Jump to content

അരഗത്സോട്ൻ പ്രവിശ്യ

Coordinates: 40°25′N 44°10′E / 40.417°N 44.167°E / 40.417; 44.167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അരഗത്സോട്ൻ

Արագածոտն
Location of Aragatzotn within Armenia
Location of Aragatzotn within Armenia
Coordinates: 40°25′N 44°10′E / 40.417°N 44.167°E / 40.417; 44.167
CountryArmenia
Capital
and largest city
Ashtarak
ഭരണസമ്പ്രദായം
 • GovernorDavit Gevorgyan[2]
വിസ്തീർണ്ണം
 • ആകെ2,756 ച.കി.മീ.(1,064 ച മൈ)
•റാങ്ക്5th
ജനസംഖ്യ
 (2011)
 • ആകെ132,925[1]
 • കണക്ക് 
(1 January 2019)
125,400[3]
 • റാങ്ക്9th
സമയമേഖലAMT (UTC+04)
Postal code
0201-0514
ISO കോഡ്AM.AG
FIPS 10-4AM01
HDI (2017)0.739[4]
high · 6th
വെബ്സൈറ്റ്Official website
ആർട്ടെനി മലനിരകൾ (2047 മീറ്റർ)

അരഗത്സോട്ൻ (Armenian: Արագածոտն, Armenian pronunciation: [ɑɾɑɡɑˈt͡sɔtən]) is a province (marz) അർമേനിയയിലെ ഒരു പ്രവിശ്യയാണ് (മാർസ്). രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ പട്ടണവും അഷ്ടാരക് ആണ്. റിപ്പബ്ലിക് ഓഫ് അർമേനിയയുടെ നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ARMSTAT), 2011 ലെ സെൻസസ് പ്രകാരം ഈ പ്രവിശ്യയിലെ ആകെ ജനസംഖ്യ 132,925 ആണെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഭൂമിശാസ്ത്രം

[തിരുത്തുക]
അരഗത്സ് ഗ്രാമത്തിനടുത്തുള്ള ഗെഘാരോട്ട് വെള്ളച്ചാട്ടം
നാലാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട കസാഘിലെ ഹോളി ക്രോസ് ദേവാലയം.

അർമേനിയയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്തായി സ്ഥിതിചെയ്യുന്ന അരഗത്സോട്ട്ൻ പ്രവിശ്യ, 2,756 ചതുരശ്ര കിലോമീറ്റർ (അർമേനിയയുടെ മൊത്തം വിസ്തൃതിയുടെ 9.3 ശതമാനം) വിസ്തൃതി ഉൾക്കൊള്ളുന്നു. വടക്ക് നിന്ന് ഷിറാക്ക് പ്രവിശ്യയും, വടക്ക് കിഴക്ക് നിന്ന് ലോറി പ്രവിശ്യയും, കിഴക്ക് നിന്ന് കോട്ടയ്ക് പ്രവിശ്യയും, തെക്ക് നിന്ന് അർമാവിർ പ്രവിശ്യയും, തെക്ക് പടിഞ്ഞാറ് നിന്ന് യെറിവൻ നഗരവുമായി ഇതിന് ആഭ്യന്തര അതിർത്തികളുണ്ട്. പടിഞ്ഞാറ് അഖൂറിയൻ നദി അരഗത്സോട്ൻ പ്രവിശ്യയെ തുർക്കിയിലെ കാർസ് പ്രവിശ്യയിൽ നിന്ന് വേർതിരിക്കുന്നു. ചരിത്രപരമായി, ഈ പ്രവിശ്യയുടെ നിലവിലെ പ്രദേശത്ത് പ്രധാനമായും പുരാതന അർമേനിയയിലെ അയ്രാറാത്ത് പ്രവിശ്യയിലെ അരഗത്സോട്ൻ, നിഗ്, ഷിരാക് കന്റോണുകളുടെ ഭാഗങ്ങൾ ഉൾക്കൊള്ളുന്നു.

പ്രവിശ്യയുടെ വടക്കൻ ഭാഗത്ത് അരാഗത്സ് പർവതനിരകൾ ആധിപത്യം പുലർത്തുന്നു. വടക്കുകിഴക്കും കിഴക്കും യഥാക്രമം പാമ്പാക്ക്, സാഗ്കുന്യാറ്റ്സ് പർവതങ്ങളാണുള്ളത്. പ്രവിശ്യയുടെ വടക്കുകിഴക്കൻ, മധ്യ കിഴക്കൻ ഭാഗങ്ങളിൽ ആർട്ടേനി പർവതനിരകൾക്കാണ് പ്രാമുഖ്യം. ചെറിയ അഖൂറിയൻ താഴ്‌വര അരഗത്‌സോട്ടിന്റെ കിഴക്കേ അറ്റത്തെ ഉൾക്കൊള്ളുന്നു. തെക്കും തെക്കുകിഴക്കും അരാരത്ത് സമതലത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗങ്ങളെയും അരഗത്സോട്ൻ ഉൾക്കൊള്ളുന്നു. പ്രവിശ്യയുടെ ഉയരം സമുദ്രനിരപ്പിൽ നിന്ന് 950 മുതൽ 4,090 മീറ്റർ വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. അരഗത്‌സോട്ടിനിലെയും റിപ്പബ്ലിക് ഓഫ് അർമേനിയയിലെയും ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് അരാഗത്‌സ് (4,090 മീറ്റർ).

അഖൂറിയൻ നദിയെക്കൂടാതെ കസാഘ്, ഗെഘാരോട്ട്, ആംബെർഡ് എന്നീ നദികളാണ് പ്രവിശ്യയിലെ പ്രധാന ജലസ്രോതസ്സുകൾ. കാരി തടാകം, ലെസ്സിംഗ്, ആംബെർഡ്, തഗാവർ, കുരാഘ്ബ്യൂർ എന്നിവയുൾപ്പെടെയുള്ള പർവത തടാകങ്ങളും അരാഗറ്റ്സ് പർവതത്തിൽ കാണപ്പെടുന്നു. 1962 നും 1967 നും ഇടയിൽ കസാഗ് നദിയിൽ അപരാൻ റിസർവോയർ നിർമ്മിക്കപ്പെട്ടു.

പ്രദേശത്തിന്റെ അത്യുന്നതി കാരണം അരഗത്സോട്ടിന്റെ കാലാവസ്ഥ വളരെ വൈവിധ്യപൂർണ്ണമാണ്. താഴ്ന്ന പ്രദേശങ്ങളിൽ 400 മില്ലീമീറ്ററും (16 ഇഞ്ച്) പർവതപ്രദേശങ്ങളിൽ 1,000 മില്ലീമീറ്ററും (39 ഇഞ്ച്) ആണ് പ്രവിശ്യയിലെ വാർഷിക മഴയുടെ തോത്.

ചരിത്രം

[തിരുത്തുക]

മോവ്സെസ് ഖോറെനാറ്റ്സിയുടെ അഭിപ്രായപ്രകാരം, ഗോത്രപിതാവും അർമേനിയൻ രാഷ്ട്രത്തിന്റെ സ്ഥാപകനുമായിരുന്ന ഹൈക്കിൻറെ മകൻ അരമാനിയാക് തന്റെ വംശത്തോടൊപ്പം ആധുനിക അരഗത്സോട്ട് പ്രദേശത്ത് താമസമാക്കി. അഷ്ടാരക്കിൽ നിന്ന് 3 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വെറിൻ നേവർ പുരാവസ്തു സൈറ്റിലെ ശ്മശാനങ്ങൾ ബിസി 24, 14 നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്.

അർമേനിയൻ മലമ്പ്രദേശങ്ങളുടെ ഒത്ത മധ്യത്തിലായി, അയ്രാറാത്ത് പ്രവിശ്യയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ പ്രവിശ്യ, പ്രത്യേകിച്ച് ബി.സി. 331-ൽ ഒറോണ്ടിഡ് രാജവംശം അർമേനിയ രാജ്യം സ്ഥാപിച്ചതിനുശേഷമുള്ള കാലത്ത് അർമേനിയയുടെ ചരിത്രത്തിലെ ഏറ്റവും തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നായിരുന്നു. പിന്നീട് ബിസി 190-ൽ അർറ്റാക്സിയാദ് രാജവംശം അർമേനിയൻ രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. എ.ഡി. രണ്ടാം നൂറ്റാണ്ടിൽ, അർമേനിയയിലെ അർസാസിഡ് രാജവംശത്തിന്റെ ഭരണകാലത്ത് കസാല (കസാഘിന്റെ ഹെല്ലനൈസ്ഡ് പതിപ്പ്, ഇപ്പോൾ അപരാൻ), ടാലിന (ഇപ്പോൾ ടാലിൻ) പട്ടണങ്ങളെക്കുറിച്ച് ടോളമി കുറിച്ചിട്ടുണ്ട്. അപരാൻ ഉൾപ്പെടെയുള്ള നിഗ് കന്റോൺ പ്രദേശം ഗ്ന്ന്റൂന്യാൻ അർമേനിയൻ കുലീന കുടുംബത്തിന്റെ ഭരണത്തിൻ കീഴിലായിരുന്നപ്പോൾ അഷ്തരാക് പ്രദേശം ഉൾപ്പെടെയുള്ള അരഗത്സോട്ൻ കന്റോൺ ഭരിച്ചിരുന്നത് അമാതുനി കുലീന കുടുംബമായിരുന്നു.

അർമേനിയയെ ബൈസന്റൈൻ സാമ്രാജ്യവും സസാനിഡ് പേർഷ്യയും 387-ലും 428-ലും വിഭജിച്ചതിനെത്തുടർന്ന്, അരഗത്സോട്ൻ ഉൾപ്പെടെയുള്ള കിഴക്കൻ അർമേനിയ സസാനിഡ് പേർഷ്യയുടെ ഭരണത്തിൻ കീഴിലായി. നാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട കസാഘിലെ ഹോളി ക്രോസ് ദേവാലയം ആധുനിക അപരാന്റെ പ്രാന്തപ്രദേശത്ത് സ്ഥിതി ചെയ്യുന്ന അർമേനിയൻ ദേവാലയ വാസ്തുവിദ്യയുടെ ആദ്യകാല ഉദാഹരണങ്ങളിൽ ഒന്നാണ്.658-ൽ അറബ് ആക്രമണകാരികൾ അർമേനിയ കീഴടക്കി. ഒൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ, അർമേനിയയിൽ പുതുതായി സ്ഥാപിതമായ ബഗ്രാറ്റിഡ് രാജ്യത്തിന്റെ ഭാഗമായി ഈ പ്രവിശ്യ മാറി. കംസാരകൻ, പഹ്ലാവുനി എന്നീ അർമേനിയൻ കുലീന കുടുംബങ്ങൾ ബഗ്രാറ്റിഡ് രാജാക്കന്മാരുടെ കീഴിൽ അരഗത്സോട്ട്ൻ ഭരിച്ചു.

എന്നിരുന്നാലും, പതിനൊന്നാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത്, അർമേനിയയിലെ മറ്റ് ചരിത്ര പ്രദേശങ്ങളോടൊപ്പം അരഗത്സോട്നും യഥാക്രമം സെൽജുക്ക്, മംഗോളിയൻ, ആഗ് കോയൻലു, കാരാ കൊയൂൻലു ആക്രമണങ്ങളാൽ കഷ്ടപ്പെട്ടു. പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിൽ, അരഗാത്സോട്ട്ൻ സഫാവിഡ് പേർഷ്യയ്ക്കു കീഴിലെ എറിവാൻ ബെഗ്ലാർബെഗിയുടെ ഭാഗമായി. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ഇത് അഫ്ഷാരിദ് രാജവംശത്തിന്റെ കീഴിലുള്ള എറിവാൻ ഖാനേറ്റിന്റേയും പിന്നീട് പേർഷ്യയിലെ ഖജർ രാജവംശത്തിന്റെ ഭരണത്തിൻ കീഴിലായി. 1826-28 ലെ റുസ്സോ-പേർഷ്യൻ യുദ്ധാനന്തരം ഒപ്പുവച്ച തുർക്ക്മെൻചായി ഉടമ്പടി പ്രകാരം  കിഴക്കൻ അർമേനിയ റഷ്യൻ സാമ്രാജ്യത്തിന് വിട്ടുകൊടുക്കുന്ന 1827-1828 വരെ ഇത് പേർഷ്യൻ ഭരണത്തിൻ കീഴിലായിരുന്നു.

1917-ൽ റഷ്യൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, ട്രാൻസ്കാക്കേഷ്യയിലെ അർമേനിയൻ, ജോർജിയൻ, മുസ്ലീം നേതാക്കൾ ഒത്തുചേർന്ന് ട്രാൻസ്കാക്കേഷ്യൻ ഫെഡറേറ്റീവ് റിപ്പബ്ലിക്ക് രൂപീകരിക്കുകയും ട്രാൻസ്കാക്കേഷ്യയുടെ റഷ്യൻ സാമ്രാജ്യത്തിൽനിന്നുള്ള വേർപിരിയൽ പ്രഖ്യാപിക്കുകയും ചെയ്തു. എന്നിരുന്നാലും, 1918 മെയ് മാസത്തിൽ ഈ ദുർബ്ബലമായ ഹ്രസ്വകാല ഫെഡറേഷൻ തകരുകയും അതേസമയംതന്നെ തുർക്കി സൈന്യം ഗ്യുമ്രി, അരഗത്സോട്ട്ൻ, സർദാരപത് എന്നിവയിലൂടെ കിഴക്കൻ അർമേനിയയിലേക്ക് മുന്നേറുകയും ചെയ്തു. 1918 മെയ് 21 ന്, യെറിവാനിലെത്താൻ ശ്രമിച്ച തുർക്കി സൈന്യം അരഗത്സോട്നെ അപരാൻ വഴി ആക്രമിച്ചു. അപരാന്റെ പ്രാന്തപ്രദേശത്ത് ഡ്രോയുടെ നേതൃത്വത്തിലുള്ള അർമേനിയൻ സൈന്യം തുർക്കികളെ പ്രതിരോധിച്ചു. മൂന്ന് ദിവസത്തെ കഠിനമായ പോരാട്ടത്തിന് ശേഷം, മെയ് 25 ന് ഒരു ശക്തമായ പ്രത്യാക്രമണം ആരംഭിച്ച അർമേനിയക്കാർ, മെയ് 29 ന് തുർക്കി സൈന്യത്തെ വടക്കോട്ട് പിൻവാങ്ങാൻ നിർബന്ധിതരാക്കി. സർദാരാബാദ്, അബരാൻ, ഘരാകിലിസ യുദ്ധങ്ങളിൽ തുർക്കികൾക്കെതിരായ നിർണായക വിജയങ്ങളോടെ 1918 മെയ് 28 ന് അർമേനിയക്കാർ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

2 വർഷത്തെ ഹ്രസ്വമായ സ്വാതന്ത്ര്യത്തിന് ശേഷം, 1920 ഡിസംബറിൽ അർമേനിയ സോവിയറ്റ് യൂണിയന്റെ ഭാഗമായി. 1930 മുതൽ 1995 വരെ, ആധുനിക അരഗത്സോട്ൻ ടാലിൻ റയോൺ, അപരാൻ റയോൺ, അഷ്ടാരക് റയോൺ എന്നിങ്ങനെ അർമേനിയൻ എസ്എസ്ആറിനുള്ളിലെ 3 റയോണുകളായി വിഭജിക്കപ്പെട്ടു. 1995-ലെ പ്രാദേശിക ഭരണ പരിഷ്കാരത്തോടെ, ഈ 3 റയോണുകളും ലയിപ്പിച്ച് അരഗത്സോട്ൻ പ്രവിശ്യ രൂപീകരിച്ചു.

ജനസംഖ്യാശാസ്ത്രം

[തിരുത്തുക]

ജനസംഖ്യ

[തിരുത്തുക]

2011-ലെ ഔദ്യോഗിക സെൻസസ് പ്രകാരം, അരഗത്സോട്നിൽ ആകെയുള്ള ജനസംഖ്യയായ 132,925 (66,738 പുരുഷന്മാരും 66,187 സ്ത്രീകളും)  അർമേനിയയിലെ മൊത്തം ജനസംഖ്യയുടെ ഏകദേശം 4.4 ശതമാനമാണ്. നഗര ജനസംഖ്യ 31,376 (23.6 ശതമാനം), ഗ്രാമീണ ജനസംഖ്യ 101,549 (76.4 ശതമാനം) എന്നിങ്ങനെയാണ്. അർമേനിയയിലെ ഗ്രാമീണ ജനസംഖ്യയുടെ ഏറ്റവും ഉയർന്ന ശതമാനം അരഗത്‌സോട്ൻ പട്ടണത്തിലാണുള്ളത്.

പ്രവിശ്യയിൽ 3 നഗര സമൂഹവും 111 ഗ്രാമീണ സമൂഹങ്ങളുണ്ട്. 19,615 ജനസംഖ്യയുള്ള പ്രവിശ്യാ കേന്ദ്രമായ അഷ്ടാരക് ആണ് ഏറ്റവും വലിയ നഗര സമൂഹം. മറ്റ് നഗര കേന്ദ്രങ്ങളായ അപരാൻ, താലിൻ എന്നിവിടങ്ങളിൽ യഥാക്രമം 6,451 , 5,310  എന്നിങ്ങനെയാണ് ജനസംഖ്യ. 4,780 ജനസംഖ്യയുള്ള ഒഷകാൻ ഗ്രാമമാണ് അരഗത്സോട്നിലെ ഏറ്റവും വലിയ ഗ്രാമീണ സമൂഹം.

വംശീയ വിഭാഗങ്ങളും മതവും

[തിരുത്തുക]

19-ഉം 20-ഉം നൂറ്റാണ്ടുകളിൽ മൗഷ്, മാൻസികേർട്ട്, സാസുൻ, കാർസ്, ഖോയ്, അലഷ്‌കെർട്ട് എന്നിവിടങ്ങളിൽ നിന്ന് കുടിയേറിയ അർമേനിയക്കാരും അതുപോലെതന്നെ അർമേനിയൻ അപ്പോസ്‌തോലിക് ചർച്ചിൽ ഉൾപ്പെട്ട ന്യൂനപക്ഷമായ അർമെനോ-ടാറ്റും ഈ പ്രവിശ്യയിൽ പ്രാഥമികമായി വസിക്കുന്നു. ബിഷപ്പ് എംക്രിറ്റിച്ച് ബ്രോഷ്യന്റെ നേതൃത്വത്തിലുള്ള അരഗത്സോട്ട് രൂപതയ്ക്കാണഅ സഭയുടെ നിയന്ത്രണാധികാരം. ഒഷാകനിലെ സെന്റ് മെസ്‌റോപ്പ് മാഷ്‌തോട്‌സ് പള്ളിയാണ് രൂപതയുടെ ആസ്ഥാനം.

എന്നിരുന്നാലും അരഗത്സോട്നിലെ അലഗ്യാസ്, അരേവുട്ട്, അവ്‌ഷെൻ, ചർച്ചാകിസ്, ദ്ഡ്മസർ, ഹാക്കോ, ജംഷ്‌ലു, കാഞ്ച്, കനിയാഷിർ, മെറ്റ്സാദ്‌സർ, മിജ്‌നാറ്റൻ, മിരാക്, ഒറ്റെവൻ, റ്യയാ താസ, സഡന്റ്സ്, ഷാമിറാൻ, ഷെങ്കാനി, സിപാൻ, സോറിക്ക്, ട്ലിക് എന്നീ  20 ഗ്രാമങ്ങൾ ഏതാണ്ട് പൂർണ്ണമായും യസീദികളാൽ വസിക്കുന്നവയാണ്. അർട്ടെനി, ഒഷകാൻ, വാർഡെനട്ട്, വോസ്കെവാസ് എന്നീ  ഗ്രാമങ്ങളിലും ഗണ്യമായ യസീദി സാന്നിദ്ധ്യമുണ്ട്.  അപരാൻ, ടാലിൻ പട്ടണങ്ങളിലും യസീദികൾ കാണപ്പെടുന്നു. അൽഗ്യാസ് ഗ്രാമത്തിൽ കുർദുകളുടെ ഒരു ചെറു ജനസംഖ്യയുണ്ട്.

അവലംബം

[തിരുത്തുക]
  1. Aragatsotn population, 2011 census
  2. 3 more Armenia provincial governors are appointed at government session
  3. "Statistical Committee of the Republic of Armenia".
  4. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=അരഗത്സോട്ൻ_പ്രവിശ്യ&oldid=3689319" എന്ന താളിൽനിന്ന് ശേഖരിച്ചത്