ആരാച്ചാർ (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കെ.ആർ. മീര എഴുതിയ ഒരു മലയാളം നോവലാണു ആരാച്ചാർ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി സി ബുക്സാണു പുസ്തക രൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാരുടെ കഥ പറയുകയാണ് ഈ നോവൽ. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിൻെറ സംഘർഷങ്ങളെ മുഴുവൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഈ നോവലിൽ കെ.ആർ. മീര സ്വീകരിച്ചിട്ടുണ്ടെന്ന് നിരൂപകനായ ടി.ടി. ശ്രീകുമാർ സമർത്ഥിക്കുന്നു. [1] ഈ അർഥത്തിൽ ഒരു പാൻ ഇന്ത്യൻ നോവൽ എന്ന വിശേഷണം ഈ നോവൽ അർഹിക്കുന്നുണ്ടെന്നും ശ്രീകുമാർ പറയുന്നു[1].

പശ്ചാത്തലം[തിരുത്തുക]

ബംഗാൾ പശ്ചാത്തലമാക്കിയ നോവൽ, പരമ്പരകളായി വധശിക്ഷനടപ്പാക്കൽ തൊഴിലാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ചേതന, തന്റെ പരമ്പരാഗത തൊഴിൽ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ശക്തയായ ഒരു സ്ത്രീയാണ്. 22 വയസുകാരിയായ ചേതനയുടെ കുടുംബത്തിന്റെ തൊഴിൽ ചരിത്രം 440 BCE വരെ നീണ്ടുകിടക്കുന്നതാണ്. തൊഴിലിനെ സംബന്ധിച്ച് അഹങ്കാരത്തോടടുത്തുനിൽക്കുന്ന ആത്മപ്രതാപം കൊണ്ടുനടക്കുന്ന പ്രസ്തുതകുടുംബത്തിലേക്ക് പുതിയൊരു വധശിക്ഷ കടന്നുവരുമ്പോൾ‌, 451 പേരെ കാലപുരിക്ക് കൈപിടിച്ചയച്ചിട്ടുള്ള 88 വയസായ ചേതനയുടെ പിതാവ് തൊഴിലെടുക്കാനാവാത്ത വിധം വാർദ്ധക്യബാധിതനാണ്. കൈയും കാലും മുറിച്ചുമാറ്റപ്പെട്ട സഹോദരനാലും ഈ തൊഴിലെടുക്കാനാവില്ല. ബാക്കിയുള്ളത് ചേതനയാണ്. ജനിക്കുമ്പോൾത്തന്നെ പൊക്കിൾക്കൊടിയാൽ കുരുക്കുതീർത്തുകൊണ്ട് പുറത്തെത്തിയ ചേതനയുടേത് ആരാച്ചാരുടെ രക്തമാണ്. രാജഭരണത്തിലും ബ്രിട്ടീഷ് ഭരണത്തിലും തിരക്കേറിയ തൊഴിൽ ആയിരുന്നു ആരാച്ചാരുടെത്. എന്നാൽ ജനാധിപത്യത്തിൽ തൂക്കിക്കൊലകൾ കുറഞ്ഞതോടെ ദാരിദ്ര്യത്തിൽ ആയ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലാതെ നിൽക്കുമ്പോൾ വീണു കിട്ടുന്ന ഒരു വധശിക്ഷയെ പരമാവധി ഉപയോഗിച്ചു പണമുണ്ടാക്കാനും ചേതനയ്ക്ക് ഒരു ജോലി തരപ്പെടുത്തുവാനും ചേതനയുടെ അച്ഛൻ ശ്രമിക്കുന്നു. ഇന്ത്യയിൽ, അല്ലെങ്കിൽ ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ആരാച്ചാർ എന്ന് ചേതനയെ ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വധശിക്ഷയും അതിനെതിരെയും അനുകൂലമായും ഉള്ള ശബ്ദങ്ങളും വധശിക്ഷയെ മുതലെടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും നോവലിലെ പ്രമേയങ്ങളാണ്.

പരിഭാഷ[തിരുത്തുക]

ആരാച്ചാർ എന്ന നോവൽ ഹാങ്ങ് വുമൺ എന്ന പേരിൽ ജെ. ദേവിക ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. പെൻഗ്വിൻ ബുക്സിന്റെ രാജ്യാന്തര മുദ്രണമായ ഹാമിഷ് ഹാമിങ്ടൺ ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകർ[2]. അരുന്ധതി റോയ് ആണു ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തത്[2] .

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "ആരാച്ചാർ: കൊല്ലുന്ന പെണ്ണിന്റെ ചരിത്രപുസ്തകം". മാധ്യമം ആഴ്ചപ്പതിപ്പ്, ജനുവരി 2013. ശേഖരിച്ചത് 12 ഒക്ടോബർ 2014.
  2. 2.0 2.1 കെ.ആർ. മീരയുടെ ആരാച്ചാർ ഇനി ഇംഗ്ലീഷിലും
  3. "ഓടക്കുഴൽ പുരസ്‌കാരം കെ.ആർ മീരയ്ക്ക്". മാതൃഭൂമി. ശേഖരിച്ചത് 2014 ജനുവരി 14.
  4. "വയലാർ അവാർഡ് കെ.ആർ.മീരയ്ക്ക്‌". www.mathrubhumi.com. ശേഖരിച്ചത് 11 ഒക്ടോബർ 2014.
  5. "കെ.ആർ മീരയ്ക്കും ടോണിക്കും തോമസ് ജോസഫിനും കേരള സാഹിത്യ അക്കാദമി അവാർഡ്‌". www.mathrubhumi.com. ശേഖരിച്ചത് 21 ഡിസംബർ 2014.
  6. "ഓടക്കുഴൽ- വയലാർ- കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾക്കു പിന്നാലെ കെ ആർ മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും; അംഗീകാരം ഭരണകൂട ഭീകരതയെ എതിർത്ത 'ആരാച്ചാർ'ക്ക്". മറുനാടൻ മലയാളി. ശേഖരിച്ചത് 17 ഡിസംബർ 2015.
"https://ml.wikipedia.org/w/index.php?title=ആരാച്ചാർ_(നോവൽ)&oldid=3354933" എന്ന താളിൽനിന്ന് ശേഖരിച്ചത്