Jump to content

അഗേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അഗേറ്റ്
Moss agate pebble, 2.5 cm (1 inch) long
General
CategoryQuartz variety
Formula
(repeating unit)
Silica, SiO2
Identification
നിറംWhite to grey, light blue, orange to red, black.
Crystal habitCryptocrystalline silica
Crystal systemRhombohedral Microcrystalline
CleavageNone
FractureConchoidal with very sharp edges.
മോസ് സ്കെയിൽ കാഠിന്യം7
LusterWaxy
StreakWhite
Specific gravity2.58-2.64
അപവർത്തനാങ്കം1.530-1.540
Birefringenceup to +0.004 (B-G)
PleochroismAbsent

വർണതന്തുക്കളാൽ ആകർഷകമായ ഒരിനം വെണ്ണക്കല്ല്; ക്വാർട്ട്സിന്റെ ഒരു വകഭേദമാണ് അഗേറ്റ്. അഗേറ്റിന്റെ ഭൗതിക ഗുണങ്ങൾ മൂലധാതുവായ ക്വാർട്ട്സിന്റേതിൽനിന്നും ഭിന്നമല്ല. കാഠിന്യം: 7; ആ. ഘ: 2.65. ധൂളീരൂപത്തിലുള്ള ക്വാർട്ട്സും നാനാവർണങ്ങളിലുള്ള ചെർട്ടും ഒന്നിടവിട്ട് അടുക്കുകളായി ചേർന്നു കാണപ്പെടുന്നു. ഇവയെ ചീളുകളായി അടർത്തി മാറ്റാം.

വിവിധയിനങ്ങൾ

[തിരുത്തുക]

വർണരേഖകളുടെ രൂപഭേദം അനുസരിച്ച് അഗേറ്റുകളെ വിവിധ ഇനങ്ങളായി തിരിക്കാം. മേഘഛായകലർന്ന വെളുപ്പിലും കൃഷ്ണവർണത്തിലും മറ്റുമുള്ള പാളികൾ ഒന്നിടവിട്ടു കാണുന്ന ഇനമാണ് ഒണിക്സ് (Onyx). പരിച്ഛേദത്തിൽ സമാന്തരമായി പ്രത്യക്ഷപ്പെടുന്ന ഋജുവർണരേഖകളുള്ളവയാണ് റിബൻഡ് അഗേറ്റ് (Riband agate). കറുപ്പും തവിട്ടുമായ വർണതന്തുക്കൾ പർണസിരകളെപ്പോലെ വ്യാപിച്ചു കാണുന്ന വെണ്ണക്കല്ലാണ് മോച്ചാസ്റ്റോൺ (Mocha stone). മോസ്സ് അഗേറ്റിൽ പായലിന്റേതുപോലെ പടർന്ന പച്ചനിറം കാണുന്നു. വൃത്താകാരത്തിൽ വർണപ്പട്ടകളുള്ള റിംഗ് അഗേറ്റ് (Ring agate) ഇക്കൂട്ടത്തിൽ ഏറ്റവും മനോഹരമാണ്.

കണ്ടുവരുന്ന ഇടങ്ങൾ

[തിരുത്തുക]

മിക്കവാറും എല്ലാ പ്രദേശങ്ങളിലും സുലഭമായി കണ്ടുവരുന്ന ധാതുവാണ് അഗേറ്റ്. ലാവാപ്രവാഹങ്ങൾക്കിടയിലെ വിദരങ്ങളിലാണ് ഇവ സാധാരണയായി രൂപംകൊള്ളുന്നത്. തണുത്തുറയുന്ന ലാവ ഘനീഭവിക്കുന്നതിനുമുമ്പ് അതിലടങ്ങിയിരിക്കുന്ന ബാഷ്പങ്ങൾ കുമിളിച്ച് ഘനീകൃതശിലകൾക്കിടയിൽ വിദരങ്ങൾ സൃഷ്ടിക്കുന്നു. ഇവയിൽ ഉറഞ്ഞുകൂടുന്ന സിലികാമയജലം ചുറ്റുമുള്ള ശിലകളിലെ ആയസവസ്തുക്കളുമായി പ്രതിപ്രവർത്തിച്ച് ഇരുമ്പിന്റെ ലവണങ്ങൾ ഉത്പാദിപ്പിക്കുന്നു. കുഴമ്പുപരുവത്തിലുള്ള സിലികയിൽ ഈ ലവണങ്ങൾ വിസരിച്ചശേഷം ഉണ്ടാകുന്ന ഇരുമ്പിന്റെ ഹൈഡ്രോക്സൈഡുകളാണ് വർണ പാളികകളായിത്തീർന്ന്, അഗേറ്റിന്റെ അവസ്ഥിതിക്ക് നിദാനമാകുന്നത്.

വർണവൈചിത്ര്യംകൊണ്ട് അത്യാകർഷകങ്ങളായ ആഭരണങ്ങളുണ്ടാക്കാൻ അഗേറ്റുകൾ ഉപയോഗിച്ചുവരുന്നു. ശാസ്ത്രോപകരണങ്ങൾ, അലങ്കാരസാധനങ്ങൾ, മെഡലുകൾ, ചാണകൾ, കുടക്കാലുകൾ എന്നിവയും ഇവകൊണ്ടു നിർമ്മിക്കപ്പെടുന്നു.

അമേരിക്കയിലും ഇന്ത്യയിലും

[തിരുത്തുക]

ഏറ്റവും കൂടുതൽ അഗേറ്റ് ലഭിക്കുന്നത് തെക്കേ അമേരിക്കയിൽനിന്നാണ്. ദക്ഷിണേന്ത്യൻ പീഠപ്രദേശത്തെ ബസാൾട്ട് ശിലാശേഖരങ്ങൾക്കിടയിൽ ഇത് ധാരാളമായി കാണപ്പെടുന്നു. ഗോദാവരി, കൃഷ്ണ, നർമദ എന്നീ നദികളുടെ തടങ്ങളിൽ നിന്നും ധാരാളമായി ശേഖരിച്ചുവരുന്നു. ഇന്ത്യയിലെ അഗേറ്റ് വ്യവസായം വളരെ പഴക്കമുള്ളതാണ്. ഗുജറാത്തിലെ ക്യാംബെ, രാജ്പിപ് ലാ പ്രദേശങ്ങളാണ് ഇന്ത്യയിൽ ഇതിന്റെ കേന്ദ്രം. മധ്യപ്രദേശിലെ ജബൽപൂർ ജില്ലയും, ഉത്തർപ്രദേശിലെ ബാന്ദ്ര, വാരാണസി എന്നീ ജില്ലകളുമാണ് മറ്റു കേന്ദ്രങ്ങൾ.

അഗേറ്റ് കൃത്രിമമായും ഉത്പാദിപ്പിച്ചുവരുന്നു. സരന്ധ്രങ്ങളായ അഗേറ്റുകളിൽ രാസപരമായി നിറം കലർത്തുന്നതും സാധാരണമാണ്. അടുക്കുകളുടെ സ്വഭാവവ്യത്യാസമനുസരിച്ചു നിറങ്ങൾ പടർന്നുകയറുന്നതോടെ ഇവയുടെ ആകർഷകത്വം കൂടുന്നു.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അഗേറ്റ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അഗേറ്റ്&oldid=4078453" എന്ന താളിൽനിന്ന് ശേഖരിച്ചത്