ആര്യന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദിമ ഇന്തോ ഇറാനിയന്‍ ഭാഷക്കാര്‍ അവരെ സ്വയം വിശേഷിപ്പിക്കാനുപയോഗിക്കുന്ന നാമമാണ്‌ ആര്യന്‍. ഈ പദം സംസ്കൃതഭാഷയില്‍ കുലീനന്‍ അല്ലെങ്കില്‍ പുരുഷന്‍ എന്ന അര്‍ത്ഥമുള്ള ആര്യ എന്ന വാക്കില്‍ നിന്നാണ്‌ ഉല്‍ഭവിച്ചത്[1]. മാക്സ് മുള്ളറാണ്‌ ആര്യന്‍ എന്ന സംജ്ഞ പ്രസ്തുത വംശജരെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചത്[അവലംബം ആവശ്യമാണ്]. എന്നാല്‍ മുള്ളര്‍ക്ക് മുന്പേ തന്നെ ആര്യ എന്ന സംജ്ഞ പ്രയോഗത്തിലിരുന്നു. ബുദ്ധമത തത്വത്തിലെ നാല്‌ സത്യ ദര്‍ശനങ്ങളെ ആര്യ സത്യം എന്നും അശോക ചക്രവര്‍ത്തിയുടെ പ്രേരണമൂലം അവര്‍ പ്രചരിപ്പിച്ച ആയുര്‍വേദത്തിനും ആര്യവൈദ്യം എന്ന പേരുമുണ്ടായിരുന്നു. ബുദ്ധസന്യാസിമാരുടെ മഠങ്ങളെ ആര്യമഠങ്ങള്‍ എന്നും വിളിച്ചിരുന്നു.

ഇറാന്‍ എന്ന വാക്ക് ആര്യന്‍ എന്നതില്‍ നിന്നായിരിക്കണം ഉരുത്തിരിഞ്ഞത്[1].

[തിരുത്തുക] പേരിനു പിന്നില്‍

സൊറോസ്ട്രിയരുടെ വേദഗ്രന്ഥമായ അവെസ്തയില്‍ ആര്യാനാം വേജാഹ് (Ariyanam Vaejah) എന്നാണ്‌ ജനങ്ങള്‍ അവരുടെ ആദ്യകാലവാസസ്ഥലത്തെ പരാമര്‍ശിക്കുന്നത്. അതുകൊണ്ട് സ്വന്തം നാടിനെ സൂചിപ്പിക്കുന്ന രീതിയിലാണ്‌ ആര്യന്‍ എന്ന പദം ഉപയോഗിക്കപ്പെട്ടു തുടങ്ങിയതെന്നു കരുതുന്നു. മദ്ധ്യകാല പേര്‍ഷ്യനില്‍ ആര്യാനാം വേജാഹ് എന്നത് എറാന്‍ വേജ് എന്നായി മാറി. ഇതില്‍ നിന്നാണ് ഇറാന്‍ എന്ന വാക്ക് ഉല്‍ഭവിക്കപ്പെട്ടത്[1]. എന്നാല്‍ അവെസ്തയില്‍ പരാമര്‍ശിക്കപ്പെടുന്ന ആര്യാനാം വേജ് സമര്‍ഖണ്ഡിനും ബുഖാറക്കും വളരെ വടക്കുള്ള പ്രദേശമായിരിക്കണം[2]‌ എന്ന് വില്ലെം വോഗൽ‌സാങ് എന്ന ചരിത്രകാരന്‍ കരുതുന്നു.

ഇറാന്‍ എന്ന പേരാണ് ആര്യന്‍ എന്നായിത്തീര്‍ന്നതെന്നാണ് മാക്സ് മുള്ളര്‍ അവകാശപ്പെടുന്നത്[അവലംബം ആവശ്യമാണ്]. ഇതിന്റെ മൂലരൂപം ആര്‍ഹോ എന്ന വാക്കാണെന്നും അത് ഉഴുന്നവന്‍ അതായത് നായാട്ടുകാരേക്കാള്‍ ശ്രേഷ്ഠനായ കൃഷിക്കാരന്‍ എന്നര്‍ത്ഥത്തില്‍ ആണെന്നും അദ്ദേഹം വിശ്വസിച്ചു. പാലി ഭാഷാരൂപം അരിയ എന്നാണ്‌. അതിന്റെ സംസ്കൃതീകൃതരൂപമാണ്‌ ആര്യ. പാലിയില്‍ തന്നെ ഉച്ചാരണ്അഭേദം വന്ന് (അന്ത്യലോപം വന്ന് അരി, സവര്‍ണ്ണനം വഴി അയ്യ, വര്‍ണ്ണവിപര്യയം വഴി അയിര) മറ്റു മൂന്നു രൂപങ്ങളും ഉണ്ട്. ആര്യ, ആരിയ, അരിയ, അയിര, അരി, അയ്യ, അജ്ജ എന്നീ രൂപങ്ങള്‍ മലയാളത്തില്‍ നടപ്പിലായിട്ടുണ്ട്.

[തിരുത്തുക] റഫറന്‍സുകള്‍

  1. 1.0 1.1 1.2 Voglesang, Willem (2002). "4 - Advent of the Indo Iranian Speaking Peoples". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 56. ISBN 978-1-4051-8243-0. 
  2. Vogelsang, Willem (2002). "6 - Scythian Horsemen". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 91-93. ISBN 978-1-4051-8243-0. 
"http://ml.wikipedia.org/wiki/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം