സി.കെ. കരീം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഡോ. സി.കെ. കരീം
ജനനം1939 മെയ് 5
കേരളം, ഇന്ത്യ
മരണം2000 സെപ്തംബര് 11
ദേശീയത ഇന്ത്യ
തൊഴിൽചരിത്രഗവേഷകൻ, അദ്ധ്യാപകൻ
വിഷയംചരിത്രവിഭാഗം
പ്രധാന കൃതികൾകേരള മുസ്‌ലിം സ്ഥിതിവിവരണക്കണക്ക്

ഡോ. സി.കെ. കരീം. കേരളത്തിലെ പ്രമുഖ ചരിത്രകാരൻ, അധ്യാപകൻ, ഗവേഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സർവകലാശാലകളിലെല്ലാം അംഗീകൃത ഗവേഷണ മാർഗദർശിയായിരുന്നു. കേരള ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറിയും കേരള ഗസറ്റിയർ, സംസ്ഥാന ആർക്കിയോളജിക്കൽ ഡിപാർട്ട്‌മെന്റ് എന്നിവയിൽ ഉപദേശകസമിതിയംഗവുമായിരുന്നു.

സംസ്ഥാന വിദ്യാഭ്യാസ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാമൂഹികപാഠ പുസ്തക നിർമ്മാണത്തിനുള്ള വിദഗ്ദസമിതിയംഗം, കേരള ഹിസ്റ്ററി അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം, സമസ്തകേരള സാഹിത്യപരിഷത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. കേരള ഹിസ്റ്ററി അസോസിയേഷൻ, സമസ്ത കേരള സാഹിത്യ പരിഷത്, കാൻഫെഡ്, കേരള മുസ്‌ലിം എജ്യുക്കേഷണൽ അസോസിയേഷൻ, മുസ്‌ലിം എജ്യുക്കേഷണൽ സൊസൈറ്റി, മുസ്‌ലിം എജ്യുക്കേഷണൽ ട്രസ്റ്റ്, മുസ്‌ലിം അസോസിയേഷൻ തിരുവനന്തപുരം, മുസ്‌ലിം സർവീസ് സൊസൈറ്റി എന്നിവയിൽ ആജീവാനന്ത അംഗമായിരുന്നു. കേരള ഹിസ്റ്ററി അസോസിയേഷൻ സെക്രട്ടറി, പി.എ. സൈദ് മുഹമ്മദ് ഫൗണ്ടേഷൻ സെക്രട്ടറി, പ്രൊഫ. പി.എസ്. വേലായുധൻ അവാർഡ് കമ്മിറ്റി സെക്രട്ടറി, ഇസ്‌ലാമിക വിജ്ഞാനകോശം ഉപദേശക സമിതിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. കേരള ഹിസ്റ്ററി അസോസിയേഷന്റെ മേൽനോട്ടത്തിൽ കേരള ചരിത്രം, നവഭാരത ശില്പികൾ സമാഹാരങ്ങളുടെ എഡിറ്റോറിയൽ ബോർഡ് അംഗവും സമസ്ത കേരള സാഹിത്യപരിഷതിന്റെ മാഗസിൻ എഡിറ്ററുമായിരുന്നു. ചരിത്രം എന്ന പേരിൽ ഒരു ത്രൈമാസിക സ്വന്തം പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്നു.[1]

ജീവിത രേഖ[തിരുത്തുക]

1929 മെയ് അഞ്ചിന് എറണാകുളം ജില്ലയിലെ എടവനക്കാട് ജനിച്ചു. പിതാവ് സി.കെ. കൊച്ചു ഖാദർ. മാതാവ്: കൊച്ചലീമ. 1953 ൽ പാലക്കാട് വിക്‌ടോറിയ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടി. 1957 ൽ അലിഗഢ് മുസ്‌ലിം സർവകലാശാലയിൽ നിന്ന് മൂന്നാം റാങ്കോടെ ബിരുദാനന്തരബിരുദം കരസ്ഥമാക്കി. അലിഗഢിൽ തന്നെ എൽ.എൽ.ബി.യും നേടി. 1958 ൽ കോഴിക്കോട് ഫാറൂഖ് കോളേജിൽ ലക്ചററായി ചേർന്നു. ഇതിനിടയിൽ അലിഗഢ് സർവകലാശാലയിൽ നിന്ന് ഡോ. റസൂൽ ഹസന്റെ മേൽനോട്ടത്തിൽ കേരളം ഹൈദരാലിയുടെയും ടിപ്പു സുൽത്താന്റെയും കീഴിൽ എന്ന വിഷയത്തിൽ ഗവേഷണ ബിരുദം നേടി[2]. ദൽഹിയിലെ നാഷണൽ ആർക്കൈവ്‌സ് ഓഫ് ഇന്ത്യയിൽ നിന്ന് ഡിപ്ലോമയും കരസ്ഥമാക്കി. ചരിത്രത്തിന്റെ പ്രാഥമിക സ്രോതസ്സുകളിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്നതിനും സ്വതന്ത്രമായ ശൈലി രൂപപ്പെടുത്തിയെടുക്കുന്നതിനും അലീഗഢിലെ പഠനം സഹായിച്ചു.[3]

ഔദ്യോഗിക ജീവിതം[തിരുത്തുക]

കോഴിക്കോട് ഫാറൂഖ് കോളേജിലും വിവിധ ഗവ. കോളേജുകളിലും ചരിത്രാധ്യാപകനായിരുന്നു. 1965-ൽ തിരുവനന്തപുരം പെരിങ്ങമ്മല ഇഖ്ബാൽ കോളേജിന്റെ പ്രഥമ പ്രിൻസിപ്പലായി ചുമതലയേറ്റു. 1969 മുതൽ 1973 വരെ കേരള ഗസറ്റിയറിന്റെ എഡിറ്ററായി പ്രവർത്തിച്ചു. 1973-ൽ കൊച്ചിൻ സർവ്വകലാശാല സ്ഥാപിതമായപ്പോൾ അതിന്റെ രജിസ്ട്രാറായി. വൈസ് ചാൻസലറായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുമുണ്ടായ അഭിപ്രായഭിന്നതകളെ തുടർന്ന് 1975 ൽ രജിസ്ട്രാർ സ്ഥാനം വിടുകയും വീണ്ടും കേരള ഗസറ്റിയറിന്റെ എഡിറ്ററാവുകയും ചെയ്തു. 1979 വരെ ആ സ്ഥാനത്ത് തുടർന്നു. 1981-ൽ സർവീസിൽ നിന്ന് സ്വമേധയാ വിരമിച്ചു. 1951 മുതൽ 1953 വരെ യുനൈറ്റഡ് സ്റ്റുഡന്റ് ഓർഗനൈസേഷൻ പ്രസിഡന്റും അലിഗഢ് സർവകലാശാലയിൽ സ്റ്റുഡന്റ്‌സ് യൂണിയൻ ആക്ടിങ് പ്രസിഡന്റും സ്റ്റുഡന്റ് യൂണിയൻ ലൈബ്രേറിയനുമായിരുന്നിട്ടുണ്ട്. കേരള സർവകലാശാലയിൽ സെനറ്റ്, ബിരുദാനന്തര ബിരുദ പാഠ്യസമിതി, ആർട്‌സ് വിഭാഗം, പ്രസിദ്ധീകരണ വിഭാഗം ഉപദേശകസമിതി, ഇസ്‌ലാമിക ചരിത്ര പാഠ്യസമിതി, സാമൂഹിക ശാസ്ത്രവിഭാഗം എന്നിവയിൽ അംഗവും മഹാത്മാഗാന്ധി സർവകലാശാലയിൽ ഇസ്‌ലാമിക ചരിത്ര ബിരുദാനന്തരബിരുദ പാഠ്യസമിതി ചെയർമാൻ, ഇന്റർ നാഷണൽ റിലേഷൻസിൽ ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കാലിക്കറ്റ് സർവകലാശാലയിൽ ചിരിത്ര ബിരുദ പാഠ്യസമിതിയംഗം, പരീക്ഷാസമിതിയംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു.

ഗവേഷണരംഗം[തിരുത്തുക]

കേരള ചരിത്രഗവേഷണത്തിലെ വേറിട്ട ശബ്ദമായിരുന്നു കരീമിന്റേത്. പരമ്പരാഗതമായ പല ചരിത്രനിരീക്ഷണങ്ങളും ശക്തമായി ഖണ്ഡിച്ചു. കേരളത്തിന്റെ ചരിത്രരചനയിൽ സവർണപക്ഷം ഉണ്ടെന്ന വാദക്കാരനായിരുന്നു അദ്ദേഹം. ചേരമാൻ പെരുമാക്കന്മാരുടെ ഇസ്‌ലാമാസ്ലേഷണം, കണ്ണൂരിലെ അറക്കൽ ആലി രാജവംശം, പറങ്കി മാപ്പിള യുദ്ധം, ഹൈദരാലി ടിപ്പുസുൽത്താൻമാരുടെ കേരള വാഴ്ച, മാപ്പിളമാരുടെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടങ്ങിയ വിഷയങ്ങളിൽ പരമ്പരാഗത ധാരണകൾക്കെതിരായ വീക്ഷണായിരുന്നു കരീമിന്റേത്. ചേരമാൻ പെരുമാക്കന്മാരുടെ മതപരിവർത്തനങ്ങളെ കുറിച്ച വിവാദങ്ങൾ ചരിത്ര രചനയുടെ നേർദിശ തെറ്റിക്കാനുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 1961—1962 ൽ ചരിത്രകാരനായ പി.എ. സൈദ് മുഹമ്മദ് നടത്തിയ ചരിത്രപഠനങ്ങളുടെ തുടർച്ചയായിട്ടാണ് കരീമിന്റെ പഠനങ്ങൾ വിലയിരുത്തപ്പെടുന്നത്. അത്യന്തം ബുദ്ധിപൂർവകമായ ഉത്സാഹം എന്നാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ ശൂരനാട് കുഞ്ഞൻപിള്ള വിശേഷിപ്പിച്ചത്.

കൃതികൾ[തിരുത്തുക]

ഇംഗ്ലീഷിലും മലയാളത്തിലുമായി 25 കൃതികൾ രചിച്ചിട്ടുണ്ട്.

 1. What happened in Indian History?
 2. Kerala Under Hyderali and Tipu Sultan[4]
 3. Kerala and her culture – An Introduction
 4. Indian History Part I
 5. Indian History Part II
 6. Gazetters of kerala Palakkad District
 7. Gazetters of Malappuram District
 8. കേരളമുസ്‌ലിം സ്ഥിതിവിവരണക്കണക്ക് (മൂന്ന് വാല്യം)
 9. ഇന്ത്യാ ചരിത്രത്തിലേക്കൊരു മുഖവുര
 10. മുഹമ്മദ് തുഗ്ലക്ക് ഒരു പഠനം
 11. ഇബ്‌നുബത്തൂത്തയുടെ കള്ളക്കഥകൾ
 12. കേരള ചരിത്രവിചാരം
 13. ചരിത്ര സംവേദനം
 14. ചരിത്രത്തിലെ ഗുണപാഠങ്ങൾ
 15. ചരിത്ര കഥകൾ
 16. ഫ്രാൻസ്: ലോകരാഷ്ട്രങ്ങൾ ഒരു പരമ്പര
 17. പി.എ. സൈദ് മുഹമ്മദ് സ്മാരക ഗ്രന്ഥം
 18. ഒ. ആബു സ്മാരകഗ്രന്ഥം
 19. സീതിസാഹിബ് നവകേരളശില്പികൾ പരമ്പര,
 20. ഡോ. സി.കെ. കരീമിന്റെ ചരിത്രപഠനങ്ങൾ
 21. പ്രാചീന കേരളവും മുസ്‌ലിം ആവിർഭാവവും
 22. മനോരമയുടെ ചരിത്രം
 23. തിരുവിതാംകൂർ ചരിത്രം (തർജ്ജമ)
 24. ബുക്കാനന്റെ കേരളം (തർജ്ജമ)
 25. മുഗളന്മാരുടെ പ്രവിശ്യാ ഭരണം (തർജ്ജമ)

പുരസ്കാരങ്ങൾ[തിരുത്തുക]

തിരുവന്തപുരം പൗരസമിതി അവാർഡ്, കൊടുങ്ങല്ലൂർ പൗരസമിതി അവാർഡ്, തിരൂർ സർഗധാര അവാർഡ്, ഏറ്റവും മികച്ച കൃതിക്കുള്ള 1988 ലെ സുവർണകൈരളി അവാർഡ്, അബൂദാബി ഇന്ത്യൻ ഇസ്‌ലാമിക് ലൈബ്രറി അവാർഡ്, 1992 ലെ കോഴിക്കോട് ഫ്രൈഡെ ക്ലബ് അവാർഡ്, മുസ്‌ലിം യൂത്ത് ലീഗ് അവാർഡ്, എം.ഇ.എസ് പ്രൊഫിഷ്യൻസി അവാർഡ് എന്നിവയാണ് ലഭിച്ച ബഹുമതികൾ.


പി.എ. ഫാതിമയാണ് ഭാര്യ. സി.എ.ബാബു, സി.എ.അല്ലി, ടി.കെ.ശാഹിദ എന്നിവർ മക്കളാണ്. സി.കെ.കരീമിന്റെ പേരിൽ സി.കെ.കരീം ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. ഇസ്ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച് 7/458
 2. കരീം, സി.കെ. Kerala under Haidar Ali and Tipu Sultan (PDF). അലീഗർ യൂണിവേഴ്സിറ്റി. ശേഖരിച്ചത് 10 ജൂലൈ 2019.
 3. http://www.urduyouthforum.org/biography/C._K._Kareem_biography.php
 4. "Sultan and the Saffron". Economic and Political Weekly. 25 (52): 2835. 29 ഡിസംബർ 1990. ശേഖരിച്ചത് 15 ജൂലൈ 2019.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സി.കെ._കരീം&oldid=3151987" എന്ന താളിൽനിന്ന് ശേഖരിച്ചത്