ഓപ്പറേഷൻ വെറാനോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഓപ്പറേഷൻ വെറാനോ
ക്യൂബൻ വിപ്ലവത്തിന്റെ ഭാഗം
ദിവസം ജൂൺ 28 - ഓഗസ്റ്റ് 8, 1958
യുദ്ധക്കളം സിയറ മിസ്ത്ര മലനിരകൾ, ക്യൂബ
ഫലം വിമതർക്ക് വിജയം;
പോരാളികൾ
ക്യൂബ ബാറ്റിസ്റ്റയുടെ സേന M-26-7.svg 26ജൂലൈ മൂവ്മെന്റ്
പടനായകർ
ക്യൂബ ജനറൽ യൂലോജിയോ കാന്റിലോ
ക്യൂബ ജനറൽ ആൽബർട്ടോ ഡെൽ റിയോ ഷാവിയാനോ
M-26-7.svg ഫിദൽ കാസ്ട്രോ
M-26-7.svg ചെ ഗുവേര
M-26-7.svg റെനെ റാമോസ് ലാതോർ  
സൈനികശക്തി
14 ബറ്റാലിയൻ (12,000 സൈനികർ) 300 സൈനികർ
നേരിട്ടുള്ള യുദ്ധക്കെടുതികൾ
126 മരണം
30 മുറിവേറ്റവർ
240 തടവിലാക്കപ്പെട്ടവർ
76+ മരണം

1958 ൽ ക്യൂബയിൽ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ നടന്ന സൈനിക അട്ടിമറിയെ പ്രതിരോധിക്കാൻ ക്യൂബൻ പ്രസിഡന്റായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റ രൂപം കൊടുത്ത സൈനിക നീക്കമാണ് ഓപ്പറേഷൻ വെറാനോ എന്നറിയപ്പെടുന്നത്.[1] ബാറ്റിസ്റ്റയെ ഭരണത്തിൽ നിന്നും പുറത്താക്കാൻ ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിൽ നടന്നു വരുന്ന വിപ്ലവമുന്നേറ്റം ക്യൂബയിൽ ശക്തിപ്രാപിക്കുകയായിരുന്നു. ക്യൂബയുടെ തെക്കുകിഴക്ക് അതിർത്തിപ്രദേശത്തുള്ള സിയറ മിസ്ത്ര മലനിരകളായിരുന്നു വിമതസേനയുടെ പ്രധാന കേന്ദ്രം. വിമതസേനയെ തോൽപ്പിക്കാൻ മുമ്പ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയത്തിലാണ് കലാശിച്ചത്.

പശ്ചാത്തലം[തിരുത്തുക]

ക്യൂബയിലെ ഏകാധിപതിയായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ഫിദൽ കാസ്ട്രോ എന്ന അഭിഭാഷകന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സമാന്തര സൈനിക സംഘടനയാണ് 26 ജൂലൈ മൂവ്മെന്റ്. വിപ്ലവത്തിൽ പങ്കെടുക്കാനുള്ള സൈനികർ 1956 നവംബറിൽ ഗ്രന്മ എന്നു പേരുള്ള ഒരു പായ്ക്കപ്പലിൽ മെക്സിക്കോയിൽ നിന്നും ക്യൂബൻ തീരത്തു വന്നിറങ്ങി. ക്യൂബൻ സേനക്കെതിരെ ഒളിഞ്ഞും തെളിഞ്ഞുമുള്ള പോരാട്ടങ്ങൾ വിമതർ നടത്തിയിരുന്നുവെങ്കിലും, ബാറ്റിസ്റ്റയുടെ സർക്കാർ ഇതൊന്നു ഗൗരവമായി എടുത്തിരുന്നില്ല. എന്നാൽ ഫിദൽ കാസ്ട്രോയുടെ ഈ ശ്രമങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുകയും, വിമതസേന യഥാർത്ഥത്തിൽ സർക്കാരിനു ഭീഷണിയായി തീരുകയും ചെയ്തു. 26ജൂലൈ മൂവ്മെന്റിന്റെ അടിച്ചമർത്താൻ ബാറ്റിസ്റ്റോ തന്റെ ജനറലായിരുന്നു യൂലോജിയോ കാന്റില്ലോ എന്ന സൈനികന്റെ നേതൃത്വത്തിൽ പുതിയ പദ്ധതി തയ്യാറാക്കി.

26ജൂലൈ മൂവ്മെന്റിന്റെ ശക്തികേന്ദ്രമായ ക്യൂബയുടെ തെക്കു കിഴക്കൻ അതിർത്തിയിലുള്ള സിയറ മിസ്ത്ര മലനിരകളെ ചുറ്റുപാടും നിന്നാക്രമിക്കുക എന്നതായിരുന്നു പദ്ധതി.[2] വിമതസേനക്ക് ആയുധവും ഭക്ഷണവും എത്താൻ സാധ്യതയുള്ള എല്ലാ വഴികളും അടച്ച് അവരെ പ്രതിരോധത്തിലാക്കി അടിയറ പറയിപ്പിക്കാമെന്നായിരുന്നു ജനറൽ കാന്റില്ലോ ഉദ്ദേശിച്ചിരുന്നത്. 12000 സൈനികരുൾപ്പെടുന്ന 14 ബറ്റാലിയനായിരുന്നു ഈ പദ്ധതിക്കുവേണ്ടി അനുവദിക്കപ്പെട്ടത്.[3] 24 ബറ്റാലിയനെയായിരുന്നു ജനറൽ കാന്റില്ലോ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നതെങ്കിലും, ലഭിച്ചത് 14 ബറ്റാലിയൻ മാത്രമായിരുന്നു. കാസ്ട്രോയുടെ സേനയിൽ 2000 നടുത്ത് ഗറില്ലകൾ ഉണ്ടായിരിക്കുമെന്ന തെറ്റായ വിവരമായിരുന്നു, കാന്റില്ലോയെക്കൊണ്ട് കൂടുതൽ സേനക്കു വേണ്ടി അഭ്യർത്ഥിക്കാൻ പ്രേരിപ്പിച്ചത്. യഥാർത്ഥത്തിൽ വിമതസേനയിൽ 300 ഓളം സൈനികർ മാത്രമേ ഉണ്ടായിരുന്നുള്ളു.

കാന്റില്ലോയുടെ സൈനികരിൽ പകുതിയും പരിശീലനം കുറഞ്ഞവരായിരുന്നു. പദ്ധതിയുടെ തുടക്കത്തിൽ കാന്റില്ലോ മാത്രമായിരുന്നു സൈന്യാധിപൻ എങ്കിലും, പിന്നീട് ചുമതല മറ്റൊരാളിലേക്കു കൂടി പങ്കുവെക്കുകയുണ്ടായി. പുതിയ ജനറൽ ഷാവിയാനോ, രാഷ്ട്രീയനേതാവായിരുന്നുവെങ്കിലും, സൈനിക നീക്കങ്ങളിൽ പങ്കെടുത്ത് കഴിവു തെളിയിച്ചയാളായിരുന്നില്ല. അതുകൊണ്ടു തന്നെ നേതാക്കൾ തമ്മിലുള്ള ഏകോപനത്തിലും പാളിച്ചകൾ സംഭവിച്ചിരുന്നു.

യുദ്ധം[തിരുത്തുക]

1958 ജൂൺ 28 നാണ് ഓപ്പറേഷൻ വെറാനോ ആരംഭിച്ചത്. ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള വിമതസേനയുടെ ഒരു സംഘം, കാന്റില്ലോയുടെ നീക്കം മുൻകൂട്ടി അറിയുകയും, അവരെ മുന്നോട്ടു പോകുന്നതിൽ നിന്നും തടയുകയും ചെയ്തു. ഓപ്പറേഷൻ വെറാനോയിൽ ചെ ഗുവേര എടുത്ത തീരുമാനങ്ങളെ അത്യുജ്ജലം എന്നാണ് പിന്നീട് അമേരിക്കൻ സൈനികരിലൊരാൾ വിശേഷിപ്പിച്ചത്.[4] പ്രതിരോധത്തിനു പകരം ആക്രമണം എന്ന രീതിയാണ് ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള വിമതസേന സ്വീകരിച്ചത്. കാന്റില്ലോയുടെ സേനക്ക് ഒട്ടേറെ സൈനികരെ നഷ്ടപ്പെട്ടു. ജൂലൈ പതിനൊന്നിന് പതിനെട്ടാം ബറ്റാലിയൻ, ലാപ്ലാറ്റ നദീമുഖത്തു നിന്നും വീണ്ടും ആക്രമണമാരംഭിച്ചു. യുദ്ധമേഖലയിൽ തീരെ നിപുണരല്ലാത്ത, ക്യൂബൻ സൈനികരെ പെട്ടെന്നു തന്നെ പരാജയപ്പെടുത്താൻ ഗറില്ലാ പോരാളികൾക്ക് സാധിച്ചു.

അനന്തരഫലങ്ങൾ[തിരുത്തുക]

യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളിൽ വിജയം വിമതസേനക്കൊപ്പമായിരുന്നുവെങ്കിലും, ബാറ്റിസ്റ്റയുടെ നിർദ്ദേശമനുസരിച്ച് ഫിദൽ കാസ്ട്രോ ഒരു വെടിനിർത്തലിനു തയ്യാറാവുകയായിരുന്നു. കീഴടങ്ങാനുള്ള നിർദ്ദേശം സ്വീകരിച്ച കാസ്ട്രോയും കൂട്ടരും, തന്ത്രപൂർവ്വം ഉൾക്കാടുകളിലേക്ക് രക്ഷപ്പെട്ടു. ഓപ്പറേഷൻ വെറാനോ അവസാനിച്ചതിനുശേഷം, ചെ ഗുവേരയുടെ നേതൃത്വത്തിലുള്ള വിമതസേനയുടെ മൂന്നു സംഘത്തോട്, സെന്റട്രൽ ക്യൂബ ആക്രമിക്കാൻ ഫിദൽ ഉത്തരവിടുകയായിരുന്നു.[5]

അവലംബം[തിരുത്തുക]

  1. "ഓപ്പറേഷൻ വെറാനോ". വേൾഡ് ഹിസ്റ്ററി ഡാറ്റാബേസ്. ശേഖരിച്ചത് 03-ഡിസംബർ-2013. Check date values in: |accessdate= (help)
  2. ഡെന്നിസ്, ഏബ്രഹാം (2010). ഏണസ്റ്റോ ചെഗുവേര. ചെൽസിയ ഹൗസ്. p. 74. ISBN 978-1604137323.
  3. സ്പെൻസർ.സി, ടക്കർ (2013). എൻസൈക്ലോപീഡിയ ഓഫ് ഇൻസർജൻസി ആന്റ് കൗണ്ടർ ഇൻസർജൻസി. എ.ബി.സി.ക്ലിയോ. p. 27. ISBN 978-1610692793.
  4. സ്പെൻസർ.സി, ടക്കർ (2013). എൻസൈക്ലോപീഡിയ ഓഫ് ഇൻസർജൻസി ആന്റ് കൗണ്ടർ ഇൻസർജൻസി. എ.ബി.സി.ക്ലിയോ. p. 27-28. ISBN 978-1610692793.
  5. "ഓപ്പറേഷൻ വെറാനോ". എക്സ്ടൈംലൈൻ. ശേഖരിച്ചത് 04-ഡിസംബർ-2013. Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ഓപ്പറേഷൻ_വെറാനോ&oldid=2309842" എന്ന താളിൽനിന്ന് ശേഖരിച്ചത്