അക്സായ് ചിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Coordinates: 35°7′N 79°8′E / 35.117°N 79.133°E / 35.117; 79.133

അക്സായ് ചിൻ
China India western border 88.jpg
ഇന്ത്യ - India western border showing Aksai Chin (ഇന്ത്യ)
Traditional Chinese阿克賽欽
Simplified Chinese阿克赛钦

കിഴക്കൻ കശ്മീരിൽ ചൈനയുടെ അനധികൃത നിയന്ത്രണത്തിലുള്ള ഒരു ഇന്ത്യൻ ഭൂഭാഗമാണ് അക്സായ് ചിൻ. ഇന്ത്യ, ഈ പ്രദേശത്തെ ജമ്മു കശ്മീർ സംസ്ഥാനത്തിനുള്ളിലെ ലഡാക് ജില്ലയുടെ ഭാഗമായി കണക്കാക്കുന്നു. 1962 മുതൽ അന്യായമായി ചൈനയുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. കിഴക്ക് തിബത്തും പടിഞ്ഞാറ് സിങ്കിയാങ്ങും അതിരുകൾ കുറിക്കുന്ന ഈ പ്രദേശം ഭാരതീയ ഇതിഹാസങ്ങളിൽ അക്ഷയചീനാ എന്ന പേരിൽ പരാമൃഷ്ടമായിട്ടുണ്ട്.

1842-ൽ ജമ്മു കാശ്മീർ ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് തിബത്തിന്റെ കൈവശത്തിലായിരുന്ന അക്സായ് ചിൻ ഉൾപ്പെട്ട ലഡാക് പ്രവിശ്യ ആക്രമിച്ചു കീഴടക്കി. നാലു വർഷങ്ങൾക്കുശേഷം കശ്മീർ കൂടി കയ്യടക്കിയതോടെ ഗുലാബ് സിങ്ങിന്റെ രാജ്യം ജമ്മു-കശ്മീർ-ലഡാക് എന്നീ മൂന്നു പ്രവിശ്യകളിലുമായി വ്യാപിച്ചു കിടന്നിരുന്നു. 1947-ൽ രാജ്യം ഭരിച്ചിരുന്ന ഹരിസിങ് മഹാരാജാവ് ഇന്ത്യയുമായി തന്റെ രാജ്യത്തെ ലയിപ്പിച്ചതോടെ അക്സായ് ചിൻ പ്രദേശം ഇന്ത്യയുടെ അവഭാജ്യ ഭാഗമായിത്തീർന്നു.

ഏകദേശം 4000 മുതൽ 5000 മീറ്റർ വരെ ഉയരത്തിൽ പരന്നു കിടക്കുന്ന ഈ തണുത്ത മരുപ്രദേശത്തെ ഇന്ത്യയുടെ ഭാഗമായി ചൈന ഒരുകാലത്തും അംഗീകരിച്ചിരുന്നില്ല. 1914-ൽ ചൈനയുടെ പ്രതിനിധിയും ബ്രിട്ടനും തിബത്തുമായി മക്മോഹൻരേഖ ആസ്പദമാക്കി ഉണ്ടാക്കിയ ധാരണ ചൈന നിരാകരിച്ചതാണ് പ്രശ്നത്തിന്റെ മൂല കാരണം. അക്സായ്ചിൻ ഉൾപ്പെടെ പല ഇന്ത്യൻ പ്രദേശങ്ങളെയും ചൈനീസ് അതിർത്തിക്കുള്ളിലാക്കി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ ചൈന പ്രസിദ്ധപ്പെടുത്തി (1958). തുടർന്ന് ഇന്ത്യാ-ചൈന ഗവൺമെന്റുകൾ തമ്മിൽ അതിർത്തി പ്രശ്നം ചർച്ച ചെയ്തു. ചരിത്രരേഖകളുടെ അടിസ്ഥാനത്തിൽ അക്സായ്ചിൻ സ്വന്തം പ്രദേശമാണെന്ന നിലപാടാണ് ഇന്ത്യ എല്ലായ്പ്പോഴും സ്വീകരിച്ചത്.

തിബത്തും പ. കിവാങ്ങ്-ഉയ്ഗൂർ സ്വയംഭരണ പ്രദേശവും (Uighur Autonomous Province ) തമ്മിൽ യോജിപ്പിക്കുന്ന ചൈനയുടെ തന്ത്രപ്രധാനമായ ദേശീയപാത 219 അക്സായ് ചിൻ പ്രദേശത്തുകൂടിയാണ് കടന്നു പോകുന്നത്. 1962-ൽ ചൈന റോഡുവെട്ടുന്നതറിഞ്ഞതോടെയാണ് ഈ പ്രദേശത്ത് അവർ ആധിപത്യം സ്ഥാപിച്ചുവെന്ന് ഇന്ത്യ അറിയുന്നതുതന്നെ. തുടർന്നുണ്ടായ യുദ്ധത്തിൽ അക്സായ് ചിൻ പ്രദേശത്തെ 38000-ൽപ്പരം ചതുരശ്ര കിലോമീറ്റർ പ്രദേശം ചൈനയുടെ കൈവശമായി. ഇന്നും ഈ സ്ഥിതി തുടരുന്നു. ഇതു കൂടാതെ പാകിസ്താൻ കയ്യടക്കിയ കശ്മീർ പ്രദേശത്തിൽ നിന്ന് 5180 ചതുരശ്ര കിലോമീറ്റർ സ്ഥലം 1963-ൽ ചൈനയ്ക്ക് പാകിസ്താൻ കൈമാറുകയും ചെയ്തു.

ചൈനയെയും പാകിസ്താനെയും ബന്ധിപ്പിക്കുന്ന ലോകത്തിലെ ഏറ്റവും ഉയർന്ന മലമ്പാതയായ കാരക്കോറം ഹൈവേ ഈ പ്രദേശത്തിലൂടെയാണ് കടന്നുപോകുന്നത്. പല പ്രാവശ്യം നടത്തിയ ചർച്ചകളിൽനിന്ന് ഉരുത്തിരിഞ്ഞുവന്ന യാഥാർഥ്യം തന്ത്രപ്രധാനമായ ഈ സ്ഥലം വിട്ടുകൊടുക്കാൻ ചൈന സന്നദ്ധമാകില്ല എന്നു തന്നെയാണ്. വലിപ്പത്തിൽ ഏകദേശം സ്വിറ്റ്സർലണ്ടിനോളം വരുന്ന അക്സായ് ചിൻ പ്രദേശമാണ് വിസ്തീർണത്തിൽ ലോകത്തിൽ ഇന്നുള്ളതിൽ വെച്ചേറ്റവും വലിയ തർക്കപ്രദേശം.

ഭൂമിശാസ്ത്രം[തിരുത്തുക]

തരീ നദീതടം, 2008

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിത്തർക്കമുള്ള രണ്ടു വലിയ പ്രദേശങ്ങളിലൊന്നാണ് അക്സായി ചിൻ. ജമ്മു കശ്മീർ കേന്ദ്രഭരണപ്രദേശത്തിന്റെ കിഴക്കേയറ്റമാണ് അക്സായി ചിൻ എന്ന് ഇന്ത്യ അവകാശപ്പെടുന്നു. അതേസമയം ചൈന അവകാശപ്പെടുന്നത് അവരുടെ സിൻജിയാങ് ഉയ്ഘർ സ്വയംഭരണ പ്രദേശത്തിന്റെ ഭാഗമാണ് അക്സായി ചിൻ എന്നാണ്. ഇന്ത്യൻ ഭരണത്തിലുള്ള ജമ്മു കശ്മീരിലെ പ്രദേശങ്ങളെ അക്സായിചിന്നിൽ നിന്ന് വേർതിരിക്കുന്ന ലൈൻ യഥാർത്ഥ നിയന്ത്രണ രേഖ (LAC) എന്നറിയപ്പെടുന്നു, ഇത് ചൈനീസ് അക്സായി ചിൻ ക്ലെയിം ലൈനുമായി യോജിച്ചുവരുന്നു.

37,244 ചതുരശ്ര കിലോമീറ്റർ (14,380 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ് അക്സായി ചിൻ പ്രദേശം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4,300 മീറ്റർ (14,100 അടി) ഉയരത്തിൽ താഴ്ന്ന തലത്തിലുള്ള പ്രദേശങ്ങളുൾപ്പെടുന്നതും (കരകാഷ് നദിയിൽ) വിശാലമായ ഉയരത്തിലുള്ള മരുഭൂമിയുമടങ്ങിയതാണ് ഈ പ്രദേശം. തെക്കുപടിഞ്ഞാറ്, ഡെപ്സാങ് സമതലങ്ങളിൽ നിന്ന് തെക്കുകിഴക്കായി 7,000 മീറ്റർ (23,000 അടി) വരെ നീളമുള്ള പർവതങ്ങൾ അക്സായി ചിന്നിനും ഇന്ത്യൻ നിയന്ത്രണത്തിലുള്ള കശ്മീരിനും ഇടയിലുള്ള യഥാർത്ഥ അതിർത്തി (യഥാർത്ഥ നിയന്ത്രണ രേഖ) രൂപപ്പെടുത്തുന്നു.

വടക്കുഭാഗത്ത്, കുൻ‌ലുൺ റേഞ്ച് അക്സായി ചിന്നിനെ തരിം തടത്തിൽ നിന്ന് വേർതിരിക്കുന്നു, അവിടെ ഹൊട്ടാൻ കൌണ്ടിയിലെ ബാക്കി ഭാഗങ്ങൾ സ്ഥിതിചെയ്യുന്നു. സമീപകാലത്തെ വിശദമായ ചൈനീസ് ഭൂപടമനുസരിച്ച്, ഹോതാൻ പ്രിഫെക്ചറിനുള്ളിലെ റോഡുകളൊന്നും കുൻ‌ലുൺ റേഞ്ച് മുറിച്ചു കടക്കുന്നില്ല, ഒരു ട്രാക്ക് മാത്രമേ ഹിന്ദുതാഷ് ചുരത്തിലൂടെ കടന്നുപോകുന്നുള്ളൂ.[1]

അക്സായി ചിൻ പ്രദേശത്ത് ധാരാളം ഉപ്പ് അല്ലെങ്കിൽ സോഡ തടാകങ്ങളുള്ള എൻ‌ഡോർ‌ഹെക്ക് തടങ്ങൾ സ്ഥിതിചെയ്യുന്നു. സൂറിഗ് യിൽ ഗാനിംഗ് കോൾ, ത്സോ ടാങ്, അക്സായി ചിൻ തടാകം, ഹോങ്‌ഷാൻ ഹു തുടങ്ങിയവയാണ് ഇവിടെ കാണപ്പെടുന്ന പ്രധാന ഉപ്പ് തടാകങ്ങൾ. അക്സായി ചിന്നിന്റെ വടക്കൻ ഭാഗത്തിന്റെ ഭൂരിഭാഗവും സോഡ പ്ലെയിൻസ് എന്നാണ് അറിയപ്പെടുന്നത്. അക്സായി ചിന്നിലെ ഏറ്റവും വലിയ നദിയായ കാരകാഷ്, നിരവധി ഹിമാനികളിൽ നിന്ന് ഉരുകിയ ജലം സ്വീകരിക്കുകയും പിഷാൻ കൌണ്ടിയിലെ കുൻ‌ലൂണിലൂടെ കൂടുതൽ വടക്ക് പടിഞ്ഞാറേക്കു കടന്ന് തരിം തടത്തിൽ പ്രവേശിക്കുകയും ഇവിടെ കറാക്കാക്സ്, ഹോതാൻ കൗണ്ടികളുടെ പ്രധാന ജലസ്രോതസ്സുകളിൽ ഒന്നായി മാറുകയും ചെയ്യുന്നു.

അക്സായി ചിൻ മേഖലയുടെ പടിഞ്ഞാറൻ ഭാഗത്തുകൂടി തരിം നദി ഒഴുകുന്നു. ഈ പ്രദേശത്തിന്റെ കിഴക്കൻ ഭാഗത്ത് നിരവധി ചെറിയ എൻ‌ഡോർ‌ഹെക് തടങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ ഏറ്റവും വലിപ്പമുള്ള അക്സായി ചിൻ തടാകത്തെ പോഷിപ്പിക്കുന്നത് അതേ പേരിലുള്ള നദിയാണ്. ഹിമാലയവും കാരക്കോറവും ഇന്ത്യൻ മൺസൂണിൽ നിന്നുള്ള മഴയെ തടയുന്നതിനാൽ ഈ പ്രദേശത്ത് മൊത്തത്തിൽ മഴ കുറവാണ്.

ചരിത്രം[തിരുത്തുക]

5,000 മീറ്റർ (16,000 അടി) ഉയരമുള്ളതിനാൽ, അക്സായി ചിന്നിന്റെ നിർജ്ജനമായ അവസ്ഥ ഒരു പുരാതന വാണിജ്യ പാതയെന്നതിലുപരി മനുഷ്യോപയോഗത്തിനു പ്രാധാന്യമില്ലെന്നു സൂചിപ്പിക്കപ്പെട്ടിരുന്നു. ഇത് സിൻജിയാങ്ങിനും ടിബറ്റിനും ഇടയിൽ യാക്കുകളടങ്ങിയ സാർത്ഥവാഹകസംഘങ്ങൾക്ക് വേനൽക്കാലത്ത് കടന്നുപോകുവാനുള്ള ഒരു താൽക്കാലിക ചുരത്തിന്റെ പ്രയോജനം നൽകുന്നതായിരുന്നു.[2] എന്നാൽ സൈനിക പ്രവർത്തനങ്ങൾക്ക് ഈ പ്രദേശം ഏറെ പ്രാധാന്യം നൽകുന്നതായിരുന്നു, കാരണം തരിം ബേസിനിൽ നിന്ന് ടിബറ്റിലേക്കുള്ള ഏക റൂട്ടായിരുന്ന ഇത് വർഷം മുഴുവനും കടന്നുപോകാവുന്നതായിരുന്നു. 1717 ൽ ടിബറ്റിലേക്ക് പ്രവേശിക്കാൻ സുൻ‌ഗാർ ഖാനേറ്റ് ഈ പാത ഉപയോഗിച്ചിരുന്നു.[3]

പടിഞ്ഞാറൻ മേഖലയിലെ അതിർത്തികളെ സംബന്ധിച്ച ആദ്യകാല കരാറുകളിലൊന്ന് 1842 ൽ ഒപ്പുവയ്ക്കപ്പെട്ടു. സിഖ് സാമ്രാജ്യത്തിന്റെ കീഴിലുള്ള രാജാ ഗുലാബ് സിങ്ങിന്റെ (ഡോഗ്ര) സൈന്യം ഏതാനും വർഷങ്ങൾക്ക് മുമ്പുതന്നെ ലഡാക്ക് കീഴടക്കിയിരുന്നു. 1840-ൽ ടിബറ്റിലേക്കു പ്രവേശിക്കുവാനുള്ള ഒരു നിഷ്‌ഫലമായ സൈനികപ്രവർത്തെത്തുടർന്ന് ഗുലാബ് സിങ്ങും ടിബറ്റുകാരുംതമ്മിൽ ഒരു കരാറിൽ ഒപ്പുവെച്ചു, "പഴയതും നിലവിലുള്ളതും അവ്യക്തമായിത്തന്നെ തുടരുന്നതുമായ അതിർത്തികളിൽത്തന്നെ ഉറച്ചുനിൽക്കാൻ ഇരുവിഭാഗങ്ങളും സമ്മതിച്ചു.[4] 1846 ൽ ബ്രിട്ടീഷുകാർ സിഖുകാരെ പരാജയപ്പെടുത്തിയതിന്റെ ഫലമായി ലഡാക്ക് ഉൾപ്പെടെയുള്ള ജമ്മു കശ്മീർ പ്രദേശം ബ്രിട്ടീഷുകാരുടെ കൈയ്യിൽ വന്നുചേരുകയും, തുടർന്ന് ബ്രിട്ടീഷുകാരുടെ പരാമാധികാരത്തിൻകീഴിൽ ഗുലാബ് സിങ്ങ് കാശ്മീരിലെ മഹാരാജാവായി അവരോധിക്കപ്പെടുകയും ചെയ്തു. അതിർത്തി ചർച്ച ചെയ്യാൻ ബ്രിട്ടീഷ് കമ്മീഷണർമാർ ചൈനീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുവെങ്കിലും അവർ താൽപ്പര്യമൊന്നും കാണിച്ചില്ല.[5] തുടർന്ന് ബ്രിട്ടീഷ് അതിർത്തി കമ്മീഷണർമാർ അതിർത്തിയുടെ തെക്കേ അറ്റമായി പാങ്കോംഗ് തടാകം നിശ്ചയിച്ചുവെങ്കിലും അതിന്റെ വടക്കൻ ഭാഗം പര്യവേഷണം ചെയ്യപ്പെടാത്ത ഒരു പ്രദേശമായി കണക്കാക്കി.[6][7]

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്സായ് ചിൻ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
  1. Xinjiang Uyghur Autonomous Region Road Atlas (中国分省公路丛书:新疆维吾尔自治区), published by 星球地图出版社 Xingqiu Ditu Chubanshe, 2008, ISBN 978-7-80212-469-1. Map of Hotan Prefecture, pp. 18-19.
  2. Maxwell, Neville, India's China War, New York, Pantheon, 1970.
  3. Gaver, John W. (2011). Protracted Contest: Sino-Indian Rivalry in the Twentieth Century. University of Washington Press. p. 83. ISBN 0295801204.
  4. The Sino-Indian Border Disputes, by Alfred P. Rubin, The International and Comparative Law Quarterly, Vol. 9, No. 1. (Jan. 1960), pp. 96–125, JSTOR 756256.
  5. Maxwell, India's China War 1970, പുറം. 25–26.
  6. Maxwell, India's China War 1970, പുറം. 26.
  7. Guruswamy, Mohan; Singh, Zorawar Daulet (2009), "The Legacy of the Great Game" (PDF), India China Relations: The Border Issue and Beyond, Viva Books, ISBN 978-81-309-1195-3
"https://ml.wikipedia.org/w/index.php?title=അക്സായ്_ചിൻ&oldid=3207780" എന്ന താളിൽനിന്ന് ശേഖരിച്ചത്