Jump to content

പി.എ. സെയ്​തുമുഹമ്മദ്​

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.എ. സെയ്​തുമുഹമ്മദ്​
പി.എ. സെയ്​തുമുഹമ്മദ്​
ജനനം(1930-11-27)നവംബർ 27, 1930[1]
മരണംഡിസംബർ 19, 1975(1975-12-19) (പ്രായം 45)
ദേശീയതഇന്ത്യൻ
തൊഴിൽചരിത്രകാരൻ, പത്രപ്രവർത്തകൻ
അറിയപ്പെടുന്നത്ചരിത്രഗവേഷണം
അറിയപ്പെടുന്ന കൃതി
ചരിത്ര കേരളം

മലയാള പത്രപ്രവർത്തകനും ചരിത്രഗവേഷകനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു പി.എ. സെയ്​തുമുഹമ്മദ്[2][3]. 1952ൽ മദ്രാസ് സർക്കാരിന്റെ ഏറ്റവും മികച്ച കൃതിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

കൊടുങ്ങല്ലൂരിൽ പൊന്നുംകുഴിയിൽ അഹമ്മദുണ്ണിയുടെ മകനായി 1930-ലാണ് ജനനം. പ്രാഥമിക വിദ്യാഭ്യാസം സ്വദേശത്തും എടവനക്കാടും നടത്തിയശേഷം കൊടുങ്ങല്ലൂർ ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ ഫൈനൽ പരീക്ഷ പാസ്സായി. പിന്നീട് കുനേഴത്ത് പരമേശ്വരപ്പിള്ളയുടെ കീഴിൽ സംസ്‌കൃതം പഠിച്ച് സാഹിത്യ വിശാരദ് പാസ്സായി[4]. കുറച്ച് കാലം ഭാഷാദ്ധ്യാപകനായി ജോലി ചെയ്തശേഷം മുഴുവൻ സമയം പൊതു പ്രവർത്തകനായി. കൊടുങ്ങല്ലൂരിൽ നിന്ന് ഫോർട്ട് കൊച്ചിയിലേക്ക് താമസം മാറ്റിയ സെയ്തുമുഹമ്മദ് 'ജനശക്തി' എന്ന മാസികയുടെ പത്രാധിപരായി. തുടർന്ന് 'യുവകേരളം' 'സ്വർഗം' എന്നീ മാസികകളും നടത്തി. ഗ്രന്ഥലോകം, സാഹിത്യലോകം, ചരിത്രം ത്രൈമാസിക എന്നിവയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിച്ചു.

കേസരി എ.ബാലകൃഷ്ണ പിള്ളയുമായുള്ള അടുത്ത ബന്ധമാണ് ചരിത്രാന്വേഷണങ്ങളിലേക്ക് അദ്ദേഹത്തെ തിരിച്ചു വിട്ടത്. 1965 മുതൽ കേരള ഹിസ്റ്ററി അസോസിയേഷന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. ചരിത്രത്തിന്റെ ജനകീയതക്ക് വേണ്ടി തന്നെ നിരവധി ചരിത്ര സെമിനാറുകൾ സംഘടിപ്പിച്ചു, 1965 മെയ് 16,17,18 തിയ്യതികളിൽ മഹാരാജാസ് കോളേജിൽ നടന്ന ഹിസ്റ്ററി കൺവെൻഷൻ, 1968 ഡിസംബർ 15 മുതൽ 19 വരെ നടത്തപ്പെട്ട കൊച്ചി ജൂതപള്ളിയുടെ 100-ാം വാർഷികം, 1969-ൽ കൊടുങ്ങല്ലൂരിൽ നടന്ന ആർക്കിയോളജിക്കൽ സെമിനാർ, 1971 ൽ കൊച്ചിയിൽ ചേർന്ന ഓറിയന്റൽ റിസർച്ച് സെമിനാർ, 1972-ൽ എറണാകുളത്ത് കൂടിയ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ രജത ജൂബിലി സെമിനാർ, 1974-ൽ മട്ടാഞ്ചേരിയിൽ സംഘടിക്കപ്പെട്ട മഹാവീരന്റെ 2500-ാം നിർവ്വഹണാഘോഷ സെമിനാർ, തുടങ്ങി നിരവധി സെമിനാറുകളിൽ പേപ്പറുകൾ അവതരിപ്പിച്ചു. ഹിസ്റ്ററി ഓൺ ദി മാർച്ച്, കേരളചരിത്രം ഒന്നും രണ്ടും വാള്യങ്ങൾ, നവകേരള ശില്പികൾ തുടങ്ങി കേരള ഹിസ്റ്ററി അസോസിയേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ള സുവനീറുകളുടെയും ഗ്രന്ഥങ്ങളുടെയും സംശോധകനും എഡിറ്ററുമായിരുന്നു സെയ്തു മുഹമ്മദ്. സർക്കാർ വകുപ്പുകളായ ഗസറ്റിയേഴ്‌സ്, ആർക്കൈവ്‌സ്, ആർക്കിയോളജി തുടങ്ങിയവയുടെ ഉപദേശക സമിതി അംഗമായിരുന്നു സാഹിത്യ അക്കാദമി വൈസ് പ്രസിഡൻറ്-ആക്ടിങ് പ്രസിഡൻറ്, കേരള ഹിസ്റ്ററി അസോസിയേഷൻ ജനറൽ സെക്രട്ടറി, കേരള സാഹിത്യ പരിഷത്ത് വൈസ്പ്രസിഡൻറ്-ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. 1949ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകയുവജന സാംസ്കാരിക സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധികളിലൊരാളായി പങ്കെടുത്തു.[5]

1975 ഡിസംബറിൽ അദ്ദേഹത്തിന്റെ 45ാം വയസ്സിൽ ഹൃദ്രോഗത്തെ തുടർന്ന് നിര്യാതനായി.

പ്രധാന കൃതികൾ[തിരുത്തുക]

കേരളം നൂറ്റാണ്ടുകൾക്ക് മുമ്പ്[തിരുത്തുക]

ക്രിസ്ത്വബ്ദം 70-ൽ ജറുസലേം ആക്രമിക്കപ്പെടുന്നതിനു മുമ്പുതന്നെ ജൂതന്മാർ കേരളത്തിലുണ്ടായിരുന്നുവെന്ന് പറയുന്നു. [6]

ചരിത്രത്തിലെ ശിലാ കുസുമങ്ങൾ[തിരുത്തുക]

സെയ്തു മുഹമ്മദിന്റെ മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നത് ഈ കൃതിയാണ്. ആർക്കിയോളജി ഏത് വിധം ചരിത്ര നിർമ്മിതിയെ സഹായിക്കുന്നുവെന്ന അദ്ദേഹത്തിന്റെ ഉപന്യാസമാണ് ഈ കൃതിയിലെ പ്രധാന ഇനം.

ചരിത്രം ഒരു കണ്ണാടി[തിരുത്തുക]

1975 ൽ നാഷണൽ ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ച 'ചരിത്രം ഒരു കണ്ണാടി' യാണ് സെയ്തു മുഹമ്മദിന്റെ അവസാന കൃതി ഇബ്‌നു ഖൽദൂൻ, അൽബിറൂണി എന്നിവരുടെ വ്യക്തിത്വങ്ങൾ അപഗ്രഥിക്കുന്ന 29 മികച്ച പഠനങ്ങൾ ഇതിലുണ്ട്.

മറ്റ് കൃതികൾ[തിരുത്തുക]

 • ചരിത്ര കേരളം
 • കേരളചരിത്ര വീക്ഷണം
 • സഞ്ചാരികൾ കണ്ട കേരളം
 • മുഗൾ സാമ്രാജ്യത്തിലൂടെ ഒരു യാത്ര
 • ആദിവാസികൾ, ചരിത്രവും സംസ്കാരവും
 • ചരിത്രമൊരു കണ്ണാടി
 • കേരള ചരിത്ര ചിന്തകൾ,
 • കുട്ടികളുടെ കേരളചരിത്രം
 • കേരളത്തിലെ വിദേശ മതങ്ങൾ
 • ചരിത്രസഞ്ചാരം
 • സംസ്കാരസൗരഭം
 • കേരള മുസ്ലിം ചരിത്രം

പുരസ്കാരങ്ങൾ[തിരുത്തുക]

 • 1952ൽ മദ്രാസ് സർക്കാരിന്റെ ഏറ്റവും മികച്ച കൃതിക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.[7]

സ്മാരകം[തിരുത്തുക]

ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് എറണാകുളത്ത് നടത്തിയ യോഗത്തിൽ കേരള ഹിസ്റ്ററി അസോസിയേഷൻ കെട്ടിടം പി.എ.സെയ്തുമുഹമ്മദ് സ്മാരക മന്ദിരമായി പ്രഖ്യാപിച്ചു. ഡോ.സി.കെ.കരീം എഡിറ്ററായി പി.എ. സെയ്തുമുഹമ്മദ് സ്മാരക ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. ജമാൽ, കൊച്ചങ്ങാടി. പി.എ. സൈതു മുഹമ്മദ് (PDF). ബാല്യം. p. 11. Retrieved 17 ഫെബ്രുവരി 2020.[പ്രവർത്തിക്കാത്ത കണ്ണി]
 2. Basheer, Vaikom Muhammad (2010-09-16). Basheer Ezhuthiya Kathukal. D C Books. ISBN 978-81-264-3814-3.
 3. "P. A. Saidu Muhammed - Biography". Retrieved 2021-02-15.
 4. ജമാൽ, കൊച്ചങ്ങാടി. പി.എ. സൈതു മുഹമ്മദ് (PDF). ബാല്യം. p. 18. Retrieved 17 ഫെബ്രുവരി 2020.[പ്രവർത്തിക്കാത്ത കണ്ണി]
 5. https://www.madhyamam.com/local-news/thrissur/2017/dec/28/403662
 6. പി.എ.സെയ്തു മുഹമ്മദ്, കേരളം നൂറ്റാണ്ടുകൾക്ക് മുമ്പ്, അജന്താ പബ്ലിക്കേഷൻസ് : കോതപറമ്പ്, 1964, പേ.29
 7. http://muslimheritage.in/innermore/55

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പി.എ._സെയ്​തുമുഹമ്മദ്​&oldid=3830929" എന്ന താളിൽനിന്ന് ശേഖരിച്ചത്