ട്രാൻസ്‍കൊക്കേഷ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് തയ്യാറാക്കിയ കോക്കസസ് പ്രദേശത്തിന്റെ 1994 ലെ ഭൂപടം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ, തെക്കൻ കോക്കസസിൽനിന്നുള്ള ഷദ്ദ ബ്ലാങ്കറ്റ്.

ട്രാൻസ്‍കൊക്കേഷ്യ കിഴക്കൻ യൂറോപ്പിന്റെയും പടിഞ്ഞാറൻ ഏഷ്യയുടെയും അതിർത്തിയിലായി, തെക്കൻ കോക്കസസ് പർവതനിരകൾക്ക് സമീപസ്ഥമായി സ്ഥിതിചെയ്യുന്ന ഒരു ഭൂമിശാസ്ത്രപരമായ പ്രദേശമാണ്.[1][2] ഇത് തെക്കൻ കോക്കസസ് എന്ന പേരിലും അറിയപ്പെടുന്നു. ആധുനിക ജോർജിയ, അർമേനിയ, അസർബൈജാൻ എന്നിവയുടെ പ്രദേശങ്ങളെ ട്രാൻസ്‌കോക്കേഷ്യ ഏകദേശം പ്രതിനിധീകരിക്കുന്നു. ഈ രാജ്യങ്ങളുടെ ആകെ വിസ്തീർണ്ണം ഏകദേശം 186,100 ചതുരശ്ര കിലോമീറ്റർ (71,850 ചതുരശ്ര മൈൽ) ആണ്.[3] ട്രാൻസ്‍കൊക്കേഷ്യയും സിസ്‍കൊക്കേഷ്യയും (വടക്കൻ കോക്കസസ്) ചേർന്നുള്ള വിശാല കോക്കസസ്, യുറേഷ്യയെ വിഭജിക്കുന്ന ഒരു ഭൂമിശാസ്ത്രപരമായ പ്രദേശമായി നിലകൊള്ളുന്നു.

കോക്കസസ് പർവതനിരകളുടെ തെക്കൻ ഭാഗത്തേയ്ക്കും അവയുടെ നിമ്ന്ന തലങ്ങളിലേയ്ക്കും വ്യാപിച്ചിരിക്കുന്ന ട്രാൻസ്‍കൊക്കേഷ്യ, യൂറോപ്പ്, ഏഷ്യ ഭൂഖണ്ഡങ്ങൾക്കിടയിലുള്ള അതിന്റെ അതിർത്തി മുറിച്ചു കടന്ന്, തെക്കു പടിഞ്ഞാറൻ റഷ്യയിലെ ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ തെക്ക് ഭാഗത്തു നിന്ന് തുർക്കി, അർമേനിയൻ അതിർത്തികളിലേക്കും തുടർന്ന് പടിഞ്ഞാറ് കരിങ്കടൽ മുതൽ കിഴക്ക് ഇറാനിലെ കാസ്പിയൻ കടൽത്തീരത്തേക്കുമായി വ്യാപിച്ചുകിടക്കുന്നു. ഗ്രേറ്റർ കോക്കസസ് പർവതനിരയുടെ തെക്കു ഭാഗം, ലെസ്സർ കോക്കസസ് പർവതനിര മുഴുവനായും, കോൾചിസ് താഴ്ന്ന പ്രദേശങ്ങൾ, കുറ-അറാസ് താഴ്ന്ന പ്രദേശങ്ങൾ, ഖ്വറാദാഗ്, താലിഷ് പർവതനിരകൾ, ലങ്കാരൻ താഴ്ന്ന പ്രദേശം, ജാവഖേട്ടി, അർമേനിയൻ മലമ്പ്രദേശത്തിന്റെ കിഴക്കൻ ഭാഗം എന്നിവയെല്ലാം ഈ പ്രദേശത്ത് ഉൾപ്പെടുന്നുണ്ട്.

ഇന്നത്തെ അർമേനിയ പൂർണ്ണമായും ട്രാൻസ്‍കൊക്കേഷ്യയിലാണ് സ്ഥിതിചെയ്യുന്നത് എന്നതുപോലെതന്നെ ആധുനിക ജോർജിയ, അസർബൈജാൻ പ്രദേശങ്ങളുടെ ഭൂരിഭാഗവും നാഖ്ചിവാന്റെ മറ്റു രാജ്യങ്ങളാൽ ചുറ്റപ്പെട്ട പ്രദേശങ്ങൾ ഉൾപ്പെടെയുള്ളവയും ഈ പ്രദേശത്തിനുള്ളിലാണ്. ഇറാന്റെയും തുർക്കിയുടെയും ഭാഗങ്ങൾ ട്രാൻസ്കാക്കേഷ്യ പ്രദേശത്ത് ഉൾപ്പെടുത്തിയിട്ടുണ്ട്. എണ്ണ, മാംഗനീസ് അയിര്, ചായ, സിട്രസ് പഴങ്ങൾ, വീഞ്ഞ് എന്നിവയാണ് ഈ പ്രദേശത്ത് ഉൽപാദിപ്പിക്കപ്പെടുന്ന പ്രധാന വസ്തുക്കൾ. സോവിയറ്റ് കാലഘട്ടത്തിനു ശേഷമുള്ള മേഖലയിലെ രാഷ്ട്രീയമായി ഏറ്റവും പിരിമുറുക്കവും അസ്ഥിരതയുമുള്ള പ്രദേശങ്ങളിൽ ഒന്നായി നിലകൊള്ളുന്ന ഇതിൽ അബ്ഖാസിയ, സൗത്ത് ഒസ്സേഷ്യ, നാഗോർണോ-കരബാക്ക് എന്നിങ്ങനെ കടുത്ത തർക്കത്തിലുള്ള മൂന്നു പ്രദേശങ്ങൾക്കൂടി ഉൾപ്പെട്ടിരിക്കുന്നു. 1878 നും 1917 നും ഇടയിലുള്ള കാലത്ത് റഷ്യൻ നിയന്ത്രണത്തിലുള്ള പ്രവിശ്യയായ കാർസ് ഒബ്ലാസ്റ്റും ട്രാൻസ്‍കോക്കസസിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു.

ചരിത്രം[തിരുത്തുക]

'ചരിത്രത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന ഗ്രീക്ക് ചരിത്രകാരനായ ഹെറോഡൊട്ടസും ഗ്രീക്ക് ഭൌമശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, ചരിത്രകാരൻ എന്നീ നിലകളിലും പ്രശസ്തനായിരുന്ന സ്ട്രാബോയും തങ്ങളുടെ പുസ്തകങ്ങളിൽ കോക്കസസിലെ ആദിവാസി ജനങ്ങളെക്കുറിച്ച് കുറിച്ചിരുന്നു. മധ്യകാലഘട്ടത്തിൽ സിഥിയൻ, അലാനി, ഹൻസ്, ഖസാർ, അറബികൾ, സെൽജുക് തുർക്കികൾ, മംഗോളിയക്കാർ തുടങ്ങിയ വിവിധ ജനവിഭാഗങ്ങൾ കൊക്കേഷ്യയിൽ കുടിയേറി. ഈ അധിനിവേശങ്ങൾ ട്രാൻസ്‌കോക്കേഷ്യയിലെ തനതു ജനവിഭാഗങ്ങളുടെ സംസ്കാരത്തെ സാരമായി സ്വാധീനിച്ചു. സമാന്തരമായി മധ്യപൂർവ്വ ദേശത്തെ സ്വാധീനം ഇറാനിയൻ ഭാഷകളും ഇസ്ലാമിക മതവും കോക്കസസിൽ പ്രചരിപ്പിക്കുന്നതിനിടയാക്കി.

ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രാന്തപ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം നൂറ്റാണ്ടുകളായി രാഷ്ട്രീയ, സൈനിക, മത, സാംസ്കാരിക സ്‌പർദ്ധകളുടേയും അതിർത്തി വിപുലീകരണത്തിന്റേയും ഒരു വേദിയായിരുന്നു. ചരിത്രത്തിലുടനീളം, ഈ പ്രദേശം അക്കീമെനിഡ്, നിയോ-അസീറിയൻ സാമ്രാജ്യം, പാർത്തിയൻ, റോമൻ, സസ്സാനിയൻ, ബൈസന്റൈൻ, മംഗോൾ, ഓട്ടോമൻ തുടങ്ങിയ വിവിധ സാമ്രാജ്യങ്ങളുടേയും തുടർന്നുള്ള ഇറാനിയൻ (സഫാവിഡ്, അഫ്ഷാരിഡ്, ഖ്വജാർ), റഷ്യൻ സാമ്രാജ്യങ്ങളുടേയും നിയന്ത്രണത്തിൻ കീഴിലാകുകയും ഇവയെല്ലാം അവരുടെ വിശ്വാസങ്ങളും സംസ്കാരങ്ങളും ഈ പ്രദേശത്ത് അവതരിപ്പിക്കുകയും ചെയ്തു. ചരിത്രത്തിലുടനീളം, ട്രാൻസ്കാക്കേഷ്യ പ്രായേണ ഇറാനിലെ വിവിധ സാമ്രാജ്യങ്ങളുടെ നേരിട്ടുള്ള നിയന്ത്രണത്തിലോ ഇറാനിയൻ ലോകത്തിന്റെ ഭാഗമായ ഭരണത്തിൻ കീഴിലോ ആയിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ സാമ്രാജ്യത്വ റഷ്യയും ഖ്വജർ ഇറാനുമായുള്ള രണ്ട് റുസ്സോ-പേർഷ്യൻ യുദ്ധങ്ങളുടെ ഫലമായി ഈ പ്രദേശം (വടക്കൻ കോക്കസസിലെ ഡാഗെസ്താനിലെ പ്രദേശങ്ങൾക്കൊപ്പം) സ്ഥിരമായി റഷ്യക്കുവേണ്ടി പരിത്യജിക്കപ്പെട്ടു.

ഈ പ്രദേശത്തെ പ്രാചീന സാമ്രാജ്യങ്ങളിൽ അർമേനിയ, അൽബേനിയ, ഐബീരിയ എന്നിവ ഉൾപ്പെടുന്നു. ഈ സാമ്രാജ്യങ്ങൾ പിന്നീട് അക്കീമെനിഡ് സാമ്രാജ്യം, പാർത്തിയൻ സാമ്രാജ്യം, സസ്സാനിഡ് സാമ്രാജ്യം എന്നിവയുൾപ്പെടെ വിവിധ ഇറാനിയൻ സാമ്രാജ്യങ്ങളിൽ ഉൾപ്പെടുത്തപ്പെടുകയും  ഈ കാലഘട്ടത്തിൽ സൊറാഷ്ട്രിയൻ മതം പ്രദേശത്തെ പ്രധാന മതമായി മാറുകയും ചെയ്തു. എന്നിരുന്നാലും, ക്രിസ്തുമതത്തിന്റെ ഉയർച്ചയ്ക്കും കൊക്കേഷ്യൻ രാജ്യങ്ങളുടെ പുതിയ മതത്തിലേക്കുള്ള പരിവർത്തനത്തിനും ശേഷം സൊറാസ്ട്രിയനിസത്തിന്റെ വ്യാപനം നഷ്ടപ്പെടുകയും ഇതിന്റെ അതിജീവനം പേർഷ്യൻ ശക്തിയും സ്വാധീനവും ഈ പ്രദേശത്ത് അപ്പോഴും നിലനിന്നിരുന്നതുകൊണ്ടുമാത്രമായിത്തീരുകയും ചെയ്തു. അങ്ങനെ, ട്രാൻസ്കാക്കേഷ്യ സൈനികമായി മാത്രമല്ല, മതപരമായ ഒത്തുചേരലിന്റെയും മേഖലയായി മാറുകയും ഇത് പലപ്പോഴും ഒരുവശത്ത് പേർഷ്യൻ സാമ്രാജ്യങ്ങളുമായും (പിന്നീട് മുസ്‌ലിം ഭരിച്ച സാമ്രാജ്യങ്ങളുമായും) മറു വശത്തും റോമാ സാമ്രാജ്യവുമായും (പിന്നീട് ബൈസന്റൈൻ സാമ്രാജ്യം) കടുത്ത സംഘട്ടനത്തിന് കാരണമായിത്തീരുകയും ചെയ്തു.

ഇറാനിയൻ പാർത്തിയക്കാർ ട്രാൻസ്കാക്കേഷ്യയിൽ അർമീനിയയിലെ അർസാസിഡ് രാജവംശം, ഐബീരിയയിലെ അർസാസിഡ് രാജവംശം, കൊക്കേഷ്യൻ അൽബേനിയയിലെ അർസാസിഡ് രാജവംശം എന്നിങ്ങനെ സ്വന്തം പേരിലുള്ള നിരവധി ശാഖകൾ സ്ഥാപിച്ചിരുന്നു.

എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിൽ, അറബ്-ഖസാർ യുദ്ധങ്ങളിൽ ഉമയാദ് സൈന്യം ഡെർബെൻഡ് പിടിച്ചെടുത്തതോടെ, ട്രാൻസ്‌കോക്കേഷ്യയുടെ ഭൂരിഭാഗവും കാലിഫേറ്റിന്റെ ഭാഗമായിത്തീരുകയും ഇസ്‌ലാം ഈ പ്രദേശത്തുടനീളം വ്യാപിക്കുകയും ചെയ്തു. പിന്നീട്, ജോർജിയയിലെ ഓർത്തഡോക്സ് ക്രിസ്ത്യൻ സാമ്രാജ്യം ട്രാൻസ്കാക്കേഷ്യയുടെ ഭൂരിഭാഗത്തിലും ആധിപത്യം സ്ഥാപിച്ചു. ശേഷം സെൽജുക്, മംഗോൾ, തുർക്കിക്, സഫാവിഡ്, ഓട്ടോമൻ, അഫ്ഷാരിഡ്, ഖ്വജർ രാജവംശങ്ങൾ ഈ പ്രദേശം പിടിച്ചടക്കി.

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ രണ്ട് യുദ്ധങ്ങൾക്ക് ശേഷം, അതായത് റുസ്സോ-പേർഷ്യൻ യുദ്ധം (1804-1813), റുസ്സോ-പേർഷ്യൻ യുദ്ധം (1826-1828), റഷ്യൻ സാമ്രാജ്യം ഇറാനിയൻ ഖ്വജർ രാജവംശത്തിൽ നിന്ന് ട്രാൻസ്കാക്കേഷ്യയുടെ ഭൂരിഭാഗവും പിടിച്ചടക്കുകയും (വടക്കൻ കോക്കസസിലെ ഡാഗസ്താൻ ഉൾപ്പെടെ) ഇറാനുമായുള്ള ചരിത്രപരമായ പ്രാദേശിക ബന്ധം വിച്ഛേദിക്കുകയും ചെയ്തു. 1804-1813 ലെ യുദ്ധത്തിനുശേഷം നിലവിൽവന്ന ഗുലിസ്ഥാൻ ഉടമ്പടി പ്രകാരം, ഇന്നത്തെ ഡാഗെസ്താൻ, കിഴക്കൻ ജോർജിയ, അസർബെയ്ജാൻ റിപ്പബ്ലിക്കിന്റെ ഭൂരിഭാഗവും റഷ്യയിലേക്ക് വിട്ടുകൊടുക്കാൻ ഇറാൻ നിർബന്ധിതമായി. 1826-1828 ലെ യുദ്ധത്തിനുശേഷം നിലവിൽവന്ന തുർക്ക്മെൻചായ് ഉടമ്പടി പ്രകാരം, ഇന്നത്തെ അർമേനിയയുടെ പ്രദേശങ്ങൾ പൂർണ്ണമായും സമകാലീന അസർബൈജാനി റിപ്പബ്ലിക്കിന്റെ ഇറാന്റെ കൈവശം ബാക്കിയുണ്ടായിരുന്ന ഭാഗങ്ങളും ഇറാനു നഷ്ടപ്പെട്ടു. 1828-1829 ലെ യുദ്ധത്തിനുശേഷം, ഓട്ടോമൻ‌ സാമ്രാജ്യം പടിഞ്ഞാറൻ ജോർജിയയെ (ബടൂമിന്റെ സഞ്ജാക് എന്നറിയപ്പെട്ടിരുന്ന അഡ്‌ജാരിയ ഒഴികെ) റഷ്യക്കാർക്ക് നൽകി.

1844-ൽ, ഇന്നത്തെ ജോർജിയ, അർമേനിയ, അസർബൈജാൻ റിപ്പബ്ലിക് എന്നിവ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരൊറ്റ സാറിസ്റ്റ് ഗവൺമെന്റ് ജനറലായി കൂട്ടിച്ചേർക്കുകയും ഇതിനെ 1844-1881, 1905-1917 വർഷങ്ങളിൽ വൈസ് റോയൽറ്റി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. 1877-78 ലെ റുസ്സോ-ടർക്കിഷ് യുദ്ധത്തെത്തുടർന്ന്, റഷ്യ ഓട്ടോമൻ‌ സാമ്രാജ്യത്തിൽനിന്ന് കാർസ്, അർദഹാൻ, അഗ്രി, ബറ്റുമി എന്നിവ കീഴടക്കി ഈ യൂണിറ്റിൽ കൂട്ടിച്ചേർക്കുകയും ട്രാൻസ്‌കോക്കസസിലെ ഏറ്റവും തെക്കുപടിഞ്ഞാറുള്ള പ്രദേശമായ കാർസ് ഒബ്ലാസ്റ്റ് പ്രവിശ്യ സ്ഥാപിക്കുകയും ചെയ്തു.

1918 ൽ റഷ്യൻ സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, 1918 ഏപ്രിൽ 9 മുതൽ 1918 മെയ് 26 വരെ ട്രാൻസ്കാക്കേഷ്യൻ ഡെമോക്രാറ്റിക് ഫെഡറേറ്റീവ് റിപ്പബ്ലിക് ആയും 1922 മാർച്ച് 12 മുതൽ 1936 ഡിസംബർ 5 വരെ ട്രാൻസ്കാക്കേഷ്യൻ സോഷ്യലിസ്റ്റ് ഫെഡറേറ്റീവ് സോവിയറ്റ് റിപ്പബ്ലിക് ആയും ട്രാൻസ്കാക്കേഷ്യൻ പ്രദേശം രണ്ടുതവണ ഒരൊറ്റ രാഷ്ട്രീയ സ്ഥാപനമായി ഏകീകരിക്കപ്പെട്ടിരുന്നുവെങ്കിലും ഓരോ തവണയും അർമേനിയ, അസർബൈജാൻ, ജോർജിയ എന്നീ പ്രത്യേക റിപ്പബ്ലിക്കുകളായി പിരിച്ചുവിടപ്പെടുകയും ചെയ്തു.

2008 ഓഗസ്റ്റിൽ, റുസ്സോ-ജോർജിയൻ യുദ്ധം ട്രാൻസ്കാക്കേഷ്യയിലുടനീളം വ്യാപിക്കുകയും ഇത് മതങ്ങളുടേയും (പ്രധാനമായും മുസ്‌ലിം, ഓർത്തഡോക്സ് ക്രിസ്ത്യൻ) വംശീയ-ഭാഷാ ഗ്രൂപ്പുകളുടേയും സങ്കീർണ്ണമായ മിശ്രണം കാരണം അത്യന്തം സങ്കീർണ്ണമായ മിഡിൽ ഈസ്റ്റിനെപ്പോലെപ്പോലെയുള്ള ഒരു പ്രദേശത്ത് കൂടുതൽ അസ്ഥിരതയുണ്ടാക്കുന്നതിനു കാരണമായി.

അവലംബം[തിരുത്തുക]

  1. "Caucasus". The World Factbook. Library of Congress. May 2006. Retrieved 7 July 2009.
  2. Mulvey, Stephen (16 June 2000). "The Caucasus: Troubled borderland". News. BBC. Retrieved 1 July 2009. "The Caucasus Mountains form the boundary between West and East, between Europe and Asia..."
  3. Solomon Ilich Bruk. "Transcaucasia". Encyclopædia Britannica. Retrieved 3 December 2014.
"https://ml.wikipedia.org/w/index.php?title=ട്രാൻസ്‍കൊക്കേഷ്യ&oldid=3696226" എന്ന താളിൽനിന്ന് ശേഖരിച്ചത്