ആര്‍തര്‍ ഷോപ്പന്‍ഹോവര്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആര്‍തര്‍ ഷോപ്പന്‍ഹോവര്‍
പാശ്ചാത്യ തത്ത്വചിന്ത
പത്തൊന്‍പതാം നൂറ്റാണ്ടിലെ തത്ത്വചിന്ത

ആര്‍തര്‍ ഷോപ്പന്‍ഹോവര്‍
പൂര്‍ണ്ണനാമം ആര്‍തര്‍ ഷോപ്പന്‍ഹോവര്‍
School/tradition കാന്റിയനിസം, ആശയവാദം
Main interests തത്ത്വമീമാംസ, സൗന്ദര്യശാസ്ത്രം, പ്രതിഭാസവിജ്ഞാനം, സന്മാര്‍ഗ്ഗശാസ്ത്രം, മന:ശാസ്ത്രം
Notable ideas ഇച്ഛ, യുക്തിയുടെ നാല് വേരുകല്‍, അശുഭാപ്തിവിശ്വാസം
ഒപ്പ് Schopenhauer sig.png

പത്തൊന്‍പതാം നൂറ്റാണ്ടിലെ പ്രമുഖ ജര്‍മ്മന്‍ തത്ത്വചിന്തകന്മാരില്‍ ഒരാളായിരുന്നു ആര്‍തര്‍ ഷോപ്പന്‍ഹോവര് (ഫെബ്രുവരി 22, 1788 - സെപ്റ്റംബര്‍ 21, 1860)‍. ജീവിതത്തിന്റെ ദുരന്തസ്വഭാവത്തിലൂന്നി, മൗലികധാരണകളെ ചോദ്യം ചെയ്ത ചിന്തകളുടെ പേരില്‍ അറിയപ്പെട്ട ഇദ്ദേഹത്തിന്റെ പ്രധാന കൃതിയുടെ "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" (The World as Will and Representation) ആണ്. നിലനില്‍ക്കുവാനുള്ള ഇച്ഛയെ മനുഷ്യന്റെ മൗലികചോദനയായി കരുതി, അതിലൂന്നിയ തത്ത്വചിന്തയാണ് അദ്ദേഹം ഈ കൃതിയില്‍ അവതരിപ്പിച്ചത്. വൈകാരികവും, ശാരീരികവും, ലൈംഗികവുമായ കാമനളുടെ പൂര്‍ത്തീകരണം സാദ്ധ്യമല്ല എന്ന നിഗമനത്തിലാണ് മനുഷ്യചോദനകളുടേയും മനുഷ്യാവസ്ഥയുടെ തന്നെയും വിശകലനത്തിനൊടുവില്‍ ഷോപ്പന്‍ഹോവര്‍ എത്തിച്ചേര്‍ന്നത്. അതിനാല്‍, ബുദ്ധമതത്തിന്റെ ഉത്‌ബോധനങ്ങളുമായി ചേര്‍ന്നുപോകുന്നതരം, ഇന്ദ്രിയനിഗ്രഹത്തിലൂന്നിയ ജീവിതരീതിയെ അദ്ദേഹം പിന്തുണച്ചു. പാശ്ചാത്യതത്ത്വചിന്തകന്മാരില്‍ ഭാരതീയ തത്ത്വചിന്തയുമായി പരിചയം കാട്ടിയ ആദ്യത്തെയാള്‍ ഷോപ്പന്‍ഹോവറാണ്.

തത്ത്വമീമാംസക്ക് ഷോപ്പന്‍ഹോവര്‍ സംഭാവന ചെയ്ത 'ഇച്ഛ' എന്ന സങ്കല്പവും, മനുഷ്യചോദനകളേയും ആഗ്രഹങ്ങളേയും കുറിച്ചുള്ള അദ്ദേഹത്തിന്റെ ആശയങ്ങളും, തനതായ രചനാശൈലിയും പില്‍ക്കാലത്ത്, അറിയപ്പെടുന്ന ചിന്തകന്മാരായ ഫ്രീഡ്രീച്ച് നീഷേ, റിച്ചാര്‍ഡ് വാഗ്നര്‍, ലുഡ്‌വിഗ് വിറ്റ്ജന്‍സ്റ്റീന്‍, സിഗ്മണ്ട് ഫ്രോയിഡ് തുടങ്ങിയവരെ കാര്യമായി സ്വാധീനിച്ചു. ജര്‍മ്മന്‍ ആശയവാദത്തിന്റെ മൂലക്കല്ലുകളിലൊന്നായി ഷോപ്പന്‍‌ഹോവറുടെ ചിന്ത കണക്കാക്കപ്പെടുന്നു." [1][2]

ഉള്ളടക്കം

[തിരുത്തുക] ജീവിതരേഖ

[തിരുത്തുക] ആദ്യകാലം

ഷോപ്പനാര്‍, ചെറുപ്പത്തിലെ ഒരു ചിത്രം

ഇപ്പോള്‍ പോള‍ണ്ടില്‍ ഉള്‍പ്പെടുന്നതും ഗിഡാന്സ്ക്ക് എന്ന് അപരനാമമുള്ളതുമായ ഡാന്‍സിഗ് നഗരത്തില്‍, 1788-ലാണ് ഷോപ്പന്‍ഹോവര്‍ ജനിച്ചത്. ധനികജര്‍മ്മന്‍ കുടുംബങ്ങളില്‍ പെട്ടിരുന്ന ഹെയിന്രിച്ച് ഫ്ലോറിസും ജൊഹന്നായും ആയിരുന്നു മാതാപിതാക്കള്‍.[3] 1793-ല്‍ ജര്‍മ്മനി ഡാന്‍സിഗ് പിടിച്ചെടുത്തതിനെ തുടര്‍ന്ന്, ഷോപ്പന്‍ഹോവര്‍ കുടുംബം ഫ്രാങ്ക്‌ഫര്‍ട്ടിലേക്ക് പോയി. 1793 മുതല്‍ 1797 വരെ ഷോപ്പന്‍ഹോവര്‍ പിതാവിനോടൊപ്പം ഫ്രാങ്ക്‌ഫര്‍ട്ടില്‍ കഴിഞ്ഞു. തുടര്‍ന്നുള്ള രണ്ടുവര്‍ഷം അവര്‍ പാരീസിലായിരുന്നു. 1803-ല്‍ അദ്ദേഹം ഇംഗ്ലണ്ടിലെ ഒരു ബോര്‍ഡിങ്ങ് സ്കൂളില്‍ ചേര്‍ന്നു. അവിടത്തെ രീതികള്‍ ഷോപ്പന്‍ഹോവര്‍ക്ക് തീരെ ഇഷ്ടമായില്ല. 1805-ല്‍ പിതാവ് മരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ ആഗ്രഹമനുസരിച്ച് ഷോപ്പന്‍ഹോവര്‍ ഹാംബര്‍ഗ്ഗിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു. പിതാവിന്റെ മരണം ആത്മഹത്യയായിരുന്നു എന്നു കരുതുന്നവരുണ്ട്. [4]

ഗിഡാന്‍സ്കില്‍ ഷോപ്പനാര്‍ ജനിച്ച വീട്

[തിരുത്തുക] അമ്മയും മകനും

ഷോപ്പന്‍ഹോവറുടെ അമ്മ ഒരെഴുത്തുകാരിയായിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്, എഴുത്തിലൂടെയുള്ള പ്രശസ്തി തേടി, അവര്‍, അക്കാലത്ത് ജര്‍മ്മന്‍ സാഹിത്യത്തിന്റെ കേന്ദ്രസ്ഥാനമായിരുന്ന വെയ്മറിലേക്ക് പോയി. ഒരുവര്‍ഷം കഴിഞ്ഞ്, ഷോപ്പന്‍ഹോവറും വെയ്മറിലേക്ക് പോയി. സാഹിത്യകുതുകികള്‍ ഒത്തുകൂടിയിരുന്ന ഒരു സൗഹൃദശാല(salon) ഷോപ്പന്‍ഹോവറുടെ അമ്മ വെയ്മറില്‍ നിലനിര്‍ത്തിയിരുന്നു. പ്രസിദ്ധ ജര്‍മ്മന്‍ കവി ഗെയ്ഥേ പോലുമുള്‍പ്പെട്ടിരുന്ന വലിയൊരു സുഹൃദ്‌വൃന്ദം അവര്‍ക്കുണ്ടായിരുന്നു.[ക]അമ്മയും ഷോപ്പന്‍ഹോവറുമായുള്ള ബന്ധം സംഘര്‍ഷം നിറഞ്ഞതായിരുന്നു. അമ്മ തന്റെ പിതാവിനെ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ സ്വത്തില്‍ കണ്ണുവച്ചാണെന്ന വിശ്വാസം ഷോപ്പന്‍‌ഹോവര്‍ക്കുണ്ടായിരുന്നതിനാല്‍ അമ്മയെക്കുറിച്ച് അദ്ദേഹത്തിന് തീരെ മതിപ്പില്ലായിരുന്നു. അമ്മയുടെ സുഹൃദ്ശാലകളോടും സാഹിത്യകൗതുകത്തോടുമെല്ലാം ഷോപ്പന്‍ഹോവര്‍ക്ക് പുച്ഛമായിരുന്നു. ഷോപ്പന്‍ഹോവറുടെ അമ്മയുമായുള്ള ബന്ധം, സ്ത്രീകളോട് പൊതുവേയുള്ള ഷോപ്പന്‍ഹോവറുടെ നിലപാടിനെ രൂപപ്പെടുത്തി.

[തിരുത്തുക] സര്‍വകലാശാലാവിദ്യാര്‍ഥി

1809-ല്‍ ഷോപ്പന്‍ഹോവര്‍ ഗോട്ടിഞ്ഞന്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായി. തത്ത്വമീമാംസയും മനഃശാസ്ത്രവുമായിരുന്നു വിഷയങ്ങള്‍. അദ്ധ്യാപകനായിരുന്ന ഗോട്ട്‌ലോബ് ഏണസ്റ്റ് ഷുല്‍റ്റ്സിന്റെ പ്രേരണ മൂലം, പ്ലേറ്റോ, ഇമ്മാനുവേല്‍ കാന്റ് തുടങ്ങിയവരുടെ രചനകളില്‍ പ്രത്യേക താത്പര്യം ജനിച്ചത് ഇക്കാലത്താണ്. 1811-ല്‍ ഷോപ്പന്‍ഹോവര്‍ ബര്‍ളിന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം കാന്റിനുശേഷമുള്ള പ്രസിദ്ധ ആശയവാദചിന്തകന്‍ ജെ.ജി.ഫിച്ചേ, ദൈവാശാസ്ത്രജ്ഞന്‍ ഷ്ലീയര്‍മാക്കര്‍ എന്നിവരുടെ അദ്ധ്യാപനപ്രസംഗങ്ങള്‍ കേട്ടു. 1813-ല്‍ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഷോപ്പന്‍ഹോവര്‍ക്ക് യേന സര്‍വകലാശാല, "പര്യാപ്തയുക്തിവാദത്തിന്റെ നാലു വേരുകള്‍" എന്ന പ്രബന്ധത്തിന് ഗവേഷണബിരുദം നല്‍കി. ഷോപ്പനോവര്‍ പിന്നീട് വികസിപ്പിച്ചെടുത്ത തത്ത്വചിന്തയുടെ അടിസ്ഥാനനിലപാടുകള്‍ ഈ കൃതിയിലുണ്ടായിരുന്നു. ലോകസമസ്യകളുടെ അനാവരണത്തിന് യുക്തിയെ മാത്രം ആശ്രയിച്ചുള്ള അന്വേഷണം മതിയാകുമോ എന്ന മൗലികപ്രശ്നമാണ് ഷോപ്പന്‍ഹോവര്‍ ഈ പ്രബന്ധത്തില്‍ പരിശോധിച്ചത്.

[തിരുത്തുക] മുഖ്യരചന, അദ്ധ്യാപകന്‍

യുവാവായ ഷോപ്പന്‍ഹോവര്‍

1814-ല്‍ ഷോപ്പന്‍ഹോവര്‍ "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" എന്ന കൃതിയുടെ രചന തുടങ്ങി. 1818-ല്‍ പൂര്‍ത്തിയായ ആ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത് 1819-ല്‍ ആണ്. അപ്പോള്‍ അദ്ദേഹത്തിന് 30 വയസ്സായിരുന്നു. 1820-ല്‍ ഷോപ്പന്‍ഹോവര്‍ ബര്‍ളിന്‍ സര്‍വകലാശാലയില്‍ പ്രഭാഷകനഅയി നിയമിതനായി. പ്രഖ്യാതതത്ത്വചിന്തകന്‍ ഹേഗലിനോടുള്ള ഷോപ്പന്‍ഹോവറുടെ എതിര്‍പ്പ് തുടങ്ങിയത് അവിടെവച്ചാണ്. ഹേഗലിന്റെ അദ്ധ്യാപനപ്രസംഗങ്ങളുടെ ജനസമ്മതി കുറയ്ക്കാനായി അവയുടെ സമയത്ത് തന്നെ ഷോപ്പന്‍ഹോവര്‍ സ്വന്തം പ്രസംഗങ്ങള്‍ ഏര്‍പ്പാടുചെയ്തു. എന്നാല്‍ വെറും അഞ്ചു വിദ്യാര്‍ഥികളെ മാത്രമാണ് അദ്ദേഹത്തിന് ആകര്‍ഷിക്കാനായത്. അതോടെ ഷോപ്പന്‍ഹോവര്‍ അക്കാദമിക് ലോകത്തോട് വിടപറഞ്ഞു. പില്‍ക്കാലത്ത് "സര്‍വകലാശാലാതത്ത്വചിന്തയെക്കുറിച്ച്" എന്ന പ്രബന്ധത്തില്‍ ഷോപ്പന്‍ഹോവര്‍ കലാശാലകള്‍ കേന്ദ്രീകരിച്ചുള്ള തത്ത്വചിന്തയെ നിശിതമായി വിമര്‍ശിച്ചു.

[തിരുത്തുക] ഒരു കലഹം

ഷോപ്പന്‍ഹോവറുടെ ജീവചരിത്രങ്ങളിലൊക്കെ പരാമര്ശിക്കപ്പെടുന്ന ഒരു സംഭവം കരോളിന്‍ മാര്‍ക്വറ്റ് എന്ന തുന്നല്‍ക്കാരി അദ്ദേഹത്തിനെതിരെ നടത്തിയ വ്യവഹാരത്തെ സംബന്ധിച്ചതാണ്. ഷോപ്പന്‍ഹോവറുടെ അയല്‍വാസിയായിരുന്ന കരോളിന്‍, ആരോടോ ഉറക്കെ സംസാരിച്ചതില്‍ അരിശം തോന്നി ഷോപ്പന്‍ഹോവര്‍ അവരെ തള്ളിയിട്ട് പരിക്കേല്പിച്ചു എന്നായിരുന്നു പരാതി. ആജീവനാന്തം ഷോപ്പന്‍ഹോവര്‍ അവള്‍ക്ക് മൂന്നുമാസം കൂടുമ്പോള്‍ 15 താലര്‍ വച്ച് കൊടുക്കണം എന്നു വ്യവഹാരത്തില്‍ തീരുമാനമായി. ഇരുപതു വര്‍ഷത്തിനുശേഷം കരോളിന്‍ മരിച്ചപ്പോള്‍ ഷോപ്പന്‍ഹോവര്‍ തന്റെ കണക്കുപുസ്തകത്തില്‍ "Obit anus, abit onus" (കിഴവി മരിച്ചു, ഭാരം ഒഴിഞ്ഞു) എന്ന് എഴുതി.

[തിരുത്തുക] ഫ്രാങ്ക്‌ഫര്‍ട്ടില്‍

1831-ല്‍ ബര്‍ളിനില്‍ കോളറ ബാധ പൊട്ടിപ്പുറപ്പെട്ടതിനെതുടര്‍ന്ന്, ഷോപ്പന്‍ഹോവര്‍ അവിടം വിട്ടുപോയി. അതേ കോളറബാധ, ഹേഗലിന്റെ മരണത്തിന് കാരണമായതായി പറയപ്പെടുന്നു. 1833-ല്‍ ഷോപ്പന്‍ഹോവര്‍ ഫ്രാങ്ക്‌ഫര്‍ട്ടില്‍ സ്ഥിരതാമസമാക്കി. അടുത്ത 27 വര്‍ഷം അദ്ദേഹം അവിടെയാണ് താമസിച്ചത്. ആത്മാ എന്നും, ബറ്റ്സ് എന്നും അദ്ദേഹം പേരുകൊടുത്ത രണ്ട് ഫ്രഞ്ച് പൂഡില്‍ നായ്ക്കളായിരുന്നു ഒപ്പമുണ്ടായിരുന്നത്. മാറ്റമില്ലാത്ത ഒരു ദിനചര്യയാണ് അദ്ദേഹം പിന്തുടര്‍ന്നത്: ഉച്ചവരെ വായന, പഠനം, ഓടക്കുഴല്‍ വായന; നഗരമദ്ധ്യത്തിലെ ഇംഗ്ലീഷര്‍ ഹോഫ് എന്ന ഭക്ഷണശാലയില്‍ ഉച്ചഭക്ഷണം; തുടര്‍ന്ന് വിശ്രമം, വായന, ഉച്ചകഴിഞ്ഞുള്ള നടത്തം; വൈകുന്നേരം ലോകസംഭവഗതികള്‍ അറിയാന്‍, ലണ്ടന്‍ ടൈംസ് പത്രം വായന; ഇതൊക്കെയായിരുന്നു ദിനചര്യയില്‍ ഉള്‍പ്പെട്ടിരുന്നത്. ചിലപ്പോഴെല്ലാം സായാഹ്നത്തില്‍ സംഗീതക്കച്ചേരികള്‍ ആസ്വാധിക്കാന്‍ പോയിരുന്നു. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ്, ഉപനിഷത്തുകളെപ്പോലെയുള്ള പ്രചോദനാത്മക രചനകള്‍ വായിക്കുന്നതും ശീലമാക്കിയിരുന്നു.[5] ജീവിതചര്യകളില്‍ ഇമ്മാനുവേല്‍ കാന്റിനെ കഴിയുന്നത്ര അദ്ദേഹം അനുകരിക്കാന്‍ ശ്രമിച്ചു എന്നു പറയപ്പെടുന്നു.

[തിരുത്തുക] മരണം

ഫ്രാങ്ക്‌ഫര്‍ട്ടില്‍ ഷോപ്പന്‍ഹോവറുടെ ശവകുടീരം

"ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" ആദ്യമൊന്നും വലിയ വിജയമായിരുന്നില്ലെങ്കിലും കാലക്രമേണ അതിന്റെ സ്വീകാര്യതയും അംഗീകാരവും വര്‍ദ്ധിക്കാന്‍ തുടങ്ങി. ഷോപ്പന്‍ഹോവര്‍ വിവാഹിതനായിരുന്നില്ല. ചുറ്റും വിശ്വസ്തരായ ഒരുവൃന്ദം ആരാധകര്‍ അദ്ദേഹത്തിനുണ്ടായി. അവസാനനാളുകളില്‍ ഷോപ്പന്‍ഹോവര്‍ സന്തുഷ്ടനും സംതൃപ്തനുമായി കാണപ്പെട്ടു. 72 വയസ്സുള്ളപ്പോള്‍, 1860 സെപ്റ്റംബര്‍ 21-ന് ചാരുകസേരയില്‍ കിടക്കുമ്പോള്‍, ഹൃദയസ്തംഭനം മൂലം അദ്ദേഹം അന്തരിച്ചു.

[തിരുത്തുക] തത്ത്വചിന്ത

[തിരുത്തുക] ഇച്ഛയെന്ന യഥാരൂപം

താന്‍ കാന്റിന്റെ അനുയായി ആണെന്ന് ഷോപ്പന്‍ഹോവര്‍ അവകാശപ്പെട്ടിരുന്നു. അതേസമയം കാന്റിന്റെ തത്ത്വചിന്താവ്യവസ്ഥ പിന്തുടര്‍ന്നിരുന്ന സമകാലീന തത്ത്വചിന്തകരായ ഹേഗല്‍, ഫിച്ചേ, ഷെല്ലിങ്ങ് എന്നിവരെ ഷോപ്പന്‍ഹോവര്‍ എതിര്‍ത്തു. കാന്റ്, നമുക്ക് അനുഭവേദ്യമാകുന്ന വസ്തുക്കളുടെ പ്രതിഭാസരൂപങ്ങളും അവക്ക് പിന്നിലുള്ള യഥാരൂപങ്ങളും തമ്മിലുള്ള വ്യത്യാസത്തിന് പ്രാധാന്യം കല്പിക്കുകയും യഥാരൂപങ്ങളുടെ ലോകത്തെക്കുറിച്ചറിയാന്‍ ധാര്‍മ്മികനിയമങ്ങളുടെ പഠനമാണ് വഴി എന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കാന്റിനെ തുടര്‍ന്നുവന്ന ഫിച്ചേയും ഹേഗലും മറ്റും യഥാരൂപങ്ങളിലുള്ള ഈ ഊന്നല്‍ ഉപേക്ഷിച്ച് പ്രതിഭാസലോകത്തിന്റെ പഠനത്തിന് പ്രാധാന്യം കല്പിച്ചു. ഷോപ്പന്‍ഹോവര്‍ യഥാരൂപങ്ങളുടെ പ്രാധാന്യം തിരിച്ചു കൊണ്ടുവരുകയും യഥാരൂപങ്ങളെ ഇച്ഛയായി തിരിച്ചറിയുകയും ചെയ്തു. കാന്റ് ഇച്ഛയെ കണക്കിലെടുത്തിരുന്നെങ്കിലും അതിനെ പ്രതിഭാസലോകത്തിന്റെ ഭാഗമായാണ് കണ്ടിരുന്നത്. നമ്മുടെ ശരീരമായി നമുക്ക് കാണപ്പെടുന്നതിന്റെ യഥാരൂപം നമ്മുടെ ഇച്ഛയാണെന്ന് ഷോപ്പന്‍‌ഹോവര്‍ വിശ്വസിച്ചു. പലരുടേതായ വ്യത്യസ്ത ഇച്ഛകളായി തോന്നിക്കുന്നത് വിശ്വവ്യാപിയായ ഒരേ ഇച്ഛതന്നെയാണെന്നും കൂടി അദ്ദേഹം വിധിച്ചു. ഞാന്‍ വ്യത്യസ്തനാണെന്ന തോന്നല്‍ മായാസൃഷ്ടമായ സ്ഥലകാലബോധത്തില്‍ നിന്നു ജനിക്കുന്നതാണ്. പൗരസ്ത്യദര്‍ശനങ്ങളെ അനുസ്മരിപ്പിക്കുന്ന നിലപാടായിരുന്നു ഇത്. എന്നാല്‍ വിശ്വവ്യാപിയായ ഈ ഇച്ഛയെ ഈശ്വരസമാനമായോ നന്മയായോ ഷോപ്പന്‍ഹോവര്‍ കണ്ടില്ല. അന്തിമവിജയം മരണത്തിന്റേതാണ് എന്നുറപ്പായിരിക്കുമ്പോഴും, അസംതൃപ്തിയും ദുഖവും നല്‍കുന്ന ജീവിതവൃത്തികളിലും പ്രത്യുല്പാദനത്തിലും തുടര്‍ന്നുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്ന ദുഷ്ടരൂപമാണ് ഇച്ഛയുടേത്. ഇച്ഛയുടെ പ്രേരണയിലുള്ള നമ്മുടെ പാഴ്വേല, ഒടുവില്‍ പൊട്ടി ഇല്ലാതാകാനിരിക്കുന്ന സോപ്പുകുമിളയെ പാടുപെട്ട് ഊതിവീര്‍പ്പിക്കുന്നതുപോലെയാണ്.


ഷോപ്പന്‍ഹോവറുടെ ഒരു രേഖാചിത്രം

കഷ്ടപ്പാടിന്റെ ഈ അവസ്ഥയില്‍ നിന്നുള്ള മോചനത്തിനുള്ള വഴി മനുഷ്യരാശിയുടെ പൗരാണികമായ ദര്‍ശനസഞ്ചയത്തിലുണ്ട്. ആ വഴി നിര്‍വാണത്തിന്റേതാണ്. നിര്‍വാണത്തെ ഇല്ലായ്മ തന്നെയായാണ് ഷോപ്പന്‍ഹോവര്‍ കണ്ടത്. എല്ലാ നന്മയുടേയും പരിശുദ്ധിയുടേയും അന്തിമലക്ഷ്യമായ ഇല്ലായ്മയെ, ഇരുട്ടിനെയെന്നപോലെ ഭയപ്പെടുന്നത് നാം അവസാനിപ്പിക്കണം. നിര്‍വാണത്തിന്റെ വഴി ക്രിസ്തുമതത്തിന്റെ രക്ഷാപദ്ധതിയുമായി ചേര്‍ന്നുപോകുന്നതല്ല എന്നു വരാം. എന്നാല്‍ ഗലീലായില്‍ പണ്ട് സംഭവിച്ചത് മനുഷ്യവംശത്തിന്റെ പൗരാണികജ്ഞാനത്തെ തള്ളിക്കളയുന്നതിനുള്ള ന്യായമല്ല. മറ്റുള്ളവരെ തന്നില്‍ നിന്ന് വ്യത്യസ്തമായി കാട്ടുന്ന മായയെ തിരിച്ചറിഞ്ഞ് സൃഷ്ടിയെ മുഴുവന്‍ നമ്മുടെതന്നെ ഭാഗമായി കണ്ട് ദയാ-സ്നേഹങ്ങളോടെ വീക്ഷിക്കുകയും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് ആശ-നിരാശകള്‍ തരുന്ന ദുരിതത്തില്‍ നിന്ന് മുക്തി നേടുകയുമാണ് വേണ്ടത്. [6]

[തിരുത്തുക] അഭിവ്യക്തി

നമുക്ക് അനുഭവേദ്യമാകുന്ന ലോകം ഇച്ഛയുടെ വസ്തുനിഷ്ടരൂപമാണ്. അത് അഭിവ്യക്തിയുടെ ലോകമാണ്. ഈ വിധം, രണ്ടുവശങ്ങളുള്ള ലോകമാണ് ഷോപ്പന്‍ഹോവറുടെ ചിന്ത വരച്ചുകാട്ടുന്നത്. ഇച്ഛയുടെ ലോകവും അഭിവ്യക്തിയുടെ ലോകവും. ഇച്ഛയുടെ ലോകം, ലോകത്തിന്റെ തനിരൂപവും അഭിവ്യക്തിയുടെ ലോകം നമ്മുടെ കാഴ്ചപ്പാടിലെ ലോകവും ആണ്. "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" എന്നതിന് പകരം "യാഥാര്‍ഥ്യത്തിലേയും കാഴ്ചപ്പാടിലേയും ലോകങ്ങള്‍" എന്നോ, "ലോകത്തിന്റെ അകവും പുറവും" എന്നോ പറയാവുന്നതാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. [7]

[തിരുത്തുക] സൗന്ദര്യചിന്ത

തന്റെ ദുരവസ്ഥയില്‍ മനുഷ്യന് ശാന്തിയുടെ ഒരുപാധിയാകാവുന്നത് കലയുടെ ഉപാസനയാണ് എന്ന് ഷോപ്പന്‍ഹോവര്‍ കരുതി. ബുദ്ധിയെ കലയുടെ രൂപത്തില്‍ ഇച്ഛയില്‍ നിന്ന് വേര്‍തിരിക്കുന്ന സൗന്ദര്യാത്മക വീക്ഷണം ശാസ്ത്രീയ വീക്ഷണത്തെക്കാള്‍ വസ്തുനിഷ്ഠമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. പ്രകൃതിയിലെ സൗന്ദര്യം ആസ്വദിക്കാനുള്ള കഴിവ്, ധിഷണയുടെ ഉറപ്പായ മുഖമുദ്രയാണ് (tell-tale sign of genius). കലയുടെ ആസ്വാദനത്തില്‍ നാം നമ്മുടെ വ്യതിരിക്തത മറന്ന് ആസ്വദിക്കുന്ന വസ്തുവുമായി താദാത്മ്യം കൈവരിക്കുന്നു. ആപ്പിള്‍ മരത്തിന്റെ ചിത്രം നമുക്ക് എല്ലാ അപ്പിള്‍ മരത്തിന്റേയും ചിത്രമായി അനുഭവപ്പെടുന്നു. ആസ്വദിക്കുന്ന വസ്തുവിന് കൈവരുന്ന അത്തരം സാര്‍വലൗകികത ആസ്വാദകനും പകര്‍ന്നു കിട്ടുന്നു. അതിനാല്‍ സൗന്ദര്യസം‌വേദനം വ്യക്തിയെ ഇച്ഛയില്‍ നിന്ന് വിടുവിച്ച്, കാലരഹിതവും വേദനാരഹിതവുമായ ജ്ഞാനത്തിന്റെ അവസ്ഥയിലെത്തിക്കുന്നു. [8]

[തിരുത്തുക] സ്ത്രീകളെക്കുറിച്ച്

ഷോപ്പന്‍ഹോവറുടെ അമ്മ ജൊഹന്നായും സഹോദരി അഡലേയും, 1806-ല്‍ കരോളിന്‍ ബരുഡാ വരച്ച ചിത്രം

1821-ല്‍ ഷോപ്പന്‍ഹോവര്‍ 19 വയസ്സുള്ള ഓപ്പറ ഗായിക കരൊളിന്‍ റിറ്റ്ചറുമായി അടുപ്പത്തിലായി. ആ അടുപ്പം ഏറെക്കാലം തുടര്‍ന്നെങ്കിലും ഷോപ്പന്‍ഹോവര്‍ അവരെ വിവാഹം കഴിച്ചില്ല. വിവാഹം ഒരാളുടെ അവകാശങ്ങളെ പകുതിയായി കുറയ്ക്കുകയും കടമകളെ ഇരട്ടിയാക്കുകയും ചെയ്യുന്നതായി ഷോപ്പന്‍ഹോവര്‍ കരുതി. വിവാഹം കഴിക്കുന്നയാള്‍ സ്വന്തം കണ്ണുമൂടിക്കെട്ടിയിട്ട്, പാമ്പുകള്‍ നിറച്ച സഞ്ചിയിലേക്ക് അവയ്ക്കിടയിലെ മനഞ്ഞലിനെ കണ്ടുപിടിക്കാമെന്ന മോഹത്തില്‍ കയ്യിടുന്നവനെപ്പോലെയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 1831-ല്‍ 43 വയസ്സുള്ളപ്പോള്‍ ഷോപ്പന്‍ഹോവര്‍ 17 വയസ്സുള്ള ഫ്ലോറാ വീസ് എന്ന പെണ്‍കുട്ടിയില്‍ തല്പരനായെങ്കിലും അവള്‍ക്ക് അദ്ദേഹം അഭിമതനായില്ല.[9] ഷോപ്പന്‍ഹോവറുടെ പ്രേമബന്ധങ്ങളൊക്കെ വൈകാരികമായ ആഴം ഇല്ലാത്തവ ആയിരുന്നു. സ്ത്രീകളെക്കുറിച്ച് അദ്ദേഹത്തിന് പൊതുവേ തീരെ മതിപ്പില്ലായിരുന്നു. സ്ത്രീകള്‍ ഗൗരവമായ കാര്യങ്ങളില്‍ താത്പര്യമോ ദീര്‍ഘവീക്ഷണമോ ഇല്ലാത്തവവരാണെന്നും, അവരുടെ ബാലിശസ്വഭാവം അവരെ ബാലപ്രായക്കാരുടെ മേല്‍നോട്ടത്തിന് മാത്രമാണ് പ്രാപ്തരാക്കുന്നതെന്നും ഷോപ്പനാര്‍ കരുതി. "വലിപ്പം കുറഞ്ഞ്, ഇടുങ്ങിയ തോളുകളും വലിയ അരക്കെട്ടും കുറിയ കാലുകളുമുള്ള ഒരു വര്‍ഗ്ഗമാണ് സ്ത്രീകളെന്നും, ഒന്നിനെക്കുറിച്ചും ശരിയായ അറിവില്ലാത്തവരും ധിഷണ(genius) തൊട്ടുപോയിട്ടില്ലാത്തവരുമാണ് അവര്‍" എന്നുമൊക്കെ അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. [10]

ഈ വിഷയത്തില്‍ ഷോപ്പന്‍ഹോവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ അമ്മയുമായുള്ള അദ്ദേഹത്തിന്റെ സംഘര്‍ഷം നിറഞ്ഞ ബന്ധത്തിന്റെ നിഴല്പ്പാട് കാണാം. സ്ത്രീകളെക്കുറിച്ച് അദ്ദേഹം എപ്പോഴും ഒരേതരം നിലപാടല്ല കൈക്കൊണ്ടിട്ടുള്ളത് എന്നും പറയപ്പെടുന്നു. താന്‍ സ്ത്രീകളെക്കുറിച്ച് അവസാന വാക്ക് പറഞ്ഞിട്ടില്ലെന്നും ഒരു സ്ത്രീ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറിയും ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നും നിന്നാല്‍ അവള്‍ പുരുഷനേക്കാള്‍ മഹത്വമുള്ളവളായിരിക്കുമെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[11]

[തിരുത്തുക] പൗരസ്ത്യദര്‍ശനങ്ങളെക്കുറിച്ച്

പാശ്ചാത്യചിന്തകന്മാരില്‍ ഭാരതീയ ദര്‍ശനങ്ങളുടെ സ്വാധീനം പ്രകടമാക്കിയ ആദ്യത്തെ ചിന്തകനാണ് ഷോപ്പന്‍ഹോവര്‍. ബുദ്ധമതദര്‍ശനം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചിരുന്നു. നിര്‍വാണം അടക്കമുള്ള ബുദ്ധമതസങ്കല്പങ്ങള്‍ അദ്ദേഹത്തിന്റെ ചിന്തയില്‍ പ്രകടമാകുന്നു. ഷോപ്പന്‍ഹോവറുടെ പഠനമുറിയില്‍ വച്ചിരുന്നത് കാന്റിന്റേയും ബുദ്ധന്റേയും പ്രതിമകളായിരുന്നത്രെ.[12] ഉപനിഷത്തുകളിലെ ദര്‍ശനം ഷോപ്പന്‍ഹോവര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പുത്രന്‍ ദാരാ ഷിക്കോയുടെ പേര്‍ഷ്യന്‍ പരിഭാഷയെ ആശ്രയിച്ച് ഫ്രഞ്ചുകാരനായ ആന്‍ക്വെറ്റില്‍ ഡു പെറോണ്‍ നടത്തിയ ലത്തീന്‍ പരിഭാഷയിലാണ് ഷോപ്പന്‍ഹോവര്‍ ഉപനിഷത്തുകള്‍ വായിച്ചത്. അത്യുദാത്തമായ ജ്ഞാനത്തിന്റെ സൃഷ്ടി എന്ന് അദ്ദേഹം അവയെ വിശേഷിപ്പിച്ചു. താന്‍ വായിച്ച പരിഭാഷയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതി:-

അതിനേക്കള്‍ ഉദാത്തവും സംതൃപ്തിദായകവുമായ വായനയായി സങ്കല്പിക്കാന്‍ അതിന്റെ മൂലകൃതി മാത്രമേയുള്ളു. അത് എന്റെ ജീവിതത്തിന്റെ സമാശ്വാസമായിരുന്നു. മരണത്തിലും അതെനിക്ക് ആശ്രയമായിരിക്കും.[ഖ]

[തിരുത്തുക] മനഃശാസ്ത്രം

മനഃശാസ്ത്രത്തില്‍ ഷോപ്പന്‍ഹോവര്‍ കൊണ്ടുവന്ന ഉള്‍‍ക്കാഴ്ചകള്‍ തത്ത്വചിന്തയിലെ അദ്ദേഹത്തിന്റെ സംഭാവനകളെപ്പോലെ തന്നെ ശ്രദ്ധേയമാണ്. പ്രേമവുമായി ബന്ധപ്പെട്ട ബദ്ധപ്പാടുകളെ പൊതുവേ അവഗണിക്കുകയായിരുന്നു പരമ്പരാഗത തത്ത്വചിന്തയുടെ പതിവ്. എന്നാല്‍ പ്രേമത്തേയും അതുമായി ബന്ധപ്പെട്ട വിഷയങ്ങളേയും ഷോപ്പന്‍ഹോവര്‍ നേര്‍ക്കുനേരായും ഗൗരവപൂര്‍വവും പരിഗണിച്ചു. മനുഷ്യന്റെ ജീവിതത്തില്‍ ഇത്ര പ്രധാനപങ്കുവഹിക്കുന്ന പ്രേമത്തോട് തത്ത്വചിന്തകന്മാര്‍ കാട്ടിയ അവഗണന നമ്മെ അത്ഭുതപ്പെടുത്തേണ്ടതണെന്ന് അദ്ദേഹം കരുതി. പ്രേമത്തെ നിസ്സാരകാര്യമായോ ആകസ്മികതയായോ കണക്കാക്കാന്‍ ഷോപ്പന്‍ഹോവര്‍ വിസമ്മതിച്ചു. മനുഷ്യമനസ്സില്‍ അദൃശ്യമായി കിടന്ന് ലോകത്തെ നാടകീയമായി രൂപപ്പെടുത്തുന്ന മഹാശക്തിയായാണ് അതിനെ അദ്ദേഹം കണക്കാക്കിയത്. പ്രേമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഷോപ്പന്‍ഹോവര്‍ ഇങ്ങനെ പറഞ്ഞു:

എല്ലാ പ്രേമബന്ധങ്ങളുടേയും അന്തിമലക്‌ഷ്യം മനുഷ്യന്റെ ജീവിതത്തിലെ മറ്റെല്ലാ ലക്‌ഷ്യങ്ങളേക്കാളും പ്രധാനമാണ്. അതിനെ പിന്തുടരുന്നതില്‍ എല്ലാവരും കാട്ടുന്ന ശുഷ്കാന്തി അതിന് അര്‍ഹമായതാണ്. അതില്‍ തീരുമാനിക്കപ്പെടുന്നത് വരും തലമുറ എങ്ങനെയുള്ളതായിരിക്കണം എന്നതുതന്നെയാണ്.

ഇക്കാര്യത്തില്‍ ഷോപ്പന്‍ഹോവര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ജൈവപരിണാമത്തെക്കുറിച്ച് ഡാര്‍വിനും, ലിബിഡോയുടെയും അപബോധമനസ്സിന്റേയും പ്രാധാന്യത്തെക്കുറിച്ച് ഫ്രോയിഡും പിന്നീട് പ്രകടിപ്പിച്ച അഭിപ്രായങ്ങളെ അനുസ്മരിപ്പിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[13]

[തിരുത്തുക] രാഷ്ട്രീയ-സാമൂഹ്യ നിലപാടുകള്‍

ഫ്രഞ്ചു വിപ്ലവത്തിന്റെ തുടക്കത്തിന് ഒന്നരവര്‍ഷം മാത്രം മുന്‍പ് ജനിച്ച ഷോപ്പന്‍ഹോവര്‍ ജീവിച്ചത് രാഷ്ട്രീയമായി സംഘര്‍ഷഭരിതമായ ഒരു കാലഘട്ടത്തിലാണ്. എന്നിട്ടും, "സമയമല്ല നിത്യതയാണ് എന്റെ വിഷയം" (minding not times but eternities) എന്ന് പറഞ്ഞ അദ്ദേഹം, രാഷ്ട്രീയത്തിലെ സംഭവഗതികളില്‍ നിന്ന് പൊതുവേ അകന്നു നില്‍ക്കുകയാണ് ചെയ്തത്. ഷോപ്പന്‍ഹോവര്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനമേഖലകള്‍ ഒതുക്കിനിര്‍ത്തുന്നതില്‍ വിശ്വസിച്ചിരുന്നു. ജനാധിപത്യത്തോട് അദ്ദേഹത്തിന് മതിപ്പില്ലായിരുന്നു. തന്നെ കുറേ എലികള്‍ ഭരിക്കുന്നതിനേക്കാള്‍ ഒരു സിംഹം ഭരിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം കരുതി. എന്നാല്‍ രാഷ്ട്രീയ-സാമൂഹ്യ വിഷയങ്ങളില്‍ പലതിലും ഷോപ്പന്‍ഹോവറുടെ നിലപാട്, അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടം കണക്കിലെടുക്കുമ്പോള്‍, പുരോഗമനാത്മകമായിരുന്നു. അടിമത്തവ്യവസ്ഥയെ ഷോപ്പന്‍ഹോവര്‍ കഠിനമായി എതിര്‍ത്തു. "യജമാനന്മാരുടെ പിശാചഹസ്തങ്ങളിലേക്ക് നിരപരാധികളായ നമ്മുടെ കറുത്ത സഹോദരങ്ങളെ തള്ളിവിടുന്ന ബലപ്രയോഗത്തിന്റേയും അനീതിയുടെയും കഥ, മനുഷ്യരാശിയുടെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായങ്ങളില്‍ പെടുന്നു" എന്ന് അദ്ദേഹം കരുതി.[14] സ്വവര്‍ഗ്ഗരതി, ആത്മഹത്യ മുതലായവയോടുള്ള സമീപനത്തിന്റെ കാര്യത്തിലും, ഷോപ്പന്‍ഹോവറുടെ അഭിപ്രായങ്ങള്‍, പത്തൊന്‍പതാം നൂറ്റാണ്ടില്‍ പൊതുവെ സ്വീകാര്യമായി കണക്കാക്കിയിരുന്ന നിലപാടുകളില്‍ നിന്ന് ഭിന്നമായിരുന്നു. "ഇച്ഛയും അഭിവ്യക്തിയുമായ ലോകം" എന്ന കൃതിയുടെ 1856-ലെ വിപുലീകരിച്ച പതിപ്പില്‍, ലൈംഗികപ്രേമത്തിന്റെ തത്ത്വമീമാംസ (Metaphysics of Sexual Love) എന്ന അദ്ധ്യായത്തിനൊടുവില്‍ എഴുതി ചേര്‍ത്ത അനുബന്ധം സ്വവര്‍ഗ്ഗരതിയെ, പതിവ് നിഷേധാത്മക നിലപാടില്‍ നിന്ന് വ്യത്യസ്തമായി കാണാനുള്ള ശ്രമമായിരുന്നു.

മൃഗങ്ങളോട് ദയാപൂര്‍വം പെരുമാറുന്നതില്‍ ഷോപ്പന്‍ഹോവര്‍ വിശ്വസിച്ചിരുന്നു. ഇച്ഛയുടെ പ്രേരണയില്പെട്ടുള്ള ദുഃഖത്തില്‍ നമ്മുടേതിന് സമമായ അവസ്ഥയിലുള്ള അവയെ നാം സഹതാപത്തോടെ വീക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നല്ല മനുഷ്യര്‍ക്ക്, ദുഖത്തില്‍ നമ്മുടെ പങ്കാളികളായ മൃഗങ്ങളോട് ദയ കാട്ടാതിരിക്കാനാവില്ല. മൃഗങ്ങളോടുള്ള ദയ സ്വഭാവമഹിമയുടെ തെളിവായ ലക്ഷണമാണെന്നിരിക്കെ, അവയോട് ക്രൂരത കാട്ടുന്നവരെ നല്ല മനുഷ്യരായി കരുതുക വയ്യ.

[തിരുത്തുക] വിലയിരുത്തല്‍

സം‌വാദാത്മകതയിലൂടെ(dialectically) സമ്പൂര്‍ണതയിലേക്ക് നീങ്ങുന്ന വിശ്വചേതനയെക്കുറിച്ചെഴുതിയ ഹേഗല്‍ ഉള്‍പ്പെടെയുള്ള പത്തൊന്‍പതാം നൂറ്റാണ്ടിലെ ആശയവാദികളുടെ ചിന്തയുടെ ഭാവം പൊതുവെ, ശുഭാപ്തിവിശ്വാസമായിരുന്നു. എന്നാല്‍ "ഇച്ഛയും അഭിവ്യക്തിയും ആയ ലോകം" എന്ന ഗ്രന്ഥത്തില്‍ ഷോപ്പന്‍ഹോവര്‍ അവതരിപ്പിക്കുന്ന തത്ത്വചിന്തയുടെ മുഖമുദ്ര അശുഭാപ്തിഭാവമാണ്. പേടിപ്പെടുത്തുന്നതും പൈശാചികവും(pandemonic) എന്നുപോലും അത് വിശേഷിക്കപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും അറിവിനെയോ നിയമത്തെയോ ആശ്രയിക്കാതെയുള്ള അന്ധവും അനവസാനവും സ്വാശ്രയവുമായ അലക്‌ഷ്യപ്രയത്നമാണ് ഈ ലോകമെന്നാണ് അതിന്റെ കണ്ടെത്തല്‍. അതില്‍ അന്വേഷിച്ചുകണ്ടെത്താന്‍ അര്‍ഥമോ, ദൈവമോ ഇല്ല. മനുഷ്യദൃഷ്ടിയില്‍ നോക്കുമ്പോള്‍, ഒന്നിനും‌വേണ്ടിയല്ലാത്ത ഈ പ്രയത്നത്തിന്റെ ഫലം നിത്യനിരാശയാണ്. [15]

തത്ത്വചിന്തയുടെ ചരിത്രത്തില്‍ ഷോപ്പന്‍ഹോവറുടെ പ്രാധാന്യം രണ്ടു വിധത്തിലാണെന്ന് ബെര്‍ട്രാന്‍ഡ് റസ്സല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ജ്ഞാനത്തിനേക്കാള്‍ ഇച്ഛക്ക് പ്രാധാന്യം കൊടുക്കുന്ന അദ്ദേഹത്തിന്റെ നിലപാടാണ് ആദ്യത്തേത്. ഈ നിലപാട് ആധുനികതത്ത്വചിന്തയിലെ ഒരു വഴിത്തിരിവായിരുന്നു. ഇക്കാര്യത്തില്‍ ഷോപ്പന്‍ഹോവറുടെ പൂര്‍വഗാമികളായി റുസ്സോയും കാന്റുമെല്ലാം ഉണ്ടെങ്കിലും ഇച്ഛയുടെ പ്രാധാന്യത്തിലൂന്നിയ തത്ത്വചിന്ത അതിന്റെ ശുദ്ധരൂപത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഷോപ്പന്‍ഹോവറാണ്. അദ്ദേഹം കാട്ടിയ വഴി പിന്തുടരുകയാണ് പിന്നീട് വന്ന ഫ്രീഡ്രിക് നീച്ച, ഹെന്റി ബെര്‍ഗ്സണ്‍, വില്യം ജെയിംസ്, ജോണ്‍ ഡൂവി തുടങ്ങിയവര്‍ ചെയ്തത്.

ഷോപ്പന്‍ഹോവറുടെ ചിന്തയിലെ അശുഭാപ്തി വിശ്വാസമാണ് അദ്ദേഹത്തിന്റെ പ്രാധാന്യത്തിനു മറ്റൊരു കാരണം. റസ്സല്‍ ഇതിനെ ഇങ്ങനെ വിശദീകരിക്കുന്നു:-

അശുഭാപ്തിയിലൂന്നിയ ഷോപ്പന്‍ഹോവറുടെ ചിന്ത, എല്ലാ തിന്മകള്‍ക്കും ന്യായീകരണം കണ്ടെത്തുക സാദ്ധ്യമല്ലെന്നു ബോദ്ധ്യമുള്ളവര്‍ക്കും തത്ത്വചിന്തയുടെ വഴി പിന്തുടരാമെന്നാക്കി. ശാസ്ത്രീയവീക്ഷണത്തില്‍ ശുഭാപ്തിവിശ്വാസവും അശുഭാപ്തി വിശ്വാസവും ഒരുപോലെ അസ്വീകാര്യമാണ്. പ്രപഞ്ചം നിലകൊള്ളുന്നത് നമ്മെ സന്തോഷിപ്പിക്കാനാണെന്നാണ് ശുഭാപ്തിവിശ്വാസം കരുതുന്നതും തെളിയിക്കാന്‍ ശ്രമിക്കുന്നതും; പ്രപഞ്ചം നമുക്ക് അപ്രീതിയുണ്ടാക്കാനുള്ളതാണെന്നാണ് അശുഭാപ്തിവിശ്വാസത്തിന്റെ നിലപാട്. പ്രപഞ്ചം ഇതില്‍ ഏതെങ്കിലും വിധത്തില്‍ നമ്മെ പരിഗണിക്കുന്നുണ്ടെന്ന് കരുതാന്‍ ഒരു തെളിവുമില്ല. ശുഭാപ്തിയുടേയും അശുഭാപ്തിയുടേയും നിലപാടുകള്‍ തമ്മിലുള്ള വ്യത്യാസം യുക്തിയിലല്ല, മനോഭാവത്തിലാണ്(temperament). ശുഭാപ്തിമനോഭാവമാണ് പാശ്ചാത്യചിന്തകന്മാരില്‍ സാധാരണമായിരുന്നത്. വിപരീതനിലപാടിന്റെ ഒരു പ്രതിനിധിയുടെ അസാന്നിദ്ധ്യത്തില്‍, വിഷയത്തിന്റെ സമഗ്രമായ പരിഗണ സാദ്ധ്യമാകുമായിരുന്നില്ല.[16]

[തിരുത്തുക] കുറിപ്പുകള്‍

ക.^ മകന്‍ തത്ത്വചിന്തയുടെ വഴി പിന്തുടരുന്നതില്‍ ഷോപ്പന്‍ഹോവറുടെ പിതാവിന് താത്പര്യമില്ലായിരുന്നു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് വെയ്മറിലെക്ക് പോയ ഷോപ്പന്‍ഹോവറുടെ അമ്മ ജൊഹന്നാ, അപ്പോള്‍ ഹാംബര്‍ഗിലായിരുന്ന മകനേയും പിന്നീട് അങ്ങോട്ടുവരുത്തി. അതാണ് ഷോപ്പന്‍ഹോവര്‍ക്ക് തത്ത്വചിന്ത ജീവിതചര്യയാകാന്‍ വഴിയൊരുക്കിയത്. അതേസമയം, മകന്‍ വലിയ കാര്യങ്ങള്‍ക്ക് വിധിക്കപ്പെട്ടവനാണെന്ന് അവരുടെ സുഹൃത്തായിരുന്ന പ്രസിദ്ധ ജര്‍മ്മന്‍ കവി ഗെയ്ഥേ പറഞ്ഞത്, തന്റെ തന്നെ പ്രതിഭയില്‍ വലിയ വിശ്വാസമുണ്ടായിരുന്ന ജൊഹന്നായ്ക്ക് ബോദ്ധ്യമായില്ല എന്ന് പറയപ്പെടുന്നു. ഒരേ കുടുംബത്തില്‍ രണ്ട് ജീനിയസുകള്‍ പതിവില്ല എന്നതായിരുന്നത്രെ അവരുടെ യുക്തി.[17]


ഖ.^ ഉപനിഷ്ദ് മഹാവാക്യമായ തത്ത്വമസിയുടെ അര്‍ഥം ഷോപ്പന്‍ഹോവര്‍, "this thou art" എന്ന് തെറ്റായാണ് മനസ്സിലാക്കിയിരുന്നതെന്ന് 'തത്ത്വമസി' എന്ന പുസ്തകത്തില്‍ സുകുമാര്‍ അഴീക്കോട് പറയുന്നുണ്ട്. തത്ത്വമസിയിലെ 'തത്' എന്നതിന് അത് എന്നതിനു പകരം ഇത് എന്ന അര്‍ഥമാണത്രെ ഷോപ്പന്‍ഹോവര്‍ മനസ്സിലാക്കിയിരുന്നത്. അദ്ദേഹം വായിച്ച പരിഭാഷയുടെ പിശകായിരിക്കണം കാരണം എന്നും അഴീക്കോട് പറയുന്നു.[18]


[തിരുത്തുക] അവലംബം

  1. Higgins, Kathleen. "Schopenhauer--The World as Will and Idea." Great Minds of the Western Intellectual Tradition, Part V [DVD]. The Teaching Company, 2000.
  2. Anoymous, 2006, German Idealism http://www.iep.utm.edu/g/germidea.htm
  3. Schopenhauer, Arthur; Günter Zöller, Eric F. J. Payne (1999). Chronology. Prize Essay on the Freedom of the Will xxx. Cambridge University Press. ശേഖരിച്ചത് 2008-09-05.
  4. Schopenhauer and the Wild Years of Philosophy -Rudiqer Safranski - page 12. "There was in the father's life some dark and vague source of fear which later made him hurl himself to his death from the attic of his house in Hamburg."
  5. Arthur Schopenhauer - Stanford Encyclopedia of Philosophy http://plato.stanford.edu/entries/schopenhauer
  6. ബെര്‍ട്രന്‍ഡ് റസ്സല്‍ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറങ്ങള്‍ 755-756
  7. Shopenhauer - Stanford Encyclopedia of Philosophy
  8. Shopenhauer - Stanford Encyclopedia of Philosophy
  9. the Leuven Philosophy Newsletter - പുറങ്ങള്‍ 42-43 - http://www.hiw.kuleuven.be/eng/alumni/newslet11.pdf
  10. Arthur Schopenhauer(1788-1860) http://www.blupete.com/Literature/Biographies/Philosophy/Schopenhauer.htm
  11. Schopenhauer and the Wild Years of Philosophy -Rudiqer Safranski - Chapter 24
  12. ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 754
  13. Schopenhauer and the Wild Years of Philosophy -Rudiqer Safranski - page 345 - "ഫ്രോയിഡിന് മിക്കവാറും ഒരു നൂറ്റാണ്ട് മുന്‍പ്, അപബോധമനസ്സിന്റേയും ശരീരത്തിന്റേയും ഒരു തത്ത്വചിന്ത ഷോപ്പന്‍ഹോവറില്‍ നാം കാണുന്നു."
  14. ലഘു-തത്ത്വചിന്താരചനകള്‍ (Parerga und Paralipomena) എന്ന ലേഖനസമാഹാരത്തിലെ "ധാര്‍മ്മികതയെക്കുറിച്ച്" (On Ethics Sec.5) എന്ന ലേഖനം
  15. Shopenhauer - Stanford Encyclopedia of Philosophy
  16. ബെര്‍ട്രാന്‍ഡ് റസ്സല്‍ - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - പുറം 759
  17. Nation Master.com - Encyclopaedia - Schopenhauer - http://www.nationmaster.com/encyclopedia/Schopenhauer
  18. ഉപനിഷത്തിന്റെ സന്ദേശം എന്ന ലേഖനത്തിലെ കുറിപ്പ് - തത്ത്വമസി - പുറം 158

[തിരുത്തുക] ഷോപ്പന്‍ഹോവറുടെ രചനകള്‍

[തിരുത്തുക] ഇന്റര്‍നെറ്റില്‍


[തിരുത്തുക] ഷോപ്പന്‍ഹോവറെക്കുറിച്ചുള്ള രചനകള്‍

[തിരുത്തുക] പുസ്തകങ്ങള്‍

  • Atwell, John. Schopenhauer on the Character of the World, The Metaphysics of Will.
  • Frederick Copleston, Schopenhauer: Philosopher of Pessimism, 1946 (reprinted London: Search Press, 1975.)
  • Hamlyn, D. W., Schopenhauer, London: Routledge and Kegan Paul, 1980
  • Christopher Janaway, 2003. Self and World in Schopenhauer's Philosophy. Oxford University Press. ISBN 0-19-825003-7
  • Bryan Magee|Magee, Bryan, The Philosophy of Schopenhauer, Oxford University Press, 1997 (reprint), ISBN 0-19-823722-7
  • Gerard Mannion, "Schopenhauer, Religion and Morality - The Humble Path to Ethics", Ashgate Press, New Critical Thinking in Philosophy Series, 2003, 314pp
  • Helen Zimmern, Arthur Schopenhauer, his Life and Philosophy, London, LONGMANS, GREEN, and Co. - 1876

[തിരുത്തുക] ലേഖനങ്ങള്‍

[തിരുത്തുക] പുറം കണ്ണികള്‍

Wikisource
English വിക്കി സോഴ്സില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഉണ്ട്:
Wikiquote-logo-en.svg
വിക്കി ചൊല്ലുകളിലെ‍ താഴെക്കാണിച്ചിരിക്കുന്ന താളില്‍ ഈ ലേഖനവുമായി ബന്ധപ്പെട്ടെ ചൊല്ലുകള്‍ ലഭ്യമാണ്‌:
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം