മൊൻകാട ബാരക്സ് ആക്രമണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൊൻകാട ബാരക്സ് ആക്രമണം
ക്യൂബൻ വിപ്ലവം ഭാഗം
Moncada Barracks.JPG
മൊൻകാട ബാരക്സ്
തിയതി ജൂലൈ 26, 1953
സ്ഥലം സാന്റിയാഗോ, ക്യൂബ
ഫലം ഭരണകക്ഷിയുടെ വിജയം; വിമതർ പിൻവാങ്ങി
Belligerents
ക്യൂബ ബാറ്റിസ്റ്റ സർക്കാർ M-26-7.svg 26ജൂലൈ മൂവ്മെന്റ്
പടനായകരും മറ്റു നേതാക്കളും
ക്യൂബ കേണൽ.ആൽബർട്ടോ ഡെൽ റിയോ ഷാവിയാനോ M-26-7.svg ഫിദൽ കാസ്ട്രോ
M-26-7.svg റൗൾ മാർട്ടിനെസ് അറാരസ്
ശക്തി
400 ആളുകൾ ഏകദേശം 135 ഓളം ആളുകൾ
നാശനഷ്ടങ്ങൾ
19 പേർ കൊല്ലപ്പെട്ടു, 30 പേർക്ക് മുറിവേറ്റു 61 പേർ കൊല്ലപ്പെട്ടു
ഏകദേശം. 51 പേർ തടവിലാക്കപ്പെട്ടു

ക്യൂബയുടെ സ്വാതന്ത്ര്യസമരങ്ങളിലെ നേതൃനിരയിലുണ്ടായിരുന്ന ഗ്വില്ലർമോ മൊൻകാടയുടെ പേരിലുള്ള സൈനിക താവളമാണ് മൊൻകാട ബാരക്സ്.[1] 26 ജൂലൈ 1953 ന് ഫിദൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ഒരു സംഘം വിമതർ ഈ സൈനിക താവളം ആക്രമിക്കുകയുണ്ടായി. ഈ സംഭവം ആണ് മൊൻകാട ബാരക്സ് ആക്രമണം എന്നറിയപ്പെടുന്നത്. മൊൻകാട ബാരക്സ് ആക്രമണം ക്യൂബൻ വിപ്ലവത്തിന്റെ തുടക്കം ആയി കണക്കാക്കപ്പെടുന്നു. ഈ പ്രത്യേക ദിവസത്തിന്റെ ഓർമ്മയ്ക്കായാണ് ഫിദൽ കാസ്ട്രോ പിന്നീട് രൂപീകരിച്ച സംഘടനയ്ക്ക് 26 ജൂലൈ മൂവ്മെന്റ് എന്ന പേര് നൽകിയത്. ക്യൂബയിലെ ഏകാധിപതിയായിരുന്ന ഫുൾജെൻസിയോ ബാറ്റിസ്റ്റയുടെ പതനത്തിന് തുടക്കം കുറിച്ച സംഭവം കൂടിയായിരുന്നു മൊൻകാട ബാരക്സ് ആക്രമണം.[2]

വ്യക്തമായ ഒരു പദ്ധതിയുടെ അഭാവത്താലും, മറ്റു ചില അപ്രതീക്ഷിത കാരണങ്ങളാലും വിജയം കൈവരിക്കാതെ പോയ ഒരു സൈനിക അട്ടിമറി നീക്കം ആയിരുന്നു ഇത്. വിമതസേനയിലും, ഭരണകക്ഷിയുടെ സൈന്യത്തിലും ആൾ നാശമുണ്ടായിരുന്നു. വിമതർ തൽക്കാലത്തേക്ക് പിൻവാങ്ങിയെങ്കിലും, പിന്നീട് തടവിലാക്കപ്പെട്ടു. ഫിദലിന്റെ നേതൃത്വത്തിലുള്ള വിമതസേനയിലെ അംഗങ്ങൾക്ക് രാജ്യം വിട്ടുപോവേണ്ടി വന്നു. എന്നിരിക്കിലും, വരാനിരിക്കുന്ന ക്യൂബൻ വിപ്ലവത്തിന്റെ വിളംബരപ്രഖ്യാപനം ആയിരുന്നു മൊൻകാട ബാരക്സ് ആക്രമണം എന്ന് പറയപ്പെടുന്നു.[3]

പശ്ചാത്തലം[തിരുത്തുക]

1940 മുതൽ 1944 വരെയുള്ള കാലഘട്ടത്തിൽ ക്യൂബയുടെ പ്രസിഡന്റായിരുന്നു ഫുൾജെൻസിയോ ബാറ്റിസ്റ്റ. 1952 ലെ തിരഞ്ഞെടുപ്പ് റദ്ദാക്കി ഒരു സൈനിക അട്ടിമറിയിലൂടെ ബാറ്റിസ്റ്റ വീണ്ടും ക്യൂബയുടെ പരമാധികാര സ്ഥാനത്തെത്തി. ആദ്യതവണ ക്യൂബയുടെ പ്രസിഡന്റായിരുന്നപ്പോൾ പുരോഗമനപരമായ പല തീരുമാനങ്ങളും ബാറ്റിസ്റ്റ നടപ്പാക്കിയിരുന്നെങ്കിലും, രണ്ടാമൂഴത്തിൽ തികച്ചും ഏകാധിപതിയെപ്പോലെയാണ് ബാറ്റിസ്റ്റ പെരുമാറിയിരുന്നത്.[4] ജനദ്രോഹ നടപടികളായിരുന്നു ഭരണത്തിലിരുന്നുകൊണ്ട് നടപ്പാക്കാൻ ശ്രമിച്ചത്. തൊഴിലില്ലായ്മകൊണ്ടും മറ്റു പലവിധ പ്രശ്നങ്ങൾകൊണ്ടും ക്യൂബയിലെ ജനങ്ങൾ സഹികെട്ടപ്പോഴും, അത്തരം വിഷയങ്ങളിലൊന്നും ശ്രദ്ധപതിപ്പിക്കാതെ ക്യൂബയുടെ സാമ്പത്തിക മേഖല അമേരിക്കൻ കമ്പനികൾക്ക് അടിയറവെക്കാനുള്ള സഹായങ്ങൾ ചെയ്തുകൊടുക്കുകയായിരുന്നു ബാറ്റിസ്റ്റ. അഴിമതിയും,അധോലോക ബന്ധവുമുൾപ്പടെയുള്ള വിവിധ തരം കുറ്റങ്ങൾ ബാറ്റിസ്റ്റയുടെ മേൽ ആരോപിക്കപ്പെട്ടിരുന്നു.[5][6]

ബാറ്റിസ്റ്റയുടെ ഭരണത്തിൽ അതൃപ്തി തോന്നിയ യുവാക്കളുടെ പ്രതിനിധിയും ഒരു അഭിഭാഷകൻ കൂടിയുമായ ഫിദൽ കാസ്ട്രോ, ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും നീക്കുവാൻ കോടതിയിൽ അപേക്ഷ നൽകി. കാസ്ട്രോയുടെ ഈ ആവശ്യത്തിന് ഉപോൽബലകമായി സമർപ്പിച്ചിരുന്ന തെളിവുകൾ ബാറ്റിസ്റ്റയെ അധികാരത്തിൽ നിന്നും പുറത്താക്കുവാൻ മതിയാകില്ല എന്ന കാരണം പറഞ്ഞ് കോടതി ഈ അപേക്ഷ തള്ളിക്കളഞ്ഞു. ബാറ്റിസ്റ്റയെ പുറത്താക്കാൻ ഒരു സായുധ വിപ്ലവത്തിലൂടെ മാത്രമേ കഴിയൂ എന്ന് ഫിദലും കൂട്ടരും മനസ്സിലാക്കി. ഈ ലക്ഷ്യത്തോടെ ഫിദലും, സഹോദരൻ റൗൾ കാസ്ട്രോയും ചേർന്ന് ദ മൂവ്മെന്റ് എന്ന പേരിൽ ഒരു വിമത സേന ഉണ്ടാക്കി. ബാറ്റിസ്റ്റയുടെ ഭരണത്തോട് അതൃപ്തി ഉള്ളവരെയായിരുന്നു കാസ്ട്രോ കൂടുതലായും സേനയിലേക്ക് തിരഞ്ഞെടുത്തിരുന്നത്. ക്യൂബയിലെ വിപ്ലവപാർട്ടി ആയിരുന്ന ഓർത്തഡോക്സോയിലെ അംഗങ്ങളും വിമതസേനയിൽ ചേരാൻ തയ്യാറായി വന്നു.

തയ്യാറെടുപ്പുകൾ[തിരുത്തുക]

ദാരിദ്ര്യത്തിന്റെ കാഠിന്യം നന്നായി അറിഞ്ഞവർ ആയിരുന്നു ഫിദലിന്റെ പുതിയ സേനയിലേക്ക് ആകർഷിക്കപ്പെട്ട യുവാക്കൾ. പലർക്കും വീടില്ലായിരുന്നു, മാതാപിതാക്കളുടെ സംരക്ഷണയിൽ വളരാനുള്ള ഭാഗ്യം സിദ്ധിച്ചവർ തീരെ കുറവായിരുന്നു. സ്ഥീരമായ ഒരു ജോലിയോ, വരുമാനമോ ഇവർക്കില്ലായിരുന്നു. ഹോട്ടലിലെ ജോലികളും, തെരുവുകച്ചവടക്കാരും, അവിദഗ്ദ തൊഴിലാളികളുമായിരുന്നു ഏറേയും പേർ. 160 പേരുടെ വിമത സേനയിൽ സർവ്വകലാശാല ബിരുദം പൂർത്തിയാക്കിയത് വെറും നാലു പേർ മാത്രമായിരുന്നു. ഏറെയും ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലായിരുന്നു. സേനാംഗങ്ങളുടെ ശരാശരി പ്രായം 26 ആയിരുന്നു. കാസ്ട്രോയുടെ തീരുമാനങ്ങൾ പിന്നീട് എതിർക്കപ്പെട്ടേക്കാം എന്നുള്ളതുകൊണ്ടായിരിക്കാം കാസ്ട്രോ വിദ്യാഭ്യാസം നേടിയ ആളുകളെ തന്റെ സേനയിലേക്ക് തിരഞ്ഞെടുക്കാതിരുന്നതെന്നും പറയപ്പെടുന്നു.[7]

1200 ഓളം യുവജനങ്ങളെ കാസ്ട്രോയും കൂട്ടരും ചുരുങ്ങിയ മാസങ്ങൾകൊണ്ട് പരിശീലിപ്പിച്ചെടുത്തുന്നു.[8] വിപ്ലകാരികളുടെ എണ്ണം വലുതായപ്പോൾ പിന്നീട് സേനയിലേക്ക് ആളുകളെ ചേർക്കേണ്ടതില്ലെന്ന് കാസ്ട്രോയും നേതൃത്വവും തീരുമാനിച്ചു. ഹവാന സർവ്വകലാശാലയിലും, ഹവാനയിലെ ഫയറിംഗ് റേഞ്ചിലും വച്ചായിരുന്നു പരിശീലനം. ചെറുതും വലുതുമായ തോക്കുകളായിരുന്നു ആയുധങ്ങൾ. നവീനവും, പുരാതനവുമായതുവരെ ഉൾപ്പെട്ടിരുന്നു ഇവരുടെ ആയുധശേഖരത്തിൽ. കൂടുതൽ ആയുധങ്ങൾക്കായി ബാറ്റിസ്റ്റ വിരുദ്ധ ഗ്രൂപ്പുകളിൽ ചിലരേയും കാസ്ട്രോ സമീപിക്കുകയുണ്ടായി. ഓർത്തോഡക്സ് പാർട്ടിയായിരുന്നു അതിലൊന്ന്, കാസ്ട്രോയുടേയും ഓർത്തോഡക്സ് പാർട്ടിയുടേയും ലക്ഷ്യം ഒന്നായിരുന്നുവെങ്കിലും, ഈ സംഘടന അഴിമതിയിൽ മുങ്ങി മുന്നോട്ടു പോവാനാവാത്ത വിധം തങ്ങി നിൽക്കുകയായിരുന്നു.[9]

ഈയൊരു മുന്നേറ്റത്തിനായി സംഭരിച്ച പണം ഉപയോഗിച്ച് ക്യൂബയിലെ ആയുധശാലകളിൽ നിന്നും ഇവർ ആയുധങ്ങൾ വാങ്ങി ശേഖരിച്ചിരുന്നു. നായാട്ടുകാർ അല്ലെങ്കിൽ കായികപ്രേമികൾ എന്ന വ്യാജേനയായിരുന്നു ഇത്രയധികം തോക്കുകൾ ഫിദലും സംഘവും വാങ്ങിയിരുന്നത്. ആക്രമണത്തിനു തലേന്നുള്ള രാത്രിയിൽ സിബോണിയിലുള്ള ഒരു രഹസ്യകേന്ദ്രത്തിൽ വിപ്ലവകാരികൾ ഒത്തു കൂടി തങ്ങളുടെ ലക്ഷ്യങ്ങൾ എന്തായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായി ചർച്ച ചെയ്തു തീരുമാനിക്കുകയുണ്ടായി. സിബോണിയിൽ എത്തുന്നതുവരേയും, മൊൻകാട ബാരക്സ് ആക്രമിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഫിദൽ സംഘാംഗങ്ങളെ അറിയിച്ചിരുന്നില്ല. പക്ഷേ ഏതൊരു നീക്കത്തിനുവേണ്ടിയും മാനസികമായി തയ്യാറെടുത്തിരുന്നവരായിരുന്നു അവിടെ കൂടിയിരുന്നതെന്ന് ഫിദൽ ഓർമ്മിക്കുന്നു.[10]

മൊൻകാട ബാരക്സ് കീഴടക്കി അവിടെയുള്ള ആയുധങ്ങൾ സ്വന്തമാക്കുക എന്നതായിരുന്നു പ്രധാനമായ ലക്ഷ്യമായി നിശ്ചയിച്ചിരുന്നത്. പട്ടാള ക്യാമ്പിലുള്ള റേഡിയോ സംവിധാനം ഉപയോഗിച്ച് വ്യാജസന്ദേശങ്ങൾ പരത്തി ബാറ്റിസ്റ്റയുടെ സൈന്യത്തെ ആശയക്കുഴപ്പത്തിലാക്കാനും ഇവർ പദ്ധതിയിട്ടിരുന്നു. അതോടൊപ്പം തന്നെ, ആയുധങ്ങൾ നേരത്തേ തയ്യാറാക്കിയിരുന്ന വിവിധ ഒളിത്താവളങ്ങളിലക്കു മാറ്റി, പിന്നീടുള്ള പോരാട്ടങ്ങൾക്കായി ഉപയോഗിക്കുന്ന എന്നതും തന്ത്രപ്രധാനമായ പദ്ധതിയായിരുന്നു. ഇതിനുശേഷം, സാന്റിയാഗോ റേഡിയോ സ്റ്റേഷൻ പിടിച്ചെടുത്ത് ദ മൂവ്മെന്റിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും, ബാറ്റിസ്റ്റയുടെ അഴിമതിയെക്കുറിച്ചും ജനങ്ങളെ അറിയിക്കുക എന്നതു കൂടി ലക്ഷ്യങ്ങളിലൊന്നായിരുന്നു.[11]

ആക്രമണം[തിരുത്തുക]

ജൂലൈ 26, 1953 ന് മൊൻകാട ബാരക്സ് ആക്രമിക്കാനായിരുന്നു ഫിദലും സംഘവും പദ്ധതി തയ്യാറാക്കിയിരുന്നത്. ഈ സേനയിൽ 135 ഓളം വിമതരാണുണ്ടായിരുന്നത്. ബയാമോയിലെ ബാരക്സ് പിടിച്ചെടുക്കാൻ 24 ഓളം വരുന്ന മറ്റൊരു സേനയേയും നിയോഗിച്ചിട്ടുണ്ടായിരുന്നു. സംഘാംഗങ്ങൾ എല്ലാവരുടെ തന്നെ പട്ടാള വേഷ ധരിച്ചിരിക്കണമെന്ന് ഫിദൽ കർശന നിർദ്ദേശം നൽകിയിരുന്നു, ബാരക്സിനടുത്തേക്കുള്ള യാത്രയിൽ ചോദ്യം ചെയ്യപ്പെട്ടാൽ പടിഞ്ഞാറൻ ക്യൂബയിൽ നിന്നും ഒരു പ്രത്യേക ദൗത്യവുമായി അയക്കപ്പെട്ട സൈന്യം എന്നാണ് പറയാൻ ഉദ്ദേശിച്ചിരുന്നത്. സംഘത്തിലെ ഇരുപതുപേരുടെ ഒരു സംഘം ബാരക്സിനു പിന്നിലുള്ള ആശുപത്രി പിടിച്ചടക്കാനായാണ് നിയോഗിക്കപ്പെട്ടത്. ആബേൽ സാന്താമരിയ ആയിരുന്നു ഈ ഗ്രൂപ്പിന്റെ തലവൻ. ബാരക്സിനോടു ചേർന്നുള്ള ചെറിയ കെട്ടിടം കീഴടക്കാൻ അഞ്ചുപേരുടെ ഒരു സംഘത്തെയും നിയോഗിച്ചിരുന്നു. ബാക്കിയുള്ള 90 പേരുടെ സേന, കാസ്ട്രോയുടെ നേതൃത്വത്തിൽ ബാരക്സ് കീഴടക്കാനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. ബാരക്സിനോടൊപ്പം അതിനുള്ളിലെ റേഡിയോ പ്രക്ഷേപിണിയും പിടിച്ചെടുക്കുക എന്നതും ഇവരുടെ ചുമതലയായിരുന്നു.[12]

ആക്രമണം പദ്ധതി തയ്യാറാക്കിയിരുന്നപോലെ എളുപ്പമല്ലായിരുന്നു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം, തീരുമാനിച്ചിരുന്നതുപോലെ കൃത്യമായ സമയത്ത് ബാരക്സിനടുത്ത് എത്തിച്ചേർന്നില്ല. കൂടാതെ, ആയുധങ്ങൾ കൊണ്ടു വന്ന വാഹനം വഴിയിൽ നഷ്ടപ്പെട്ടു. ഇക്കാരണം കൊണ്ട്, പല ഗറില്ലകളും പോരാട്ടത്തിൽ പങ്കെടുക്കാതെ പിന്മാറുകയുണ്ടായി. ബാരക്സിനടുത്തെത്തുന്നതിനു മുൻപ് തന്നെ കാസ്ട്രോയുടെ കൂടെയുണ്ടായിരുന്ന സൈനികർ തങ്ങൾ ബാരക്സിലെത്തി എന്നു തെറ്റിദ്ധരിക്കുകയും കാറിൽ നിന്നും പുറത്തിറങ്ങുകയും ചെയ്തു. ഇതോടെ, ബാരക്സിലുണ്ടായിരുന്ന അപകട സൈറൺ മുഴങ്ങുകയും ബാറ്റിസ്റ്റയുടെ സൈന്യം വിവരമറിഞ്ഞ് പ്രതിരോധത്തിനു തയ്യാറാവുകയും ചെയ്തു. മൊൻകാട ബാരക്സ് പദ്ധതിയിലെ സുപ്രധാനമായ തെറ്റായിരുന്നു ഇതെന്ന് കാസ്ട്രോ തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നു.

പതിനഞ്ച് പട്ടാളക്കാരും മൂന്നു പോലീസുകാരും ഈ ആക്രമണത്തിൽ വിമതരാൽ വധിക്കപ്പെട്ടു. 23 പോലീസുകാർക്കും, അഞ്ച് പട്ടാളക്കാരും പരുക്കേറ്റവരിൽ ഉൾപ്പെടുന്നു. ഒമ്പത് വിമതർക്ക് ജീവൻ നഷ്ടപ്പെട്ടു, നിരവധിപേർക്ക് പരുക്കേൽക്കുകയും ചെയ്തു.[13] യഥാർത്ഥത്തിൽ ആക്രമണത്തിൽ കൊല്ലപ്പെട്ട വിമതരുടെ എണ്ണം അഞ്ചു മാത്രമായിരുന്നുവെന്നും, എന്നാൽ പിന്നീട് ബാറ്റിസ്റ്റയുടെ ഭരണകൂടം അമ്പത്താറോളം പേരെ വിചാരണകൂടാതെ തന്നെ വധിച്ചുവെന്നും കാസ്ട്രോ തന്റെ ആത്മകഥയിലൂടെ ഓർമ്മിക്കുന്നു.[14] സിവിൽ ആശുപത്രിയിൽ നിന്നും പിടിക്കപ്പെട്ട പതിനെട്ടു വിമതരെ, രണ്ടു മണിക്കൂറിനുള്ളിൽ തന്നെ ബാറ്റിസ്റ്റ ഭരണകൂടം വധിച്ചു. വിമതർ ആക്രമണത്തിൽ വധിക്കപ്പെട്ടതാണെന്നു വരുത്തിത്തീർക്കാൻ ബാരക്സിനുള്ളിലെ ഒരു ചെറിയ മുറിയിൽ വെച്ചാണ് ഇവരുടെ വധ ശിക്ഷ നടപ്പിലാക്കിയത്.[15] ഫിദലും, റൗളുമുൾപ്പടെയുള്ളവർ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട് ദൂരെയൊരു ഗ്രാമത്തിൽ ഒളിവിൽ പോയെങ്കിലും വൈകാതെ തന്നെ സൈന്യത്തിന്റെ പിടിയിലകപ്പെട്ടു.

വിചാരണ[തിരുത്തുക]

മൊൻകാട ബാരക്സ് ആക്രമണക്കേസിലെ പ്രതികൾക്കുവേണ്ടി കോടതിയിൽ അഭിഭാഷകനായി ഹാജരായത് പ്രതികളിലൊരാളായ ഫിദൽ കാസ്ട്രോ തന്നെയായിരുന്നു. 21 സെപ്തംബർ 1953 നാണ് കാസ്ട്രോ ആദ്യമായി പ്രതിഭാഗത്തിനു വേണ്ടി സാന്റിയാഗോ കോടതിയിൽ ഹാജരാവുന്നത്. താനുൾപ്പടെ നൂറോളം വരുന്ന പ്രതികൾക്കു വേണ്ടിയാണ് കാസ്ട്രോ വാദിച്ചത്. ഉത്തരവാദിത്തപ്പെട്ടതെന്നു ജനങ്ങൾ കരുതുന്ന ഒരു ഭരണകൂടം, നിരുത്തരവാദപരവും, ജനദ്രോഹവും ആയ കാര്യങ്ങൾ ചെയ്യുമ്പോൾ അതിനെ ചോദ്യം ചെയ്യുന്ന പൗരന്റെ അവകാശങ്ങളെ ശക്തി ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന്റെ നിയമവിരുദ്ധതെയാണ് വിചാരണയിലുടനീളം ഫിദൽ ചൂണ്ടിക്കാണിച്ചത്. ക്യൂബയുടെ സ്വാതന്ത്ര്യസമരത്തിന്റെ മുൻനിര നായകനായിരുന്ന ജോസ് മാർട്ടീനിയായിരുന്നു തങ്ങളുടെ പ്രേരകശക്തിയെന്നായിരുന്നു കോടതിയുടെ ഒരു ചോദ്യത്തിനുത്തരമായി ഫിദൽ പറ‍ഞ്ഞത്.

കാസ്ട്രോയുടെ വാദമുഖങ്ങൾ വളരെ വിജയകരമായിരുന്നു. പ്രതികളിൽ 26 പേർക്കു മാത്രമേ ശിക്ഷ ലഭിച്ചുള്ളു, കൂടാതെ ശിക്ഷ വിധിയിൽ കോടതി വളരെ സൗമ്യത കാട്ടിയിരുന്നു.

അനന്തര ഫലങ്ങൾ[തിരുത്തുക]

കാസ്ട്രോയ്ക്കും കൂട്ടാളികൾക്കും വിവിധ കാലയളവിലേക്കുള്ള ശിക്ഷകളാണ് കോടതി വിധിച്ചത്. വിചാരണകോടതിയിൽ കാസ്ട്രോ നടത്തിയ നാലു മണിക്കൂർ നീണ്ട പ്രസംഗം പിൽക്കാലത്ത് ശിക്ഷ കാലയളവിൽ ജയിലിൽ കഴിയുന്ന സമയത്ത് ഫിദൽ ഒരു ലഘുലേഖപോലെ തയ്യാറാക്കുകയുണ്ടായി. ചരിത്രം എനിക്കു മാപ്പു നൽകും എന്നു പേരിട്ട ഈ ലഘുലേഖയുടെ പതിനായിരക്കണക്കിനു പതിപ്പുകൾ വിറ്റഴിയുകയുണ്ടായി.[16]

ആക്രമണത്തിനുശേഷം, കേടുപാടുകൾ പറ്റിയ ബാരക്സ് പട്ടാളം അറ്റകുറ്റപണികൾ നടത്തി ശരിയാക്കിയെടുത്തു. ക്യൂബൻ വിപ്ലവത്തിനുശേഷം, ഈ കോട്ട 1960 ജനുവരിയിൽ ഒരു വിദ്യാലയമായി മാറ്റുകയുണ്ടായി. 1978 ൽ പ്രധാന കെട്ടിടത്തിന്റെ ഒരു ഭാഗം ഒരു സ്കാരകമായി മാറ്റിയെടുത്തു.

ശിക്ഷാ കാലാവധി തീരുന്നതിനു മുമ്പു തന്നെ, ഫിദൽ ജയിൽ മോചിതനക്കാപ്പെട്ടു. ഫിദലിനെ വിട്ടയക്കാൻ ക്രൈസ്തവമേലധികാരികളിൽ നിന്നും, ഫിദലിന്റെ അദ്ധ്യാപകരിൽ നിന്നും ഒക്കെ ബാറ്റിസ്റ്റക്കു മേൽ സമ്മർദ്ദമുണ്ടായിരുന്നു. ജയിൽ മോചിതനായ ഫിദൽ സഹോദരൻ റൗളുമൊത്ത് മെക്സിക്കോയിലേക്കു പലായനം ചെയ്തു.

അവലംബം[തിരുത്തുക]

 1. "മൊൻകാട ബാരക്സ്". ഗ്രോസ്മോണ്ട്. ശേഖരിച്ചത് 09-ഒക്ടോബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 2. "ക്യൂബ മാർക്സ് 60ത് ആനിവേഴ്സറി ഓഫ് മൊൻകാട ബാരക്സ് അറ്റാക്ക്". ദ ഹിന്ദു. 26-ജൂലൈ-2013. ശേഖരിച്ചത് 07-ഒക്ടോബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 3. "ദ ഹിസ്റ്ററി ദെ ഡിഡ് നോട്ട് ടീച്ച് യു ഇൻ സ്കൂൾ". ഹൂസ്റ്റൺ സർവ്വകലാശാല (ചരിത്രം വിഭാഗം). ശേഖരിച്ചത് 09-ഒക്ടോബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 4. ജൂലിയ, സ്വീഗ് (2004). ഇൻസൈഡ് ദ ക്യൂബൻ റെവല്യൂഷൻ. ഹാർവാർഡ് സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 9780674016125. 
 5. "ഫുൾജെൻസിയോ ബാറ്റിസ്റ്റ". ഹിസ്റ്ററിഓഫ് ക്യൂബ. ശേഖരിച്ചത് 02-ഒക്ടോബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 6. "ജോൺ.എഫ്.കെന്നഡി, സ്പീച്ച് ഓഫ് സെനറ്റർ". അമേരിക്കൻ പ്രസിഡൻസി പ്രൊജക്ട്. 06-ഒക്ടോബർ-1960.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 7. അന്റോണിയോ റാഫേൽ, കാവ (2007). ദ മൊൻകാട അറ്റാക്ക്, ബർത്ത് ഓഫ് ക്യൂബൻ റെവല്യൂഷൻ. സൗത്ത് കരോളിന സർവ്വകലാശാല. p. 37-38. ഐ.എസ്.ബി.എൻ. 978-1570036729. 
 8. ഇഗ്നേഷിയോ, റെമോണറ്റ്; ഫിദൽ കാസ്ട്രോ. ഫിദൽ കാസ്ട്രോ-മൈ ലൈഫ്. പെൻഗ്വിൻ ബുക്സ്. p. 106-107.  Unknown parameter |coauthor= ignored (സഹായം)
 9. ഇഗ്നേഷിയോ, റെമോണറ്റ്; ഫിദൽ കാസ്ട്രോ. ഫിദൽ കാസ്ട്രോ-മൈ ലൈഫ്. പെൻഗ്വിൻ ബുക്സ്. p. 108.  Unknown parameter |coauthor= ignored (സഹായം)
 10. ഇഗ്നേഷിയോ, റെമോണറ്റ്; ഫിദൽ കാസ്ട്രോ. ഫിദൽ കാസ്ട്രോ-മൈ ലൈഫ്. പെൻഗ്വിൻ ബുക്സ്. p. 123.  Unknown parameter |coauthor= ignored (സഹായം)
 11. ഇഗ്നേഷിയോ, റെമോണറ്റ്; ഫിദൽ കാസ്ട്രോ. ഫിദൽ കാസ്ട്രോ-മൈ ലൈഫ്. പെൻഗ്വിൻ ബുക്സ്. p. 168.  Unknown parameter |coauthor= ignored (സഹായം)
 12. അന്റോണിയോ റാഫേൽ, കാവ (2007). ദ മൊൻകാട അറ്റാക്ക്, ബർത്ത് ഓഫ് ക്യൂബൻ റെവല്യൂഷൻ. സൗത്ത് കരോളിന സർവ്വകലാശാല. p. 76. ഐ.എസ്.ബി.എൻ. 978-1570036729. 
 13. അന്റോണിയോ റാഫേൽ, കാവ (2007). ദ മൊൻകാട അറ്റാക്ക്, ബർത്ത് ഓഫ് ക്യൂബൻ റെവല്യൂഷൻ. സൗത്ത് കരോളിന സർവ്വകലാശാല. p. 119. ഐ.എസ്.ബി.എൻ. 978-1570036729. 
 14. ഇഗ്നേഷിയോ, റെമോണറ്റ്; ഫിദൽ കാസ്ട്രോ. ഫിദൽ കാസ്ട്രോ-മൈ ലൈഫ്. പെൻഗ്വിൻ ബുക്സ്. p. 133.  Unknown parameter |coauthor= ignored (സഹായം)
 15. അന്റോണിയോ റാഫേൽ, കാവ (2007). ദ മൊൻകാട അറ്റാക്ക്, ബർത്ത് ഓഫ് ക്യൂബൻ റെവല്യൂഷൻ. സൗത്ത് കരോളിന സർവ്വകലാശാല. p. 153-156. ഐ.എസ്.ബി.എൻ. 978-1570036729. 
 16. "ഹിസ്റ്ററി വിൽ അബ്സോൾവ് മി - ഫിദൽ കാസ്ട്രോ, സിക്സ്റ്റി ഇയേഴ്സ് ലേറ്റർ". ഗ്ലോബൽ റിസർച്ച്. ശേഖരിച്ചത് 15-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=മൊൻകാട_ബാരക്സ്_ആക്രമണം&oldid=2285299" എന്ന താളിൽനിന്നു ശേഖരിച്ചത്