അടക്കാപുത്തൂർ
മലബാറിൽ മൂത്തേടമ്പ് അംശത്തിലെ ഒരു ദേശമാണ് അടക്കാപുത്തൂർ.[1] പരിയാനമ്പററകാവ് തട്ടകത്തിലെ പതിനാലു ദേശങ്ങളിലെ ഒരു ദേശം. ഇന്ന് പാലക്കാട് ജില്ല ഒറ്റപ്പാലം താലൂക്ക വെള്ളിനേഴി പഞ്ചായത്ത്. ചെർപ്പുളശ്ശേരി - പാലക്കാട് പാതയുടെ തെക്കുഭാഗത്ത് ചെർപ്പുളശ്ശേരിയിൽ നിന്ന് സുമാർ അഞ്ച് കിലോമീറ്റർ കിഴക്കായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
ഗ്രാമനാമം
[തിരുത്തുക]മൂന്നു പുറവും മലകളാൽ ചുററപ്പെട്ടതാണ് അടക്കാപുത്തൂർ. അടക്ക+പുത്തൂർ ആണ് അടക്കാപുത്തുർ ആവുന്നത്. മലകളാൽ ചുററപ്പെട്ടത്, അടക്കം ചെയ്യപ്പെട്ടത് ആകണം.[2] പുത്തൂർ പുതിയ ആവാസസ്ഥാനമാകുന്നു. കുന്നിൻ ചരിവ് എന്നർത്ഥമുള്ള അഡൈഗ എന്ന കന്നടവാക്കും പുതിയ ഊർ എന്നർത്ഥമുള്ള പുത്തൂർ എന്ന വാക്കും ചേർന്നാണ് എന്നും ഒരഭിപ്രായമുണ്ട്.[3] കുളക്കാടൻ മലയുടെ തെക്കേ ചരിവിലായിരുന്നു ഇവിടത്തെ ജനവാസസ്ഥലങ്ങൾ.
അതിരുകൾ
[തിരുത്തുക]വടക്ക് - കുളക്കാടൻ മലയും അതിനപ്പുറത്ത് കുളക്കാടും. പടിഞ്ഞാറ് - ചമ്മനൂർ. തെക്ക് - പൊതിയും പൂതക്കാടൻ കുന്നും അതിനപ്പുറത്ത് പൂതക്കാടും. കിഴക്ക് - ചൊവ്വാക്കൊടൻ മലയും അതിനപ്പുറത്ത് കല്ലുവഴിയും.
ഒരു അപ്പർ പ്രൈമറി സ്കൂൾ, ഒരു ഹൈസ്കൂൾ എന്നിവ ഇവിടെ ഉണ്ട്. സർക്കാർ വക ഒരു പ്രൈമറി ഹെൽത്ത് സെന്ററും ഇവിടെയുണ്ട്. അടക്കാപുത്തൂർ ജംക്‌ഷനിൽ നിന്ന് കല്ലുവഴിയിലേക്കുള്ള പാത ഈ ഗ്രാമത്തിനെ പകുത്തുകൊണ്ട് കടന്നുപോകുന്നു. അമ്പതുകളിലെ തെക്കേമലബാറിലെ സാംസ്കാരികപ്രസ്ഥാനങ്ങളിൽ നെടുംതൂണായി പ്രവർത്തിച്ചിരുന്ന അടക്കാപുത്തൂർ പൊതുജനവായനശാലയും ഇവിടെയുണ്ട്. അക്കാലത്ത് വളരെ പ്രശസ്തമായ രീതിയിൽ കെ.പി.ആർ.പി. ട്രോഫിക്കു വേണ്ടിയുള്ള ഒരു വോളിബാൾ മത്സരം വർഷം തോറും ഇവിടെ സംഘടിപ്പിച്ചിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഉയർന്ന, ചിന്നിച്ചിതറിക്കിടക്കുന്ന പറമ്പുകളും ഇരുപ്പൂ നെൽവയലുകളും ഇടകലർന്നതാണ് ഭൂപ്രകൃതി. പറമ്പുകൾ വെട്ടുകല്ല് ധാരാളം കിട്ടുന്ന സ്ഥലങ്ങളാണ്. മൂന്നു ഭാഗത്തുമുള്ള കുന്നുകളിലെ പാറകൾ ചുട്ടുപഴുക്കുന്നതുകാരണം ഇവിടെ വേനൽച്ചൂടിന് കാഠിന്യം കൂടുതലാണ്. കരിമ്പനകൾ ധാരാളമായുണ്ടായിരുന്ന സ്ഥലമാണ് ഇത്.
ധാരാളം നെൽവയലുകളും ഇവിടെയുണ്ട്. കാർഷികവൃത്തിയാണ് ഇവിടത്തെ ജനങ്ങളുടെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ ഭൂരിഭാഗവും കർഷകരും കാർഷികത്തൊഴിലാളികളുമാണ്.
ചരിത്രം
[തിരുത്തുക]വളരെ പണ്ടു മുതൽ തന്നെ ഇതൊരു ജനവാസകേന്ദ്രമായിരുന്നിരിക്കണം. ഇവിടെ നിന്ന് നന്നങ്ങാടികൾ കണ്ടുകിട്ടിയിട്ടുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടോടെ ഇവിടെ അഞ്ചോളം നാലുകെട്ടുകൾ നിലവിൽ വന്നിരുന്നു. 1985-ഓടെ മൂന്നെണ്ണം പൂർണ്ണമായും ഇല്ലാതായി. ഒരെണ്ണം ഒരഗ്നിബാധയിൽ ഭാഗികമായി നശിച്ചു. താരതമ്യേന ചെറുതും പഴക്കം കുറഞ്ഞതുമായ മറ്റൊന്ന് ഇന്നും നിലനിൽക്കുന്നു. ഇവിടത്തെ ശിവക്ഷേത്രത്തിനോടു ചേർന്നുണ്ടായിരുന്ന, ഒന്നര ഏക്കറോളം വിസ്തൃതിയുണ്ടായിരുന്ന അമ്പലക്കുളം കടുത്തവേനൽക്കാലത്തും ലഭ്യമായിരുന്ന ജലസമൃദ്ധികൊണ്ട് പ്രസിദ്ധമായിരുന്നു.
- ആധുനിക കേരളത്തിലെ പ്രധാനപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങളായിരുന്ന ഗ്രന്ഥശാലാ പ്രസ്ഥാനം, ശാസ്ത്ര സാഹിത്യ പ്രസ്ഥാനം എന്നിവയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്ന, പരേതനായ, ശ്രീപി.ടി. ഭാസ്കരപ്പണിക്കരുടെ ജന്മദേശം അടക്കാപുത്തൂരാണ്. പഴയ മദ്രാസ് പ്രവിശ്യയിലെ മലബാർ ജില്ലാ ബോർഡിലേക്ക് മുപ്പത്തിമൂന്നാമത്തെ വയസ്സിൽ തിരഞ്ഞെടുക്കപ്പെട്ട് ബോർഡിന്റെ അദ്ധ്യക്ഷസ്ഥാനത്തെത്തിയ അദ്ദേഹം ആ സ്ഥാനത്തെത്തിയ ആദ്യത്തെ കമ്മ്യൂണിസ്റ്റ് നേതാവും ഏറ്റവും പ്രായം കുറഞ്ഞ ആളുമായിരുന്നു. അക്കാലത്തെ മലബാർ പ്രവിശ്യയിലെ ഭരണം കൊളൊണിയൽ രീതികളിൽ നിന്ന് മാറ്റി തികച്ചും ജനകീയമാക്കാൻ അദ്ദേഹം സ്വീകരിച്ച നടപടികൾ എല്ലാവരാലും ശ്ലാഘിക്കപ്പെട്ടു. 1958-ൽ ഇ.എം.എസ്. മന്ത്രിസഭാകാലത്ത് വിദ്യാഭ്യാസ മന്ത്രി ശ്രീ ജോസഫ് മുണ്ടശ്ശേരിയുടെ സെക്രട്ടറിയായിരുന്നു. പിന്നീട് 1965 വരെ കേരളാ പബ്ലിക്ക് സർവ്വീസ് കമ്മിഷൻ അംഗവുമായിരുന്നു.
- വെങ്കലത്തിന്റെ കൂട്ടുലോഹങ്ങൾ പരീക്ഷണങ്ങളിലൂടേ തയ്യാറാക്കി, സ്വയം കണ്ടുപിടിച്ച മാർഗ്ഗത്തിലൂടെ അവയെ മിനുക്കി ആറന്മുളക്കണ്ണാടിയോട് കിടപിടിക്കത്തക്ക വിധത്തിൽ ലോഹക്കണ്ണാടികൾ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത പരേതനായ ശ്രീ ബാലൻ മൂശാരി അടക്കാപുത്തൂരിന്റെ അഭിമാനമാണ്. ഇദ്ദേഹം തന്റെ പൂർണ്ണബധിരതയെ വെല്ലുവിളിച്ചുകൊണ്ടാണ് സ്വന്തം തൊഴിലിൽ പുതുപുത്തൻ വൈദഗ്ദ്ധ്യങ്ങൾ നേടിയെടുത്തിരുന്നത്. ഈ വിദ്യ ഉപയോഗിച്ച് അദ്ദേഹം ധാരാളം കണ്ണാടികൾ കച്ചവടാടിസ്ഥാനത്തിൽത്തന്നെ നിർമ്മിച്ചുനൽകിയിട്ടുണ്ട്. ഈ കണ്ണാടികൾ ഇപ്പോൾ അടക്കാപുത്തൂർ കണ്ണാടികൾ എന്നറിയപ്പെടുന്നു. അതിനുപരി അദ്ദേഹം നല്ലൊരു ശിൽപ്പിയും കൂടിയായിരുന്നു. ധാരാളം വിഗ്രഹങ്ങൾ അദ്ദേഹം പലയിടങ്ങളിലേക്കുമായി നിർമ്മിച്ചു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുത്രന്മാരും ഈ വൈദഗ്ദ്ധ്യങ്ങൾ കാത്തുസൂക്ഷിക്കുന്നു - വിശേഷിച്ചും ഹരിനാരായണൻ എന്ന മകൻ[4]
- 1920 കളിൽ ഇവിടെ തുടങ്ങിയ എലിമെന്ററി സ്കൂൾ 1950കളിൽ യു.പി. സ്കൂളായി.
- 1958 ലാണ് ഇവിടെ ഹൈസ്കൂൾ ഉണ്ടായത്.
ആരാധനാലയങ്ങൾ
[തിരുത്തുക]അടക്കാപുത്തൂരിൽ ഒരു ശിവക്ഷേത്രവും, ഒരു വിഷ്ണുക്ഷേത്രവും, ഒരു സുബ്രഹ്മണ്യൻ കോവിലും ഒരു ജുമാ മസ്ജിദും ഉണ്ട്. ഗ്രാമത്തിന്റെ കിഴക്കു ഭാഗത്തുണ്ടായിരുന്ന മറ്റൊരു മുരുകൻ കോവിൽ ഇപ്പോഴില്ല. പാലക്കാവുകളത്തിൽ സ്വയംഭൂ എന്നു പറയുമായിരുന്ന ഒരു പാറക്കല്ലിനെ ഭഗവതി സങ്കൽപ്പത്തിൽ ആരാധിച്ചിരുന്നു. തുറസ്സായ സ്ഥലത്ത് രണ്ട് പാറകൾക്കിടയിലൂടെ മുകളിലേക്ക് ഉയർന്നു നിന്നിരുന്ന ഈ കല്ലും പരിസരവും ഇവിടത്തെ ഏറ്റവും പഴയ, ചരിത്രാതീതകാലത്തുനിന്നുള്ള, ദൈവാരാധനാസ്ഥലമായിരുന്നിരിക്കണം. അമ്പതുകൊല്ലം മുമ്പുവരെ, പൂതക്കാടൻ കുന്നിന്റെ തെക്കേ ചരിവിൽ പൂതക്കാട്ടേക്കുള്ള പ്രധാനവഴിക്കരികിലെ ഒരാൽച്ചുവട്ടിൽ, കൊല്ലംതോറും വിശേഷദിവസങ്ങളിൽ, താന്ത്രികരീതിയിൽ മദ്യവും ഇറച്ചിയുമായുള്ള ആരാധനയും നടന്നുപോന്നിരുന്നു.
അവലംബം
[തിരുത്തുക]- ↑ Logan (1887). Malabar (2 vols). Madras.
{{cite book}}
: CS1 maint: location missing publisher (link) - ↑ എസ് രാജേന്ദു (2009). "അടക്കാപുത്തൂർ ഗ്രാമചരിത്രം". അടക്കാപുത്തുർ ഹൈസ്‌കൂൾ സുവർണ്ണ ജൂബിലി സ്മരണിക.
- ↑ പ്രൊഫ.പി. കൊച്ചുണ്ണി പണിക്കർ (1984). നമ്മുടെ തറവാട്. തിരുവനന്തപുരം.
{{cite book}}
: CS1 maint: location missing publisher (link) - ↑ http://lsgkerala.in/vellinezhipanchayat/ Archived 2016-03-04 at the Wayback Machine. വെള്ളിനേഴി ഗ്രാമപഞ്ചായത്ത്