അൻആം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Al-An'am എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അൽ-അൻആം
الأنعام
വർഗ്ഗീകരണംമക്കി
പേരിന്റെ അർത്ഥംThe കാലികൾ
സ്ഥിതിവിവരങ്ങൾ
സൂറ ‍സംഖ്യ6
Number of verses165
Juz' number7 to 8
Hizb number13 to 15
Number of Sajdahsnone
മുൻപുള്ള സൂറAl-Ma'ida
അടുത്ത സൂറAl-A'raf
Listen to Surah Al An'aam

വിശുദ്ധ ഖുർആനിലെ ആറാം അദ്ധ്യായമാണ്‌ അൻആം (കാലികൾ). അവതരണം: മക്ക സൂക്തങ്ങൾ: 165 അദ്ധ്യായം:അൽഅൻആം അവതരണം:മക്കയിൽ അവതരണ ക്രമം:55 സൂക്തങ്ങൾ:165 ഖണ്ഡികകൾ:20

നാമം[തിരുത്തുക]

ഈ അധ്യായത്തിലെ പതിനാറും പതിനേഴും ഖണ്ഡികകളിൽ, ചില കാലികൾ ഹറാമായും ചില കാലികൾ ഹലാലായും അറബികൾ വിശ്വസിച്ചിരുന്നതിന്റെ ഖണ്ഡനം വന്നിട്ടുണ്ട്. അതുകൊണ്ട് സൂറത്തിന് `അൽ അൻആം` (കാലികൾ) എന്ന് നാമകരണം ചെയ്തിരിക്കുന്നു.

അവതരണകാലം[തിരുത്തുക]

നബി(സ)യുടെ മക്കാജീവിതത്തിൽ ഒറ്റത്തവണയായി അവതീർണ്ണമായതാണീ അധ്യായമെന്ന് ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുആദുബ്നു ജബലിന്റെ പിതൃവ്യനായ യസീദിന്റെ മകൾ അസ്മാഅ് പ്രസ്താവിക്കുന്നത് ഇങ്ങനെയാണ്: "നബി(സ) തിരുമേനി ഒട്ടകപ്പുറത്ത് സവാരിചെയ്യുമ്പോഴായിരുന്നു സൂറത്തുൽ അൻആം അവതരിച്ചത്. ഞാനാണ് ഒട്ടകത്തിന്റെ മൂക്കുകയർ പിടിച്ചിരുന്നത്. ഭാരം കൊണ്ട് ഒട്ടകം കുഴങ്ങിപ്പോയി. അതിന്റെ എല്ലുകൾ പൊട്ടുമോ എന്നു തോന്നി.`` ഈ അധ്യായം അവതരിച്ച രാത്രി തന്നെ നബി തിരുമേനി അത് എഴുതിവെപ്പിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മക്കാജീവിതത്തിന്റെ അവസാനഘട്ടത്തിലാണ് ഈ സൂറത്തിറങ്ങിയതെന്ന് ഇതിന്റെ ഉള്ളടക്കം മനസ്സിലാക്കിത്തരുന്നു. അതിനുപോൽബലകമാണ് അസ്മാഇന്റെ പ്രസ്തുത റിപ്പോർട്ട്. അസ്മാഅ് അൻസ്വാറുകളിൽപെട്ട മദീനക്കാരിയായ ഒരു വനിതയാണ്. ഹിജ്റയുടെ ശേഷമാണ് അവർ ഔപചാരികമായി ഇസ്ലാമിൽ പ്രവേശിച്ചത്. ഇസ്ലാം മത സ്വീകരണത്തിന്റെ മുമ്പു വെറും ഭക്തിവിശ്വാസത്തിന്റെ പേരിൽ അവർ മക്കയിൽ തിരുമേനിയുടെ സന്നിധിയിൽ ഹാജരായിരിക്കും. ഇതു മക്കാജീവിതത്തിന്റെ അവസാന വർഷത്തിലാവാനേ തരമുള്ളൂ. അതിനുമുമ്പ് തിരുമേനിയുമായി യസ്രിബുകാർക്കുള്ള ബന്ധം, അവരിൽപ്പെട്ട ഒരു സ്ത്രീ തിരുസന്നിധിയിൽ ഹാജരാവാൻ മാത്രം വളർന്നുകഴിഞ്ഞിരുന്നില്ല.

പശ്ചാത്തലം[തിരുത്തുക]

ദൈവദൂതൻ ഇസ്ലാമിക പ്രബോധനം തുടങ്ങി പന്ത്രണ്ടു വർഷം കഴിഞ്ഞു. ഖുറൈശികളുടെ പ്രതിരോധവും ക്രൂരതയും മർദനമുറകളുമൊക്കെ അവയുടെ പാരമ്യം പ്രാപിച്ചു. ഇസ്ലാംമതമവലംബിച്ച വലിയൊരു വിഭാഗം, ഖുറൈശികളുടെ മർദനം സഹിയാഞ്ഞു ഹബ്ശായിൽ അഭയാർഥികളായിച്ചെന്നു താമസിക്കുകയാണ്. ആരംഭം മുതൽ തിരുനബി(സ)യെ സഹായിച്ചുപോന്ന ഹ: ഖദീജത്തുൽ കുബ്റ (റ)യോ അബൂതാലിബോ ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതിനാൽ ഭൌതികമായ എല്ലാ താങ്ങുകളും ആശ്രയങ്ങളും അവിടത്തേക്ക് നഷ്ടപ്പെട്ടു പോയിരുന്നു. വമ്പിച്ച എതിർപ്പുകളേയും പ്രതിബന്ധങ്ങളേയും മല്ലിട്ടുകൊണ്ടാണ് തിരുനബി പ്രബോധന കർത്തവ്യം നിർവ്വഹിച്ചിരുന്നത്. ആ പ്രചാരണം വഴി മക്കയിലെയും പരിസരങ്ങളിലെയും ഉത്തമ വ്യക്തികൾ ഇസ്ലാമിലേക്കു ആകർഷിക്കപ്പെട്ടു കൊണ്ടിരുന്നെങ്കിലും സമുദായം പൊതുവിൽ നിഷേധത്തിന്റെയും വിരോധത്തിന്റേയും മാർഗ്ഗത്തിൽ തന്നെ ഉറച്ചുനിൽക്കുകയായിരുന്നു. എവിടെയെങ്കിലും വല്ലവർക്കും ഇസ്ലാമിലേക്കൊരു ചായ്വ് കാണുന്നതോടെ അയാളെ ശകാരം കൊണ്ടും ശാരീരിക പീഡനം കൊണ്ടും സാമ്പത്തികവും സാമൂഹ്യവുമായ ഉപരോധം കൊണ്ടും വീർപ്പുമുട്ടിക്കുകയായി. ഇരുളടഞ്ഞ ഈ അന്തരീക്ഷത്തിലാണ് യസ്രിബിന്റെ ഭാഗത്തു നിന്നു നേരിയൊരു കിരണം പ്രത്യക്ഷീഭവിച്ചത്. ഔസുഗോത്രത്തിലേയും ഖസ്റജ്ഗോത്രത്തിലേയും കൊള്ളാവുന്ന വ്യക്തികൾ തിരുമേനിയുടെ കൈക്കു ബൈഅത്ത് ചെയ്തു. ആഭ്യന്തരമായ എതിർപ്പൊന്നും കൂടാതെ അവിടെ ഇസ്ലാം പ്രചരിച്ചു തുടങ്ങി. എന്നാൽ ലഘുവായ ഈ പ്രാരംഭത്തിന്റെ ചുരുളിൽ ഒളിഞ്ഞു കിടന്ന ഭാവി സാധ്യതകൾ ഒരു ബാഹ്യദൃക്കിനു കാണാവുന്നതല്ലല്ലോ. ബാഹ്യദൃഷിടിക്കു ഗോചരമാവുക ഇതാണ്: അതിദുർബലമായ ഒരു പ്രസ്ഥാനമാണ് ഇസ്ലാം. അതിന്റെ പിന്നിൽ ഒരു ഭൌതികശക്തിയില്ല. അതിന്റെ പ്രബോധകനു സ്വകുടുംബത്തിന്റെ ദുർബലമായ ഒരു പിന്തുണയല്ലാതെ മറ്റൊരാശ്രയവുമില്ല. ഇസ്ലാമിനെ അംഗീകരിച്ച ഒരു പിടി പാവങ്ങൾ സ്വസമുദായത്തിന്റെ മതത്തിൽ നിന്നും വിശ്വാസത്തിൽ നിന്നും വ്യതിചലിച്ചതു നിമിത്തം സമുദായഭ്രഷ്ടരും, ചിന്നിച്ചിതറിയവരുമായിരിക്കുന്നു; മരത്തിൽ നിന്നു കൊഴിഞ്ഞു വീണ ഇലകൾ പോലെ. ആകയാൽ ഇസ്ലാമിനു ഒരു ഭാവിയില്ല.

പ്രതിപാദ്യങ്ങൾ[തിരുത്തുക]

പ്രസ്തുത സാഹചര്യത്തിലാണ് പ്രകൃത പ്രഭാഷണം അവതരിച്ചത്. ഇതിലെ ഉള്ളടക്കത്തെ നമുക്ക് ഏഴു വലിയ തലക്കെട്ടുകളായി ഭാഗിക്കാം:

  • 1. ശിർക്കിന്റെ ഖണ്ഡനവും തൌഹീദു പ്രബോധനവും;
  • 2. പരലോകവിശ്വാസത്തിന്റെ പ്രചാരണം, ഐഹികജീവിതം മാത്രമാണ് മനുഷ്യജീവിതമെന്ന അബദ്ധധാരണയുടെ ഖണ്ഡനം;
  • 3. അനിസ്ലാമിക കാലത്ത് ജനങ്ങൾ അകപ്പെട്ടിരുന്ന അന്ധവിശ്വാസങ്ങളുടെ ഖണ്ഡനം;
  • 4. ഇസ്ലാമിക സമൂഹത്തെ കെട്ടിപ്പടുക്കുവാനുള്ള പ്രധാന സദാചാര തത്ത്വങ്ങളെക്കുറിച്ച് ഉദ്ബോധനം;
  • 5. നബി(സ) തിരുമേനിയേയും തന്റെ പ്രബോധനത്തേയും പറ്റി ജനങ്ങളുടെ ആക്ഷേപങ്ങൾക്കു മറുപടി;
  • 6. സുദീർഘമായ അധ്വാന ശ്രമങ്ങൾ നടന്നിട്ടും പ്രബോധനം വേണ്ടത്ര ഫലവത്തായി കാണാതിരുന്നപ്പോൾ സ്വാഭാവികമായുണ്ടായ അസ്വസ്ഥതയേയും വേവലാതിയേയും കുറിച്ച് തിരുമേനിയേയും മുസ്ലിംകളേയും സാന്ത്വനപ്പെടുത്തൽ;
  • 7. നിഷേധികളുടേയും എതിരാളികളുടേയും അശ്രദ്ധയേയും സ്വയം വിനാശത്തിലേക്കുള്ള ബോധശൂന്യമായ പോക്കിനേയും കുറിച്ചുള്ള ഉപദേശവും താക്കീതും ഭീഷണിയും.
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അൻആം എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
മാഇദ
ഖുർആൻ അടുത്ത സൂറ:
അഅ്റാഫ്
സൂറ (ത്ത് 8 അദ്ധ്യായം) 6

1 2 3 4 5 6 7 8 9സലത്ത് 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അൻആം&oldid=2280477" എന്ന താളിൽനിന്ന് ശേഖരിച്ചത്