കാൾ ലിനേയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Carl von Linné എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കാൾ ലിനേയസ് (Carl von Linné)
Carl von Linné.jpg
കാൾ ഫൊൺ ലിനിയ, അലക്സാണ്ടർ റോസ്‌ലിൻ, 1775. ഇപ്പോൾ റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസെസിൽ പ്രദര്ശിപ്പിച്ചിരിക്കുന്നു.
ജനനം(1707-05-13)മേയ് 13, 1707 (see
article note:[1])
മരണംജനുവരി 10, 1778(1778-01-10) (പ്രായം 70)
ദേശീയതFlag of Sweden.svg സ്വീഡിഷ്
കലാലയംഉപ്സാല സർ‌വകലാശാല
ഹാർഡെർ‌വിജ്ക് സർ‌വകലാശാല
അറിയപ്പെടുന്നത്ടാക്സോണമി
Ecology
സസ്യശാസ്ത്രം
Scientific career
Fieldsജന്തുശാസ്ത്രം, വൈദ്യശാസ്ത്രം, സസ്യശാസ്ത്രം
Author abbrev. (botany)L.
കുറിപ്പുകൾ
Linnaeus adopted the name Carl von Linné after his 1761 ennoblement awarded him the title von. He is the father of Carolus Linnaeus the Younger.

കാൾ ലിനേയസ് (സ്വീഡിഷ്: കാൾ ഫൊൺ ലിനിയ , ലാറ്റിൻ: കരോലുസ് ലിന്നേയുസ്) ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിഷ്വഗരനും ജന്തുശാസ്ത്രജ്ഞനുമായിരുന്നു. (മേയ് 13, 1707ജനുവരി 10, 1778). സ്ഥാനപ്പേര് കാൾ വോൺ ലിനിയ. ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളെയും ജന്തുക്കളെയും അവയുടെ പൊതുവായ സവിശേഷതകളെ അടിസ്ഥാനമാക്കി (ഉദാ:ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന) രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ‌ ഇദ്ദേഹം മുന്നോട്ടുവെച്ചു.[2]. ജീവജാലങ്ങളെ ആദ്യമായി ശാസ്ത്രീയരീതിയിൽ പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്.

ജീവിതരേഖ[തിരുത്തുക]

തെക്കൻ സ്വീഡനിലെ സ്മൊൾലാന്റിലെ ഒരു ഗ്രാമപ്രദേശത്താണ് ലിനേയസ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവായിരുന്നു അവരുടെ കുടുംബപരമ്പരയിൽ ആദ്യമായി സ്ഥിരമായ അവസാന നാമം സ്വീകരിച്ചത്. പൂർ‌വികരാകട്ടെ സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ നിലനിന്നിരുന്ന, പിതാവിന്റെ നാമം മക്കൾക്ക് ലഭിക്കുന്ന നാമകരണരീതിയായിരുന്നു പിന്തുടർന്നത്. ലിനേയസിൻറെ പിതാവ് ലാറ്റിൻ രൂപത്തിലുള്ള ലിനേയസ് എന്ന കുടുംബപ്പേര് സ്വീകരിച്ചത് കുടുംബവീട്ടിലെ വളപ്പിലുള്ള ഒരു വൻ ലിൻഡൻ മരവുമായി ബന്ധപ്പെടുത്തിയാണ്.

ലിനേയസിന്റെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഭൂരിഭാഗവും ഉപ്സാല സർ‌വകലാശാലയിൽ വെച്ചായിരുന്നു. 1730 മുതലേ അദ്ദേഹം അവിടെ സസ്യശാസ്ത്രം പഠിപ്പിക്കുവാൻ തുടങ്ങി. 1735–1738 കാലയളവിൽ പഠനത്തിനായി വിദേശത്തുപോയി. നെതർലാന്റ്സിലായിരിക്കുമ്പോൾ അദ്ദേഹം തന്റെ സിസ്റ്റെമ നാച്ചുറേ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു. പിന്നീട് സ്വീഡനിലേക്ക് മടങ്ങി ഉപ്സല സർ‌വകലാശാലയിൽ സസ്യശാസ്ത്ര അദ്ധ്യാപകനായി. 1740 കളിൽ സസ്യങ്ങളെയും ജന്തുക്കളെയും കണ്ടെത്തുന്നതിനും വർഗ്ഗീകരിക്കുന്നതിനുമായി സ്വീഡനിൽ യാത്രചെയ്യുന്നതിനായി ലിനേയസ് പലപ്രാവശ്യം അയക്കപ്പെട്ടു. 1750 കളിലും 60 കളിലും സസ്യങ്ങളെയും ജന്തുക്കളെയും ധാതുക്കളെയും ശേഖരിച്ച് വർഗ്ഗീകരിക്കുന്നതു തുടരുകയും, കണ്ടെത്തലുകൾ പല പതിപ്പുകളിലായി പ്രസിദ്ധീകരിക്കുകയും ചെയ്തു. അന്തരിക്കുന്ന സമയത്ത് ഇദ്ദേഹം യൂറോപ്പിലെങ്ങും പ്രശസ്തനും അക്കാലത്തെ ഏറ്റവും ജനസമ്മതരായ ശാസ്ത്രജ്ഞരിൽ ഒരാളുമായിത്തീർന്നിരുന്നു.

ഫ്രെഞ്ച് തത്ത്വചിന്തകനായ ഴോൺ-ഴാക് റൂസ്സോ ലിനേയസിന് ഇങ്ങനെയൊരു സന്ദേശമയച്ചു: "ഈ ലോകത്തിൽ അദ്ദേഹത്തേക്കാൾ മഹാനായൊരു മനുഷ്യനെ എനിക്കറിയില്ലെന്ന് അദ്ദേഹത്തോടു പറയുക." ജർമൻ സാഹിത്യകാരനായ യോഹാൻ വോൾഫ്ഗാങ് ഗ്വേറ്റെ ഇങ്ങനെ എഴുതി: "ഷേക്സ്പിയറിനേയും സ്പിനോസയേയും മാറ്റിനർത്തിയാൽ, മരണമടഞ്ഞ വ്യക്തികളിൽ മറ്റാരും എന്നെ ഇത്രയധികം സ്വാധീനിച്ചിട്ടില്ല." സ്വീഡിഷ് സാഹിത്യകാരനായ ഓഗസ്റ്റ് സ്ട്രിൻഡ്ബെർഗ് ഇങ്ങനെ എഴുതി: "ലിനേയസ് യഥാർത്ഥത്തിൽ പ്രകൃശാസ്ത്രജ്ഞനായി മാറിയ ഒരു കവിയാണ്."

പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും[തിരുത്തുക]

സസ്യങ്ങളിലെ വിവാഹം[തിരുത്തുക]

വൈദ്യശാസ്ത്രം പഠിച്ചുകൊണ്ടിരിക്കേ സസ്യങ്ങളിലെ പ്രത്യുല്പാദനാവയവമായ പൂക്കളെക്കുറിച്ച് വിശദമായ പഠനങ്ങൾ ലിനേയസ് നടത്തി. ഇതിൽ നിന്നും പൂക്കളിൽ പൊതുവേ താഴെക്കാണുന്ന രീതിയിൽ നാലു ഘടകങ്ങളുണ്ടെന്ന് അദ്ദേഹം മനസ്സിലാക്കി.

 1. പൂവിനെ പൊതിഞ്ഞിരിക്കുന്ന പച്ച നിറത്തിലുള്ള കവചം
 2. ആകർഷകമായ നിറത്തിലുള്ള ഇതളുകൾ
 3. സ്റ്റേമെൻസ് (stamens) എന്ന പുരുഷലൈംഗികാവയവം. ഇതിൽ നിന്നാണ്‌ പരാഗം ഉല്പാദിപ്പിക്കപ്പെടുന്നത്
 4. സ്ത്രീലൈംഗികാവയവത്തോടു കൂടിയ കാർപ്പൽ (carpel) എന്ന ഭാഗം. ഇതിൽ നിന്നും ഓവ (ova) ഉല്പാദിപ്പിക്കപ്പെടുന്നു.

വിവിധ സസ്യങ്ങളിൽ ഈ നാലു ഘടകങ്ങൾ വ്യത്യസ്ത എണ്ണത്തിലും രൂപത്തിലും വ്യത്യസ്തഭാഗങ്ങളിൽ കാണപ്പെടുന്നു എന്നു അദ്ദേഹം നിരീക്ഷിച്ചു. സസ്യങ്ങളെ പ്രത്യുല്പാദനപ്രക്രിയയനുസരിച്ച് വർഗ്ഗീകരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.

1730-ൽ ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് സസ്യങ്ങളിലെ വിവാഹം എന്ന ഒരു ലഘുപ്രബന്ധം അദ്ദേഹം പുറത്തിറക്കിയിരുന്നു[2].

ലിനേയസിന്റെ ആശയങ്ങൾ സംശയദൃഷ്ടിയോടെയാണ്‌ സമകാലീനർ വീക്ഷിച്ചത്. സാന്മാർഗികതയുടേ പേരിൽ അവ വിമർശിക്കപ്പെടുകയും ചെയ്തു. ലിനേയസ് ഒരു പൂവിന്റെ ഉൾവശം സ്രഷ്ടാവ് അണിയിച്ചൊരുക്കിയ സുഗന്ധം പരത്തുന്ന ഒരു മണിയറയോട് ഉപമിച്ചു. ലേഖനത്തിലെ ഭാഷ അമിതമാണെന്ന കാരണത്താൽ (പ്രത്യേകിച്ച് യുവാക്കളെ സംബന്ധിച്ചിടത്തോളം) മതനേതാക്കളും നീരസം പ്രകടിപ്പിച്ചു.

സിസ്റ്റെമാ നാച്യുറേ[തിരുത്തുക]

സിസ്റ്റെമാ നാച്യുറേയുടെ 1760-ൽ പുറത്തിയ പതിപ്പിന്റെ പുറംചട്ട

പൂക്കളിൽ നടക്കുന്ന ബഹുകക്ഷിലൈംഗികബന്ധങ്ങളെ വിശദീകരിക്കുന്നതിന്‌ വളരെ ശക്തമായ സങ്കല്പ്പങ്ങളാണ്‌ ലിനേയസ് അവതരിപ്പിച്ചത്. ഉദാഹരണത്തിന്‌ മാരീഗോൾഡ് പൂക്കളെക്കുറിച്ച് അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്‌: അവയിൽ ഭാര്യമാരുടെ കിടപ്പറ മദ്ധ്യഭാഗത്തും വെപ്പാട്ടികളുടേത് അരികിലുമാണ്‌, ഇവയിൽ ഭാര്യമാർക്ക് പ്രത്യുല്പാദനശേഷിയുണ്ടാവില്ല എന്നാൽ വെപ്പാട്ടികൾ പ്രത്യുല്പാദനശേഷിയുള്ളവരുമാണ്‌.

പോപ്പി പുഷ്പങ്ങളുടെ പ്രത്യുല്പാദനരീതിയെ ഒരു സ്ത്രീയോടൊപ്പം ഇരുപതോളം പുരുഷന്മാർ ഒരു കിടപ്പറയിൽ എന്ന രീതിയിലാണ്‌ അദ്ദേഹം ഉപമിച്ചത്. ഇത്തരം പ്രത്യേകതകളെ വർഗ്ഗീകരണത്തിനുള്ള അളവുകോലായി അദ്ദേഹം വികസിപ്പിച്ചെടുത്തു. അങ്ങനെ 1735-ൽ അദ്ദേഹത്തിന്റെ പഠനങ്ങൾ സിസ്റ്റെമാ നാച്യുറേ എന്ന പേരിൽ അദ്ദേഹം പ്രസിദ്ധീകരിച്ചു. പതിനൊന്നു താളുകളിലായി ജന്തുക്കൾ, സസ്യങ്ങൾ, ധാതുക്കൾ എന്നിങ്ങനെ പ്രകൃതിയിലെ മൂന്നു സാമ്രാജ്യങ്ങളെ പരിചയപ്പെടുത്താനാണ്‌ ഈ ഗ്രന്ഥത്തിലൂടെ അദ്ദേഹം ശ്രമിച്ചത്.

സസ്യങ്ങളെ പൂവിടുന്നവ അല്ലാത്തവ എന്നിങ്ങനെ രണ്ടായാണ്‌ ലിനേയസ് ആദ്യമായി തരം തിരിച്ചത്. പൂക്കളുടെ തരമനുസരിച്ച് അവയെ വീണ്ടും വർഗ്ഗീകരിച്ചു: അതായത് ആൺ-പെൺ പ്രത്യുല്പാദനാവയവങ്ങളുള്ളവ, ഏതെങ്കിലും ഒരു ലിംഗം മാത്രമുള്ളവ എന്നിങ്ങനെ. അങ്ങനെ പുരുഷലൈംഗികവയങ്ങളായ stamen-ന്റെ എണ്ണം, നീളം, സ്ഥാനം എന്നിവയെ അടിസ്ഥാനമാക്കി സസ്യങ്ങളെ വർഗ്ഗങ്ങളാക്കി (classes) തരം തിരിച്ചു. വർഗ്ഗങ്ങളെ കാർപ്പലുകളുടെ എണ്ണത്തിനനുസരിച്ച് ക്രമം (order) ആയും, അവയെ രൂപപ്രകൃതി (anatomical characteristics) അനുസരിച്ച് ജനുസ്സുകളായും, അവയെ വീണ്ടും ഏറ്റവും ചെറിയ മാത്രയായ സ്പീഷിസുകളായും അദ്ദേഹം തരം തിരിച്ചു.

ജന്തുസാമ്രാജ്യത്തേയും തട്ടുതട്ടായുള്ള ഈ വർഗ്ഗീകരണരീതി ഉപയോഗിച്ച് ലിനേയസ് തരംതിരിച്ചിരുന്നു. എന്നാൽ അക്കാലത്തെ ശരീരശാസ്ത്രവിജ്ഞാനത്തിന്റെ പരിമിതി നിമിത്തം സസ്യങ്ങളിലേതു പോലെ അതത്ര സമ്പൂർണ്ണമായിരുന്നില്ല.

ജീവജാലങ്ങളെ വർഗീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ലിനേയസിനു മുപും നടന്നിട്ടുണ്ട്. എന്നാൽ അക്കാലം വരെയുള്ള വർഗ്ഗീകരണരീതികൾ അകാരാദിക്രമത്തിലോ ജീവികളുടെ ആവാസമേഖലയെ അടിസ്ഥാനമാക്കിയായിരുന്നു. ഉദാഹരണത്തിന്‌ തിമിംഗിലങ്ങളേയും മത്സ്യങ്ങളേയും ഒരേ വർഗ്ഗത്തിലാണ്‌ ഇവയിൽ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ തിമിംഗിലങ്ങൾ മാമ്മറി ഗ്ലാൻഡ് (mammary gland) ഉള്ള ജീവികളാണെന്നും അവയെ സസ്തനികൾ എന്ന വർഗ്ഗത്തിൽ ഉൾപ്പെടുത്തണമെന്നും ഉള്ള ആശയം ആദ്യമായി മുന്നോട്ടുവച്ചത് ലിനേയസ് ആണ്‌.

ജീവജാലങ്ങൾക്കായി അക്കാലത്തെ സസ്യ-ജന്തുശാസ്ത്രഞ്ജർ ഉപയോഗിച്ചിരുന്ന സുദീർഘവും സങ്കീർണ്ണവുമായ പേരുകൾ ലിനേയസിന്റെ വർഗ്ഗീകരണരീതിയുടെ ആവിർഭാവത്തോടെ ലളിതമായ രണ്ടുഭാഗങ്ങളുള്ള പേരുകളായി. (പത്തും പന്ത്രണ്ടും വാക്കുകളുള്ള പേരുകൾ അക്കാലത്ത് സസ്യങ്ങൾക്കും ജന്തുക്കൾക്കുമായി അക്കാലത്ത് ഉപയോഗിക്കപ്പെട്ടിരുന്നു. യുറോപ്പിലെ ജനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ആദ്യനാമം-കുടുംബപ്പേര്‌ എന്ന രീതിക്ക് സമാനമായി ലിനേയസിന്റെ നാമകരണരീതിയെ ഉപമിക്കാവുന്നതാണ്‌.

പുതിയ പുതിയ ജീവജാലങ്ങളേയും ജനുസുകളേയും ഉൾപ്പെടുത്തി ലിനേയസ് സിസ്റ്റെമാ നാച്ച്യുറ വിപുലപ്പെടുത്തിക്കൊണ്ടിരുന്നു. 1735-ൽ പുറത്തിറങ്ങിയ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിൽ 549 ജീവജന്തുക്കളെ മാത്രമാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ 1758-ലെ പത്താം പതിപ്പിൽ അത് 4387 ആയി വർദ്ധിച്ചു. ആധുനിക സസ്യശാസ്ത്രത്തിലേയും, ജന്തുശാസ്ത്രത്തിലേയും നാമകരണപദ്ധതിയുടെ ആരംഭമായി ഈ ഗ്രന്ഥത്തെ കണക്കാക്കുന്നു[2]. 1758-ൽ സിസ്റ്റെമാ നാച്യുറേയുടെ പത്താം പതിപ്പ് പുറത്തിറങ്ങിയതോടെ, അത്, അന്നു വരെ നിലനിന്നിരുന്ന മറ്റെല്ലാ വർഗ്ഗീകരണസമ്പ്രദായങ്ങളുടേയും എന്നെന്നേക്കുമായുള്ള അന്ത്യത്തിനു അത് കാരണമായി.

സിസ്റ്റെമാ നാച്യുറേയുടെ 12-ആം പതിപ്പാണ് ലിനേയസിൻ്റെ ജീവിതകാലത്ത് പുറത്തിറങ്ങിയ അവസാനത്തെ പതിപ്പ്. വെറും 14 താളുകളുണ്ടായിരുന്ന ആദ്യപതിപ്പ്, ഈ പന്ത്രണ്ടാം പതിപ്പായപ്പോഴേക്കും 2300 താളുകളുള്ള മൂന്ന് വാല്യങ്ങളായി പരിണമിച്ചു.[4]

ഏറെക്കുറേ ലിനേയസ് വിഭാവനം ചെയ്ത വർഗീകരണരീതി തന്നെയാണ്‌ ഇന്നും ലോകമെമ്പാടും ഉപയോഗത്തിലിരിക്കുന്നത്. ഭൗതികഗുണങ്ങൾക്കു പുറമേ ജീവജാലങ്ങളുടെ ജനിതകവ്യതിയാനങ്ങളും ഇന്നത്തെ വർഗ്ഗീകരണരീതികളിൽ പരിഗണിക്കപ്പെടുന്നു. ഇതുൾക്കൊള്ളിക്കുന്നതിനായുള്ള പുതിയ തട്ടുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള രീതികളാണ് ഇക്കാലത്ത് ടാക്സോണമിസ്റ്റുകൾ ഉപയോഗിക്കുന്നത്.

തെറ്റിദ്ധാരണ[തിരുത്തുക]

ശാസ്ത്രജീവിതത്തിൽ ലിനേയസിന്‌ വളരെ വലിയ ഒരു തെറ്റും സംഭവിച്ചിട്ടുണ്ട്. എന്തെന്നാൽ, ഭൂതലത്തിൽ ആകമാനം പരമാവധി 6000 ഇനം സസ്യങ്ങളും, 4400-ഓളം ഇനം ജന്തുക്കളും മാത്രമേയുള്ളൂ എന്ന തെറ്റായ വിശ്വാസമായിരുന്നു ജീവിതകാലം മുഴുവൻ അദ്ദേഹം വച്ചുപുലർത്തിയിരുന്നത്[അവലംബം ആവശ്യമാണ്]. എന്നാൽ ഈ സംഖ്യ ഏതാണ്ട് 1.3 കോടിക്കും 3 കോടിക്കും ഇടയിലാണെന്നാണ്‌ ഇപ്പോൾ ശാസ്ത്രകാരന്മാർ പറയുന്നത്. ഇതിൽത്തന്നെ ഏകദേശം രണ്ടു ലക്ഷത്തിൽ താഴെ ജീവജാലങ്ങളെ മാത്രമേ ഇതുവരെ വർഗീകരണം നടത്തിയിട്ടുള്ളൂ.

അതുപോലെ വെറും കേട്ടുകേൾവി അടിസ്ഥാനമാക്കിയുള്ള സാങ്കൽപികജീവികളെ വർഗ്ഗീകരണത്തിൽ അദ്ദേഹം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. നാൽക്കാലി മനുഷ്യനായ Homo ferus, വാലുള്ള മനുഷ്യനായ Homo caudatus എന്നിവ അദ്ദേഹത്തിൻ്റെ വർഗ്ഗീകരണത്തിലുൾപ്പെട്ട സാങ്കൽപ്പികജീവികളാണ്.[4]

അംഗീകാരങ്ങളും സ്ഥാനങ്ങളും[തിരുത്തുക]

1761-ൽ സ്വീഡൻ രാജാവ് കാൾ ഫൊൻ ലിന്നേ എന്ന പേരിൽ പ്രഭുസ്ഥാനം നൽകി ലിനേയസിനെ ആദരിച്ചു. യുറോപ്പിലെമ്പാടുമുള്ള പണ്ഡിതരും വിദ്യാർത്ഥികളും അദ്ദേഹത്തിന്‌ ഒട്ടേറെ അംഗീകാരങ്ങൾ നൽകിയിട്ടുണ്ട്. സ്വീഡിഷ് ശാസ്ത്ര അക്കാദമിയുടെ സ്ഥാപകരിൽ ഒരാളായിരുന്ന ലിനേയസ് അതിന്റെ ആദ്യത്തെ അദ്ധ്യക്ഷൻ കൂടിയായിരുന്നു. നല്ല ഒരു അദ്ധ്യാപകനായിരുന്ന ലിനേയസ് രണ്ടു പതിറ്റാണ്ടോളം ഉപ്സാല സർവകലാശാലയിൽ ജന്തുശാസ്ത്രത്തിന്റേയും വൈദ്യശാസ്ത്രത്തിന്റേയും പ്രൊഫസറായിരുന്നു. ഇതിനു പുറമേ ഉപ്സാല സസ്യശാസ്ത്രോദ്യാനത്തിന്റെ ഡയറക്റ്ററായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

അന്ത്യം[തിരുത്തുക]

1778-ൽ ഒരു ഹൃദയാഘാതത്തെത്തുടർന്നാണ്‌ കാൾ ലിനേയസ് മരണമടഞ്ഞത്.

അവലംബം[തിരുത്തുക]

 1. “Carl Linnaeus was born in Råshult, Småland, in 1707 on May 13th (Old Style) or 23rd according to our present calendar.” Citation: Linnaeus the child by Uppsala University. "Old Style" in the cited text refers to the Swedish calendar.
 2. 2.0 2.1 2.2 GEO magazine (Indian Edition), Volume 1, Issue 4, September 2008, Published by: Outlook Publishing (India) Private Limited, Article: GEOSCOPE - The Man who Brought Order to Life, Page no. 24
 3. "Author Query for 'L.'". International Plant Names Index.
 4. 4.0 4.1 Bill Bryson (2003) - Short history of nearly everything, Chapter 23 - The richness of being

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • C. L. Brightwell (1858). A Life of Linnaeus. London: J. Van Voorst.
 • Lys de Bray (2001). The Art of Botanical Illustration: A history of classic illustrators and their achievements. London: Quantum Publishing Ltd. pp. 62–71. ISBN 978-1-86160-425-5.
 • Edmund Otis Hovey (1908). The Bicentenary of the Birth of Carolus Linnaeus. New York: New York Academy of Sciences.
 • Sverker Sörlin & Otto Fagerstedt (2004). Linné och hans apostlar (ഭാഷ: സ്വീഡിഷ്). Stockholm: Natur och kultur/Fakta. ISBN 978-91-27-35590-3.
 • J. L. P. M. Krol (1982). "Linnaeus' verblijf op de Hartekamp". Het Landgoed de Hartekamp in Heemstede (ഭാഷ: Dutch). Heemstede. ISBN 978-90-70712-01-3.CS1 maint: unrecognized language (link)
 • Lars Hansen, ed. (2007–2011). The Linnaeus Apostles – Global Science & Adventure. 8 vols. 11 books. London & Whitby: The IK Foundation & Company. ISBN 978-1-904145-26-4.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wikisource
Carl Linnaeus രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.

ജീവചരിത്രങ്ങൾ

റിസോഴ്സുകൾ

മറ്റുള്ളവ

"https://ml.wikipedia.org/w/index.php?title=കാൾ_ലിനേയസ്&oldid=3652609" എന്ന താളിൽനിന്ന് ശേഖരിച്ചത്