Jump to content

ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(First Anglo-Maratha War എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം
തിയതി1775-1782
സ്ഥലംPune
ഫലംMaratha Victory, Treaty of Salbai
Company retained control of Salsette but all the territories occupied by the British after the treaty of Purandar were given back to the Marathas.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
British East India Company Maratha Empire

ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിയും മഹാരാഷ്ട്രരും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളിൽ ഒന്നാമത്തെ യുദ്ധമാണ് ഒന്നാം ആംഗ്ലോ-മറാത്ത യുദ്ധം.

പശ്ചാത്തലം

[തിരുത്തുക]

ബാലാജിബാജിറാവുവിന്റെ പുത്രനായ മാധവറാവു (1745-72) നിര്യാതനായതോടെ മഹാരാഷ്ട്രത്തിന്റെ ഐക്യം തകർന്നു. തുടർന്ന് ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെടുകയും രാജ്യം അഞ്ചായി വിഭജിക്കപ്പെട്ട് അഞ്ചു പ്രമാണികളുടെ ഭരണത്തിൻകീഴിലാവുകയും ചെയ്തു. പേഷ്വയുടെ പുത്രനായ നാരായൺറാവുവിനു പ്രായപൂർത്തിയായിട്ടില്ലായിരുന്നതുകൊണ്ട്, ഭരണം അദ്ദേഹത്തിന്റെ മാതുലനായ രഘുനാഥറാവുവിന്റെ കൈകളിലായിത്തീർന്നു. അദ്ദേഹത്തിന്റെ പ്രേരണയാൽ 1773 ആഗസ്റ്റ് 30-ന് നാരായൺറാവു വധിക്കപ്പെട്ടു. അടുത്ത വർഷം നാരായൺറാവുവിന്റെ പുത്രനായ മാധവറാവുവിനു (നാരായൺറാവു വധിക്കപ്പെടുമ്പോൾ പത്നിയായ ഗംഗാബായി ഗർഭിണിയായിരുന്നു) നാനാ ഫഡ്നാവിസിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മറാഠാനേതാക്കൻമാർ പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. അധികാരത്തിൽനിന്നും നിഷ്കാസിതനായ രഘുനാഥറാവു ബ്രിട്ടീഷുകാരുടെ സഹായം അപേക്ഷിച്ചു.

ഒന്നാം യുദ്ധം (1778-82)

[തിരുത്തുക]

ബോംബെയിലെ ബ്രിട്ടീഷുകാർ പൂണെയിലെ മഹാരാഷ്ട്രഭരണകൂടവുമായി രമ്യതയിലായിരുന്നു. എങ്കിലും ബോംബെയ്ക്കടുത്തുള്ള നാവികയോഗ്യമായ ചില പ്രദേശങ്ങൾ ലഭിക്കുമെന്ന് പ്രത്യാശിച്ച ബോംബേ ഗവൺമെന്റ് രഘുനാഥറാവുവിനെ സഹായിക്കാൻ തീരുമാനിച്ചു. 1775 മാർച്ച്. 7-ലെ സൂററ്റ് ഉടമ്പടി അനുസരിച്ച്, സാൽസൈറ്റ്, ബസ്സീൻ എന്നീ സ്ഥലങ്ങളും സൂററ്റ്, ബ്രോച്ച് എന്നീ ജില്ലകളിൽനിന്നു കിട്ടുന്ന റവന്യു വരുമാനത്തിന്റെ ഒരു ഭാഗവും രഘുനാഥറാവു ബ്രിട്ടീഷുകാർക്കു നൽകാമെന്നു സമ്മതിച്ചു. അതനുസരിച്ച് കേണൽ കീറ്റിങ്ങിന്റെ നേതൃത്വത്തിൽ 1775 ഫെബ്രുവരി 27-നു ഒരു വിഭാഗം ബ്രിട്ടീഷ് സൈന്യം സൂററ്റിലെത്തി. അന്നത്തെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിന് ഈ ഉടമ്പടിയോട് എതിർപ്പുണ്ടായില്ലെങ്കിലും ഇന്ത്യയിലെ ഭരണം നിയന്ത്രിച്ചിരുന്ന കൽക്കത്ത കൗൺസിൽ അംഗങ്ങൾ പൂനയിലെ മാധവറാവുവുമായി ഒരുടമ്പടി ഉണ്ടാക്കാൻ കേണൽ അപ്ടനെ (Col.Upton) നിയോഗിച്ചു. അദ്ദേഹത്തിന്റെ ശ്രമഫലമായി 1776 മാർച്ച് 1-ന് മഹാരാഷ്ട്രർ പുരന്ധർ സന്ധിയിൽ ഒപ്പുവച്ചു. അതനുസരിച്ച് സാൽസെറ്റും ഇംഗ്ലീഷുകാർ പിടിച്ചെടുത്ത മറ്റു ചില പ്രദേശങ്ങളും 12 ലക്ഷം രൂപയും ഈസ്റ്റിന്ത്യാക്കമ്പനിയെ ഏല്പിക്കാമെന്നു മഹാരാഷ്ട്രർ സമ്മതിച്ചു; എന്നാൽ ബോംബെയിലെ ഇംഗ്ലീഷ് ഭരണാധികാരികൾ ഈ ഉടമ്പടിക്കു പകരം സൂററ്റുടമ്പടിയാണ് സ്വീകരിച്ചത്. സൂററ്റുടമ്പടിയാണ് ഈസ്റ്റിന്ത്യാക്കമ്പനി ഡയറക്ടർമാരും സ്വീകരിച്ചത്. അതിനാൽ നാനാഫഡ്നാവിസ്, 1777-ൽ ഒരു ഫ്രഞ്ചുകാരനായ ഷെവലിയർ ദെ സെന്റ് ലൂബിനെ പൂണെയിൽ സ്വീകരിക്കുകയും പശ്ചിമേന്ത്യയിൽ ഒരു തുറമുഖം ഫ്രഞ്ചുകാർക്ക് അനുവദിക്കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു. ക്ഷുഭിതരായ കമ്പനി ഡയറക്ടർമാർ ഹേസ്റ്റിംഗ്സിനോട് യുദ്ധം തുടങ്ങാൻ ആവശ്യപ്പെട്ടു. അതനുസരിച്ച് ഹേസ്റ്റിംഗ്സ് മഹാരാഷ്ട്രരുടെ മേൽ യുദ്ധം പ്രഖ്യാപിക്കാൻ നിർബന്ധിതനായി. യുദ്ധം കുറേക്കാലം നീണ്ടുനിന്നു.

യുദ്ധഗതി

[തിരുത്തുക]

ബോംബെ ഗവൺമെന്റ് ഒരു സേനയെ കേണൽ എഗർട്ടന്റെ നേതൃത്വത്തിൽ 1778 നവംബറിൽ പൂണെയിലേക്കയച്ചു. അനാരോഗ്യംമൂലം 1779 ജനുവരിയിൽ എഗർട്ടൻ സൈനികനേതൃത്വം കേണൽ കോക്ക് ബേണിനു കൈമാറി. പശ്ചിമഘട്ടത്തിലെ ടെലഗോണിൽവച്ച് 1779 ജനുവരി 9-ന് ബ്രിട്ടീഷ് സൈന്യം മറാഠാ സൈന്യത്തോടേറ്റുമുട്ടി. വഡ്ഗോൺ കൺവെൻഷനിൽ ഇംഗ്ലീഷുകാർക്ക് അപമാനകരമായ ഒരു കരാറിൽ ഒപ്പുവയ്ക്കാൻ ബോംബെ ഭരണാധികാരികൾ തയ്യാറായി. നഷ്ടപ്പെട്ട അന്തസ്സ് തിരിച്ചെടുക്കാനായി ബംഗാളിൽനിന്നു കേണൽ ഗോഡാർഡി (Goddard) ന്റെ നേതൃത്വത്തിൽ ഒരു വമ്പിച്ച ഇംഗ്ലീഷ് സൈന്യം മധ്യേന്ത്യയിലൂടെ അഹമദാബാദിലെത്തി; 1780 ഡിസംബർ 11-ന് ബസ്സീൻ കീഴടക്കി. 1781 ഏപ്രിലിൽ ഒരു തിരിച്ചടി ഈസ്റ്റിന്ത്യാക്കമ്പനി സേനയ്ക്കുണ്ടായി. എന്നാൽ ക്യാപ്റ്റൻ പോഫാമി(Popham)ന്റെയും ജനറൽ കാമക്കി (Gen.Camac)ന്റെയും സേനാസഹിതമുള്ള മുന്നേറ്റത്തോടെ മഹാരാഷ്ട്രസൈന്യം പരാജയപ്പെട്ടു. 1781 ഫെബ്രുവരി 16-ന് സിപ്രി (ആധുനിക ശിവപുരം)യിൽവച്ച് സിന്ധ്യയെ തോല്പിച്ചതോടെ ഇംഗ്ലീഷ് വിജയം പൂർണമായി. മഹാദാജി സിന്ധ്യ ഇംഗ്ലീഷ് പക്ഷത്തേക്കു മാറി; 1781 ഒക്ടോബർ 13-ന് ഇംഗ്ലീഷുകാരുമായി സന്ധിയിലൊപ്പുവച്ചു. 1782 മേയ് 17-ന് ഒപ്പുവച്ച സാൽബായ് സന്ധി 1783 ഫെബ്രുവരി 26-ന് നാനാഫഡ്നാവിസ് അംഗീകരിച്ചു.

ഫലങ്ങൾ

[തിരുത്തുക]

സന്ധിയനുസരിച്ച് സാൽസെറ്റ് ഇംഗ്ലീഷുകാർക്കു ലഭിച്ചു. മാധവറാവു നാരായൺ യഥാർഥ പേഷ്വ ആയി ഇംഗ്ലീഷുകാരാൽ അംഗീകരിക്കപ്പെട്ടു. രഘുനാഥറാവുവിന് അടുത്തൂൺ നൽകി പിരിച്ചയച്ചു. ഇംഗ്ലീഷുകാരും മറാഠികളും തമ്മിൽ തുടർന്ന് ഒരിരുപതു വർഷക്കാലം സമാധാനത്തിൽ വർത്തിക്കുകയും ചെയ്തു.

1794-ൽ മഹാദാജി സിന്ധ്യയുടെ നിര്യാണത്തെ തുടർന്ന് നാനാഫഡ്നാവിസ് നേതൃസ്ഥാനത്തേക്ക് ഉയർന്നു. 1795 ഒക്ടൊബർ 25-ന് മാധവറാവു നാരായൺ അന്തരിച്ചു. പകരം രഘോബയുടെ പുത്രനായ ബാജിറാവു പേഷ്വ ആയി. നാനാഫഡ്നാവിസും പുതിയ പേഷ്വയും തമ്മിൽ രമ്യതയിലല്ലായിരുന്നുവെങ്കിലും അവർ യോജിപ്പിലെത്തി. 1706 ഡിസംബർ 4-ന് നാനാഫഡ്നാവിസ് പ്രധാനമന്ത്രിയായി. കലഹിച്ചുനിന്ന മഹാരാഷ്ട്ര പ്രമാണികളെ യോജിപ്പിച്ചു കൊണ്ടുവരുന്നതിലായിരുന്നു നാനാഫഡ്നാവിസിന്റെ ശ്രദ്ധ. അതിൽ വളരെയേറെ വിജയിച്ച അദ്ദേഹം നിസാമിനെ തോല്പിച്ച് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ രാജ്യതന്ത്രജ്ഞനായി ഉയർന്നു. 1800 മാർച്ച് 13-ന് ഇദ്ദേഹം നിര്യാതനായി. വീണ്ടും മഹാരാഷ്ട്രയിലെ രാഷ്ട്രീയസമാധാനം തകർന്നു. ദൗലത്ത് റാവു സിന്ധ്യ (മഹാദാജി സിന്ധ്യയുടെ വളർത്തുപുത്രൻ)യും ജസ്വന്ത്റാവുഹോൾക്കറും പൂണെയിൽ ആധിപത്യം സ്ഥാപിക്കാൻ വടംവലി തുടങ്ങി. അതിനിടയിൽ ജസ്വന്ത്റാവു ഹോൾക്കറുടെ സഹോദരനായ വിതുജി ഹോൾക്കറെ പേഷ്വ വധിച്ചതു സംഭവങ്ങളെ കൂടുതൽ കലുഷമാക്കി. ക്രുദ്ധനായ ജസ്വന്ത്റാവുഹോൾക്കർ, വൻപിച്ച സൈന്യവുമായി വന്നു പേഷ്വയെയും സിന്ധ്യയെയും തോല്പിച്ചു. പരാജിതനായ പേഷ്വ ഇംഗ്ലീഷുകാരെ ആശ്രയിച്ച് ബസ്സീൻ സന്ധി(1802 ഡി. 31)യിൽ ഒപ്പുവച്ചു. 1803 മേയ് 13-ന് ഇംഗ്ലീഷ് സൈന്യം പേഷ്വയെ പൂണെയിൽ കൊണ്ടുവന്നു കുടിയിരുത്തി.

പുറംകണ്ണികൾ

[തിരുത്തുക]

വീഡിയോ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആംഗ്ലോ-മറാഠായുദ്ധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.