വാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Watt എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഊർജ്ജപ്രവഹത്തിന്റെ, അല്ലെങ്കിൽ ഊർജ്ജോത്പ്പാദനത്തിന്റെ, നിരക്ക് (ശക്തി, Power) അളക്കുവാനുള്ള, അന്താരാഷ്ട്ര ഏകകവ്യവസ്ഥ (International System of Units) പ്രകാരം, നിശ്ചയിച്ച ഏകകമാണ് വാട്ട് (watt).

ഈ ഏകകത്തെ ആംഗലേയ അക്ഷരമാലയിലെ W എന്ന അക്ഷരംകൊണ്ടു സൂചിപ്പിക്കുന്നു. സാധാരണ, വിദ്യുച്ഛക്തി(Electrical Power) അളക്കുവാനും, വൈദ്യുതയന്ത്രങ്ങളുടെ ശേഷി സൂചിപ്പിക്കുവാനും ഈ ഏകകം ഉപയോഗിക്കുന്നു.

ഉദാഹരണങ്ങൾ[തിരുത്തുക]

  • കോണിപ്പടികൾ കയറുന്ന ഒരു മനുഷ്യൻ ഏകദേശം 200 വാട്ട്‌സ് നിരക്കിലാണ് ഊർജ്ജം ചെലവഴിക്കുന്നത് .
  • ഓടിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ മോട്ടോർ കാറിന്റെ എഞ്ചിൻ 25,000 വാട്ട്‌സ് നിരക്കിൽ യാന്ത്രികോർജ്ജം ഉൽ‌പാദിപ്പിക്കുന്നു (ഏകദേശം 33.5 കുതിരശക്തി).
  • ഒരു സാധാരണ മച്ചുപങ്കയുടെ (Ceiling Fan) ശേഷി 60 വാട്ട്സാണ്.
  • വീടുകളിൽ ഉപയോഗിക്കുന്ന ഒരു സാധാരണ തന്തുവിളക്ക് (Incandescent light bulb) 25 മുതൽ 100 വാട്ട്‌സ് നിരക്കിൽ വരെ വൈദ്യുതോർജ്ജം ഉപയോഗിക്കുന്നു.
  • അതേസമയം ഒരു കോമ്പാക്റ്റ് ഫ്ലൂറസെന്റ് ലൈറ്റ് (സി.എഫ്.എൽ) വെറും 5 മുതൽ 30 വാട്ട്‌സ് വരെയാണ് ശേഷി.

നിർവചനം[തിരുത്തുക]

ഒരു സെക്കന്റിൽ പ്രവഹിക്കുന്ന ഒരു ജൂൾ ഊർജ്ജമാണ് ഒരു വാട്ട്.

ഗണിതരീതിയിൽ,

.

അതുകൊണ്ട്, ഒരു ന്യൂട്ടൺ ബലത്തിനെതിരായി ഒരു സെക്കന്റിൽ ഒരു മീറ്റർ നീങ്ങുന്ന ഒരു വസ്തു ചെലവഴിക്കുന്ന ഊർജ്ജമാണ് ഒരു വാട്ട് എന്നുപറയാം. കൂടാതെ, ഒരു വോൾട് വൈദ്യുതമർദ്ദത്തിൽ ഒരു ആമ്പിയർ വൈദ്യുതധാര പ്രവഹിക്കുമ്പോൾ ചെയ്യുന്ന പ്രവൃത്തിയായും സൂചിപ്പിക്കാം. അതായത്,

.

സംജ്ഞ[തിരുത്തുക]

ആവിയന്ത്രം പരിഷ്ക്കരിച്ച എഞ്ജിനിയർ ജയിംസ് വാട്ടിന്റെ (James Watt; ജീവിതകാലം: 1736 – 1819) പേരിലാണ് ഈ ഏകകം. ആദ്യം, ശാസ്ത്രപുരോ‍ഗതിയ്കായുള്ള ബ്രിട്ടീഷ് സംഘടനയുടെ (British Association for the Advancement of Science) രണ്ടാം സമ്മേളനവും, പിന്നീട് അളവുതൂക്കങ്ങൾക്കായുള്ള അന്താരാഷ്ട്രയോഗം, (Conférence générale des poids et mesures - CGPM) 1960ലെ അതിന്റെ പതിനൊന്നാം സമ്മേളനത്തിലും, വാട്ട് ശക്തിയുടെ ഏകകമായി സ്വീകരിച്ചു.

യുക്തമായ ഉപസർഗ്ഗങ്ങൾ ചേർത്തുകൊണ്ട്, ശക്തിയുടെ ചെറിയ - വലിയ ഏകകങ്ങൾ നിർമ്മിക്കാം. സാധാരണ, മില്ലിവാട്ട് (ഒരുവാട്ടിന്റെ പത്തുലക്ഷത്തിലൊരംശം), കിലോവാട്ട് (ഒരുവാട്ടിന്റെ ആയിരം മടങ്ങ്), മെഗാവാട്ട് (ഒരുവാട്ടിന്റെ പത്തുലക്ഷം മടങ്ങ്) തുടങ്ങിയ ഏകകങ്ങൾ ഉപയോഗിക്കാറുണ്ട്. ഒരു ലേസർസൂചിനി(Laser Pointer)ക്ക് 5 മില്ലിവട്ട് ശക്തിയും, ഒരു എൽ.ഈ.ഡിക്ക് (Light Emitting Diode) 30 -60 മില്ലിവാട്ട് ശേഷിയുമുണ്ട്. കേരളത്തിലെ ഒരിടത്തരം വീട്ടിലെ വൈവദ്യുതോപകരണങ്ങൾക്ക് മൊത്തം 3 മുതൽ 10 കിലോവാട്ട് വരെ തോതിൽ വൈദ്യുതി ഉപയോഗിക്കാനുള്ള ശേഷിയുണ്ടാവാറുണ്ട്. ഇടുക്കിയിലെ ജലവൈദ്യുതനിലയത്തിന് 780 മെഗാവാട്ട് തോതിൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുണ്ട്.

വോൾട്ടും വാട്ടും വാട്ട്-അവറും[തിരുത്തുക]

സാധാരണ ധാരണാപ്പിശകുണ്ടാക്കുന്ന വാക്കുകളാണ് വോൾട്ടും വാട്ടും വാട്ടവറും. വാസ്തവത്തിൽ വ്യത്യസ്ത അളവുകളെയാണ് അവ സൂചിപ്പിക്കുന്നത്. വോൾട്ട് (volt) വൈദ്യുതമർദ്ദത്തിന്റെ (വിദ്യുച്ചാലകബലത്തിന്റെ) ഏകകമാണ്. അലെസ്സന്ദ്രോ വോൾട്ടാ (Alessandro Giuseppe Antonio Anastasio Volta) (ജീവിതകാലം: 1745 – 1827) എന്ന ഇറ്റാലിയൻ ശാസ്ത്രജ്ഞനെ സ്മരിച്ചാണ് വോൾട്ട് എന്ന പേര് വിദ്യുച്ചാലകബലത്തിന്റെ ഏകകത്തിനു നൽകിയത്. എന്നാൽ, മേൽപ്പറഞ്ഞതുപോലെ വാട്ട് ഊർജ്ജപ്രവാഹത്തോതിന്റെ (ശക്തി) ഏകകമാണ്. വാട്ട്-അവർ(watt-hour) വാണിജ്യപരമായി പരക്കെ ഉപയോഗിക്കുന്ന വൈദ്യുതോർജ്ജത്തിന്റെ ഏകകമാണ്; ഒരുമണിക്കൂറിൽ ഒരു വാട്ട് ശക്തിയിൽ ഒഴുകുന്ന, 3600 ജൂളിനു തുല്യമായ ഊർജ്ജമാണത്.

അവലംബം[തിരുത്തുക]

http://searchcio-midmarket.techtarget.com/sDefinition/0,,sid183_gci294147,00.html

"https://ml.wikipedia.org/w/index.php?title=വാട്ട്&oldid=2854233" എന്ന താളിൽനിന്ന് ശേഖരിച്ചത്