എം.പി. അബ്ദുസമദ് സമദാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജീവിതരേഖ[തിരുത്തുക]

2017ൽ
    പ്രശസ്ത ചിന്തകൻ, വാഗ്മി, എഴുത്തുകാരൻ, രണ്ടുതവണ പാർലമെൻറ് അംഗവും ഒരുതവണ കേരള നിയമസഭാംഗവും ആയിരുന്ന എം പി അബ്ദുസമദ് സമദാനി ബഹുഭാഷ പണ്ഡിതനും ബഹുമുഖ പ്രതിഭയുമാണ്. മാനവികത-നൈതികത, ബഹുസ്വരത, മതേതരത്വം, സമുദായമൈത്രി എന്നിവ ജീവിത ദൌത്യമാക്കിയ സമദാനി പ്രഭാഷണ വേദികളിലും കേരളീയ പൊതുരംഗത്തും ഈ ആദർശങ്ങളുടെ പ്രതീകമാണ്. പതിറ്റാണ്ടുകളായി ഈ തത്വങ്ങൾ സമൂഹത്തിൽ വിപുലമായി പ്രചരിപ്പിച്ചുവരുന്ന അദ്ദേഹത്തിൻറെ പ്രഭാഷണം മലയാളി സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനമാണ് സൃഷ്ടിച്ചിട്ടുള്ളത്‌. സമകാലിക കേരളീയ സമൂഹത്തിൽ പ്രഭാഷണകലയുടെ
കുലപതിയായി സാംസ്ക്കാരിക കേരളം അംഗീകരിച്ചാദരിക്കുന്ന സമദാനിയെ എം ടി വാസുദേവൻ
നായർ 'വശ്യവചസ്സ്' എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്.

പ്രഭാഷകൻ[തിരുത്തുക]

പ്രഭാഷകനെന്ന നിലയിൽ ലോകമാസകലമുള്ള മലയാളികൾക്ക് സുപരിചിതനായ എം പി അബ്ദുസമദ് സമദാനിയുടെ പ്രഭാഷണങ്ങൾ അതീവതാൽപര്യത്തോടെയാണ് മലയാളികൾ ശ്രവിക്കുന്നത്. പ്രഭാഷണ സദസ്സുകളിൽ വൻജനക്കൂട്ടം കേൾക്കുന്ന അദ്ദേഹത്തിൻറെ വാക്കുകൾക്ക് സാമൂഹിക മധ്യത്തിലും ശ്രോതാക്കളുടെ വിപുലമായ വലയമുണ്ട്. മനുഷ്യ ബന്ധങ്ങളുടെ നൈതികതയും, മാനുഷികമൂല്യങ്ങളുടെ അനിവാര്യതയും, സാമൂഹിക സൗഹൃദത്തിൻറെ വ്യക്തിപ്രസക്തിയുമാണ് അദ്ദേഹത്തിൻറെ പ്രഭാഷണത്തിൻറെ അടിസ്ഥാനതത്വങ്ങൾ.

മലയാളത്തിൻറെ ഭാഷാസൗന്ദര്യവും വാഗ്മികതയുടെ സ്വതസിദ്ധമായ രീതിവിശേഷങ്ങളും സമദാനിയെ മലയാളത്തിലെ കിടയറ്റ പ്രഭാഷകരുടെ ശ്രേണിയിലും ജനഹൃദയത്തിലും ഒരുപോലെ സ്ഥാനം നേടിക്കൊടുത്തു.

'മദീനയിലേക്കുള്ള പാത' എന്ന സമദാനിയുടെ വാർഷികപ്രഭാഷണം കോഴിക്കോട് കടപ്പുറത്ത് ജനലക്ഷങ്ങളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ദേയമാവുകയുണ്ടായി. സാമൂഹിക, സാംസ്ക്കാരിക, കല-സാഹിത്യ, ശാസ്ത്ര സംബന്ധിയായ വിവിധ വിഷയങ്ങളെ പുരസ്ക്കരിച്ചു നടത്തുന്ന ഈ പ്രഭാഷണങ്ങളുടെ വേദിയിൽ എം ടി വാസുദേവൻ നായർ അടക്കമുള്ള മലയാളത്തിൻറെ പ്രമുഖ വ്യക്തിത്വങ്ങൾ മുഖ്യാതിഥികളായി പങ്കെടുക്കുകയുണ്ടായി.

അവഗണിക്കപ്പെടുന്ന മാതൃത്വത്തെ മനുഷ്യഹൃദയങ്ങളിലേക്ക് വീണ്ടെടുക്കാൻ സമൂഹത്തെ സജ്ജമാക്കിയ സമദാനിയുടെ നാട്ടിക കടപ്പുറത്തെ സുപ്രസിദ്ധമായ പ്രഭാഷണം ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ അസംഖ്യംപേരാണ് ശ്രവിച്ചുകൊണ്ടിരിക്കുന്നത്. 'അമ്മ പ്രസംഗം' എന്ന പേരിൽ ഏറെ വിശ്രുതമായിത്തീർന്ന ഈ പ്രഭാഷണം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വേദിയിലുണ്ടായിരുന്ന പ്രശസ്ത നടൻ മോഹൻലാൽ അടക്കമുള്ള പ്രശസ്ത വ്യക്തികൾ കണ്ണുനീർതൂകിയത് മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു.

മികവുറ്റ പ്രസംഗ പരിഭാഷകൻ കൂടിയായ സമദാനി ദേശീയ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ ഒട്ടേറെ പ്രമുഖരുടെ പ്രഭാഷണങ്ങൾ ഇംഗ്ലീഷിൽ നിന്നും ഉർദുവിൽ നിന്നും ഹിന്ദിയിൽ നിന്നും മലയാളത്തിലേക്ക് തത്സമയം തർജ്ജുമ ചെയ്തിട്ടുണ്ട്. മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻസിംഗ്‌, സോണിയാഗാന്ധി, രാഹുൽഗാന്ധി, ഇബ്രാഹിം സുലൈമാൻ സേട്ട്, ഗുലാം മഹ്മൂദ് ബനാത്ത് വാല, അർജുൻസിംഗ്‌, കപിൽ സിബൽ, മുലായം സിംഗ് യാദവ്, നിധീഷ് കുമാർ, മണിശങ്കർ അയ്യർ, ഡോ: കരൺസിംഗ്, ഡോ: ഫാറൂഖ് അബ്ദുള്ള, സൽമാൻ ഖുർഷിദ്, ഗുലാംനബി ആസാദ് തുടങ്ങിയ രാഷ്ട്രീയ നേതാക്കൾ പ്രശസ്ത പണ്ഡിതന്മാരായ മൗലാന അബുൽ ഹസൻ അലി നദവി, പത്മശ്രീ ഷംസുറഹ്മാൻ ഫാറൂഖിയും കവികളായ അലി സർദാർ ജാഫ്രി, ഗുൽസാർ എന്നിവരും നടൻ രാജ്ബബ്ബാർ, സംഗീതജ്ഞനായ പത്മഭൂഷൻ പണ്ഡിറ്റ്‌ ജസ് രാജ് തുടങ്ങിയവരും അതിൽപെടും.

ബാല്യകാലംതൊട്ടെ പ്രസംഗവേദികളിൽ ശോഭിച്ച് തുടങ്ങിയ സമദാനിക്ക് പ്രഭാഷണകലയിൽ നിരവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

രചയിതാവ്[തിരുത്തുക]

മുഖ്യമായും ദാർശനിക സാഹിത്യ വിഷയങ്ങളിലായി പുസ്തകങ്ങളും ലേഖനങ്ങളും എഴുതി. മാതൃഭൂമി ദിനപത്രത്തിലെ 'ഹിന്ദുസ്ഥാൻ ഹമാരാ' എന്ന കോളത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രമേയങ്ങളെ കുറിച്ച് എഴുതിയ ലേഖനങ്ങൾ വായനക്കാരെ ആകർഷിച്ചു. ഭാരതീയ ഗീതം എന്ന പുസ്തകത്തിന് എസ്.കെ. പൊറ്റക്കാട് പുരസ്‌ക്കാരം ലഭിച്ചു. ബഷീർ പുരസ്‌ക്കാരവും, സി.എച്ച്. മുഹമ്മദ് കോയ അവാർഡും ലഭ്യമായി.

പദവികൾ[തിരുത്തുക]

  • പാർലമെന്റ് അംഗമായിരിക്കെ ഇദംപ്രഥമായി രൂപീകൃതമായ ഉന്നതവിദ്യഭ്യാസ പാർലമെന്ററി ഉപസമിതിയുടെ കൺവീനറായി രണ്ടുതവണ പ്രവർത്തിച്ചു.
  • കേന്ദ്ര സർക്കാറിന്റെ വിദ്യാഭ്യാസ ഉപദേശക സമിതി, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള പാർലമെന്ററി ഉപസമിതി എന്നിവയിലും അംഗമായിരുന്നു.
  • കേരള സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും അംഗമായി പ്രവർത്തിച്ചു. 
  • ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ദേശീയ സെക്രട്ടറി
  • ഇൻഡ്യൻനസ് അക്കാഡമി ചെയർമാൻ.
  • ഗാന്ധി-നെഹ്‌റു-ആസാദ്-പട്ടേൽ ഇൻഡ്യൻ റിനൈസൻസ് അക്കാഡമി, അല്ലാമാ ഇഖ്ബാൽ ഹ്യുമാനിറ്റേറിയൻ അക്കാഡമി, രവിന്ദ്രനാഥ ടഗോർ ഇൻഡ്യൻ ലിറ്ററിനെസ് അക്കാഡമി എന്നിവയുടെ ഡയറക്ടർ.
  • ഡോക്ടർ സുകുമാർ അഴീക്കോട് ഫൗണ്ടേഷൻ ചെയർമാൻ.
  • അൻഞ്ചുമെൻ തർക്കി ഉറുദു കേരള ശാഖാ പ്രസിഡന്റ്, കേരള സംസ്‌കൃത പ്രചാര സമിതി രക്ഷാധികാരി എന്നീ നിലകളിലും പ്രവർത്തിച്ചു."https://ml.wikipedia.org/w/index.php?title=എം.പി._അബ്ദുസമദ്_സമദാനി&oldid=2686565" എന്ന താളിൽനിന്നു ശേഖരിച്ചത്