ഒടിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒടിയൻ
ചിഹ്നംസാധാരണയായി കാള, പോത്ത്, കുറുനരി എന്നിവ

ഒടിയൻ എന്ന പദം പഴയകാലത്ത് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ ഒടിവിദ്യ ഉപയോഗിച്ച് ആളുകളെ ഭയപ്പെടുത്തി കൊല്ലാൻ കഴിവുണ്ടായിരുന്നുവെന്ന് വാദിക്കുന്ന ഒരു വിഭാഗം ആളുകളെ നിർവ്വചിക്കുവാനാണ് ഉപയോഗിച്ചിരുന്നത്. കേരളത്തിൽ നിലനിന്നിരുന്ന ഒരു ഐതിഹ്യ കഥാപാത്രമാണ് ഒടിയൻ. രാത്രി ഇടവഴികളിൽ പതിയിരിക്കുന്ന പാതി മനുഷ്യൻ പാതി മൃഗം എന്നതു പോലെയാണ് ഒടിയൻ പ്രത്യക്ഷപ്പെടുന്നത്. ചില പ്രത്യേക പച്ചമരുന്നുകൾ ശരീരത്തിൻറെ പ്രത്യേക ഭാഗങ്ങളിൽ പുരട്ടി മന്ത്രമുച്ചരിക്കുന്നതനുസരിച്ച് ഒടിയൻ കാള, പോത്ത്, നരി അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന രൂപം ഏതാണോ അതിലേയ്ക്കു സന്നിവേശിക്കുന്നതായി പറയപ്പെടുന്നു.[1] വിവസ്ത്രനായി ശുദ്ധിയോടെ ചെയ്താലാണ് ഈ പ്രവർത്തിക്കു പൂർ‌ണ്ണമായ ഫലപ്രാപ്തി കൈവരുന്നതെന്ന് ഒടിമറിയുന്നവർ വിശ്വസിച്ചിരുന്നു.

പാണൻ, പറയൻ സമുദായങ്ങളിൽപ്പെട്ടവരായിരുന്നുവത്രേ ഒടിയൻമാരായി സേവനം അനുഷ്ഠിച്ചിരുന്നത്. ശാസ്ത്രീയമായ അടിസ്ഥാനങ്ങളും തെളിവുകളും ഇതിനിന്നില്ലെങ്കിലും, ഒരുകാലത്ത് നടോടിക്കഥകളുടെയും, അന്ധവിശ്വാസങ്ങളുടെയും അവിഭാജ്യ ഘടകമായിരുന്നു ഒടിയൻ. നിലാവുള്ള രാത്രികളിൽ ഇവർ രൂപം മാറി പോത്തായോ കല്ലായോ നരിയായോ കാളകളായോ ഒക്കെ നടക്കുമെന്നും, അപ്പോൾ ഇവരെ കണ്ടുമുട്ടുന്നവർ ഭയപ്പെട്ട് രോഗാതുരരായി മാറുമെന്നും കഥകൾ പ്രചരിച്ചിരുന്നു. ഒടിവിദ്യ എന്ന മിത്ത് ഇരുപതാം നൂറ്റാണ്ടിന്റെ പകുതി വരെ നിലനിന്നിരുന്നുവെന്ന വിശ്വസിക്കുന്നു. ഇത് പ്രയോഗിക്കുന്ന ആൾ ശത്രുവിനെ അവരറിയാതെ തന്നെ വക വരുത്തുകയാണ് ചെയ്തിരുന്നത്.

ആമുഖം[തിരുത്തുക]

പണ്ടുകാലത്ത് നാട്ടിൻപുറങ്ങളിൽ ഇരുളിൻറെ മറവിൽ ഒടിവിദ്യ പ്രയോഗിച്ച് ആളുകളെ അപായപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്തിരുന്നവരാണ് ഒടിയന്മാർ. ഒടിവിദ്യ സ്വായത്തമാക്കിയ ഏതു സമുദായത്തിൽപ്പെട്ടവർ‌ക്കും ഇതു ചെയ്യാൻ സാധിക്കുമെങ്കിലും സർവ്വസാധാരണയായി പാണൻ, പറയ സമുദായങ്ങളിൽപ്പെട്ടവരാണ് ഈ സേവനം അനുഷ്ടിക്കാറുണ്ടായിരുന്നത്. ഒടിയൻറെ അസ്തിത്വത്തിന് ഉപോദ്ബലകമായ ശാസ്ത്രീയ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല എന്നുള്ളതാണ് സത്യം. നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും രൂഢമൂലമായിരുന്ന പഴയ കാലഘട്ടത്തിലെ വാമൊഴികളിലൂടെയുമാണ് ഒടിയൻറ കഥ പ്രചുര പ്രചാരം നേടിയത്. മറുത, മാടൻ, യക്ഷി എന്നിവരൊക്കെ മനുഷ്യമനസ്സിൽ ഭീതി സൃഷ്ടിച്ചിരുന്ന അതേ കാലഘട്ടത്തിലാണ് മനുഷ്യ കുലത്തിൽ നിന്നൊരു ഭീകരൻ ജനമനസുകളിൽ ഭയത്തിൻറെ തരംഗങ്ങൾ സൃഷ്ടിക്കുന്നത്. മാടൻ , മറുത , കുട്ടിച്ചാത്തൻ, പിശാച് എന്നിവയൊക്കെ പോലെ ദുര്മന്ത്രവാദത്തിന്റെ ഒരു വേറിട്ട മുഖമാണ് ഒടിയനെന്നു നിസ്സംശയം പറയാവുന്നതാണ്.

ഒടിയൻമാർ പ്രയോഗിക്കുന്ന അതിശക്തമായ മാന്ത്രികവിദ്യ ശരിയായി ഫലിക്കണമെങ്കിൽ എതിരാളി ജനിച്ച വർഷം, ദിനം, ജൻമനക്ഷത്രം തുടങ്ങിയ കാര്യങ്ങൾ ഒടിവിദ്യ ചെയ്യുന്നവർ മനസ്സിലാക്കിയിരിക്കമെന്നാണ്. ഇക്കാര്യങ്ങൾ മനസ്സിലാക്കി ഒടിവിദ്യയിലെ പ്രധാന മന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ഒരു ചുള്ളിക്കമ്പ് ഒടിച്ചാൽ എതിരാളിയുടെ നട്ടെല്ലു തകർന്ന് അയാൾ മരിക്കുമെന്നാണ് ഒടിവിദ്യയുടെ ഒരു പ്രത്യേകതയായി പറയപ്പെടുന്നത്.

ഒടിയന്മാർക്ക് ആക്രമിക്കാനോ കൊല്ലാനോ സാധിക്കാത്തവ തരത്തിലുള്ള പ്രബലരായ അല്ലെങ്കിൽ മെയ്‍വഴക്കമുള്ള കളരി അഭ്യസികളായ ശത്രുക്കളെ കൈകാര്യം ചെയ്യുവാൻ നിയോഗിക്കപ്പെട്ടിരുന്ന അതിവിദഗ്ദ്ധനായ ഒടിയനെ “വെള്ളൊടികൾ” എന്നാണ് വിളിച്ചിരുന്നത്. ഇവർ നടത്തുന്ന ഒടി വിദ്യയിൽനിന്ന് ഇരകൾക്ക് കളരി ചികിത്സകളിലൂടെയോ മറുവൊടിയിലൂടെ രക്ഷപ്പെടാനുള്ള അനതിവിദൂരമായ സാധ്യതപോലും ഉണ്ടായിരുന്നില്ല. സുഗന്ധം ചേർത്ത മയക്ക് മരുന്ന് മണപ്പിച്ച് മയക്കിയ ശേഷം കഴുത്തൊടിച്ചു കൊലപ്പെടുത്തിയിരുന്ന ഒരു രീതിയുമുണ്ടായിരുന്നു. കൊലപ്പെടുത്തേണ്ട ആളെ നിരന്തരം നിരീക്ഷിച്ച് സ്ഥിരമായി പോകുന്ന വഴിയിൽവച്ച് ഈ മയക്ക് മരുന്ന് മണപ്പിക്കുകയും പിന്നെ വലിച്ച് കൊണ്ട് പോയി മരച്ചില്ലകളുടെയോ വേരുകളുടേയോ ഇടയിൽ തല കയറ്റി വെച്ച് ശരീരം തിരിച്ച് കഴുത്ത് ഒടിക്കുന്നതുമാണ് ഒടിയൻറെ ഒരു രീതി.

ഏകദേശം 40, 50 വർഷങ്ങൾക്കുമുമ്പുവരെയാണ് എതിരാളികളെ ഭയപ്പെടുത്തി ഇല്ലായ്മ ചെയ്തിരുന്ന ആ കറുത്ത കാലം നിലവിലുണ്ടായിരുന്നതെന്നു പറയാം. ഇത് മാന്ത്രികതയാലും അനുഷ്ഠാനങ്ങളാലും പ്രാപ്യമായ നിലയിലുള്ളതും ഒറ്റപ്പെട്ട കൊലപാതകങ്ങൾ നടത്തുകയും നടത്തുക എന്ന ലക്ഷ്യം മുൻനിറുത്തിയുമുള്ളതുമായിരുന്നു. ഒടി മറിയുക എന്നാൽ വേഷപ്രശ്ചന്നനാകുക എന്നാണ് അർത്ഥമാക്കുന്നത്. അമാവാസികളിൽ ഇവർ കാളകൾ, പോത്തുകൾ തുടങ്ങിയ മൃഗങ്ങളായി രൂപമാറ്റം നടത്തുമെന്നും ആ സമയത്ത് ഇവരെ കണ്ടുമുട്ടുന്നവർപോലും ഭയപ്പെടുകയും രോഗഗ്രസ്തരാവുകയും ചെയ്യാറുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു. മരണപ്പെടുന്നവരുടെ കഴുത്ത് ഒടിഞ്ഞിരുന്നതിനാലാണ് ഒടിയൻ എന്ന പേര് വന്നത് എന്നും അനുമാനിക്കപ്പെടുന്നു. ഒടിയൻമാരുടെ ശല്ല്യം ഏറ്റവും കൂടുതലായി അനുഭവപ്പെട്ടിരുന്നത് പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായിരുന്നു. മലപ്പുറം ജില്ലയിലെ പുലാമന്തോൾ, വിളയൂർ ഭാഗങ്ങൾ ഇവയിൽ എടുത്തു പറയേണ്ടതാണ്. ഒടിയൻറെ ശല്യത്താൽ പൊറുതിമുട്ടിയ സ്ഥലമായിരുന്നു പേരടിയൂർ എന്ന ഗ്രാമം. വള്ളുവനാട്ടിൽ അക്കാലത്ത് കളരി അഭ്യാസികളായ ആളുകൾക്കിടയിലെ അതിശക്തിശാലികളും കൺകെട്ട് വിദ്യക്കാരുമായ ചിലർ ഒടി വിദ്യയുമായി ആളുകളെ കൊല ചെയ്യാൻ നടക്കുമായിരുന്നു. വടക്കൻ കേരളത്തിൽ മാത്രമല്ല, ആന്ധ്രയിലും ഒരുകാലത്ത് ഒടിവിദ്യ പ്രചാരത്തിലുണ്ടായിരുന്നുവെന്നു പറയപ്പെടുന്നു.

രൂപമാറ്റത്തെക്കുറിച്ചും പലവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഒടിമറിയുന്നവർക്ക് രൂപഭേദം സംഭവിക്കുന്നതല്ല, വെറുമൊര മാസ്മരികവിദ്യയിലൂടെ, കാഴ്ചക്കാർക്ക് മുന്നിൽ ഭീകരമായ ഒരു ജീവിയുടെ പ്രതീതി സൃഷ്ടിക്കപ്പെടുന്നതാണെന്നും വിശ്വസിക്കപ്പെടുന്നു.

ഒടിയന്റെ ഉത്ഭവം[തിരുത്തുക]

പഴങ്കഥകളിൽ ഒടിയന്റെ ഉത്ഭവം ഇങ്ങനെയാണ് വിവരിക്കപ്പെടുന്നത്. വളരെക്കാലങ്ങൾക്കുമുമ്പ്, ജന്മിമാർ കീഴാളരിലെ സ്ത്രീജനങ്ങളേയും അവരുടെ കുടുംബത്തെയും വളരെയേറെ പീഡിപ്പിച്ചിരുന്നു. ഭയം നിമിത്തവും ഈ ജന്മിമാരെ എതിർക്കാനുള്ള കെൽപ്പില്ലായ്മായും കാരണം അവർ നേരിടുന്ന അപമാനങ്ങളും പീഡനങ്ങളും നിശ്ശബ്ദമായി സഹിച്ചുകൊണ്ടിരുന്നു. ഈ സാഹചര്യങ്ങൾക്ക് ഒരു മാറ്റം വരുത്തുവാനുറച്ച ഒരു പാണൻ മണ്ണു കുഴച്ചു പാകപ്പെടുത്തി ഒരു ബിംബത്തെ ഉണ്ടാക്കുകയും ആ ബിംബത്തെ അവർണ്ണർക്ക് ആരാധിക്കാൻ പറ്റിയ രൂപത്തിലാക്കുന്നതിനായി അഗ്നിയിലിട്ട് കരിച്ചെടുക്കുകയും ചെയ്തു. ഈ രൂപം കരിങ്കുട്ടി എന്ന പേരിൽ വിളിക്കപ്പെട്ടു.  പാണൻ ഈ ബിംബത്തെ ദിവസവും ഉപാസിക്കുവാൻ തുടങ്ങി. ഒരിക്കൽ കരിങ്കുട്ടിയെന്ന ഉപാസനാമൂർത്തി പാണനിൽ പ്രസാദിച്ച് അയാളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. തന്റെ ജാതിക്കാരെ ദ്രോഹിക്കുന്നവരെ ഉന്മൂലനം ചെയ്യാനുള്ള ശക്തി തരുവാൻ പാണൻ മൂർത്തിയോട് അപേക്ഷിച്ചു.  എന്നാൽ അങ്ങനെയുള്ള ഒരു വരം കൊടുക്കാൻ കരിങ്കുട്ടിക്കു കഴിഞ്ഞില്ല. പരിഹാരമെന്ന നിലയിൽ അത്തരം ഒരു ശക്തി ലഭിക്കാനുളള മരുന്ന് കരിങ്കുട്ടി  പാണനു പറഞ്ഞു കൊടുത്തു. തങ്ങളെ ദ്രോഹിക്കുന്നവനു മുന്നിൽ ആഗ്രഹിക്കുന്ന ജീവിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ട് അവരെ നശീകരിക്കാനുള്ള മരുന്ന് ഉണ്ടാക്കാൻ കരിങ്കുട്ടി പറഞ്ഞുകൊടുത്ത വഴി അത്ര എളുപ്പമായിരുന്നില്ല.

എത്ര പ്രയാസപ്പെട്ടും ആ മരുന്ന് ഉണ്ടാക്കിയെടുക്കാൻതന്നെ പാണൻ തീരുമാനിച്ചുറച്ചു. അതിന് കടിഞ്ഞൂൽ ഗർഭമുള്ള ഏതെങ്കിലും ഒരു അന്തർജനത്തെ കണ്ടു പിടിക്കേണ്ടതുണ്ടായിരുന്നു. നിരന്തരമായ അന്വേഷണത്തിൽ പാലക്കാടു നിന്ന് എത്തി താമസമാരംഭിച്ച ഒരു ബ്രാഹ്മണ കുടുംബത്തിലെ അന്തർജ്ജനത്തെക്കുറിച്ചു കേൾക്കാനിടയായി. തന്നെയുമല്ല അവർ ഗർഭിണിയുമാണ്. കണ്ടുപിടിക്കുക മാത്രമല്ല  അവർ വീടിനു പുറത്തിറങ്ങുന്ന സമയം നോക്കി അവരെ തന്റെ മാസ്മരിക വിദ്യയിലൂടെ മയക്കി മുളങ്കത്തി ഉപയോഗിച്ചു വയറു കീറി പ്രായം തികയാത്ത ഭ്രൂണം ജീവനോടെ പുറത്തെടുത്ത് അതുപയോഗിച്ചാണ് മരുന്നുണ്ടാക്കുയും വേണ്ടതുണ്ടായിരുന്നു. പാണൻ ഉദ്ദിഷ്ടകാര്യം തന്നാലാവും വിധം വേഗതയിൽ സാധിച്ചെടുക്കുകയും  സ്ത്രീയുടെ ശരീരം രായ്ക്കു രാമാനം ചാക്കിൽ കെട്ടി പുഴയിൽ താഴ്ത്തുകയും ചെയ്തു.[2]

ഈ പ്രവൃത്തിയാൽ ഉണ്ടാക്കപ്പെട്ട മഷി ഒരു കുന്നിക്കുരുവോളമേയുണ്ടായിരുന്നുള്ളൂ. പാണൻ അതിൽനിന്ന് അൽപ്പം എടുത്തു ദേഹത്ത് തൊട്ട്, ഏകനായി ഇരുട്ടിൽ പോയി ഉപാസിക്കുകയും ഒടിയനായി നായ, പോത്ത്, കാള തുടങ്ങിയ തന്റെ ഇഷ്ടരൂപങ്ങൾ സ്വീകരിക്കുകയും ശത്രുക്കളെ കൈകാര്യം ചെയ്തുകൊണ്ടുമിരുന്നു.

പാടത്ത് കൂടിയോ, ഇടവഴിയിലൂടെയോ ഒറ്റയ്ക്ക് നടക്കുന്നവരെ മാത്രമേ സാധാരയായി ഒടിയൻ ആക്രമിക്കാറുണ്ടായിരുന്നു. ഒടിയനു ചൂട് കൊണ്ടാൽപ്പിന്നെ യഥാർത്ഥ രൂപത്തിലേക്ക് തിരിച്ചു വരാതെ മാർഗ്ഗമില്ല എന്ന കേട്ടറിവിൽ അക്കാലത്ത് ആളുകൾ കൈയിൽ ചൂട്ടുകറ്റ പോലെ തൊട്ടാൽ പൊള്ളുന്ന എന്തെങ്കിലുമൊക്കെ കരുതാറുണ്ടായിരുന്നു.  

കാലം മുന്നോട്ടു പോകവേ ഒടിന്മാർക്ക് ആരെയും എന്തും ചെയ്യാമെന്ന സ്ഥിതിയായി. ജന്മിമാരുടെ പ്രതാപ കാലം കഴിഞ്ഞ് ഈ പാണന്റെ കുടുംബത്തിൽപ്പെട്ട  ആർക്കോ ഈ തൈലം ലഭിക്കുകയും അതു പരീക്ഷിക്കാൻ തുടങ്ങിയതും മുതലാണ് നാട്ടുകാർക്ക്  നിരന്തരമായ 'ഒടിയ ശല്യം' അനുഭവപ്പെട്ടു തുടങ്ങിയതത്രേ. ഒറ്റയ്ക്ക് രാത്രിയിൽ സഞ്ചരിക്കുന്നവരെ കണ്ടാൽ മിന്നൽപ്പിണരിൻറെ വേഗതയിൽ ആക്രമണം നടത്തിവന്ന  ഒടിയൻമാർ‌ അക്കാലത്ത് നാടിൻറെ സമാധാനത്തെ ഇല്ലാതാക്കി കൊണ്ടിരുന്നു. ഗ്രാമത്തിലെ പൌരന്മാർ യോഗം ചേർന്ന് ഒടിയനെ നിർമ്മാർജ്ജനം ചെയ്യാനുള്ള പദ്ധതികൾ അക്കാലത്തു ചർച്ച ചെയ്തിരുന്നു.

ഒരുക്കം[തിരുത്തുക]

നിശയുടെ മറവിൽ, അനുഷ്ഠാനപരമായ പ്രത്യേക പൂജകൾക്കു ശേഷം ഒടിയനാകുവാൻ തയ്യാറാക്കപ്പെട്ട ആൾ വിവസ്ത്രനായതിനു ശേഷം ഇരു ചെവികളിലും പിള്ള തൈലം അഥവാ പിണ്ണതൈലം എന്നറിയപ്പെടുന്ന മാന്ത്രിക മഷി പുരട്ടുന്നതോടെ അയാൾ കാളയായോ പോത്തായോ അവർ ആഗ്രഹിക്കുന്ന രീതിയിൽ രൂപം മാറ്റം നടത്തുകയോ അദൃശ്യനാകുകയോ ആണ് ചെയ്യുന്നത്. കൂടുതൽ കേട്ടറിവുകളിലും കാള, പോത്ത് തുടങ്ങിയ മൃഗങ്ങളുടെ രൂപങ്ങളാണ് പൊതുവായി സ്വീകരിച്ചിരുന്നത്. ഈ ശക്തി സ്വായത്തമാക്കിയ ആൾ തനിക്കോ തന്നെ നിയോഗിച്ച ആൾക്കോ ശത്രുതയുള്ളവരെ നിരന്തരം നിരീക്ഷിക്കുകയും ഏതെങ്കിലും കുറ്റിക്കാട്ടിലോ വളവിലോ പൊന്തയിലോ ഒളിഞ്ഞിരിക്കുകയും ഇര സമീപത്തെത്തുമ്പോൾ നൊടിയിടയിൽ ഇവർ മറ്റുരൂപങ്ങളി‍ൽ പ്രത്യക്ഷപ്പെടുകയും ആക്രമിക്കുകയുമെന്നതാണ് പൊതുവായ രീതി. പെട്ടെന്നുള്ള ആക്രമണത്തിൽ അസ്തപ്രജ്ഞരാകുന്ന ഇരയുടെ മരണം ഉടനടിയോ  അല്ലെങ്കിൽ പേടിച്ചു പനിപിടിച്ചു ബോധം മറഞ്ഞോ സംഭവിക്കുന്നു.

ഒടി മരുന്ന്[തിരുത്തുക]

ഒടി മറിയലിനുള്ള മാന്ത്രികമരുന്നായി കരുതപ്പെട്ടിരുന്ന പിള്ള തൈലം തയ്യാറാക്കുന്നത് ഒരു പ്രത്യേക രീതിയിലായിരുന്നു വിശ്വസിക്കപ്പെടുന്നു. ഇതെക്കുറിച്ചുള്ള വിവിധ രീതികളക്കുറിച്ച് പഴങ്കഥകളിൽ പറയുന്നു. ജന്മിമാരുടെ തറവാടുകളിലെ ആദ്യ ഗർഭിണികളായ സ്ത്രീകളുമായി  ഒടിയ കുടികളിലെ സ്ത്രീകൾ  സമ്പർക്കം സ്ഥാപിക്കുകയും അങ്ങനെ സമ്പർക്കം സ്ഥാപിക്കുന്ന ഒടിയ കുടികളിലെ സ്ത്രീകൾ, ജന്മി തറവാട്കളിലെ സ്ത്രീകളുടെ കാലു തടവിക്കൊടുക്കുന്നതിനിടയിൽ ചില മർമ്മ പ്രയോഗങ്ങളിലൂടെ ഗർഭിണികളുടെ ഗർഭം അലസിപ്പിക്കുന്നതായും മാസ്മരിക വിദ്യയിലൂടെ ഗർഭിണികളെ ആത്മഹത്യക്കു പ്രേരിപ്പിച്ചിരുന്നതായുമൊക്കെ പഴങ്കഥകളിലുണ്ട്. ഇങ്ങനെ ഗർഭിണിയായിരിക്കെ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ മൃതശരീരത്തിൽ നിന്നും ശേഖരിച്ചിരുന്ന ഗർഭസ്ഥ ശിശുവിന്റെ ശരീരം വാറ്റിയെടുത്തുണ്ടാക്കിയിരുന്ന മാന്ത്രിക മരുന്നാണത്രേ പിള്ള തൈലം. പൂർണഗർഭിണിയുടെ ഭ്രൂണം മുളങ്കമ്പുകൊണ്ട് കുത്തിയെടുക്കുക എന്ന നിഗൂഢകർമം ഒടിവിദ്യയുടെ അടിസ്ഥാനമായി ചില പഴങ്കഥകളിലും കാണാം.

ഗർഭസ്ഥശിശുക്കളെ അവരുടെ അമ്മമാരുടെ വയറു കീറി എടുത്തു ആ കുട്ടികളുടെ ശരീരത്തിൽ നിന്നും പുറപ്പെട്ടു വരുന്ന ഒരു പ്രത്യേക ദ്രാവകം ചില പച്ചിലകളുമായി ചേർത്ത് അത് ചെവിയുടെ പുറകിൽ തേച്ചായിരുന്നു അവർ ഒടിവിദ്യ നടത്തി കൊണ്ടിരുന്നതെന്നും പഴങ്കഥകളിൽ പറയപ്പെടുന്നു. ചില സംഭവങ്ങളിൽ ആദ്യ ഗർഭം ധരിച്ച സ്തീകളെ ഒടിയൻ നേരത്തേ തന്നെ ഉന്നം വയ്ക്കുകയും ദുര്മന്ത്രവാദത്തിലൂടെ ഇവർ ആ സ്ത്രീകളെ രാത്രിയിൽ ഉറക്കത്തിൽ വിജനമായ പ്രദേശങ്ങളിലേയ്ക്കു ആനയിക്കുകയും കയ്യിൽ കരുതിയിരിക്കുന്ന മുള കൊണ്ട് ഉണ്ടാക്കിയ പിശാങ്കത്തികൊണ്ട് സ്ത്രീയുടെ വയറു കീറി ഭ്രൂണം എടുത്തതിനു ശേഷം അവരെ തിരികെ പറഞ്ഞയക്കുകയും ചെയ്‌യും. ഇങ്ങനെ തിരികെ പോകുന്ന സത്രീകൾ അടുത്ത പ്രഭാതത്തിൽ  കിടക്കയിൽ മരിച്ചുകിടക്കുകയാണ് പതിവ്. ഒടിവിദ്യകൊണ്ട് ഗർഭിണിയുടെ വയറ്റിലെ മുറിപ്പാടു അപ്രത്യക്ഷമാകുന്നതിനാൽ സ്ത്രീയുടേതു സ്വാഭാവിക മരണമാണെന്നു വിധിയെഴുതപ്പെടുന്നു.

ഈ ഭ്രൂണത്തെ കെട്ടി തൂക്കി ഇടുന്ന ഒടിയൻ, അവയുടെ ദേഹത്ത് നിന്നും ഇറ്റുവീഴുന്ന ഒന്നോ രണ്ടോ വിദ്യക്ക് മാത്രം ഉപയോഗപ്പെടുന്ന ദ്രാവകം വീണ്ടും നേടാൻ വേണ്ടി ഇത്തരം അരും കൊലകൾ നിരന്തരം ചെയ്തു പോന്നു.

ശത്രുവിനെ കൊല്ലാനോ മോഷണം നടത്തുന്നതിനോ ആയിരിക്കും ഒടിയൻ ഈ വിദ്യ കൂടുതലും ഉപയോഗപ്പെടുത്തുക. കുട്ടികളുടെ ദേഹത്തെ ദ്രാവകം മറ്റു പച്ചിലക്കൂട്ടുകൾ ചേർത്ത് ചെവിയിൽ പുരട്ടി സ്വന്തം രൂപം മാറുക എന്നതാണ് ഒടിയന്റെ സാധാരണയായ മാർഗ്ഗം. സത്യത്തിൽ ഒടിയൻ രൂപം മാറുന്നില്ല,  മുന്നിൽ നിൽക്കുന്ന ഇരയ്ക്കു ഒടിയൻ ഏതു രൂപം വിചാരിക്കുന്നുവോ ആ രൂപത്തിൽ മാത്രമേ ഒടിയനെ ദർശിക്കുവാൻ സാധിക്കുകയുള്ളുവത്രേ. അത് ശിലയോ, വൃക്ഷമോ, കിളികളോ, പാമ്പോ എന്തുതന്നെയുമാകാം. 

ഗ്രാമത്തിൽ ഗർഭിണികളായ സ്ത്രീകൾ അക്കാലത്ത് പ്രത്യേകം സംരക്ഷിക്കപ്പെടാറുണ്ടായിരുന്നവെന്നാണ് പഴമക്കാർ പറയുന്നത്. ഒടിമരുന്നിലെ പ്രധാന ചേരുവ ഗർഭിണികളെ കൊന്നോ അല്ലാതെയോ പുറത്തെടുക്കുന്ന ഭ്രൂണം ആണത്രേ. ഒരിക്കൽ ഒരു ഗർഭിണിയായ സ്ത്രീ മരിച്ചതിൽ സംശയിക്കപ്പെട്ടു പിടിയിലായ ഒരു ഒടിയൻ, ഗർഭിണിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്നു വിശദീകരിക്കാൻ നിർബന്ധിതനായി. മരുന്നുണ്ടാക്കാനുള്ള ചേരുവയ്ക്കായി ഒരു ഭ്രൂണം കണ്ടെത്താനായി നേരത്തേ തന്നെ അയാൽ ഒരു ഗർഭവതിയെ നോക്കിവക്കുകയും സാഹചര്യങ്ങൾ ഒത്തുവന്നപ്പോൾ  ഒടിവിദ്യയാൽ ഗർഭിണിയെ വശീകരിച്ച് വിജനമായ ഒരു പ്രദേശത്തെത്തിക്കുകയും കാര്യസാധ്യം നടത്തുകയും ചെയ്തു. ഒടിയൻറെ മായാവിദ്യയിലകപ്പെടുന്ന സ്ത്രീ അയാളുടെ ആജ്ഞനുവർത്തിയായി മാറുകയാണു ചെയ്യുക. ഭ്രൂണമെടുത്തതെങ്ങനെയെന്നു വിശദീകരിക്കാൻ അയാൾ വെട്ടിയെടുക്കപ്പെട്ട ഒരു വാഴയിൽ മരുന്നു പുരട്ടുകയും മന്ത്രം ചൊല്ലുകയും ചെയ്തതോടെ വാഴ പിളർന്നു പിണ്ടി പുറത്തു വരുകയും പിളർന്ന വാഴ ഉടനടി പഴയപടിയാവുകയും ചെയ്തുവത്രേ.

പ്രത്യേകമായി തയ്യാറാക്കുന്ന ഈ തൈലം അഥവാ മഷി  ചെവിയുടെ പിൻവശത്തു തേച്ചാണ് ഒടിയൻ വേഷം മാറുന്നതെന്നാണ് വിശ്വാസം. (മരുന്ന് ചെവിയുടെ പിന്നിൽ തേക്കുക, ചെവിയുടെ പിന്നിൽ സൂക്ഷിക്കുക എന്നിങ്ങനെ രണ്ടു തരത്തിൽ പരയുന്നു) അതിനായി അവർ പ്രത്യേക വ്രതാനുഷ്ഠാനങ്ങളും ചെയ്യാറുണ്ടായിരുന്നു.  ഒടി മറിഞ്ഞ് നിശ്ചയിച്ച കൃത്യം നടത്തി വരുന്ന ഒടിയൻ കലിയടങ്ങാതെ തന്റെ കുടിലിനു ചുറ്റും ഓടുമെന്നും, ആ സമയത്ത് ഒടിയ കുടിയിലെ സ്ത്രീ അടുക്കളയിൽ നിന്നും കാടിവെള്ളം അല്ലെങ്കിൽ ചൂടുവെള്ളം ഒടിയന്റെ തലയിലൂടെ ഒഴിക്കുന്നതിലൂടെ മാത്രമെ ഒടിയന്റെ കലിയടങ്ങി പഴയ രൂപം പ്രാപിക്കുകയുള്ളു എന്നുമാണ് മറ്റൊരു വിശ്വാസം. ഈ പ്രവൃത്തി ഒടിയ സ്ത്രീ ഉടനടി ചെയ്യേണ്ടതുണ്ട് അല്ലാത്ത പക്ഷം, കലിയടങ്ങാത്ത ഒടിയൻ തന്റെ സ്വന്തം കുടുബത്തിലെ സ്ത്രീയെയും ക്രൂരമായി വലിച്ചു കീറി കൊന്നിരുന്നത്രേ. പണ്ടുകാലത്ത് ഒടിയൻ വേഷം കെട്ടി രാത്രി ആരെയെങ്കിലും ഒടിക്കാൻ വേണ്ടി പുറപ്പെട്ടു പോയാൽ, അയാൾ തിരിച്ചുവരുന്നതുവരെ പാണൻറെ സഹധർമ്മിണി ഉറക്കമിളച്ച് ചൂട് വെള്ളമോ കാടിവെള്ളമോ തിളപ്പിച്ച് കാത്തിരിക്കാറുണ്ടായിരുന്നു. ഒടിയന് സ്വന്തം ചെവിപ്പുറകിൽ സൂക്ഷിച്ചിരിക്കുന്ന മരുന്നെടുത്തു മാറ്റിയാൽ പരസഹായമില്ലാതെ സ്വയം രൂപമാറ്റം നടത്താമെന്ന മറ്റൊരു വിശ്വാസവുമുണ്ട്.

ഒടിയൻമാർക്ക് അസാധാരണമായ കാഴ്ചശക്തിയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. നത്തിൻറെ തലയിൽനിന്നുണ്ടാകുന്ന ഒരു പ്രത്യേക മഷി കണ്ണിൽ പുരട്ടി അവർ രാത്രിയിലെ കാഴ്ചശക്തി നേടിയിരുന്നുവത്രേ.

ആക്രമണ രീതി[തിരുത്തുക]

രാത്രിയിൽ ഏതെങ്കിലും ആവശ്യത്തിനു പുറത്തിറങ്ങുകയോ അല്ലെങ്കിൽ വൈകി വീട്ടിലെത്തുകയോ ചെയ്യുന്ന വ്യക്തിയുടെ പിന്നിലൂടെ വേഷംമാറിയോ അദൃശ്യനായോ ഒളിച്ചു നിൽക്കുന്ന ഒടിയൻ  മിന്നൽവേഗത്തിൽ പാഞ്ഞടുക്കുകയും വടി ഉപയോഗിച്ച് പിൻകഴുത്തിൽ ദണ്ഡനം നടത്തി ഇരയെ താഴെ വീഴ്ത്തി, കഴുത്തിൽ വിലങ്ങനെ ദണ്ഡമർത്തുകയും ഈ ദണ്ഡിൽ കയറിനിന്ന് എല്ലു പൊട്ടുന്ന വിധം രണ്ടുവശത്തേയ്ക്കും ചവിട്ടുകയുമാണ് ചെയ്യുക. മറ്റൊരു രീതിയുമുണ്ട്; ഒരു ദണ്ഡോ പച്ച ഈർക്കിലിയോ എടുത്ത് വ്യക്കിയുടെ നേരെ കാണിക്കുകയും മന്ത്രജപം നടത്തുകയും ചെയ്യുന്നു. മന്ത്രോഛാരണത്തിനു ശേഷം ഈ ദണ്ഡോ ഈർക്കിലിയോ ഒടിക്കുന്നതനുസരിച്ച് വ്യക്തി താമസംവിനാ ഒടിഞ്ഞ് നിലത്തു വീണു തൽക്ഷണം മരിക്കും. ഇര മരിച്ചുവെന്നോ മൃതപ്രായനാണെന്നോ മനസ്സിലാക്കുന്ന ഒടിയൻ ഓടിയൊളിക്കുന്നു. മിക്കപ്പോഴും ഇരയുടെ വീട്ടുപടിക്കലോ പുരയിടത്തിലോ വച്ചായിരിക്കും ആക്രമണവിധേനാകുന്നത്. പാതി ജീവനിൽ ഈ വ്യക്തി സ്വന്തം പുരയിടത്തിലേയ്ക്ക് ഇഴഞ്ഞെത്തി രക്തം ചർദ്ദിച്ച് മരിക്കകയാണ് ചെയ്യാറുള്ളത്. ഒടിയനെ കണ്ടമാത്രയിൽത്തന്നെ ഭയം കാരണം തൽക്ഷണം വീണു മരിച്ചവരുമുണ്ടെന്നു പറയപ്പെടുന്നു.

ചില സമയങ്ങളിൽ ആക്രമണവിധേയനെ പീഡിപ്പിച്ചു കൊല്ലുക എന്ന ഉദ്ദേശത്താൽ, മയക്കിയ ശേഷം ഉരുളൻ കല്ല്, അല്ലെങ്കിൽ അച്ചിങ്ങ വ്യക്തിയുടെ മലദ്വാരത്തിൽ അടിച്ച് കയറ്റപ്പെടുന്നു. ഇത്തരം ആക്രമണങ്ങൾക്കു വിധേയനാകുന്ന ആൾ ഒരാഴ്ചക്കുള്ളിൽ ചോര വിസർജിച്ച് മരിക്കുമത്രേ. മനക്കരുത്തുകൊണ്ട് ഒടിയനെ കീഴ്പെടുത്താൻ സാധിക്കുമെന്നു പഴമക്കാർ പറയപ്പെടുന്നു. 

ഒടിയനെ കണ്ടുപിടിക്കുന്ന രീതി[തിരുത്തുക]

ഒടിയൻ, മൃഗങ്ങളുടെ രൂപമാണെടുക്കുന്നതെങ്കിൽ നല്ല നിരീക്ഷണ പാടവം ഉള്ളവർക്ക് ഒടിയനെ നിഷ്പ്രയാസം കണ്ടുപിടിക്കാൻ കഴിയും. ഒരു കാളയുടെ രൂപമാണെങ്കിൽ ആ കാളക്കൂറ്റന് ഒരു കൊമ്പിൻറെ കുറവോ കാലിൻറെ കുറവോ അല്ലെങ്കിൽ വാലോ ഇല്ലായിരിക്കും. രൂപ പരിണാമത്തിൽ ഒടിയനു 100 ശതമാനം ആ രൂപം നേടാൻ സാധിക്കില്ല എന്നാണ് വയ്പ്പ്. ഇത്തരം നിരീക്ഷണങ്ങളിലൂടെ സമർത്ഥരായ മാന്ത്രികന്മാർ ഓടിയന്മാരെ കണ്ടെത്തിയിരുന്നു. ഒരു അതി സമർത്ഥനായ മാന്ത്രികൻ പണ്ടുകാലത്തൊരിക്കൽ അർദ്ധരാത്രി വീട്ടിലേയ്ക്കു മടങ്ങി വരുമ്പോൾ മുൻപിൽ രണ്ടു കാളകൾ മുക്രയിട്ടുകൊണ്ടു പ്രത്യക്ഷപ്പെട്ടു. മാന്ത്രികൻറെ സൂക്ഷ്മ നിരീക്ഷണത്തിൽ ആ കാളകൾക്ക് അംഗവൈകല്യമുണ്ടായിരുന്നു. ആ മാന്ത്രികൻ തൽക്ഷണം കാളകളെ ബന്ധിക്കുകയും ചെവിയിലെ ദ്രാവകം തുടച്ചു കളയുകയും ചെയ്തപ്പോൾ കാളകളുടെ സ്ഥാനത്ത് രണ്ടു നഗ്നരായ മനുഷ്യരെയാണ് കാണുവാൻ സാധിച്ചത്. ഇങ്ങനെ ധീരന്മാരായ ചിലർ മൃഗമായി വരുന്ന ഒടിയനെ തിരിച്ചാക്രമിക്കുകയും മരുന്ന് എടുത്തുമാറ്റി തൽസ്വരൂപത്തിൽ പിടികൂടിയ കഥകളും ധാരാളമായി കേൾക്കാവുന്നതാണ്.

പ്രതിരോധം[തിരുത്തുക]

അസാമാന്യ ധൈര്യമുള്ളവർ ഒടിയന്റെ മുന്നിലകപ്പെട്ടാൽ തിരിഞ്ഞോടുകയോ ഭയപ്പെടുകയോ ചെയ്യാറില്ല. ഒടിയനെ എതിരിടാനായി അവർ തങ്ങളടുടെ വസ്ത്രങ്ങളെല്ലാം അഴിച്ച് പരിപൂർണ നഗ്നനായി ഒടിയനെ വലംവയ്ക്കുകയും കളം വരച്ച് മുഖത്ത് ആഞ്ഞടിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഒടിയന്റെ വായിലുള്ള മാന്തികമരുന്ന് തെറിച്ച് പുറത്തേയ്ക്കു പോകേണ്ടതുണ്ട്. ഇനി മന്ത്രമറിയുന്നവരുടെ അടുത്തേക്കാണ് ഒടിയൻ വരുന്നതെങ്കിൽ, വൃത്താകൃതിയിൽ കളം വരയുകയും അതിൽ മന്ത്രം ചൊല്ലി കത്തി കുത്തുമ്പോൾ പുലരുന്നത് വരെ ഒടിയന് അതിൽ നിന്നും യാതൊരു കാരണവശാലും രക്ഷപെടാൻ സാധിക്കുന്നില്ല. സൂര്യനുദിച്ചാൽ ഒടിയൻ മൃഗരൂപം വെടിയുകയും സ്വശരീരത്തിലേയ്ക്കു മാറുകയും ചെയ്യുന്നു. ഇതിന് ചൂടുവെള്ളമോ കാടിവെള്ളമോ ഉപയോഗിച്ചിരുന്നു. പണ്ടുകാലത്ത് കാളയുടെ രൂപത്തിൽ എത്തുന്ന ഒടിയൻമാരെ മാന്ത്രികവിദ്യറിയാവുന്ന കാരണവന്മാർ നേരം പുലരുന്നതുവരെ നിലം ഉഴുതശേഷം മാപ്പ് കൊടുത്തു തിരിച്ചയയ്ക്കാറുണ്ടായിരുന്നുവത്രേ.

മുൻപ് കാലത്ത് പ്രതികാരത്തിന് ഒടിയൻമാരെ ഉപയോഗിച്ചിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

ചികിത്സ[തിരുത്തുക]

  • ഗരുഡപഞ്ചാക്ഷര പ്രയോഗം (ഇതിന് വെളുത്ത ശംഖുപുഷ്പം, ആട്ടിൻപാലിൽ എന്നിവ മന്ത്രോഛാരണത്തോടെ ഉപയോഗിക്കുന്നു.
  • തടികൊണ്ടുള്ള സർപ്പം
  • കുരുമുളക്, തെച്ചിപ്പൂവ് (രണ്ടും ആയിരത്തൊന്നു വീതം), പച്ചമഞ്ഞൾ ഇടിച്ചുപിഴിഞ്ഞ നീര് എന്നിവ  കൂട്ടി ദേഹത്ത് ഉഴിയുക. ഇതോടൊപ്പം പുരുഷോത്തമ മന്ത്രം, ബന്ധനമന്ത്രം എന്നിവ ഉഛരിക്കേണ്ടതുണ്ട്. 

ഒടിവിദ്യാ പ്രയോഗത്തിനു പരിഹാരം ചെയ്യുന്നതിൽ അഗ്രഗണ്യനായ ഒരു മന്ത്രവാദിയായിരുന്നു ചെമ്പ്രയെഴുത്തച്ഛന്മാർ.

ഒടിയൻ കഥകൾ[തിരുത്തുക]

പണ്ടൊരു നാളിൽ ഒരു പാണൻ കൈവശം തൈലവും വച്ചുകൊണ്ട് ഉയരമുള്ള ഒരു പാറപ്പുറത്തിരുന്ന് മന്ത്രം ചൊല്ലി രൂപമാറ്റം നടത്തുന്നത് തെങ്ങിൻ മുകളിൽ കയറി കള്ളു കുടിച്ചു പൂസായ ഒരു കള്ളൻ കാണാനിടയായി. ഒടിയൻ, തൈലത്തിന്റെ സഹായത്താൽ രൂപമാറ്റം നടത്തി ഒരു പോത്തിന്റെ രൂപം ധരിക്കുകയും ദൂരേയ്ക്കു് ഓടിപ്പോകുകയും ചെയ്തു. കള്ളൻ ഇതുകണ്ട് അത്ഭുത പരതന്ത്രനായി. തെങ്ങിനു ത്ഴെയിറങ്ങിയ കള്ളൻ ഇതു പരീക്ഷിക്കാനുറച്ചു. പാറയുടെ വിടവിൽനിന്നു തൈലം കണ്ടെടുത്ത കള്ളൻ അതുപയോഗിച്ച് മുമ്പുകേട്ട മന്ത്രം ഉരുവിട്ടപ്പോൾ ഉടനടി ഒരു വെട്ടുപോത്തായിത്തീർന്നു. എങ്ങനെ പഴയ രൂപത്തിലെത്തുമെന്നുള്ള കാര്യത്തിൽ കള്ളനു യാതൊരു ധാരണയുമില്ലായിരുന്നു. കളളുകുടിച്ചു പൂസായിരുന്ന പോത്തു രൂപത്തിലുള്ള കള്ളൻ, ഒടിയൻ മുമ്പു പോയ വഴിയേ ഓടിപ്പോയെങ്കിലും ഒടിയനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. പരവശനായ കള്ളൻ എങ്ങോട്ടെന്നില്ലാതെ ഓട്ടം തുടങ്ങി. ഓടിയോടി ഒരു കാടിനു സമീപമെത്തിയപ്പോൾ ഒടിയൻ പോത്തുരൂപത്തിൽ അവിടെ ആരെയോ നോക്കി നിൽക്കുന്നതു കാണായി. ശബ്ദം കേട്ടു തിരിഞ്ഞുനോക്കിയ ഒടിയൻ തന്റെ നേരേ മറ്റൊരു പോത്ത് പാഞ്ഞുചെല്ലുന്നതു കണ്ടു സംഭ്രമിച്ചുപോയി. ഞൊടിയിടയിൽ ഒടിയൻ അവിടെനിന്നു പരമാവധി വേഗത്തിലോടുകയും ഏറെ ദൂരം പിന്നിടവേ രക്ഷയില്ലെന്നു കണ്ട് സ്വന്തം വീടു ലക്ഷ്യമാക്കി ഓടി. ഒന്നിനു പിന്നാലെ മറ്റൊന്ന് എന്ന രീതിയിൽ ഒടിയനായ പോത്തും കള്ളുകുടിയനായ പോത്തും ഒടിയന്റെ വീടിനു മുന്നിലെത്തി. ശബ്ദം കേട്ട് ഒടിയന്റെ ഭാര്യ പുറത്തിറങ്ങി നോക്കിയപ്പോൾ സംഭ്രമിച്ചു പോയി. രണ്ടു പോത്തുകൾ കൺമുന്നിൽ നിൽക്കുന്നു. ഇതിൽ ഏതാണ് തന്റെ ഭർത്താവെന്നു നിശ്ചയമില്ലാതിരുന്ന അവർ രണ്ടു പോത്തുകളെ മേലേയ്ക്കും ചൂടുവെള്ളം കോരിയൊഴിച്ചു. സ്വന്തം ശരീരത്തിലേയ്ക്കു ഉടനടി കൂടുമാറ്റ നടത്തിയ വിവസ്ത്രനായ കള്ളൻ എങ്ങോട്ടെന്നില്ലാതെ ഓടിപ്പോയി. 

ഉപസംഹാരം[തിരുത്തുക]

മൃഗങ്ങളുടെ കൊമ്പ്, തോൽ എന്നിവ ഉപയോഗിച്ച് വേഷപ്രശ്ചന്നരായി എതിരാളികളെ ഭയപ്പെടുത്തുകയും ഒളിച്ചിരുന്ന് ആക്രമിക്കുകയും ചെയ്യുന്ന ഗുണ്ടായിസത്തിന് ദിവ്യത്വം വരുത്താനുണ്ടാക്കിയ കഥകളായിരിക്കാം ഇത് ചിലർ അഭിപ്രായപ്പെടുന്നു. പീഡകരായ വ്യക്തികളെ നേരിട്ട് എതിർക്കാനാവാത്ത അവസ്ഥയിൽ അധഃസ്ഥിതവിഭാഗക്കാരുടെ അവസാന രക്ഷാമാർഗ്ഗമായി രൂപപ്പെടുത്തിയതായിരിക്കാം ഒടിവിദ്യയെന്നും പറയാവുന്നതാണ്. കാലക്രമേണ ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ മാറിവന്നു. ഏതൊരാളെയും പേടിപ്പിക്കുകയും ആക്രമിക്കുകയും കൊല്ലുകയും ചെയ്യുകയെന്ന ആധുനിക ക്വട്ടേഷൻ ഗുണ്ടകളുടെ രീതിയുടെ പ്രാക് രൂപമാണ് ഒടിവിദ്യ എന്ന് നിസ്സംശയം പറയാവുന്നതാണ്.

1930 കളിൽ കേരളത്തിലുടനീളമുള്ള പ്രദേശങ്ങളിൽ ഒട്ടേറെ ഒടിയൻ കൊലപാതകങ്ങൾ നടന്നിരുന്നു. കേരളത്തിൽ വൈദ്യുതി വെളിച്ചം എത്തുന്നതിനു മുമ്പുള്ള കാലം ഗ്രാമങ്ങളിലെ വലിയ പേടിസ്വപ്നങ്ങളിലൊന്നായിരുന്നു ഒടിയന്മാർ. വേലിപ്പുറത്ത്, പാടവരമ്പത്ത്, മരക്കൊമ്പിൽ എവിടെയും ഒടിയന്റെ സാന്നിധ്യം എപ്പോഴുമുണ്ടാകാമെന്ന് അക്കാലത്ത് ഭയപ്പെട്ടിരുന്നു. വെളിച്ചം കുറവായിരുന്നതും വനമേഖലകളുടെ ആധിക്യവും ഒടിന്മാരുടെ വിഹാരത്തിന് അനുകാല സാഹചര്യങ്ങളായിരുന്നു. പിൽക്കാലത്ത് വൈദ്യുത വിളക്കുകളുടെ അരങ്ങേറ്റത്തോടെ ഒടിയന്മാർ രംഗം വിട്ടുവെന്നു പറയാം. കാരണം, രാത്രികാലങ്ങളിൽ ഇരുട്ടിന്റെ മറവു പറ്റിയാണ് ഒടിയന്റെ ഒടി വിദ്യ അരങ്ങേറിയിരുന്നത്. ഒളിച്ചും പതുങ്ങിയുമിരുന്ന് മുൻ നിശ്ചയിച്ച ഒറ്റപ്പെട്ട പതിവു യാത്രക്കാരനെ അപ്രതീക്ഷിതമായി പിന്നിൽ നിന്നും ആക്രമിച്ച് കൊലപ്പെടുത്തുക എന്ന നീചമായ പ്രവൃത്തി, അനുഷ്ഠാന കർമ്മമെന്ന പേരുവിളിച്ചാണ് ഒടിയൻമാർ നിർവ്വഹിച്ചിരുന്നത്.

സ്ഥലത്തെ നാടുവാഴികളിൽനിന്നോ പൌര പ്രമുഖരിൽനിന്നോ നിന്നും ലഭിക്കുന്ന നിർദ്ദേശ പ്രകാരം പ്രധാനികളായ കൊന്നൊടുക്കി, അവരുടെ സ്വത്ത് കയ്യടക്കുക, അവർണ്ണ സവർണ്ണ ഭേദമില്ലാതെ അവരുടെ കുടുംബത്തെ വഴിയാധാരമാക്കുക തുടങ്ങിയ തന്ത്രങ്ങൾ വളരെ വിദഗ്ദമായി നടപ്പാക്കാനായി നിയോഗിക്കപ്പെട്ടിരുന്ന വാടക അനുഷ്ടാന കൊലയാളികളായിരുന്നു ഒടിയന്മാരെന്നും നിഗമനങ്ങളുണ്ട്. അകാരണവും, മനുഷ്യത്വ രഹിതവുമായ കൊലപാതകങ്ങൾ മനസാക്ഷിക്കുത്തില്ലാതെ നടത്താനുള്ള ന്യായീകരണമായായിരിക്കണം കൊലപാതകത്തെ ഇവർ അനുഷ്ഠാനമായി വ്യവസ്ഥപ്പെടുത്തിയത് എന്നാണ് കരുതേണ്ടത്. സത്യത്തിൽ ഒടിയന്മാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കൊലയാളികൾ പാവങ്ങളും മൂല്യബോധവും നന്മയും ഉള്ള ദരിദ്രരായ ഗോത്ര ജനവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. ജനപ്രിയ ഗായകരുടെ മഹത്തായ പൈതൃകമുള്ള പാണർ എന്ന ഗോത്രക്കാരിൽ നിന്നുള്ള ചിലരെയാണ് ഭരണാധികാരികൾ തങ്ങളുടെ കാര്യസാധ്യത്തിനായി അധാർമ്മികരാക്കി, ഈ അനുഷ്ഠാനത്തിനായി തിരഞ്ഞെടുത്തിരുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്.


[3]

  1. "ODIYAN".
  2. "ഒരു നാട്ടുകഥയുടെ നിഗൂഢ ഭംഗി: ഒടിയൻ റിവ്യു".
  3. ഒടിയൻ -എന്റെ തോന്നലുകൾ- ബ്ലോഗ്]http://praveen-sekhar.blogspot.com/2012/03/blog-post_24.html
"https://ml.wikipedia.org/w/index.php?title=ഒടിയൻ&oldid=3650986" എന്ന താളിൽനിന്ന് ശേഖരിച്ചത്