Jump to content

ജോസെഫസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോസെഫസിന്റേതായി കരുതപ്പെടുന്ന ഒരു റോമൻ അർദ്ധകായ പ്രതിമ

റോമൻ ആധിപത്യത്തിനെതിരെയുള്ള യഹൂദജനതയുടെ ക്രി.വ. 66-70-ലെ കലാപത്തിൽ പങ്കെടുത്ത്, അതിന്റെ പരിണാമമായ യെരുശലേമിന്റെ നശീകരണത്തെ അതിജീവിക്കുകയും രേഖപ്പെടുത്തിവയ്ക്കുകയും ചെയ്ത യഹൂദചരിത്രകാരനും വിശ്വാസസംരക്ഷകനും(apologist) ആയിരുന്നു ജോസെഫസ് (ജനനം: ക്രി.വ. 37-നടുത്ത്; മരണം ക്രി.വ 100)[1]. യോസെഫ് ബെൻ മത്തിത്യാഹൂ (മത്തിയാസിന്റെ മകൻ ജോസഫ്), റോമൻ പൗരത്വം ലഭിച്ചതിനുശേഷം സ്വീകരിച്ച റ്റൈറ്റസ് ഫ്ലാവിയസ് ജോസെഫസ്,[2] എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.


യഹൂദരും ഇതരസംസ്കൃതികളുമായുള്ള സംഘർഷത്തിന്റെ കാലഘട്ടങ്ങളിൽ, റോമാസാമ്രാജ്യത്തിൽ യഹൂദജനതയുടേയും സംസ്കാരത്തിന്റേയും മഹത്ത്വം ഉയർത്തിക്കാട്ടുന്നതിലും പക്ഷം വാദിക്കുന്നതിലും‍ ‍ ജോസെഫസിന്റെ രചനകൾ വലിയ പങ്കുവഹിച്ചു. സംസ്കൃതരായ യഹൂദേതരർക്കിടയിൽ യഹൂദമതത്തിന്റെ മഹത്ത്വം ഘോഷിക്കാനും ഉദാത്തമായ ഗ്രെക്കോ-റോമൻ ചിന്തയുമായി ചേർന്നുപോകുന്നതാണ് ആ മതമെന്ന് സ്ഥാപിക്കാനും ജോസെഫസ് പരമാവധി പരിശ്രമിച്ചു. യഹൂദസംസ്കാരത്തിന്റെ പൗരാണികതയിലേയ്ക്ക് നിരന്തരം ശ്രദ്ധക്ഷണിച്ച അദ്ദേഹം, യഹൂദർ പരിഷ്കൃതരും ഭക്തരും തത്ത്വാന്വേഷകരും ആയ ജനതയാണെന്ന് വാദിച്ചു. റോമൻ ആധിപത്യത്തിനെതിരെ യഹൂദർ നടത്തിയ കലാപത്തിലും പിന്നീടുമുള്ള ജോസെഫസിന്റെ നടപടികളും നിലപാടുകളും അവസരവാദപരമാണെന്ന് തോന്നിയേക്കാമെങ്കിലും, സ്വന്തം ദൃഷ്ടിയിൽ അദ്ദേഹം എന്നും വിശ്വസ്തനും ധർമ്മനിഷ്ഠനുമായ യഹൂദനായിരുന്നു. റോമിൽ ജോസെഫസിന്റെ ഒരു പ്രതിമ സ്ഥാപിച്ചിരുന്നതായി ആദ്യകാല ക്രിസ്തുമതത്തിന്റെ ചരിത്രകാരൻ, കേസറിയായിലെ യൂസീബിയസ് രേഖപ്പെടുത്തിയിട്ടുണ്ട്.[3]


ജോസെഫസിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു രചനകൾ യഹൂദയുദ്ധം, യഹൂദപൗരാണികത എന്നിവയാണ്.[4] യഹൂദയുദ്ധം ക്രി.വ. 66–70-ൽ റോമൻ ആധിപത്യത്തിനെതിരെ യഹൂദജനത നടത്തിയ കലാപത്തിന്റെ കഥയാണ്. യഹൂദപൗരാണികത, യഹൂദവീക്ഷണത്തിൽ നിന്നുള്ള ലോകചരിത്രമാണ്. ഈ രണ്ടു രചനകളും ഒന്നാം നൂറ്റാണ്ടിലെ യഹൂദമതത്തെക്കുറിച്ചും ആദ്യകാലക്രിസ്തുമതത്തിന്റെ പശ്ചാത്തലത്തെക്കുറിച്ചും വിലപ്പെട്ട വിവരങ്ങൾ നൽകുന്നു.[4]

ജീവിതം

[തിരുത്തുക]

യുദ്ധത്തിനു മുൻപ്

[തിരുത്തുക]

യെരുശലേമിൽ പുരോഹിതപാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജോസെഫസ് ജനിച്ചത്. പിതാവിന്റെ അഞ്ചു തലമുറ നീളുന്ന വംശാവലി ജോസെഫസ് തന്നെ അവതരിപ്പിക്കുന്നുണ്ട്. അമ്മയുടെ കുടുംബം മക്കബായ വംശത്തിലെ യഹൂദരാജാക്കന്മാരുമായി ബന്ധപ്പെട്ടതായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ചെറുപ്പത്തിൽ നല്ല വിദ്യാഭ്യാസവും പ്രഗല്ഭ പണ്ഡിതന്മാരുമായുള്ള അടുപ്പവും ലഭിച്ച അദ്ദേഹം, യഹൂദമതത്തിലെ എസ്സേനുകൾ, ഫരിസേയർ, സദ്ദുക്കേയർ തുടങ്ങിയ മുഖ്യ രാഷ്ട്രീയ-ധാർമ്മിക സരണികളെക്കുറിച്ച് മനസ്സിലാക്കിയിരുന്നു.[5] കൗമാരപ്രായത്തിൽ ജോസെഫസ് മൗലികവാദികളായ എസ്സേന്മാരുക്കൊപ്പം കുറേക്കാലം മരുഭൂമിയിൽ ചിലവഴിച്ചതായും പറയപ്പെടുന്നു.[6] പത്തൊൻപതാമത്തെ വയസ്സിൽ, ഫരിസേയവിഭാഗത്തിന്റെ വളർന്നുവരുന്ന പ്രാധാന്യം മനസ്സിലാക്കിയ ജോസെഫസ് ഫരിസേയനായി. ക്രി.വ. 64-ൽ, നീറോ ചക്രവർത്തിയുടെ തടവിൽ കഴിഞ്ഞിരുന്ന തന്റെ സുഹൃത്തുക്കളായ ചില പുരോഹിതന്മാരെ മോചിപ്പിച്ചെടുക്കാനായി റോമിലേയ്ക്കു യാത്ര ചെയ്തു. ഒരു കപ്പലപകടവും മറ്റുമായി അനുഭവവൈവിദ്ധ്യവും സാഹസികതയും നിറഞ്ഞ യാത്രയായിരുന്നു അത്. റോമിൽ, ചക്രവർത്തിയുടെ ഭാര്യ പോപ്പിയ സബീനയുമായി പരിചയപ്പെട്ട ജോസെഫസ് അവരുടെ സ്വാധീനം ഉപയോഗിച്ച് പുരോഹിതന്മാരുടെ മോചനം സാധിച്ചു.[7] ഈ സന്ദർശനത്തിൽ അദ്ദേഹം റോമൻ സംസ്കാരത്തിന്റെ സമ്പന്നതയിലും പ്രൗഢിയിലും ആകൃഷ്ടനായി.

യുദ്ധം

[തിരുത്തുക]

റോമിലെ ദൗത്യത്തിനൊടുവിൽ ജോസെഫസ് യെരുശലേമിൽ മടങ്ങിയെത്തിയത് റോമൻ ആധിപത്യത്തിനെതിരെയുള്ള യഹൂദജനതയുടെ കലാപത്തിന്റെ തുടക്കത്തിലായിരുന്നു. പുരോഹിത-ഉപരിവർഗ്ഗ വിഭാഗങ്ങളിൽ പെട്ട മറ്റുള്ളവരെപ്പോലെ ജോസെഫസും ആദ്യം ആ കലാപത്തിൽ നിന്നു അകന്നുനിന്നു. എന്നാൽ ക്രമേണ ഭാഗ്യം യഹൂദരുടെ രാഷ്ട്രീയാഭിലാഷങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് തോന്നിയപ്പോൾ അദ്ദേഹവും ഉപരിവർഗ്ഗത്തിലെ ഇതരരും നിലപാട് മാറ്റി. യെരുശലേമിലെ സൻഹെദ്രിൻ അദ്ദേഹത്തെ ഉത്തരഭാഗത്ത് ഗലീലയിലെ യഹൂദപ്പോരാളികളുടെ തലവനായി അവിടേയ്ക്കയച്ചു. ഗലീലയിലെ യഹൂദകൃഷീവലന്മാരും മറ്റും ചേർന്ന് സംഘടിപ്പിച്ചിരുന്ന സ്വകാര്യസേനയുടെ നേതാവായ യോഹന്നാൻ ഗിസ്ച്ചലയുമായുള്ള ജോസെഫസിന്റെ അകൽച്ച യഹൂദർക്ക് ബലക്ഷയമായി. അന്ത്യോഖ്യയിൽ നിന്ന് മുന്നേറിവന്ന റോമൻ സൈന്യാധിപൻ വെസ്പേഷ്യന്റെ സേനയോട് എതിർത്തു നിൽക്കാൻ അവർക്ക് കരുത്തുണ്ടായില്ല. ഗലീലയിലെ തന്ത്രപ്രാധാനമായ സെപ്പോറിസ് നഗരം എളുപ്പത്തിൽ സൈന്യത്തിന് കീഴടങ്ങി. ക്രി.വ. 67-ലെ വസന്തകാലത്ത് ജോത്തപാത്തയിലെ കോട്ടയിൽ അഭയം തേടിയ ജോസെഫസിനേയും കൂട്ടാളികളേയും സൈന്യം വളഞ്ഞു. കീഴടങ്ങുകയലാതെ അവർക്ക് വഴിയില്ലെന്നായി. എന്നാൽ അദ്ദേഹത്തിന്റെ കുടെയുണ്ടായിരുന്ന പോരാളികളിൽ പലർക്കും അതിന് സമ്മതമല്ലായിരുന്നു. ഈ സാഹചര്യത്തിൽ നിന്നുള്ള തന്റെ രക്ഷപെടലിനെക്കുറിച്ച് ജോസെഫസ് പറയുന്നത് സങ്കീർണ്ണവും വിചിത്രവുമായ ഒരു കഥയാണ്. നാല്പതോളം വരുന്ന പോരാളികൾ പരസ്പരം കൊന്ന് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചെന്നും നാല്പതുപേരിൽ ബാക്കിയായ അദ്ദേഹവും മറ്റൊരാളും സൈന്യത്തിനു കീഴടങ്ങിയെന്നുമാണ് ആ കഥയുടെ ചുരുക്കം.[7]

റോമൻ പക്ഷത്ത്

[തിരുത്തുക]
ജോസെഫസിന്റെ രചനകൾക്ക് വില്യം വിസ്റ്റൻ 1737-ൽ നിർവഹിച്ച പരിഭാഷയോടൊപ്പം പ്രസിദ്ധീകരിച്ച ജോസെഫസിന്റെ കാല്പനികചിത്രം

റോമൻ സൈന്യാധിപൻ വെസ്പേഷ്യനു മുൻപിൽ കൊണ്ടുവരപ്പെട്ട ജോസെഫസ്, വെസ്പേഷ്യനും മകൻ തീത്തൂസും ചക്രവർത്തിമാരാകുമെന്ന് പ്രവചിച്ച്, സൈന്യാധിപന്റെ പ്രീതി സമ്പാദിച്ചു. ക്രി.വ. 69-ൽ, വെസ്പേഷ്യൻ ചക്രവർത്തിയായതിനെ തുടർന്ന്, അദ്ദേഹത്തിന്റേയും, പിന്നീട് മകൻ തീത്തുസിന്റേയും പരിജനങ്ങളിൽ ഒരാളായിത്തീർന്നു ജോസെഫസ്. ചക്രവർത്തിയായ വെസ്പേഷ്യനെ അനുഗമിച്ച് അദ്ദേഹം ഈജിപ്ത് വരെ പോയി. തിരികെ യൂദയായിലെത്തിയ ജോസെഫസ്, യഹൂദരുടെമേൽ ആധിപത്യം പുനസ്ഥാപിക്കാനുള്ള റോമിന്റെ ശ്രമങ്ങളിൽ പങ്കാളിയായി. യഹൂദർക്കെതിരായുള്ള യുദ്ധത്തിന്റെ ചുമതല വെസ്പേഷ്യനിൽ നിന്ന് ഏറ്റെടുത്ത മകൻ തീത്തുസ് വിശുദ്ധനഗരമായ യെരുശലേമും അവിടത്തെ ദേവാലയവും നശിപ്പിച്ചതിന് ജോസെഫസ് സാക്ഷിയായി. റോമൻ മുന്നണിയിൽ നിന്ന്, യഹൂദപ്പോരാളികളോട് അദ്ദേഹം കീഴടങ്ങാൻ ഉപദേശിച്ചെങ്കിലും റോമിന്റെ വശം ചേർന്ന വഞ്ചകനായി അദ്ദേഹത്തെ കണ്ട പോരാളികൾ ആ ഉപദേശം ചെവിക്കൊണ്ടില്ല.[8] കലാപത്തിനെതിരെ നേടിയ വിജയത്തെ തുടർന്ന് റോമിലേയ്ക്കു തിരിച്ച തീത്തൂസിനെ ജോസെഫസ് അനുഗമിച്ചു. റോമില്‍, യഹൂദരുടെ ദേശീയപ്രതീകമായ ദേവാലയത്തിലെ മെനോര ഉൾപ്പെടെയുള്ള കോള്ളവസ്തുക്കൾ പ്രദർശിപ്പിച്ച് തീത്തൂസ് നടത്തിയ വിജയഘോഷയാത്ര ജോസെഫസിന്റെ ദേശീയബോധത്തെ വൃണപ്പെടുത്തിയില്ല. റോമൻ പൗരത്വം സ്വീകരിച്ച അദ്ദേഹം, വെസ്പേഷ്യന്റെ പേരിന്റെ ഭാഗമായ ഫ്ലാവിയസ് എന്ന റോമൻ പേരു സ്വീകരിക്കുകപോലും ചെയ്തു. റോമൻ അധികാരികൾ അദ്ദേഹത്തിന് അടിത്തൂണും യൂദയായിൽ ഭൂമിയും അനുവദിച്ചുകൊടുത്തു. വെസ്പേഷ്യനെ തുടർന്ന് ചക്രവർത്തിയായ തീത്തുസ്, തീത്തുസിന്റെ സഹോദരനും പിൻഗാമിയുമായ ഡൊമിഷൻ എന്നിവരുടെ ഭരണങ്ങളിലും ജോസെഫസ് രാജപ്രീതി നിലർത്തി. മരണം വരെ അല്ലലില്ലാതെ തന്റെ രചനാസപര്യയിലേർപ്പെടാനുള്ള സൗകര്യവും രാജകീയരേഖകൾ ഉപയോഗിക്കാനുള്ള അനുമതിയും അദ്ദേഹത്തിന് കിട്ടി. ട്രാജൻ ചക്രവർത്തിയുടെ കാലത്താണ് ജോസെഫവ്സ് മരിച്ചതെന്ന് കരുതപ്പെടുന്നു.[5]

ജോസെഫസിന്റെ രചനകൾ പേഗൻ, യഹൂദ സംസ്കൃതികളെ ബന്ധിപ്പിച്ചു നിൽക്കുന്നു. യഹൂദ, റോമൻ നിലപാടുകൾക്കിടയിലുള്ള മദ്ധ്യമാർഗ്ഗമാണ് അദ്ദേഹത്തിന്റെ രചനകളിൽ പ്രകടമാകുന്നത്. റോമിനെ യഹൂദർക്കും, യഹൂദമതത്തെ റോമാക്കാർക്കും വിശദീകരിച്ചുകൊടുക്കാൻ അദ്ദേഹം ശ്രമിച്ചു. ആദ്യരചനയായ "യഹൂദയുദ്ധം" ഒഴിച്ചുള്ളവയെല്ലാം പ്രൗഢമായ ഗ്രീക്ക് ഭാഷയിലാണ് ജോസെഫസ് എഴുതിയത്. അരമായ ഭാഷയിൽ എഴുതപ്പെട്ട "യഹൂദയുദ്ധം", ഒരു സഹായി ഗ്രീക്ക് മൊഴിയിലേയ്ക്കു മാറ്റി. ജോസെഫസിന്റെ രചനകൾക്ക് അവയുടെ രചനാകാലത്ത് കാര്യമായ പ്രചാരമൊന്നും ലഭിച്ചില്ല. തങ്ങളുടെ സ്വാതന്ത്ര്യസമരത്തിൽ വഞ്ചനകാട്ടിയവനായി കണക്കാക്കിയ അദ്ദേഹത്തെ യഹൂദർ അവഗണിച്ചു. നവപ്ലേറ്റോണിക ചിന്തകൻ പ്ലോട്ടിനസിന്റെ ശിഷ്യൻ പോർഫിറി ഒഴിച്ചുള്ള പേഗൻ എഴുത്തുകാരും ജോസെഫസിനെ ഗൗനിച്ചില്ല. യഹൂദചരിത്രത്തിൽ താല്പരരായിരുന്ന ക്രിസ്തീയചിന്തകന്മാർ വഴിയാണ് ജോസെഫസിന്റെ രചനാസമുച്ചയം പരിരക്ഷിക്കപ്പെട്ടത്.[7]

യഹൂദയുദ്ധം

[തിരുത്തുക]

താൻ ഇരുചേരികളിലും നിന്ന് കാര്യമായി പങ്കെടുത്ത റൊമൻ-യഹൂദയുദ്ധത്തിന്റെ വിശദവിവരണമാണ് ഏഴുഭാഗങ്ങളുള്ള ഈ ഗ്രന്ഥത്തിൽ ജോസെഫസ് നൽകുന്നത്. റോമിനും യഹൂദർക്കും ഇടയിൽ വളർന്നുവന്ന ശത്രുതയുടെ സമ്പൂർണ്ണപശ്ചാത്തലം നൽകാനായി, കലാപത്തിന്റെ തുടക്കത്തിന് രണ്ടരനൂറ്റാണ്ടുമുൻപ് കഥ തുടങ്ങുന്ന ജോസെഫസ്, ചരിത്രകാരനെന്ന നിലയിലുള്ള ഉൾക്കാഴ്ച പ്രകടിപ്പിക്കുന്നു. ജോസെഫസിന്റെ യുദ്ധവിവരണം അദ്ദേഹത്തിനുണ്ടായിരുന്ന രണ്ടു വ്യഗ്രതകളെ ആശ്രയിച്ചാണ് രൂപപ്പെട്ടത്: തന്റെ രക്ഷാധികാരികളായി മാറിയ റോമൻ സേനാധിപന്മാരുടെ ചെയ്തികളെ അദ്ദേഹം നീതീകരിക്കുകയും മഹത്ത്വീകരിക്കുകയും ചെയ്യുന്നു. അതേസമയം, യെരുശലേമിന്റെ പ്രതിരോധം ഏറ്റെടുത്ത യഹൂദപ്പോരാളികളുടെ ധീരതയുടേയും സാഹസികതയുടേയും ചിത്രവും അദ്ദേഹം വരച്ചുകാട്ടുന്നു.[6] റോമൻ സേനാധിപന്മാരോടുണ്ടായിരുന്ന പക്ഷപാതം യഹൂദരുടെ ധൈര്യത്തേയോ അവർക്ക് സഹിക്കേണ്ടി വന്ന ക്രൂരതകളേയോ കുറച്ചുകാട്ടാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചില്ല. യെരുശലേമിലെ നിരപരാധികളെ ഓർത്ത് അദ്ദേഹം ദുഃഖിച്ചു. യഹൂദരുടെ കഷ്ടപ്പാടുകൾക്ക് കാരണക്കാരായി അദ്ദേഹം കണ്ടത്, അവർക്കിടയിൽ തന്നെയുള്ള ഉത്തരവാദിത്തമില്ലാത്ത ചില വിഭാഗങ്ങളെയായിരുന്നു.

യഹൂദപൗരാണികത

[തിരുത്തുക]

ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരുന്ന യഹൂദമതത്തിന്റേയും ജനതയുടേയും ചരിത്രം യവന-റോമൻ ലോകത്തിന് വിവരിച്ചുകൊടുക്കാനാണ് ഈ കൃതിയിൽ ജോസെഫസ് ശ്രമിച്ചത്. ലോകസൃഷ്ടിമുതൽ റോമാക്കാർക്കെതിരായ യഹൂദരുടെ കലാപം തുടങ്ങിയ ക്രി.വ. 66 വരെയുള്ള ചരിത്രമാണ് അതിന്റെ ഉള്ളടക്കം. ഇരുപതു വാല്യങ്ങളുള്ള ഈ ഗ്രന്ഥത്തിന്റെ പതിനൊന്നാം പുസ്തകം ആറാം അദ്ധ്യായം വരെ എബ്രായബൈബിളിലെ യഹൂദചരിത്രത്തിന്റെ ആവർത്തനമാണ്. ലോകസൃഷ്ടി മുതൽ എസ്തേറിനെ എന്ന വനിതയെ ഉപകരണമാക്കി ദൈവം യഹൂദജനത്തെ പേർഷ്യയിലെ അർട്ടാക്‌സർക്സസിന്റെ കാലത്തെ പീഡനങ്ങളിൽ നിന്നു രക്ഷിക്കുന്നതുവരെയുള്ള ചരിത്രമാണ് ഈ ഭാഗത്ത്. തുടർന്ന് പതിമൂന്നാം പുസ്തകം ഏഴാം അദ്ധ്യായം വരെ എസ്രാ-നെഹമിയാമാരുടേയും മക്കബായരുടേയും കാലത്തെ കഥയാണ്. മക്കബായ സമയം മുതൽ ഹേറോദോസ് രാജാവിന്റെ പുത്രൻ അർക്കലാവോസ് അധികാരത്തിലേറുന്നതു വരെയുള്ള ചരിത്രമാണ് പതിനേഴാം പുസ്തകം പന്ത്രണ്ടാം അദ്ധ്യായം വരെ. ഗ്രന്ഥത്തിന്റെ അവശേഷിക്കുന്ന ഭാഗം ഒരുതരം ഉത്തരാഖ്യാനവും(epilogue) ജോസെഫസിന്റെ തന്നെ കാലത്തെ ചരിത്രവുമാണ്.[9]

ആത്മകഥ

[തിരുത്തുക]

ഇതിൽ ജോസെഫസ്, സംഭവബഹുലമായ തന്റെ ജീവിതത്തിന്റേയും കാലത്തിന്റേയും കഥ പറയുന്നു. "യഹൂദപൗരാണികത"-യുടെ അനുബന്ധമായി ആദ്യം പ്രസിദ്ധീകരിച്ച ഈ രചന, പിന്നീട് മറ്റൊരു ഗ്രന്ഥമായി. ഇതിലെ ഉള്ളടക്കം മിക്കവാറും, നേരത്തേ എഴുതിയ യഹൂദയുദ്ധത്തിൽ ഉൾപ്പെട്ടതാണ്. എന്നാൽ അതിൽ ഉൾപ്പെട്ടിട്ടില്ലാത്ത ചില ഭാഗങ്ങളും ഈ ജീവചരിത്രത്തിൽ ഉണ്ട്.

ഏപ്പിയന് മറുപടി

[തിരുത്തുക]

ഈജിപ്തിൽ നിന്നുള്ള ഗ്രീക്ക് വൈയാകരണനും താർക്കികനുമായ ഏപ്പിയനെപ്പോലുള്ളവർ, യഹൂദമതത്തിനും ജനതയ്ക്കും എതിരായി പൗരാണികലോകത്തിൽ പ്രചരിപ്പിച്ചിരുന്ന "അബദ്ധങ്ങൾ" തുറന്നു കാട്ടുകയായിരുന്നു ഈ രചനയുടെ ലക്ഷ്യം. ആധുനികകാലത്തെ യഹൂദവിരുദ്ധതയോട് (anti-semetism) താരതമ്യപ്പെടുത്താവുന്ന ഒരു മനോഭാവം അക്കാലത്തും വികസിച്ചുവന്നിരുന്നു. അതിന്റെ ഭാഗമായി പ്രചരിച്ചിരുന്ന പല കഥകളും ജോസെഫസ് ഈ രചനയിൽ അവതരിപ്പിക്കുകയും വിശകലനം ചെയ്ത് തള്ളിക്കളയുകയും ചെയ്യുന്നു.[6] ലോകത്തിന് ഉദാത്തമായ ഒരുപറ്റം ആശയങ്ങൾ സംഭാവന ചെയ്തവരാണ് യഹൂദരെന്ന് ജോസെഫസ് അവകാശപ്പെടുന്നു. "നിയമത്തെ അനുസരിക്കാനും, കഷ്ടപ്പാടിൽ അനൈക്യത്തിനും ഐശ്വര്യത്തിൽ അഹങ്കാരത്തിനും അടിമപ്പെടാതെ പരസ്പരം സൗഹൃദത്തിൽ കഴിയാനും, യുദ്ധകാലത്ത് മരണഭയം ഒഴിഞ്ഞ് പ്രവർത്തിക്കാനും സമാധാനകാലത്ത് കൈവേലകളിലും കൃഷിയിലും ഏർപ്പെടാനും യഹൂദമതം പഠിപ്പിക്കുന്നു. പ്രപഞ്ചത്തിലുള്ളതെല്ലാം ഏകദൈവത്തിന്റെ ദൃഷ്ടിയിലും പരിപാലനയിലും ആണെന്ന അറിവും അത് പകർന്നുതരുന്നു."[10]

നുറുങ്ങുകൾ

[തിരുത്തുക]
  • ജോസെഫസ് ഗണിതസമസ്യ: റോമാക്കാരുമായുള്ള യുദ്ധത്തിനിടെ ഗലീലയിലെ ജോത്തപാത്ത കോട്ടയിലെ ഗുഹയിൽ ജോസെഫസ് ഉൾപ്പെടെയുള്ള നാല്പതുപേരെ സൈന്യം വളഞ്ഞപ്പോൾ, കീഴടങ്ങുന്നതിന് പകരം പരസ്പരം കൊന്ന് ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനം. ആ ആത്മഹത്യാ ഉടമ്പടിയിൽ(suicide pact) നിന്ന് ജോസെഫസും മറ്റൊരാളും ജീവനോടെ രക്ഷപെട്ടതുമായി ബന്ധപ്പെടുത്തി ഉണ്ടാക്കിയിട്ടുള്ള ഗണിതസമസ്യയാണ് "ജോസെഫസ് സമസ്യ" (Josephus Problem). 40 പേർ വൃത്തത്തിൽ നിന്നിട്ട് ഒരാളെ ഒന്നാമനായി തെരഞ്ഞെടുത്ത് അയാളിൽ നിന്ന് എണ്ണിത്തുടങ്ങി ഓരോ മൂന്നാമനേയും മറ്റൊരാൾ കൊല്ലുക എന്നായിരുന്നത്രെ തീരുമാനം. ആത്മഹത്യാ ഉടമ്പടി അനുസരിച്ച്, എല്ലാവരും കൊല്ലപ്പെടും വരെ ഇതു തുടരേണ്ടതാണെങ്കിലും, ഒടുവിൽ ഒരാളെങ്കിലും കൊല്ലപ്പെടാതെ ബാക്കിയാകുമെന്നതാണ് ഈ സമസ്യയ്ക്ക് അടിസ്ഥാനം. ഒന്നാമനിൽ തുടങ്ങുന്ന എണ്ണത്തിൽ എത്രാമത്തെ അളായി നിന്നാൽ, അവസാനക്കാരനായി, മരിക്കാതെ രക്ഷപെടാൻ സാധിക്കും എന്നാതാണ് സമസ്യ.[11]
  • യഹൂദരുടെ പരിച്ഛേദനകർമ്മത്തെ നിന്ദിച്ച യഹൂദവിരുദ്ധൻ ഏപ്പിയന് ഒടുവിൽ ഒരു രോഗത്തെ തുടർന്ന് സ്വയം പരിച്ഛേദനത്തിന് വിധേയനാകേണ്ടി വന്നെന്നും അതിനെ തുടർന്നുണ്ടായ സങ്കീർണ്ണതകളിലാണ് അദ്ദേഹം മരിച്ചതെന്നും ജോസെഫസ് പറയുന്നുണ്ട്.[12]

അവലംബം

[തിരുത്തുക]
  1. ലൂയി ഫ്രീഡ്‌മാൻ, സ്റ്റീവ് മേസൺ (1999). ഫ്ലാവിയസ് ജോസെഫസ്‍. ബ്രിൽ അക്കദമിക് പ്രസാധകർ.
  2. ഗ്രീക്ക് ഭാഷയിലുള്ള തന്റെ രചനകളിൽ ജോസെഫസ് തന്നെത്തന്നെ പരാമരിശിക്കുന്നത് മത്തിയാസിന്റെ മകൻ ജോസെഫസ് (മത്തിയൗ പയിസ്) എന്ന പേരിലാണ്. അരമായ-ഗ്രീക്ക് ഭാഷകളും ജോസെഫസ് സംസാരിച്ചിരുന്നെങ്കിലും, ഈ ഭാഷകളിൽ അദ്ദേഹത്തിന്റെ പേരുള്ള ഒരു രേഖയും നിലവിലില്ല. ജോസെഫസിന്റെ എബ്രായ-അരമായ നാമമായി പൊതുവേ സ്വീകരിക്കപ്പെട്ടിരിക്കുന്നത് ജോസെഫ് ബെൻ മത്ത്യാഹു എന്ന പേരാണ്. അദ്ദേഹം ഇന്ന് ഇസ്രായേലിൽ പൊതുവേ ആ പേരിലാണ് അറിയപ്പെടുന്നത്.
  3. യൂസീബിയസിന്റെ സഭാചരിത്രം 3.9.2
  4. 4.0 4.1 സ്റ്റീഫൻ എൽ ഹാരിസ്, ബൈബിളിനെ മനസ്സിലാക്കാൻ, (പാലോ ആൾട്ടോ: മേഫീൽഡ്, 1985).
  5. 5.0 5.1 ഫ്ലാവിയസ് ജോസെഫസ്, കത്തോലിക്കാ വിജ്ഞാനകോശം[1]
  6. 6.0 6.1 6.2 ജോസെഫസ്, ഫ്ലാവിയസ്: ഓക്സ്ഫോർഡ് ബൈബിൾ സഹചാരി(പുറങ്ങൾ 383-384)
  7. 7.0 7.1 7.2 Livius: Articles on Ancient History - Ancient Warfare Magazine, Flavius Josephus, Article by Jona Lendering[2] Archived 2006-09-05 at the Wayback Machine.
  8. സീസറും ക്രിസ്തുവും, സംസ്കാരത്തിന്റെ ചരിത്രം മൂന്നാം ഭാഗം, വിൽ ഡുറാന്റ്(പുറങ്ങൾ 544-545)
  9. ജോസെഫസ്, ഫ്ലാവിയസ്, യഹൂദവിജ്ഞാനകോശം
  10. ഫ്ലാവിയസ് ജോസെഫസ് ഏപ്പിയനെതിരെ, രണ്ടാം പുസ്തകം, 42
  11. "റോമൻ റൂലെറ്റ്". Archived from the original on 2007-02-21. Retrieved 2009-12-11.
  12. ഫ്ലാവിയസ് ജോസെഫസ് ഏപ്പിയനെതിരെ, രണ്ടാം പുസ്തകം, 14
"https://ml.wikipedia.org/w/index.php?title=ജോസെഫസ്&oldid=3797312" എന്ന താളിൽനിന്ന് ശേഖരിച്ചത്