സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സി. എം. മുഹമ്മദ്‌ അബൂബക്കർ മടവൂർ
പൂർണ്ണ നാമംസി. എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ മടവൂർ
ജനനം1348 റബ്ബിഉൽ അവ്വൽ 12
മടവൂർ
മരണം1991 ഏപ്രിൽ 19 (ശവ്വാൽ 4)
കോഴിക്കോട്
ദേശീയതഇന്ത്യൻ
കാലഘട്ടംആധുനികം
Regionമടവൂർ
പ്രസ്ഥാനംസൂഫിസം
Sufi orderനഖ്ശബന്ദിയ്യ, ഖാദിരിയ്യ
ഗുരുമുഹ്യിദ്ദീൻ സാഹിബ്
Alma materബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ
സ്വാധീനിച്ചവർ
  • കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ

സി. എം. മടവൂർ എന്ന് അറിയപ്പെടുന്ന സി. എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ കേരള സൂഫികളിലെ പ്രമുഖനാണ്. ഇദ്ദേഹം സൂഫികളിലെ ഉന്നതസ്ഥാനമായ ഗൗസ് (ഖുതുബുൽ ആലം) എന്ന പദവിയിൽ എത്തിയതായി വിശ്വസിക്കപ്പെടുന്നു [1] .മരണപ്പെടുന്ന സമയം ഫന എന്ന സൂഫി ഉന്മാദ അവസ്ഥയിലായിരുന്നു

ജനനവും വളർച്ചയും[തിരുത്തുക]

ഹിജ്റ 1348 (1928) റബ്ബിഉൽ അവ്വൽ 12 നു സൂഫി വര്യനായ കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ - ആയിഷ ദമ്പതികളുടെ മൂന്നാമത്തെ മകനായി കോഴിക്കോട് ജില്ലയിലെ മടവൂരിലെ കളപ്പിലാവിൽ തറവാട്ടിൽ ആയിരുന്നു ജനനം, പിന്നീട് ചിറ്റടി മീത്തലിലേക്ക് താമസം മാറുകയായിരുന്നു. ചിറ്റടി മീത്തൽ വീട്ടുപേര് ലോപിച്ചാണ് സി എം ആയി മാറിയത്. മത വിദ്യാഭ്യാസ ബിരുദമല്ലാതെ മറ്റ് വിദ്യാഭ്യാസ ബിരുദങ്ങൾ ഒന്നും തന്നെ .തങ്ങൾക്ക് ഉണ്ടായിരുന്നില്ല പ്രാഥമി ക വിദ്യാഭ്യാസം യു പി സ്‌കൂളിൽ ഒതുങ്ങി.സ്വ പ്രയത്നത്താലും, പരന്നു കിടന്ന വായന അഭിരുചിയാലും തത്ത്വശാസ്ത്രം, ഭൗതികശാസ്ത്രം, സാഹിത്യം എന്നീ മേഖലകളിൽ നിപുണത തെളിയിച്ചിരുന്നു. ഇംഗ്ലീഷ്, അറബിക്, പാർസി, ഉർദു എന്നീ ഭാഷകളിൽ അഗാധമായ പാണ്ഡിത്യം നേടിയിരുന്നു. ശംസുൽ ഉലമ ek അബൂബക്കർ മുസ്‌ലിയാർ , മോങ്ങം അവറാൻ മുസ്ലിയാർ,കൊയാമ്മ മുസ്ലിയാർ,ഇമ്പിച്ചാലി മുസ്ലിയാർ,നാരകശ്ശേരി ഉസ്താദ്,കുഞ്ഞഹമ്മദ് മുസ്ലിയാർ, ബാപ്പു മുസ്ലിയാർ[2] എന്നീ മത അധ്യാപകരുടെ കീഴിൽ 14 കൊല്ലത്തോളം നീണ്ട ദർസ്(ഗുരു കുല സമ്പ്രദായത്തിൽ മതപഠനം) പഠനം പൂർത്തിയാക്കുകയും, ഉപരി പഠനത്തിനായി ബാഖിയാത്തു സ്വാലിഹാത്ത്, വെല്ലൂർ അറബിക് കോളേജിലേക്ക് പോവുകയും ചെയ്തു.

ആദം ഹസ്രത്ത്,അബ്ദുറഹീം ഹസ്രത്ത്,അബൂബക്കർ ഹസ്രത്ത്,ശൈഖ് ഹസ്രത്ത് എന്നിവരുടെ കീഴിലുള്ള മൂന്ന് വർഷത്തെ പഠനാന്തരം ബാഖവി ബിരുദം കരസ്ഥമാക്കിയ അബൂബക്കർ മടവൂരിലേക്ക് തന്നെ തിരിച്ചെത്തുകയും മടവൂർ ജുമുഅത്ത് പള്ളി ദർസിലെ മുദരിസ് (അധ്യാപക) ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. മുദ്‌രിസ് ജോലിയോടൊപ്പം തന്നെ ഖത്തീബ്, ഖാസി പദവികളും അബൂബക്കറിനെ തേടിയെത്തിയത് പണ്ഡിതനെന്ന നിലയിൽ പ്രശസ്തി വർദ്ധിപ്പിച്ചു. വിവിധ ഭാഷകളിലുള്ള നിപുണതയും, അക്ഷര സ്ഫുടതയും കാരണമായി മത പ്രസംഗ രംഗത്ത് ഉജ്ജല വാഗ്മി എന്ന നിലയിലും അറിയപ്പെട്ടു. അധ്യാപക വൃത്തിയിൽ നിന്നും കിട്ടുന്ന ശമ്പളം വിദ്യാർത്ഥികൾക്ക് വേണ്ടി തന്നെ ചിലവഴിക്കുന്ന പ്രകൃതവും, സാമൂഹിക സാംസ്കാരിക ഇടപെടലുകളും, ജന സേവന മേഖലകളിൽ ശ്രദ്ധ പതിപ്പിച്ചുള്ള പ്രവർത്തന രീതികളുമൊക്കെ പ്രദേശ വാസികൾക്കിടയിൽ അബൂബക്കർ മുസ്ലിയാറിന്നു സ്വീകാര്യതയേറാനുള്ള കാരണങ്ങളായി മാറി. മുഹമ്മദ് നബി യുടെ ചര്യ പരിപൂർണ്ണമായി പിൻപറ്റിയിരുന്ന അദ്ദേഹത്തെ വിശ്വാസികൾ ബഹുമാനത്തോടെ ആയിരുന്നു സമീപിച്ചിരുന്നത്.

സൂഫിസത്തിലേക്ക്[തിരുത്തുക]

പിതാവും ഗുരു വര്യന്മാരും സൂഫികൾ ആയതു കൊണ്ടാവാം തസ്സവുഫിൽ (ആത്മീയ സംസ്കരണത്തിൽ) ചെറുപ്പ കാലത്ത് തന്നെ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചിരുന്നുവെന്നു കരുതപ്പെടുന്നു. വിനോദങ്ങളിൽ താല്പര്യം കാട്ടുകയോ, കളവോ മറ്റ് അനാവശ്യസംസാരങ്ങളിൽ ഏർപ്പെടുകയോ ചെയ്യാത്ത അബൂബക്കറിനെ പഠന കാലത്ത് തങ്ങൾ ആശ്ചര്യത്തോടെ ആയിരുന്നു കണ്ടിരുന്നത് എന്ന സഹപാഠികളുടെ വെളിപ്പെടുത്തലുകളും, വിനയവും, സത്യ സന്ധതയും, അനുസരണവും കൃത്യ നിഷ്ടതയും മൂലം അബൂബക്കർ തങ്ങളുടെ പ്രീതി പിടിച്ചു പറ്റിയിരുന്നുവന്ന ഗുരുക്കന്മാരുടെ സാക്ഷ്യപ്പെടുത്തലുകളും , ഒഴിവു സമയങ്ങളിൽ പ്രാർഥനകളും, സ്തോത്രങ്ങളും ചൊല്ലി കഴിയുന്ന ബാലൻ നാട്ടുകാർക്കും അത്ഭുതമായിരുന്നുവെന്ന ദേശവാസികളുടെ അഭിപ്രായങ്ങളുമൊക്കെ ചേർത്താണ് ചെറുപ്പം തൊട്ടേ ഇദ്ദേഹം തസ്സവുഫ് ഫിൽ തത്പരനായിരുന്നുവെന്ന് അനുമാനിക്കപ്പെടുന്നത്.[3]

പിതാവും സൂഫി യോഗിയുമായ കുഞ്ഞി മാഹിൻ കോയ മുസ്ലിയാർ ,കോട്ടക്കൽ അബൂബക്കർ തങ്ങൾ,ഹാമിദ് കോയ അൽ ഖാദിരി,ചെറുകോയ തങ്ങൾ,ശൈഖ് അബൂബക്കർ ഞെണ്ടാടി എന്നിവരിൽ നിന്നൊക്കെ സൂഫിസത്തിൽ ശിഷ്യ്വത്വം സ്വീകരിച്ചിട്ടുണ്ട്. എങ്കിലും സൂഫിസത്തിലേക്ക് അബൂബക്കർ മുസ്ലിയാർ പൂർണ്ണമായും മുഴുകുന്നത് 1962 ൽ ഹജ്ജ് തീർത്ഥാടന ഭാഗമായി മദീന സന്ദർശിച്ചതിനു ശേഷമാണ്, ഇതിനു ശേഷം മുഹ്യുദ്ദീൻ സാഹിബ് (പുലി മൊയ്തീൻ) എന്ന നഖ്ശബന്ദിയ്യ സൂഫീ ധാരയുടെ യോഗിയെ പരിചയപ്പെടുകയും, ഥരീഖ സ്വീകരിച്ചു സുഹ്ദ്(ഭൗതിക വിരക്തി), ഫഖ്ർ(അരിഷ്ടജീവിതം) എന്നിവയിലൂടെ ഒമ്പത് വർഷത്തോളം അദ്ദേഹത്തിന്റെ ശിഷ്യനായി തുടർച്ചയായ വ്രതം, തുടർച്ചയായ നിസ്ക്കാരം, ഖതം ഉൽ ഖുർആൻ (ഖുർആൻ പാരായണം), സ്തോത്ര കീർത്തനം, സുകൂത്ത് (മൗനവ്രതം), തുടങ്ങിയ കടുത്ത ശാരീരിക അനുഷ്ടാനങ്ങൾ സ്വീകരിക്കുകയും, ആഹാര നിയന്ത്രണം ഏർപ്പെടുത്തുകയും, (ദിനം രണ്ട് കാരക്ക. രണ്ട് ദിവസത്തിലൊരിക്കൽ അൽപം ആട്ടിൻ പാൽ. മറ്റു ദിവസങ്ങളിൽ ചൂടു വെള്ളം. ഇതായിരുന്നു ഭക്ഷണ ചര്യ) ഉസ്‌ലത്ത് (ഏകാന്ത വാസം), ഖൽവത്ത് (ഏകാഗ്രതാവാസം) എന്നിവ കൂടി അനുഷ്‌ഠിച്ചു റിയാളകൾ പൂർത്തിയാക്കിയതിനു ശേഷം വർഷങ്ങളോളം ദേശാടനം നടത്തുകയും ചെയ്തു.

ആത്മീയ ഗുരുവുമായുള്ള സമാഗമം[തിരുത്തുക]

1963-ൽ ഒരുനാൾ അബൂബക്കർ അധ്യാപകനായ മത പാഠശാലയിൽ പുലി തോൽ പുതച്ച ഒരപരിചിതനെത്തി. ഭട്കൽ ഭാഷയിൽ ഏതാനും ഈരടികൾ ഈ ആഗതൻ ചൊല്ലി കണ്ണുനീർ വീഴ്ത്തി. ആഗതനെ തന്നെ ശ്രദ്ധിച്ചിരുന്ന അബൂബക്കറിന് ഗാനഭാഷ മനസ്സിലായില്ലെങ്കിലും നബിയുടെ പേര് വരുന്ന സമയം നെഞ്ചോടു ചേർത്ത് വലത് കൈപടം വെക്കുന്നതും, വരികളിൽ മഅ്‌രിഫത്ത് (അധ്യാത്മ അറിവ് ) എന്ന പദം ഇടയ്ക്കിടെ കടന്നു വരുന്നതും മനസ്സിലുടക്കി. ഈരടികൾ ചൊല്ലി വന്നയാൾ പോയി. വിദ്യാർത്ഥികളും നാട്ടുകാരും ഭ്രാന്തനാണെന്ന് വിശേഷിപ്പിച്ചെങ്കിലും അബൂബക്കർ അയാളെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. മാസങ്ങൾ കഴിഞ്ഞ് ആഗതൻ വീണ്ടുംവന്നു.വിനിമയ ചാനൽ പഴയത് തന്നെ , ഈരടികൾ ആലപിച്ചു വന്നയാൾ തിരിച്ചു പോയി . ചിന്താവിഷ്ടനായ അബൂബക്കർ ദിവസങ്ങൾ പിന്നിട്ടപ്പോൾ ആഗതനെയും തേടിയിറങ്ങി. ഏറെ കറക്കത്തിന് ശേഷം കോഴിക്കോട് വെച്ചു കണ്ടെത്തി. താൻ അന്വേഷിച്ചു നടന്നയാൾ നക്ഷബന്ധി സൂഫി ധാരയുടെ യോഗി വലി മുഹ്യുദ്ധീൻ സാഹിബ്' ആണെന്ന് തിരിച്ചറിഞ്ഞു, പുലി തോൽ പുതക്കുന്നതിനാൽ പുലി മൊയ്തീനെന്നാണ് വിളിപ്പേര്. രണ്ടു ദിവസം ഒന്നിച്ചു സഹവസിച്ചതിന് ശേഷം അബൂബക്കർ നാട്ടിലേക്ക് മടങ്ങി. മാസങ്ങൾക്കു ശേഷമുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയിൽ സഹവാസം 8 ദിവസമായി നീണ്ടു. മൂന്നാം സന്ദർശനത്തിൽ 29 ദിവസം. നാലാം കൂടിക്കാഴ്ച പിരിഞ്ഞത് നീണ്ട എട്ട് വർഷം കഴിഞ്ഞായിരുന്നു. അപ്പോഴേക്കും സൂഫിസത്തിലെ കഠിനമായ റിയാള അബൂബക്കർ പിന്നിട്ടു കഴിഞ്ഞിരുന്നു. മുഹ്യുദ്ധീന്റെ വർഷങ്ങളുടെ ശിഷ്വത്തിനു ശേഷം അൽപ്പ നാൾ മറ്റൊരു സൂഫി വര്യനായ ആലുവായി അബൂബക്കർ മുസ്‌ലിയാർ ക്കരികെ താമസിച്ചു അബൂബക്കർ ആത്മീയ പഠനം തുടർന്നു. അതിനു ശേഷം മൂന്ന് വർഷം നീണ്ടു നിന്ന ദേശ സഞ്ചാരത്തിന് ഇറങ്ങി.

ഈ കാലയളവിലാണ് അബൂബക്കർ മുസ്ലിയാർ വലിയ്യ് (പുണ്യ പുരുഷൻ) എന്ന നിലയിൽ അറിയപ്പെട്ടത്, വയനാടൻ കാട്ടിൽ ധ്യാനമിരുന്ന ഗുഹയും പ്രദേശവും അവിടുത്തെ ആദിവാസികൾ ഭക്ത്യാധാരവുകളോടെ ആയിരുന്നു കണ്ടിരുന്നത്. വന്യ മൃഗങ്ങൾ കാവൽ നിൽക്കുന്ന കഥാ പുരുഷൻ തങ്ങളുടെ കുല ദൈവ അവതാരമാണ് എന്നായിരുന്നു അവരുടെ വിശ്വാസം.

വിയോഗം[തിരുത്തുക]

വയനാട്ടിൽ നിന്നും അബൂബക്കർ മുസ്ലിയാർ കോഴിക്കോട് തന്നെ തിരിച്ചെത്തി, തിരിച്ചെത്തിയ ഇദ്ദേഹം സൂഫികളുടെ ഉന്മാദ അവസ്ഥയായ ഫനായിൽ ആയിരുന്നു എന്ന് കരുതപ്പെടുന്നു.[4] ഇടിയങ്ങര പള്ളിക്കു സമീപം താമസം ആരംഭിച്ചു. അവിടെ വെച്ച് 1991 ഏപ്രിൽ പത്തൊമ്പതാം തീയതി വെള്ളിയാഴ്ച ളുഹാ എന്ന പ്രഭാത നിസ്ക്കാര സമയത്ത് മരണപ്പെട്ടു. ജന്മ ഗ്രാമമായ മടവൂർ പള്ളിയിൽ പിതാവിന്റെയരികിൽ തന്നെ മറവ് ചെയ്തു . [5]. കേരളത്തിലെ യഥാസ്ഥിതിക മുസ്ലിങ്ങൾക്കിടയിൽ അറിയപ്പെടുന്ന ഒരു തീർഥാടന കേന്ദ്രമാണീ സ്ഥലം[6].


അവലംബങ്ങൾ[തിരുത്തുക]

  1. ഖുതുബുൽ ആലം ശൈഖുനാ സി.എം. വലിയുല്ലാഹി ആമുഖം
  2. http://satyasarani.com/cm-valiyyullahi-madavoor/ മടവൂർ സി.എം. വലിയ്യുല്ലാഹി
  3. സി.എം. മടവൂർ മായാത്ത മുദ്രകൾ
  4. സൂഫികളുടെ പാത. പേജ്‌ 62-63.സെയ്‌തുമുഹമ്മദ്‌ നിസാമി
  5. http://hasaniyyamadrasa.blogspot.ae/2010/09/blog-post_18.html
  6. ജീവിതം അത്ഭുതമാക്കി സി.എം. വലിയ്യുല്ലാഹി] [[മനോരമ ഓൺലൈൻ.കോം|മനോരമ ഓൺലൈൻ