കഞ്ചാവ്
| കന്നബിസ് | |
|---|---|
| കന്നബിസ് ഇൻഡിക്ക | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Rosales |
| കുടുംബം: | Cannabaceae |
| ജനുസ്സ്: | Cannabis L. |
| Species | |
|
Cannabis sativa L. |
|
കന്നബിസ് (ലാറ്റിൻ ഭാഷയിൽ നിന്ന് ഉത്ഭവം) ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ് കഞ്ചാവ്. കന്നബിസ് ഇൻഡിക്ക, കന്നബിസ് സറ്റൈവ, കന്നബിസ് റുഡെറലിസ് എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു ഈ ചെടി കൂടുതൽ കാണപ്പെടുന്നത് ഏഷ്യ ഭൂഖണ്ഡത്തിലാണ്. ഇത് ഒരു ഔഷധമായും ലഹരി പദാർത്ഥമായും ഉപയോഗിക്കുന്നു.
ഉള്ളടക്കം |
പേരിനുപിന്നിൽ [തിരുത്തുക]
കന്നാബിസ് ഇൻഡിക്ക എന്ന കഞ്ചാവ് ചെടിയെ സംസ്കൃതത്തിൽ ഗഞ്ചിക എന്നാണ് വിളിക്കുന്നത്. നേപ്പാളിലും മറ്റും ഇത് ഗഞ്ചാ ആണ്. ഇവയിൽ നിന്നാണ് മലയാളത്തിലെ കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്.
ചരിത്രം [തിരുത്തുക]
കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യയിലെ 'ഇൻഡോആര്യന്മരും' പിന്നെ ഹഷാഷിനുകളുമായിരുന്നു. പല പുരാതന ആയുർവ്വേദഗ്രന്ഥങ്ങളിലും കഞ്ചാവ് മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തിൽ ഈ ചെടി പല താന്ത്രിക മാന്ത്രിക ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന ലഹരിക്ക് ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. സോമ എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന ചൈനയിലും ഈജിപ്റ്റിലും ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന് പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ[1]ഇൻഡോ-ആര്യന്മാരിൽ നിന്ന് അസ്സീറിയന്മാർ സൈത്യരും ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവർക്കിടയിലെ ഷാമാൻ എന്ന വൈദ്യ-പുരോഹിതന്മാർ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.
രസതന്ത്രം [തിരുത്തുക]
കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ (ടി എച് സി) എന്ന തന്മാത്രയാണ്. കൃത്രിമതന്മാത്രകളും പഠന വിധേയമായിട്ടുണ്ട്. കഞ്ചാവിലെ മറ്റ് സജീവഘടകങ്ങൾ തഴെപ്പറയുന്നവയാണ്.
- ടെട്രഹൈഡ്രോ കന്നബിവറിൻ (ടി.എച്.കെ.)
- കന്നബിഡിയോൾ
- കന്നബിനോൾ
- കന്നബിവറിൻ
- കന്നബിഡിവറിൻ
- കന്നബിനോളിക് അമ്ലം
ഇവയിൽ ടി.എച്ച്.കെ. മാത്രമാണ് ടി.എച്ച്.സി.ക്കു പുറമേ മനോനിലയെ ബാധിക്കുന്ന തന്മാത്ര. മറ്റ് തന്മാത്രകൾക്ക് പ്രത്യക്ഷമായ ഗുണവിശേഷങ്ങൾ ഒന്നുമില്ലെങ്കിലും ടി.എച്ച്.സി.യുടേയും ടി.എച്ച്.കെ.യുടേയും പ്രവർത്തനങ്ങൾക്ക് അവ അത്യാവശ്യമാണ്. ഈ പരസ്പരപ്രവർത്തനത്തെപ്പറ്റി കൂടുതൽ അറിവുകൾ ലഭിച്ചിട്ടില്ല.
പെൺചെടിയുടെ പൂക്കളിലും നാമ്പുകളിലും ഉണ്ടാകുന്ന കറയിലാണ്(ഹാഷിഷ്) ഇത് ഏറ്റവുമധികം കാണുന്നത്. ചെടിയുടെ ഉണങ്ങിയ ഇലകളിൽ നിന്നുൽപാദിപ്പിക്കുന്ന ഭാങ്ക്, തളിരിലകളും പൂക്കളും മൊട്ടുകളും അവയുടെ കറയും ചേർന്ന ഗഞ്ചാ തുടങ്ങിയവയിൽ ടെട്രഹൈഡ്രോ കന്നബിനോൾന്റെ അളവ് താരതമ്യേന കുറവാണ്.
രസാദി ഗുണങ്ങൾ [തിരുത്തുക]
- രസം :തിക്തം
- ഗുണം :ലഘു, തീക്ഷ്ണം, രൂക്ഷം
- വീര്യം :ഉഷ്ണം
- വിപാകം :കടു[2]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
ഇല, കയ്, വിത്ത്, കറ[2]
ഔഷധ ശാസ്ത്രം [തിരുത്തുക]
സി ബി 1ഉം സി ബി 2ഉം ആണ് ടി എച് സി/ടി എച് കെ തന്മാത്രകളെ സ്വീകരിക്കുവാൻ കഴിവുള്ള റിസെപ്ടറുകൾ. ഇവ തലച്ചോറിൽ മിക്കവാറും എല്ലാ ഭാഗങ്ങളിലും ശരീരത്തിലാകെയും കാണുന്നു. സി ബി 1 പ്രധാനമായും തലച്ചോറിലും, സി ബി 2 പ്രധാനമായും പ്രധിരോധ വ്യൂഹത്തിലുമാണ് കാണുന്നത്. ഈ തന്മാത്രകൾ നാഡികളിലൂടെയുള്ള വേദന സംപ്രേക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് ഇതിന് വേദന സംഹാര ശേഷിയുള്ളത്. തലച്ചോറിൽ ഈ റിസെപ്റ്ററുകൾ അധികമായി കാണുന്നത് ബേസൽ ഗാങ്ക്ലിയ(ചലന നിയന്ത്രണം), സെറിബെല്ലം (ചലന ഏകോപനം), ഹിപ്പോകേംപസ് (പഠനം, ഓർമ്മ, സമ്മർദ്ദ നിയന്ത്രണം), സെറിബ്രൽ കോർട്ടെക്സ് (ഉന്നത നിരീക്ഷണ ബോധവുമായി ബന്ധപ്പെട്ട) എന്നിവിടങ്ങളിലാണ്.
ടെട്രഹൈഡ്രോ കന്നബിനോൾ ധൂമമായി ഉപയോഗിക്കുമ്പോൾ ശ്വാസകോശത്തിൽ നിന്ന് വളരെ വേഗത്തിൽ ആഗിരണം ചെയ്യപ്പെടുകയും ശരീരത്തിൽ അതിന്റെ പ്രവർത്തന ഫലങ്ങൾ ഏതാനും നിമിഷങ്ങൾക്കകം തന്നെ പ്രത്യക്ഷമാവുകയും, അത് 2-3 മണിക്കൂർ നിലനിൽക്കുകയുംചെയ്യുന്നു. അതേസമയം ഇത് ആമാശയത്തിലെത്തിയാൽ, അതിന്റെ ഫലങ്ങൾ 30 മിനുട്ടിനും 2 മണിക്കൂറിനും ഇടയ്ക്ക് കണ്ടു തുടങ്ങുന്നു.
നാഡി മിടിപ്പ് വേഗത്തിലാവുക, കണ്ണുകൾ ചുവന്നു തുടുക്കുക, രക്ത സമ്മർദ്ദം കുറയുക, മാംസപേശികളുടെ ബലക്ഷയം, അമിത വിശപ്പ് മുതലായവയാണ് പ്രാമാണികമായി ശരീരത്തിലുണ്ടാകുന്ന വ്യത്യാസങ്ങൾ.
ഉപയോഗങ്ങൾ [തിരുത്തുക]
ചികിത്സാപരമായി ടെട്ര ഹൈഡ്രോകന്നബിനോൾ വേദനസംഹാരി, ഛർദ്ദി നിവാരിണി, പേശിവലിവ്, അപസ്മാര ചികിത്സ, വിശപ്പില്ലായ്മ, മാനസിക സമ്മർദ്ദം മുതലായവയ്ക്കൊക്കെ ഉപയോഗിക്കാം. എങ്കിലും, ഈ അസുഖങ്ങൾ ചികിത്സിക്കുവാൻ സുരക്ഷിതമായ മറ്റു ഔഷധങ്ങളുടെ ലഭ്യതയും, കന്നബിനോളുകളുടെ ദുരുപയോഗ സാധ്യതകളെയും മാനിച്ച് ടെട്രഹൈഡ്രോ കന്നബിനോൾ ചുരുക്കം ചില അവസ്ഥകളിലൊഴിച്ച് ഇപ്പോൾ ഉപയോഗിക്കാറില്ല.
ദുരുപയോഗം [തിരുത്തുക]
ഈ മരുന്ന് കേന്ദ്ര നാഡീവ്യൂഹത്തിൽ വരുത്തുന്ന ഫലങ്ങളാണ് ഇതിനെ ഒരു ലഹരി പദാർഥമായി ഉപയോഗിക്കുവൻ പ്രേരിപ്പിക്കുന്നത്. അത് തുടക്കത്തിൽ കൃതൃമമായ ഒരു മനഃ സുഖം പ്രദാനം ചെയ്യുകയും അതിനെ തുടർന്നുണ്ടാകുന്ന മയക്കവും സ്വപ്ന അവസ്ഥയും അതുപയോഗിക്കുന്നയാൾക്ക് വൈകാരിക ഉദ്ദീപനവും ആന്തരിക സുഖവും പ്രദാനം ചെയ്യുന്നു. പൊതുവെ ആഹ്ലാദ ഭരിതരായി കാണുന്ന ഇവർ വളരെ ചെറിയ പ്രേരണകൾ മൂലം അനിയന്ത്രിതമായി ചിരിക്കുന്നു. ഇവർക്ക് ആക്രമണ മനോഭാവം തീരെ കാണില്ല. സമയബോധം വ്യത്യാസപ്പെടുകയും, ഏകാഗ്രത നഷ്ടപ്പെടുകയും, കേഴ്‌വി ശക്തി അതികൂർമ്മമാവുകയുംചെയ്യുന്നു. കാഴ്ച്ച പലപ്പോഴും വക്രതയുള്ളതാകും. വിശപ്പു വർദ്ധിക്കുന്നത്നുപുറമെ ഭക്ഷണത്തിന്റെ രുചിയും മണവും കൂടുതൽ ആസ്വദിക്കുവാൻ സാധിക്കുന്നു. തുടർച്ചയായുള്ള കന്നബിനോൾ ഉപയോഗം ഓർമ്മ, അവബോധം,മാനസിക ആവിഷ്കാരങ്ങൾ മുതലായവയെ പ്രതികൂലമായി ബാധിക്കുന്നു.
ചിത്രശാല [തിരുത്തുക]
- കഞ്ചാവ് ചിത്രങ്ങൾ
അവലംബം [തിരുത്തുക]
- ↑ ഗൂഗിൾ ബുക്സിൽ നിന്ന്
- ↑ 2.0 2.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- R S Satoskar, Pharmacology and pharmacotherapeutics, 13th ed.
- Pertwee R (1997). "Pharmacology of cannabinoid CB1 and CB2 receptors". Pharmacol. Ther. 74 (2): 129-80. PMID 9336020