്ജിയ സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 978-0820324838. 
 19. "എയർ വാർ ഓവർ ക്യൂബ 1956-1959". എ.സി.ഐ.ജി. 04-ഒക്ടോബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 20. "ദ സ്പിരിറ്റ് ഓഫ് മൊൻകാട, കാസ്ട്രോസ് റൈസ ടു പവർ". ഗ്ലോബൽ സെക്യൂരിറ്റി. ശേഖരിച്ചത് 04-ഒക്ടോബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 21. "ലാ പ്ലാറ്റാ യുദ്ധം". ദ മിലിറ്റന്റ്. 29-ജനുവരി-1996.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 22. "എയർ വാർ ഓവർ ക്യൂബ 1956-1959". എ.സി.ഐ.ജി. 04-ഒക്ടോബർ-2013. "ഓപ്പറേഷൻ വെറാനോ ഒരു പരാജയം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
"https://ml.wikipedia.org/w/index.php?title=ക്യൂബൻ_വിപ്ലവം&oldid=2440212" എന്ന താളിൽനിന്നു ശേഖരിച്ചത്