വി. ദക്ഷിണാമൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സംഗീത സരസ്വതി
വി. ദക്ഷിണാമൂർത്തി
ജീവിതരേഖ
ജനനനാമം വെങ്കിടേശ്വര ദക്ഷിണാമൂർത്തി.
അറിയപ്പെടുന്നത് ഈ പേരിലും സ്വാമി
സ്വദേശം ആലപ്പുഴ, കേരളം, ഇന്ത്യ
സംഗീതശൈലി കർ‍ണ്ണാടിക് സംഗീതം
തൊഴിലുകൾ സംഗീത സംവിധായകൻ
ഉപകരണം ഹാർമോണിയം,
സജീവമായ കാലയളവ് 1950 - മുതൽ ഇതുവരെ

പ്രസിദ്ധനായ കർണ്ണാടക സംഗീതജ്ഞനും, ചലച്ചിത്ര സംഗീതസംവിധായകനുമാണ് വി. ദക്ഷിണാമൂർത്തി (ജനനം: 1919 ഡിസംബർ 22). മലയാളം, തമിഴ്, ഹിന്ദി, എന്നീ ഭാഷകളിൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട് എങ്കിലും, കൂടുതലായും മലയാളത്തിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഏകദേശം 125-ഓളം ചലച്ചിത്രങ്ങളിൽ ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്.

ഉള്ളടക്കം

ജീവിതരേഖ [തിരുത്തുക]

പാർവ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബർ 22-ന് ആലപ്പുഴയിലാണ് ദക്ഷിണാമൂർത്തി ജനിച്ചത്. ദക്ഷിണാമൂർത്തിക്ക് ചെറുപ്പം മുതൽക്കേ സംഗീതത്തിൽ ഉള്ള താത്പര്യം മൂലം, ഇദ്ദേഹത്തിന്റെ അമ്മ തന്നെയാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ ഇദ്ദേഹത്തിന് പഠിപ്പിച്ച് കൊടുത്തത്. ത്യാഗരാജ സ്വാമികളുടെ കീർത്തനങ്ങളും മറ്റും ചെറുപ്പത്തിൽ തന്നെ ദക്ഷിണാമൂർത്തി മനസ്സിലാക്കിയിരുന്നു. പത്താം ക്ലാസ്സിനു ശേഷമാണ് ദക്ഷിണാമൂർത്തി കർണ്ണാടിക് സംഗീതം അഭ്യസിക്കുന്നത്. തിരുവനന്തപുരത്തുള്ള വെങ്കിടാചലം പോറ്റി ആയിരുന്നു ഇദ്ദേഹത്തിന്റെ ഗുരു. പിന്നീട് കർണ്ണാടിക് സംഗീതത്തിൽ കൂടുതൽ അറിവ് നേടുകയും, ഇതിൽ വിദഗ്ദ്ധനാവുകയും ചെയ്തു.

കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവ്വഹിച്ചത്. കെ. ജെ. യേശുദാസിന്റെ പിതാവായ അഗസ്റ്റിൻ ജോസഫായിരുന്നു ഈ ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ഒരു ഗാനവും അഗസ്റ്റിൻ ജോസഫ് പാടുകയുണ്ടായി. യേശുദാസിനും, യേശുദാസിന്റെ മകൻ വിജയ് യേശുദാസിനും ദക്ഷിണാമൂർത്തിയുടെ ഗാനങ്ങൾ പാടാൻ അവസരം ലഭിച്ചിട്ടുണ്ട്.

പ്രശസ്ത ചലച്ചിത്ര, സീരയൽ സംവിധായകൻ ശ്രീകുമാരൻ തമ്പി രചിച്ച ധാരാളം ഗാനങ്ങൾക്കും ദക്ഷിണാമൂർത്തി ഈണം പകർന്നിട്ടുണ്ട്. വിശ്വപ്രസിദ്ധ സംഗീത സംവിധായകൻ എ. ആർ. റഹ്മാന്റെ പിതാവ് ആർ. കെ. ശേഖർ കുറച്ച് ചിത്രങ്ങളിൽ ദക്ഷിണാമൂർത്തിയുടെ സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണാമൂർത്തി പ്രശസ്തരായ പല ഗായകരുടേയും, സംഗീത സംവിധായകരുടേയും ഗുരുവും കൂടിയായിരുന്നു. പി. ലീല, പി. സുശീല, കല്ല്യാണി മേനോൻ, ഇളയരാജ തുടങ്ങിയവർ ഇവരിൽ ചിലരാണ്.[1]

സംഗീത സംവിധാന മേഖലയിൽ നിന്നും വിരമിച്ചു എങ്കിലും, ശാസ്ത്രീയസംഗീതരംഗത്ത് ഇദ്ദേഹം ഇപ്പോഴും സജീവമാണ്.[2] 2008-ൽ തന്റെ 90-ആം വയസ്സിലും ഇദ്ദേഹം ഒരു ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിർവ്വഹിച്ചു. മിഴികൾ സാക്ഷി ആയിരുന്നു ഈ ചിത്രം. ഇതിലെ 4 ഗാനങ്ങളാണ് ദക്ഷിണാമൂർത്തിയുടെ സൃഷ്ടിയിൽ പിറന്നത്.

പുരസ്കാരങ്ങൾ [തിരുത്തുക]

  • 1971-ൽ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസർക്കാറിന്റെ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.[3]
  • 1998-ൽ ജെ.സി.ഡാനിയൽ പുരസ്‌കാരം.[3]
  • 2003-ൽ ബാംഗ്ലൂരിൽ വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്റെ കൈകളിൽ നിന്ന് 'സംഗീത സരസ്വതി' പുരസ്കാരം ലഭിച്ചു.
  • 2013-ൽ സ്വാതിതിരുനാൾ പുരസ്‌കാരം.[3]

അവലംബം [തിരുത്തുക]

  1. The Hindu - Down music lane
  2. The Hindu - Choice Dakshinamoorthy fare
  3. 3.0 3.1 3.2 "സ്വാതിതിരുനാൾ പുരസ്‌കാരം ദക്ഷിണാമൂർത്തിക്ക്‌". മാതൃഭൂമി. ഏപ്രിൽ 23, 2013. ശേഖരിച്ചത് ഏപ്രിൽ 23, 2013. 

പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]

"http://ml.wikipedia.org/w/index.php?title=വി._ദക്ഷിണാമൂർത്തി&oldid=1736513" എന്ന താളിൽനിന്നു ശേഖരിച്ചത്