Jump to content

കുഞ്ഞിപ്പൈതങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊല, ജോട്ടോയുടെ ചിത്രം

റോമൻ മേൽക്കോയ്മയ്ക്കു കീഴിൽ യെരുശലേമിൽ യഹൂദന്മാരുടെ രാജാവായിരുന്ന ഹേറോദേസ്, യേശുവിന്റെ ജനനത്തെ തുടർന്നുള്ള ദിവസങ്ങളിൽ യൂദയായിലെ ബെത്‌ലഹേമിലും പരിസരങ്ങളിലും കൊന്നൊടുക്കിയതായി പറയപ്പെടുന്ന നവജാത ശിശുക്കളാണ് ക്രിസ്തീയ വിശ്വാസപാരമ്പര്യത്തിലെ കുഞ്ഞിപ്പൈതങ്ങൾ അഥവാ ശിശുസഹദേന്മാർ (Holy Innocents). മത്തായിയുടെ സുവിശേഷത്തിലെ ആഖ്യാനമനുസരിച്ച്, ബെത്‌ലഹേമിൽ യൂദന്മാർക്ക് ഒരു രാജാവു പിറന്നിരിക്കുന്നു എന്ന അറിവിന്റെ അങ്കലാപ്പിലാണ് ഹേറോദേസ് ആ ഗ്രാമത്തിലും പരിസരപ്രദേശങ്ങളിലും രണ്ടും അതിൽ താഴെയും പ്രായമുള്ള ആൺകുട്ടികളെയെല്ലാം കൊലചെയ്യാൻ ഉത്തരവിട്ടത്. മത്തായിയുടെ സുവിശേഷത്തിൽ മാത്രം രേഖപ്പെടുത്തിയിട്ടുള്ള ഈ കഥയുടെ വാസ്തവികത നിർണ്ണയിക്കപ്പെട്ടിട്ടില്ല.[1][2]

സുവിശേഷഭാഷ്യം

[തിരുത്തുക]

കിഴക്കുനിന്നെത്തിയ ജ്ഞാനികളിൽ നിന്ന് "യൂദന്മാർക്കു രാജാവായ" യേശുവിന്റെ ജനനവൃത്താന്തം ഗ്രഹിച്ച ഹേറോദേസ്, തന്റെ സിംഹാസനത്തിനു ഭീഷണിയായി കരുതിയ ഉണ്ണിയേശുവിനെ വകവരുത്താൻ വേണ്ടിയാണത്രെ കുഞ്ഞിപ്പൈതങ്ങളുടെ കൂട്ടക്കൊലയ്ക്ക് ഉത്തരവിട്ടത്. ദൈവികമായ മുന്നറിയിക്കപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കന്മാർ യേശുവിനേയും കൂട്ടി ഈജിപിതിലേക്കു പലായനം ചെയ്തതു കൊണ്ടാണ് ഹെറോദേസിന്റെ പദ്ധതി ഫലിക്കാതെ പോയതെന്നും സുവിശേഷകൻ പറയുന്നു. യേശുവിന്റെ ജീവിതത്തിലെ സംഭവങ്ങളെ യഹൂദപ്രവചന പാരമ്പര്യത്തിലെ അരുളപ്പാടുകളുടെ പൂർത്തീകരണമായി കാണുന്ന മത്തായി ഈ സംഭവത്തേയും ആവിധം അവതരിപ്പിക്കുന്നു. "റാമായിൽ ഒരു സ്വരം കേട്ടു, വലിയ വിലാപവും മുറവിളിയും; റാഹേൽ മക്കളെക്കുറിച്ചു കരയുന്നു. അവളെ ആശ്വസിപ്പിക്കുക അസാദ്ധ്യം; എന്തെന്നാൽ അവൾക്കു മക്കൾ നഷ്ടപ്പെട്ടിരുന്നു"[൧] എന്ന ജെറമിയാ പ്രവാചകന്റെ വാക്കുകളുടെ നിവൃത്തിയായി ഈ സംഭവത്തെ അദ്ദേഹം കാണുന്നു.[2]

വാസ്തവികത

[തിരുത്തുക]
പത്തൊൻപതാം നൂറ്റാണ്ടിൽ ഫ്രാൻസ്വാ ജോസെഫ് നാവെസ് വരച്ച ചിത്രം

മത്തായിയുടെ സുവിശേഷം ഒഴിച്ചുള്ള സമകാലീനസാക്ഷ്യങ്ങളുടെ അഭാവത്തിൽ കുഞ്ഞിപ്പൈതങ്ങളുടെ കഥയുടെ വാസ്തവികത നിശ്ചയിക്കുക നിവൃത്തിയില്ല. ഹേറോദേസ് രാജാവിന്റെ ക്രൂരകൃത്യങ്ങൾ പലതും വിവരിക്കുന്ന ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ഫ്ലാവിയസ് ജോസഫ് ഇക്കഥ പരാമർശിക്കുന്നില്ല. അതേസമയം, ദൈവശാസ്ത്രപരമായ ലക്ഷ്യങ്ങളോടെ സുവിശേഷകൻ അവതരിപ്പിച്ച ഒരു സാഹിത്യകല്പനയായി ഇതിനെ അവഗണിക്കുന്നതു ശരിയല്ലെന്നും[3] ഹേറോദേസിന്റെ അറിയപ്പെടുന്ന ചെയ്തികളുടെ പശ്ചാത്തലത്തിൽ പരിഗണിക്കുമ്പോൾ ഇതിൽ അസംഭവ്യത തീരെയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]

മദ്ധ്യയുഗങ്ങളിലേയും മറ്റും ലേഖകർ പുതിയനിമത്തിലെ വെളിപാടു പുസ്തകത്തിലെ ഒരു വാക്യം [൨] പിന്തുടർന്ന്, കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ സംഖ്യ 144,000 ആയിരിക്കാമെന്നു പോലും കണക്കാക്കി. എന്നാൽ ചെറിയ ഗ്രാമമായിരുന്ന ബെത്‌ലെഹേമിലെ തുച്ഛമായ ജനസംഖ്യ പരിഗണിക്കുമ്പോൾ ഇത്രയധികം നവജാതശിശുക്കൾ അവിടെ ഉണ്ടായിരുന്നിരിക്കാൻ ഇടയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. എതാണ്ട് പത്തോ ഇരുപതോ കുട്ടികൾ മാത്രം കൊല്ലപ്പെട്ടതു കൊണ്ടാവാം ഈ സംഭവം മത്തായിയുടെ സുവിശേഷം ഒഴിച്ചുള്ള സമകാലീനലിഖിതങ്ങളിൽ ഇടം കാണാതെ പോയതെന്നും വാദമുണ്ട്.[5]

അനുസ്മരണം

[തിരുത്തുക]

ക്രിസ്തീയവിശ്വാസത്തിനു വേണ്ടിയുള്ള ആദ്യത്തെ രക്തസാക്ഷികളായി കണക്കാക്കപ്പെടുന്ന കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ യേശുവിന്റെ ജനനദിനമായ ക്രിസ്മസിനോടടുത്ത വിവിധ ദിവസങ്ങളിൽ വ്യത്യസ്ത സഭാപാരമ്പര്യങ്ങളിൽ ആചരിക്കപ്പെടുന്നു.

പാശ്ചാത്യ ക്രൈസ്തവ സഭകൾ ഡിസംബർ 28 നും പൗരസ്ത ക്രൈസ്തവ സഭകൾ ഡിസംബർ 29 നും കുഞ്ഞിപ്പൈതങ്ങളുടെ തിരുനാൾ ആചരിക്കുന്നു.[6]

കുറിപ്പുകൾ

[തിരുത്തുക]

^ റാഹേൽ യഹൂദരുടെ പൂർവപിതാമഹിമാരിൽ ഒരാളായി കരുതപ്പെടുന്നു. റാഹേലിന്റെ സംസ്കാരസ്ഥാനമായ ബെത്‌ലഹേമിനടുത്തുള്ള ഒരിടമാണ് റാമാ.

^ "ഭൂമിയിൽ നിന്നു വിലക്കു വാങ്ങപ്പെട്ട നൂറ്റിനാല്പത്തിനാലായിരം പേരൊഴികെ ആർക്കും ആ ഗാനം പഠിക്കാൻ കഴിഞ്ഞില്ല." വെളിപാടു പുസ്തകം: 14:3

അവലംബം

[തിരുത്തുക]
  1. 'The Gospel of Matthew', Daniel J. Harrington. p 47: Liturgical Press, 1991
  2. 2.0 2.1 മത്തായി എഴുതിയ സുവിശേഷം 2:16-18
  3. റെയ്മണ്ട് ബ്രൗണിന്റെ "Birth of the Messiah എന്ന കൃതിയുടെ നിരൂപണത്തിൽ Michael Giesler, Catholicculture.org
  4. A commentary on the Holy Bible by various writers, Edited by J.R. Dummelow (പുറം 628)
  5. Holy Innocents, കത്തോലിക്കാ വിജ്ഞാനകോശത്തിലെ ലേഖനം
  6. "Feast of the Holy Innocents".
"https://ml.wikipedia.org/w/index.php?title=കുഞ്ഞിപ്പൈതങ്ങൾ&oldid=3251591" എന്ന താളിൽനിന്ന് ശേഖരിച്ചത്