അക്സായ് ചിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Aksai Chin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Coordinates: 35°7′N 79°8′E / 35.117°N 79.133°E / 35.117; 79.133

അക്സായ് ചിൻ
China India western border 88.jpg
ഇന്ത്യ - India western border showing Aksai Chin (ഇന്ത്യ)
Traditional Chinese阿克賽欽
Simplified Chinese阿克赛钦

കിഴക്കൻ കശ്മീരിലെ ചൈനയുടെ നിയന്ത്രണത്തിലുള്ള ഒരു ഇന്ത്യൻ ഭൂഭാഗമാണ് അക്സായ് ചിൻ. ഇന്ത്യ, ഇത് ജമ്മു കശ്മീർ സംസ്ഥാനത്തിലെ ലഡാക് ജില്ലയുടെ ഭാഗം ആയി കണക്കാക്കുന്നു. 1962 മുതൽ അന്യായമായി ചൈനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. കിഴക്ക് തിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകൾ കുറിക്കുന്ന ഈ പ്രദേശം ഭാരതീയ ഇതിഹാസങ്ങളിൽ അക്ഷയചീനാ എന്ന പേരിൽ പരാമൃഷ്ടമായിട്ടുണ്ട്.

1842-ൽ ജമ്മു ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് തിബത്തിന്റെ കൈവശത്തിലായിരുന്ന അക്സായ് ചിൻ ഉൾ പ്പെട്ട ലഡാക് പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വർഷങ്ങൾക്കുശേഷം കശ്മീർ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീർ-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947-ൽ രാജ്യം ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിൻ പ്രദേശം ഇന്ത്യയുടെ ഭാഗമായിത്തീർന്നു.

4000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ പരന്നു കിടക്കുന്ന ഈ തണുത്ത മരുപ്രദേശത്തെ ഇന്ത്യയുടെ ഭാഗമായി ചൈന ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല. 1914-ൽ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും തിബത്തുമായി മക്മോഹൻരേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്നത്തിന്റെ മൂല കാരണം. അക്സായ്ചിൻ ഉൾപ്പെടെ പല ഇന്ത്യൻ പ്രദേശങ്ങളെയും ചൈനീസ് അതിർത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ചൈന പ്രസിദ്ധപ്പെടുത്തി (1958). തുടർന്ന് ഇന്ത്യാ-ചൈന ഗവൺമെന്റുകൾ തമ്മിൽ അതിർത്തി പ്രശ്നം ചർച്ച ചെയ്തു. ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ അക്സായ്ചിൻ സ്വന്തം പ്രദേശമാണെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

തിബത്തും പ. കിവാങ്ങ്-ഉയ്ഗൂർ സ്വയംഭരണ പ്രദേശവും (Uighur Autonomous Province ) തമ്മിൽ യോജിപ്പിക്കുന്ന ചൈനയുടെ തന്ത്രപ്രധാനമായ ദേശീയപാത 219 അക്സായ് ചിൻ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. 1962-ൽ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവർ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടർന്നുണ്ടായ യുദ്ധത്തിൽ അക്സായ് ചിൻ പ്രദേശത്തെ 38000-ൽപ്പരം ച.കി.മീ. സ്ഥലം ചൈനയുടെ കൈവശമായി. ഇന്നും ഈ സ്ഥിതി തുടരുന്നു. കൂടാതെ പാകിസ്താൻ കയ്യടക്കിയ കശ്മീർ പ്രദേശത്തിൽ നിന്ന് 5180 ച.കി.മീ. സ്ഥലം 1963-ൽ ചൈനയ്ക്ക് പാകിസ്താൻ കൈമാറുകയും ചെയ്തു.

ചൈനയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മലമ്പാതയായ കാരക്കോറം ഹൈവേ ഈ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. പല പ്രാവശ്യം നടത്തിയ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന യാഥാർഥ്യം തന്ത്രപ്രധാനമായ ഈ സ്ഥലം വിട്ടുകൊടുക്കാൻ ചൈന സന്നദ്ധമാകില്ല എന്നു തന്നെയാണ്. വലിപ്പത്തിൽ ഏകദേശം സ്വിറ്റ്സർലണ്ടിനോളം വരുന്ന അക്സായ് ചിൻ പ്രദേശമാണ് വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്കപ്രദേശം.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്സായ് ചിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അക്സായ്_ചിൻ&oldid=3122283" എന്ന താളിൽനിന്ന് ശേഖരിച്ചത്