Jump to content

തത്ത്വമസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Tat Tvam Asi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തത്ത്വമസി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ തത്ത്വമസി (വിവക്ഷകൾ) എന്ന താൾ കാണുക. തത്ത്വമസി (വിവക്ഷകൾ)

വേദവാക്യങ്ങളിൽ ഏറ്റവും കൂടുതൽ പ്രാചാരമുള്ള വാക്യമാണ്‌ തത്ത്വമസി. പ്രമുഖ തീർഥാടന കേന്ദ്രമായ ശബരിമല ക്ഷേത്രത്തിന് മുൻപിലായി ഈ വാക്ക് എഴുതിവച്ചിട്ടുണ്ട്. നാലു വേദങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നാലു വാക്യങ്ങളെയാണ്‌ മഹാവാക്യങ്ങൾ എന്നു പറയുന്നത്‌. മഹാവാക്യങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്‌.

  1. പ്രജ്നാനം ബ്രഹ്മഃ - ശുദ്ധബോധമാണ്‌ ബ്രഹ്മം
  2. തത്ത്വമസി - അത്‌ നീ ആകുന്നു.
  3. അയമാത്മാ ബ്രഹ്മഃ - ഈ ആത്മാവ്‌ ബ്രഹ്മം തന്നെ
  4. അഹം ബ്രഹ്മാസ്മി - ഞാൻ ബ്രഹ്മമാകുന്നു.

ഗുരു ശിഷ്യന്‌ പകർന്നു കൊടുക്കുന്ന അറിവ്‌ ശിഷ്യൻ സാധനയിലൂടെ സാക്ഷാൽക്കരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളാണ്‌ ഈ നാലു മഹാവാക്യങ്ങളിലൂടെ ചിത്രീകരിക്കപ്പെടുന്നത്‌. ആദ്യത്തെ വാക്യത്തെ നിർവചന വാക്യം എന്നു പറയുന്നു. സാക്ഷാൽക്കരിക്കേണ്ടുന്നതിനെ നിർവചിക്കുന്നതിനാലാണ്‌ ഇതിനെ നിർവചന വാക്യം എന്ന്‌ പറയുന്നത്‌. രണ്ടാമത്തെ വാക്യം ഉപദേശ വാക്യമാണ്‌. ഗുരു ശിഷ്യന്‌ സ്വസ്വരൂപം ബ്രഹ്മമാണെന്ന്‌ ഉപദേശ രൂപേണ പറഞ്ഞുകൊടുക്കുകയാണിവിടെ. മൂന്നാമത്തെ വാക്യം സാധനാ വാക്യമാണ്‌. തന്റെ സ്വരൂപം ബ്രഹ്മമാണെന്ന ഉപദേശം സാധനയിലൂടെ ശിഷ്യൻ സാക്ഷാൽക്കരിക്കാൻ ശ്രമിക്കുന്നതിനെ ഈ വാചകം പ്രതിനിധാനം ചെയ്യുന്നു. സഫലമായ സാധനയിലൂടെ സാക്ഷാൽക്കരിച്ച ആത്മതത്വമാണ്‌ നാലാമത്തെ മഹാവാക്യം.

മഹാ വാക്യങ്ങളിൽ വെച്ച്‌ ഏറ്റവും ചെറുതും അതേ സമയം ഏറ്റവും ഗഹനവും ആണ്‌ തത്ത്വമസി എന്ന ഉപദേശ വാക്യം. ഋഗ്വേദത്തിലെ ഛാന്ദോഗ്യോപനിഷത്തിൽ നിന്നാണ്‌ തത്ത്വമസി എടുത്തിട്ടുള്ളത്‌. ശ്വേതകേതു എന്ന മുനികുമാരന്‌ പിതാവായ ഗുരു ഉപദേശിക്കുന്ന വാക്യമാണ്‌ തത്ത്വമസി. വാക്യത്തിന്റെ ഗഹനത കൊണ്ടാകണം ഉപനിഷത്തിൽ ഈ വാചകം ഒൻപത്‌ തവണ ആവർത്തിക്കപ്പെടുന്നു; അഥവാ ഒൻപതാമത്തെ തവണ ഉപദേശിച്ചപ്പോഴായിരിക്കണം ശ്വേതകേതു അതിന്റെ പൂർണ്ണമായ അർത്ഥം ഉൾക്കൊണ്ടത്‌. തത്ത്വമസി എന്ന വാചകം പിരിച്ചെഴുതുമ്പോൾ തത്‌ + ത്വം + അസി എന്ന്‌ ലഭിക്കും. തത്‌ എന്ന വാക്കിനർത്ഥം 'അത്‌' എന്നാണ്‌. ത്വം എന്നാൽ 'നീ' അസി എന്നാൽ 'ആകുന്നു' എന്നർത്ഥം.

വാക്യത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ ഈ മഹാവാക്യത്തിനുള്ള വ്യാഖ്യാനമായി ശങ്കരാചാര്യർ വാക്യവൃത്തി എന്ന പേരിൽ ഒരു പ്രകരണ ഗ്രന്ഥം എഴുതിയിട്ടുണ്ട്‌. സ്വതന്ത്രമായ ഒരു തത്ത്വവും പറയാതെ വേദത്തിലും ഉപനിഷത്തിലും പറഞ്ഞിരിക്കുന്ന തത്ത്വങ്ങളെ വിദ്യാർത്ഥിക്ക്‌ എളുപ്പം മനസ്സിലാകുന്ന രീതിയിൽ ആവർത്തിക്കുന്ന പുസ്തകങ്ങളാണ്‌ പ്രകരണ ഗ്രന്ഥങ്ങൾ. അനുഷ്ടുപ്പ്‌ എന്ന വൃത്തത്തിലുള്ള സരളമായ ശ്ളോകങ്ങളിലൂടെ ആചാര്യർ ഈ മഹാവാക്യത്തിൽ മറഞ്ഞുകിടക്കുന്ന സത്യത്തിന്റെ ചുരുളഴിയിക്കുന്നു. ആചാര്യരുടെ വ്യാഖ്യാനപ്രകാരം വാക്യവൃത്തിയിൽ മൂന്നു ഭാഗങ്ങളിലായി 'അത്‌' എന്ന്‌ വിവക്ഷിക്കപ്പെടുന്നതിനെയും 'നീ' എന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നതിനേയും 'ആകുന്നു' എന്നതിലൂടെ ഇവ രണ്ടും തമ്മിലുള്ള അഭേദത്തേയും വിശദീകരിക്കുന്നു.

തത്‌ (അത്‌)

[തിരുത്തുക]

ആദി ശങ്കരന്റെ വാക്യവൃത്തി ആധാരമായി തത്‌ എന്ന പദം നിർവചിച്ചാൽ സകല ലോകത്തിനും ആധാരമായ, ബോധസ്വരൂപമായ (എല്ലാം അറിയുന്നതായ) , സർവ വ്യാപിയായ (എല്ലായിടത്തും നിറഞ്ഞിരിക്കുന്നതായ), അജാതമായ (ജനിക്കാത്തത്‌), അമരമായ (മരിക്കാത്തത്‌), അനന്ദരൂപമായ പരബ്രഹ്മമാണ്‌ ശ്വേതകേതുവിന്‌ അഥവാ ഒരു സാധകന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. ഇതിനെ സാക്ഷാൽക്കരിക്കുവാനാണ്‌ അഥവാ സ്വയം അറിഞ്ഞ്‌ അതായിത്തീരാനാണ്‌ ശിഷ്യന്‌ ഗുരു നൽകുന്ന ഉപദേശം.കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനായി മാണ്ഡൂക്യോപനിഷത്ത്‌ ഏഴാം ശ്ളോകം കാണുക

ത്വം (നീ)

[തിരുത്തുക]

ഉപനിഷത്തിലെ വാച്യാർത്ഥമെടുത്താൽ ശ്വേതകേതുവിനെയാണ്‌ നീ എന്നു ചൂണ്ടിക്കാണിക്കുന്നത്‌. പൊതുവായി അർത്ഥമെടുത്താൽ ഓരോ സാധകനും ഇതിൽപ്പെടുന്നു. എന്തിനേയാണോ സാക്ഷാൽക്കരിക്കുവാനായി ഉപദേശിക്കപ്പെടുന്നത്‌ അതിനു പറഞ്ഞിട്ടുള്ള യാതൊരു ഗുണഗണങ്ങളും ഇല്ലാത്തതിനെയാണ്‌ 'നീ' എന്നു പറയുന്നത്‌. അഥവാ അത്‌ നീ ആകുന്നു എന്നു പറയുമ്പോൾ ചൂണ്ടിക്കാണിക്കപ്പെടുന്ന 'അതി'നുള്ള യാതൊരു ഗുണവും നീ എന്നു പറയുന്നതിനില്ല. തന്നെയുമല്ല, കാഴ്ചയിൽ നേർവിപരീതഗുണങ്ങളുണ്ടു താനും. രാവും പകലും പോലെ വിപരീതങ്ങളായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നതും കാഴ്ചയിലും ഫലത്തിലും വ്യത്യസ്തങ്ങളുമായ രണ്ടു പദാർത്ഥങ്ങൾ ഒന്നാണെന്ന്‌ പറയുമ്പോൾ, അതെങ്ങിനെ ഒന്നായിതീരും എന്നു കാര്യകാരണ സഹിതം വിശദീകരിക്കേണ്ടുന്ന ആവശ്യം കൂടിയുണ്ട്‌. ഇതു മനസ്സിലാക്കിയാണ്‌ എല്ലാ സംശയങ്ങളും ദൂരീകരിക്കുന്ന രീതിയിൽ ശങ്കരാചാര്യർ വാക്യവൃത്തിയിലൂടെ വ്യാഖ്യാനമെഴുതിയത്‌.

അസി (ആകുന്നു)

[തിരുത്തുക]

ശങ്കരൻ തന്റെ യുക്തിസഹജമായ വാക്കുകളിലൂടെ 'അതി'നേയും 'നീ' യേയും തമ്മിൽ ബന്ധിപ്പിക്കാൻ ശ്രമിക്കുന്നു. നീ എന്നു പറയുന്നതിന്റെ അസ്തിത്വം അരക്കിട്ടുറപ്പിക്കുന്നതിനുവേണ്ടി ഉപാധികളെ ഓരോന്നായി ശങ്കരൻ നിഷേധിക്കുന്നു. നേതി നേതി വചനങ്ങൾ (ന ഇതി ന ഇതി - ഇതല്ല ഇതല്ല) ആവർത്തിച്ചാവർത്തിച്ച്‌ ശങ്കരൻ സമന്വയിപ്പിക്കേണ്ട രണ്ടു പദത്തിനും സമാനസ്ഥിതി വിശേഷം കൊടുക്കുന്നു. ഇരുപത്തിരണ്ടു വർഷം മുമ്പ്‌ കൊച്ചി തുറമുഖത്തു കണ്ട നിർധനനായ ബാലനാണ്‌ ഇന്ന്‌ നാം ഇവിടെ കോഴിക്കോട്‌ നഗരത്തിൽ കാണുന്ന കോടീശ്വരനായ യുവാവ്‌ എന്നു പറയുമ്പോൾ ഇതിലെ ഉപാധികളായ സ്ഥലം, കാലം, രൂപം എന്നിങ്ങനേയുള്ളതെല്ലാം എടുത്തു കളയുകയാണെങ്കിൽ, രണ്ടു പേരും ഒന്നു തന്നെയാണെന്നു കാണാം. കോഴിക്കോടും കൊച്ചിയും വേറെ വേറെ സ്ഥലങ്ങളാണ്‌. ബാലനും യുവാവും വെവ്വേറെയാണ്‌. നിർധനനും കോടീശ്വരനും തമ്മിൽ അന്തരമുണ്ട്‌. പക്ഷേ ഇപ്പറഞ്ഞ ഉപാധികൾ മാറ്റിനിർത്തിയാൽ രണ്ടു പേരും ഒന്നു തന്നെയാണ്‌. അദ്വൈതിയായ ആചാര്യരുടെ വ്യാഖ്യാനപ്രകാരം ഇവ രണ്ടും ഒന്നാണെന്നു മാത്രമല്ല, ഇതല്ലാതെ മറ്റൊന്നും ഇവിടെയില്ല എന്നും ആവർത്തിച്ചാവർത്തിച്ച്‌ പറയുന്നു. 'നേഹ നാനാസ്തി കിഞ്ചന' - ദ്വൈതം ലവലേശം പോലും ഇവിടെയില്ല.

"https://ml.wikipedia.org/w/index.php?title=തത്ത്വമസി&oldid=3671057" എന്ന താളിൽനിന്ന് ശേഖരിച്ചത്