Jump to content

സബഅ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ മുപ്പത്തിനാലാം അദ്ധ്യായമാണ്‌ സബഅ്.

അവതരണം: മക്കയിൽ

സൂക്തങ്ങൾ: 54

സബഅ് ജനത:

സബഅ് ജനതയെക്കുറിച്ച് വിശുദ്ധ ഖുർആൻ നൽകുന്ന സൂചനകൾ മനസ്സിലാക്കുന്നതിന്, മറ്റു ചരിത്രമാധ്യമങ്ങളിലൂടെ ലഭ്യമാകുന്ന വിവരങ്ങൾകൂടി നമ്മുടെ മുമ്പിലുണ്ടായിരിക്കേണ്ടതാണ്. ചരിത്രദൃഷ്ടിയിൽ സബഅ് എന്നത് ദക്ഷിണ അറേബ്യയിലുണ്ടായിരുന്ന കുറെ പ്രബല ഗോത്രങ്ങളുൾപ്പെട്ട ഒരു മഹാസമൂഹത്തിന്റെ പേരാണ്. ഇമാം അഹ്മദ് , ഇബ്‌നു ജരീർ ‍, ഇബ്‌നു അബീഹാതിം , ഇബ്‌നു അബ്ദിൽ ബർറ് , തിർമിദി തുടങ്ങിയവർ പ്രവാചകനിൽനിന്ന് ഇപ്രകാരം ഉദ്ധരിച്ചതായി കാണാം: സബഅ് എന്നത് ഒരറബിയുടെ പേരായിരുന്നു. അയാളുടെ വംശപരമ്പരയിൽനിന്നാണ് കിൻദ , ഹിംയർ ‍, അസ്ദ്, അശരി, മദ്ഹിജ്, അൻമാർ (ഇതിന്റെ രണ്ട് ശാഖകളാണ് ഖശ്അമും ബജീലയും) ആമില, ലഖം , ജുദാം, ഗസ്സാൻ എന്നീ ഗോത്രങ്ങളുടലെടുത്തത്. വളരെ പുരാതനകാലം മുതൽതന്നെ ഈ അറബി ജനത ലോകപ്രശസ്തരായിരുന്നു. ക്രി.മു. 2500-ലെ 'ഊർ' രേഖകൾ സാബൂം എന്ന പേരിൽ അതിനെ പരാമർശിക്കുന്നുണ്ട്. അതിനുശേഷമുള്ള ബാബിലോണിയൻ-അസ്സീറിയൻ രേഖകളിലും ബൈബിളിലും അതിനെക്കുറിച്ചു ധാരാളം പരാമർശങ്ങൾ കാണാം. (ഉദാ: സങ്കീർത്തനങ്ങൾ 72: 15B310 , യിരമ്യാവ് 6: 20B311 , ഹെസക്കിയേൽ 27: 22B312 , 38: 13B313 , ഇയ്യോബ് 6: 19B314 ). യവന-റോമൻ ചരിത്രകാരൻമാരുടെയും ഭൂമിശാസ്ത്രം രേഖപ്പെടുത്തിയ ഥിയോഫ്രാസ്റ്റിസിന്റെയും (ക്രി.മു. 288) കാലം മുതൽ ക്രിസ്തുവിനു ശേഷം നൂറ്റാണ്ടുകളോളം സബഇനെക്കുറിച്ചു പറഞ്ഞുവന്നിട്ടുണ്ട്. ഈ ജനതയുടെ ജന്മദേശം ഇന്ന് യമൻ എന്നറിയപ്പെടുന്ന തെക്കുപടിഞ്ഞാറൻ അറേബ്യയായിരുന്നില്ല. ഇവരുടെ ഉത്ഥാനം ക്രി.മു. പതിനൊന്നാം നൂറ്റാണ്ടുമുതൽ ആരംഭിച്ചിരുന്നു. ഹ. ദാവൂദ്, സുലൈമാൻ (അ) എന്നിവരുടെ കാലമായപ്പോഴേക്കും ഒരു സമ്പന്ന ജനതയെന്ന നിലയിൽ സബഇന്റെ പ്രശസ്തി ലോകം മുഴുവൻ വ്യാപിച്ചുകഴിഞ്ഞിരുന്നു. ആരംഭദശയിൽ ഇവർ സൂര്യാരാധകരായിരുന്നു. പിന്നീട് ക്രി.മു. 965-926-ൽ ഈ രാജ്യം സുലൈമാൻ നബിയുടെ കൈകളിൽ വന്നപ്പോൾ അവരിൽ ഭൂരിപക്ഷവും മുസ്‌ലിംകളായി മാറിയിരിക്കണം. പക്ഷേ, പിന്നീടെന്നാണ് അവരിൽ ബഹുദൈവത്വം വളർന്നുവരുകയും അൽമഖഃ (ചന്ദ്രദേവി), അശ്തർ, ദാതുൽ ഹമീം, ദാതുബുഅ്ദാൻ (സൂര്യദേവി), ഹൂബസ്, ഹർമതം (ഹർമീതു) തുടങ്ങിയ ബഹുവിധ ദേവീദേവൻമാരുടെ വിഗ്രഹങ്ങൾ പൂജിച്ചുതുടങ്ങുകയും ചെയ്തതെന്നു മനസ്സിലാക്കാൻ കഴിയുന്നില്ല. ഈ ജനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദേവതയായിരുന്നു അൽമഖഃ. അവരുടെ രാജാവ് ഈ ദേവതയുടെ ഏജന്റ് എന്ന നിലയിലാണ് പ്രജകളുടെ അനുസരണത്തിനുള്ള അവകാശം ഉറപ്പിച്ചിരുന്നത്. യമനിൽനിന്നു ലഭ്യമായ നിരവധി പൗരാണിക രേഖകളിൽനിന്നെല്ലാം, രാജ്യം മുഴുവൻ നേരത്തേ പറഞ്ഞ ദേവതകളുടെ, വിശേഷിച്ചും അൽമഖഃയുടെ ക്ഷേത്രങ്ങൾകൊണ്ട് നിറഞ്ഞിരുന്നുവെന്നും സുപ്രധാനമായ ഏതു സംഭവമുണ്ടാകുമ്പോഴും ജനം ആ ദേവതകൾക്കു പൂജ നടത്തിയിരുന്നുവെന്നും മനസ്സിലാകുന്നുണ്ട്. പുരാവസ്തു ഗവേഷകന്മാർ മൂവായിരത്തോളം രേഖകൾ യമനിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. അവ ഈ ജനതയുടെ ചരിത്രത്തിലേക്ക് വെളിച്ചംവീശുന്നു. അതോടൊപ്പം അറബിക്കഥകളിൽനിന്നും യവന-റോമാ ചരിത്രങ്ങളിൽനിന്നും ലഭിക്കുന്ന വിവരങ്ങൾകൂടി സമാഹരിക്കുമ്പോൾ സബഅ് ജനതയുടെ സുവിശദമായ ചരിത്രം ക്രോഡീകരിക്കാവുന്നതാണ്. ഈ വസ്തുതകളുടെ വെളിച്ചത്തിൽ സബഅ് ചരിത്രത്തിന്റെ സുപ്രധാന ഘട്ടങ്ങൾ താഴെ പറയുന്നവയാകുന്നു: i) ക്രി.മു. 650-നു മുമ്പുള്ള ഘട്ടം. ഈ ഘട്ടത്തിൽ സബഅ് രാജാക്കൻമാരുടെ സ്ഥാനപ്പേർ മുകർരിബ് സബഅ് എന്നായിരുന്നു. ഈ വാക്ക് മിക്കവാറും മുഖർരിബ് (مقرِّب) എന്ന വാക്കിന്റെ തദ്ഭവമായിരിക്കണം. രാജാവ് ജനത്തിനും ദൈവത്തിനുമിടയിൽ മധ്യവർത്തിയാണെന്നായിരുന്നു അതിന്റെ താൽപര്യം. മറ്റുവിധത്തിൽ പറഞ്ഞാൽ അയാൾ പുരോഹിത രാജാവ് (Priest king) ആയിരുന്നു. അക്കാലത്ത് 'സ്വർവാഹ്' ആയിരുന്നു അവരുടെ തലസ്ഥാനം. ആ പട്ടണത്തിന്റെ അവശിഷ്ടങ്ങൾ മാരിബ് അണക്കെട്ടിനു പടിഞ്ഞാറ് ഒരു ദിവസത്തെ വഴിദൂരത്തിൽ ഇന്നും സ്ഥിതിചെയ്യുന്നു. ഖരീബ എന്ന പേരിൽ അത് പ്രസിദ്ധമാണ്. ഈ കാലഘട്ടത്തിലാണ് മാരിബ് എന്ന പുകൾപെറ്റ അണ നിർമിക്കപ്പെട്ടത്. പിന്നീട് വിവിധ രാജാക്കൻമാർ അപ്പപ്പോഴായി അത് വിപുലീകരിച്ചു. ii) ക്രി.മു. 650 മുതൽ 115 വരെയുള്ള കാലം. ഈ കാലത്ത് സബഅ് രാജാക്കന്മാർ മുകർരിബ് എന്ന സ്ഥാനപ്പേർ ഉപേക്ഷിച്ച് 'മലിക്' (രാജാവ്) എന്ന പേർ സ്വീകരിച്ചു. സർക്കാറിന്റെ മതകീയ വർണത്തിന്റെ സ്ഥാനത്ത് മതേതരത്വത്തിന്റ വർണം വന്നുവെന്നാണ് ഇത് കുറിക്കുന്നത്. രാജാക്കൻമാർ സ്വർവാഹിൽനിന്ന് തലസ്ഥാനം മാരിബിലേക്കു മാറ്റുകയും അവിടം അസാമാന്യമായി വികസിപ്പിക്കുകയും ചെയ്തു. സമുദ്രനിരപ്പിൽനിന്ന് 3900 അടി ഉയരത്തിലുള്ള ഈ സ്ഥലം സ്വൻആഇൽനിന്ന് 60 മൈൽ കിഴക്കാണ് സ്ഥിതിചെയ്യുന്നത്. ഒരു കാലത്ത് അതിനാഗരികമായ ഒരു ജനം അവിടെ കഴിഞ്ഞുപോയിരിക്കുന്നുവെന്ന് വിളിച്ചോതുന്ന പൗരാണികാവശിഷ്ടങ്ങൾ ഇന്നും ഈ സ്ഥലത്ത് ദൃശ്യമാകുന്നു. iii) ക്രി.മു. 115 മുതൽ ക്രി. 300 വരെയുള്ള ഘട്ടം. ഈ കാലത്ത് ഹിംയർ ഗോത്രം സബഅ് രാജ്യത്തിന്റെ മേധാവികളായി. ഇത് സബഇലെത്തന്നെ ഒരു ഗോത്രമായിരുന്നു. മറ്റു ഗോത്രങ്ങളെ അപേക്ഷിച്ച് വർധിച്ച ജനസംഖ്യയുള്ള ഗോത്രമായിരുന്നു ഹിംയർ. ഇവരുടെ കാലത്ത് മാരിബിൽനിന്നു തലസ്ഥാനം, ഹിംയർ ഗോത്രത്തിന്റെ കേന്ദ്രമായിരുന്ന റയ്ദാനിലേക്ക് മാറ്റി. പിൽക്കാലത്ത് ഈ പട്ടണം ളഫാർ എന്ന പേരിലാണറിയപ്പെട്ടത്. യരീം പട്ടണത്തിനടുത്ത് വൃത്താകൃതിയിലുള്ള ഒരു കുന്നിൻപുറത്ത് അതിന്റെ അവശിഷ്ടങ്ങൾ ഇന്നും കാണപ്പെടുന്നു. ഇതിനടുത്ത പ്രദേശത്ത് ഹിംയർ എന്ന പേരിൽ ഒരു ചെറിയ ഗോത്രവും വസിക്കുന്നുണ്ട്. ഒരു കാലത്ത് ലോകപ്രശസ്തമായിരുന്ന ഒരു ജനത്തിന്റെ സ്മാരകമാണവരെന്ന് ഇന്നവരെ കാണുന്നവർക്ക് സങ്കൽപിക്കാൻപോലും കഴിയില്ല. ഇതേകാലത്താണ് രാജ്യത്തിന്റെ ഒരു ഭാഗമെന്ന നിലയിൽ ആദ്യമായി 'യംനത്ത്' എന്നും 'യമിനാത്ത്' എന്നും ഉള്ള പദങ്ങൾ ഉപയോഗിച്ചുതുടങ്ങിയത്. കാലക്രമത്തിൽ യമൻ എന്ന പദം അറേബ്യയുടെ തെക്കുപടിഞ്ഞാറെ മൂലയിലുള്ള ഉസൈർ മുതൽ അദൻ (ഏദൻ) വരെയും ബാബുൽ മൻദബ് മുതൽ ഹദ്‌റമൗത്ത് വരെയും വ്യാപിച്ചുകിടക്കുന്ന പ്രദേശങ്ങൾക്കുള്ള പൊതുനാമമായിത്തീർന്നു. ഈ കാലത്തുതന്നെയാണ് സബഅ് ജനതയുടെ പതനം ആരംഭിച്ചതും. iv) ക്രി. 300-നു ശേഷം ഇസ്‌ലാമിന്റെ ആഗമനംവരെയുള്ള ഘട്ടം. അത് സബഅ് സമൂഹത്തിന്റെ നാശകാലമാണ്. ഈ ഘട്ടത്തിൽ അവർ നിരവധി യുദ്ധങ്ങൾക്ക് വിധേയമായി. വൈദേശിക ഇടപെടലുകളുണ്ടായി. വ്യാപാരം തകർന്നു. കൃഷി തളർന്നു. ഒടുവിൽ സ്വാതന്ത്ര്യവും നഷ്ടപ്പെട്ടു. ആദ്യം റയ്ദാനികളും ഹിംയരികളും ഹമദാനികളും തമ്മിലുള്ള വടംവലികൾ മുതലെടുത്ത് ക്രി. 340 മുതൽ 378 വരെ യമനിൽ അബിസീനിയക്കാർ ആധിപത്യം സ്ഥാപിച്ചു. പിന്നീട് സ്വാതന്ത്ര്യം നേടിയെങ്കിലും പ്രസിദ്ധമായ മാരിബ് അണക്കെട്ടിൽ വിള്ളലുകളുണ്ടാവാൻ തുടങ്ങി. ക്രി. 450-ലോ 451-ലോ അണക്കെട്ട് തകർന്ന് ഖുർആൻ പരാമർശിക്കുന്ന ആ ഭയങ്കരമായ ജലപ്രവാഹമുണ്ടായി. പിന്നീട് അബ്രഹത്തിന്റെ കാലംവരെ അണക്കെട്ടിൽ നിരന്തരം ഉദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവെങ്കിലും ചിതറിപ്പോയ ജനങ്ങളെ വീണ്ടും ഒരുമിച്ചുകൂട്ടാനോ താറുമാറായ ജലസേചന സൗകര്യങ്ങളും കൃഷിയും പുനഃസംവിധാനിക്കാനോ കഴിഞ്ഞില്ല. ക്രി. 523-ൽ യമനിലെ ജൂതരാജാവ് നജ്‌റാനിലെ ക്രിസ്ത്യാനികളോട്, അസ്ഹാബുൽ ഉഖ്ദൂദ് എന്ന പേരിൽ ഖുർആൻ പരാമർശിക്കുന്ന ഭയങ്കരമായ മർദന പീഡനങ്ങൾ കൈക്കൊണ്ടു. അതിന് പ്രതികാരമായി അബിസീനിയയിലെ ക്രിസ്ത്യൻ സാമ്രാജ്യം യമനിനെ ആക്രമിക്കുകയും തുടർന്ന് രാജ്യം മുഴുവൻ കീഴടക്കുകയും ചെയ്തു. അനന്തരം അബിസീനിയൻ ഗവർണറായിരുന്ന അബ്രഹത്ത് കഅ്ബയുടെ കേന്ദ്രസ്ഥാനം അവസാനിപ്പിക്കാനും അറബികളെ മുഴുവൻ റോമാ അബിസീനിയൻ സ്വാധീനത്തിൽ കൊണ്ടുവരുന്നതിനുംവേണ്ടി ക്രി. 570-ലോ 571-ലോ (നബി (സ)യുടെ ജനനത്തിന് കുറച്ചുമുമ്പ്) മക്കയെ ആക്രമിക്കുകയും അയാളുടെ സൈന്യമത്രയും നശിച്ചുപോവുകയും ചെയ്തു. ആ സംഭവം അസ്ഹാബുൽ ഫീൽ എന്ന പേരിൽ ഖുർആൻ വിവരിച്ചിട്ടുണ്ട്. ഒടുവിൽ ക്രി. 575-ൽ യമൻ ഇറാൻകാർ കീഴടക്കി. ക്രി. 628-ൽ ഇറാനിന്റെ യമൻ ഗവർണറായിരുന്ന ബാദാൻ ഇസ്‌ലാം ആശ്ലേഷിച്ചപ്പോഴാണ് ഈ ആധിപത്യം അവസാനിച്ചത്. സബഅ് സമൂഹത്തിന്റെ പുരോഗതി രണ്ടു സംഗതികളെ ആശ്രയിച്ചായിരുന്നു. ഒന്ന്, കൃഷി. മറ്റേത് കച്ചവടം. പൗരാണിക കാലത്ത് ബാബിലോണിയയിലല്ലാതെ ലോകത്ത് മറ്റൊരിടത്തും തുല്യതയില്ലാത്ത വിധത്തിലുള്ള സമർഥമായ ജലസേചന സംവിധാനങ്ങളിലൂടെ അവർ കൃഷി അഭിവൃദ്ധിപ്പെടുത്തി. ആ നാട്ടിൽ പ്രകൃത്യായുള്ള നദികൾ ഉണ്ടായിരുന്നില്ല. വൃഷ്ടികാലത്ത് മലകളിൽനിന്ന് മഴച്ചാലുകൾ ഒഴുകിയെത്തിയിരുന്നു. ഈ ചാലുകളെ അവിടവിടെ തടഞ്ഞുനിർത്തി തടാകങ്ങളുണ്ടാക്കി. ഈ തടാകങ്ങളിൽനിന്ന് തോടുകളൊഴുക്കി രാജ്യമെങ്ങും സസ്യശ്യാമളമാക്കി. ഖുർആൻ പറയുന്നതനുസരിച്ച് സബഇൽ എവിടെ നോക്കിയാലും തോട്ടങ്ങളും കൃഷിയിടങ്ങളും കാണാമായിരുന്നു. ഈ ജലസേചന സംവിധാനത്തിന്റെ ഏറ്റവും വലിയ റിസർവോയർ മാരിബ് പട്ടണത്തിനും ബൽഖ് പർവതത്തിനുമിടയിലുള്ള സമതലത്തിൽ നിർമിക്കപ്പെട്ട തടാകമായിരുന്നു. പക്ഷേ, അല്ലാഹുവിന്റെ ദാക്ഷിണ്യം അവർക്ക് വിനഷ്ടമായപ്പോൾ ക്രി. അഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആ വൻ ചിറ പൊട്ടിപ്പോവുകയും അതിൽനിന്നുള്ള ജലപ്രവാഹത്തിന്റെ ശക്തി, വഴിക്കുള്ള മറ്റു ചിറകളെയും തകർത്തു മുന്നേറി രാജ്യത്തെ ജലസേചന സംവിധാനമാകെ താറുമാറാക്കുകയും ചെയ്തു. പിന്നീടാർക്കും അത് പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. വ്യാപാരത്തിന് ഏറ്റവും ഉചിതമായ ഒരു ഭൂമിശാസ്ത്രസ്ഥാനമാണ് അല്ലാഹു അവർക്കേകിയിരുന്നത്. അവരത് നന്നായി പ്രയോജനപ്പെടുത്തി. ഒരു സഹസ്രാബ്ദത്തോളം ഈ ജനമായിരുന്നു പാശ്ചാത്യരും പൗരസ്ത്യരും തമ്മിലുള്ള വ്യാപാരത്തിന്റെ മധ്യവർത്തികൾ. ഒരു വശത്ത് അവരുടെ തുറമുഖങ്ങളിൽ ഒരേസമയം ചൈനീസ് കണ്ണാടികളും മലബാറിലെയും ഇന്തോനേഷ്യയിലെയും സുഗന്ധദ്രവ്യങ്ങളും ഇന്ത്യൻ തുണിത്തരങ്ങളും വാളുകളും പൂർവാഫ്രിക്കയിൽനിന്നുള്ള നീഗ്രോ അടിമകളും കുരങ്ങുകളും ഒട്ടകപ്പക്ഷിത്തൂവലുകളും ആനക്കൊമ്പുകളും എത്തിച്ചേർന്നിരുന്നു. മറുവശത്ത്, ഈ ചരക്കുകളെ അവർ ഈജിപ്തിലെയും സിറിയയിലെയും വ്യാപാര കേന്ദ്രങ്ങളിലെത്തിക്കുകയും അവിടെനിന്ന് ഗ്രീസിലേക്കും റോമിലേക്കും അയക്കുകയും ചെയ്തുവന്നു. അതിനുപുറമെ അവരുടെ നാട്ടിൽത്തന്നെ സാമ്പ്രാണി, ഊദ്, അമ്പർ, കസ്തൂരി തുടങ്ങി അനേകം സുഗന്ധദ്രവ്യങ്ങൾ ഉൽപാദിപ്പിക്കുകയും ഈജിപ്ത്, സിറിയ, ഗ്രീസ്, റോം മുതലായ രാജ്യങ്ങളിലെ ജനങ്ങൾക്ക് നിരന്തരം കൈമാറുകയും ചെയ്തിരുന്നു. ഈ വൻ വ്യാപാരത്തിന് കടലിലൂടെയും കരയിലൂടെയും വഴികളുണ്ടായിരുന്നു. സമുദ്രവ്യാപാരത്തിന്റെ കടിഞ്ഞാൺ മുഴുവൻ സബഉകാരുടെ കൈയിൽത്തന്നെയായിരുന്നു. കാരണം, ചെങ്കടലിലെ കാലാവസ്ഥ, വായുഗതി, അപകടസ്ഥാനങ്ങൾ തുടങ്ങിയ സംഗതികൾ ഇവർക്കുമാത്രമേ നന്നായി അറിയാമായിരുന്നുള്ളൂ. അപായംനിറഞ്ഞ ആ കടലിൽ കപ്പലോടിക്കാൻ മറ്റൊരു ജനവും ധൈര്യപ്പെട്ടിരുന്നില്ല. ഈ സമുദ്രമാർഗത്തിലൂടെ സബഉകാർ ഈജിപ്തിലെയും ജോർദാനിലെയും തുറമുഖങ്ങൾ വരെ ചരക്കുകളെത്തിച്ചിരുന്നു. ഏദനിൽനിന്നും ഹദ്‌റമൗത്തിൽനിന്നും മാരിബിലെത്തിച്ചേരുന്നതായിരുന്നു കരമാർഗം. അവിടെനിന്ന് മക്ക, ജിദ്ദ, യസ്‌രിബ്6 , അൽഉലാഅ്, തബൂക് , ഐല എന്നീ കേന്ദ്രങ്ങളിലൂടെ കടന്നുപോയി പെട്രായിലെത്തിച്ചേരുന്ന , ഒരു രാജപാതയുണ്ടായിരുന്നു. ഇതുകൂടാതെ ഈജിപ്തിലേക്കും സിറിയയിലേക്കും ഓരോ പാത വേറെയുമുണ്ടായിരുന്നു. ഈ കരമാർഗങ്ങളിൽ ഖുർആൻ സൂചിപ്പിച്ചതുപോലെ യമൻ മുതൽ സിറിയയുടെ അതിർത്തിവരെ സബഉകാരുടെ അധിവാസ കേന്ദ്രങ്ങൾ തുടർച്ചയായി സ്ഥിതിചെയ്തിരുന്നു. അവയിലൂടെയായിരുന്നു രാപ്പകൽ സ്വാർഥവാഹക സംഘങ്ങൾ കടന്നുപോയിരുന്നത്. ഇന്നും ഈ പ്രദേശങ്ങളിൽ നിരവധി അധിവാസ കേന്ദ്രങ്ങളുടെ അവശിഷ്ടങ്ങൾ കാണാം. അവിടെനിന്ന് സബഉകാരുടെയും ഹിംയരികളുടെയും പൗരാണിക ലിഖിതങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഏതാണ്ട് ക്രി. ഒന്നാം നൂറ്റാണ്ടോടടുത്തപ്പോൾ ഈ വ്യാപാരം ക്ഷയിച്ചുതുടങ്ങി. മധ്യപൂർവദേശത്ത് യവനരുടെയും പിന്നെ റോമിന്റെയും പ്രബലമായ ആധിപത്യം സ്ഥാപിതമായപ്പോൾ കുഴപ്പങ്ങൾ തുടങ്ങി. അറബിവർത്തകർ അവരുടെ കുത്തകയുപയോഗിച്ച് പൗരസ്ത്യ ചരക്കുകൾക്ക് തോന്നിയപോലെ വില ഈടാക്കുന്നുണ്ടെന്നും അതുകൊണ്ട് തങ്ങൾതന്നെ ഈ രംഗത്തിറങ്ങി വ്യാപാരം കൈയടക്കണമെന്നും പാശ്ചാത്യർ തീരുമാനിച്ചു. ഈ ഉദ്ദേശ്യാർഥം ഈജിപ്തിലെ ഒന്നാമത്തെ ഗ്രീക്ക് ഗവർണർ ബട്‌ലിമോസ് രണ്ടാമൻ (ബി.സി. 285-246) 1700 വർഷം മുമ്പ് സിസോസ്ത്രീസ് ഫറവോൻ നൈൽനദിയെയും ചെങ്കടലിനെയും കൂട്ടിയിണക്കിക്കൊണ്ട് വെട്ടിയ ജലമാർഗം വീണ്ടും തുറന്നു. ഈ ചാനൽ വഴി ഈജിപ്ഷ്യൻ വർത്തകർക്ക് നേരത്തേ ചെങ്കടലിലെത്താൻ കഴിഞ്ഞുവെങ്കിലും സബഉകാരുടെ എതിർപ്പിനു മുമ്പിൽ അത് അധികമൊന്നും പ്രയോജനകരമായിരുന്നില്ല. പിന്നീട് റോം ഈജിപ്തിനെ കീഴടക്കിയപ്പോൾ കൂടുതൽ പ്രബലരായ റോമൻ വർത്തകർ ചെങ്കടലിലെത്തിക്കുകയും തങ്ങളുടെ സുരക്ഷിതത്വത്തിനുവേണ്ടി ഒരു സൈനിക സംഘത്തെക്കൂടി വരുത്തുകയും ചെയ്തു. ഈ ശക്തികളെ സബഉകാർക്ക് നേരിടാൻ കഴിഞ്ഞില്ല. റോമക്കാർ തുറമുഖങ്ങൾ തോറും വ്യാപാരക്കോളനികൾ സ്ഥാപിച്ചു. അവിടങ്ങളിൽ കപ്പൽ ഗതാഗതത്തിനുള്ള സജ്ജീകരണങ്ങളൊരുക്കി. സാധ്യമായേടത്തെല്ലാം സൈനികത്താവളങ്ങളും ഏർപ്പെടുത്തി. എത്രത്തോളമെന്നാൽ, ഒരു ഘട്ടത്തിൽ ഏദനിലും റോമൻ ഭടൻമാർ ആധിപത്യം വാണു. ഈ രംഗത്ത് റോമാസാമ്രാജ്യവും അബിസീനിയൻ സാമ്രാജ്യവും പരസ്പരം സഹകരിക്കുകയും അതിനെത്തുടർന്ന് ഒടുവിൽ സബഉകാർക്ക് സ്വാതന്ത്ര്യം പോലും നഷ്ടപ്പെടുകയും ചെയ്തു. നാവിക വ്യാപാരം നഷ്ടപ്പെട്ടശേഷവും കരമാർഗമുള്ള കച്ചവടം സബഉകാർ നിലനിർത്തിയിരുന്നു. പക്ഷേ, അനേക കാരണങ്ങളാൽ കാലക്രമത്തിൽ അതും ക്ഷയിച്ചു. ആദ്യം നബ്ത്വികൾ പെട്രാ മുതൽ അൽഉലാവരെയുള്ള ഹിജാസ് -ജോർദാൻ പ്രദേശങ്ങളിൽനിന്നെല്ലാം സബഉകാരെ പുറന്തള്ളി. അനന്തരം ക്രി. 106-ൽ റോമക്കാർ നബ്ത്വികളെ തോൽപിച്ച് ഹിജാസിന്റെ അതിർത്തിവരെയുള്ള സിറിയൻ-ജോർദാൻ പ്രദേശങ്ങളെല്ലാം കൈയടക്കി. പിന്നീട് റോമക്കാരും അബിസീനിയക്കാരും സംയുക്തമായി സബഉകാരുടെ ആഭ്യന്തര സംഘർഷം മുതലെടുത്ത് അവരുടെ വ്യാപാരം തകർത്തുകളഞ്ഞു. ഈയടിസ്ഥാനത്തിൽ അബിസീനിയ നിരന്തരം യമനിൽ ഇടപെടുകയും ഒടുവിൽ രാജ്യം മുഴുവൻ കൈയടക്കുകയും ചെയ്തു. ഈവിധം അല്ലാഹുവിന്റെ കോപം ആ ജനത്തെ പുരോഗതിയുടെ ഉച്ചിയിൽനിന്ന് ഇനിയൊരിക്കലും തലയുയർത്താനാവാത്തവിധത്തിലുള്ള അധഃസ്ഥിതിയുടെ കയത്തിലേക്കെറിഞ്ഞുകളഞ്ഞു. അവരുടെ അഭിവൃദ്ധിയുടെ കഥകൾകേട്ട് റോമക്കാരുടെയും ഗ്രീക്കുകാരുടെയും വായിൽ വെള്ളമൂറുന്ന ഒരു കാലമുണ്ടായിരുന്നു. സ്ട്രാബോ എഴുതുന്നു: 'ഇവർ സ്വർണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങളാണുപയോഗിച്ചിരുന്നത്. അവരുടെ വസതികളുടെ മേൽപ്പുരയും ഭിത്തികളും വാതിലുകളുമെല്ലാം ആനക്കൊമ്പുകൊണ്ടും സ്വർണംകൊണ്ടും വെള്ളികൊണ്ടും രത്‌നങ്ങൾകൊണ്ടും അലങ്കരിച്ചിട്ടുണ്ട്.' പ്ലീനി പറയുന്നു: 'റോമിന്റെയും പേർഷ്യയുടെയും സമ്പത്ത് അവരിലേക്കൊഴുകിക്കൊണ്ടിരിക്കയാണ്. ഇക്കാലത്ത് ലോകത്തിലെ ഏറ്റവും സമ്പന്നരായ ജനമാണിവർ. അവരുടെ ശാദ്വലമായ രാജ്യം തോട്ടങ്ങളാലും വയലുകളാലും കാലികളാലും നിറഞ്ഞതാകുന്നു.' ആർട്ടിമിഡോറസ് പറയുന്നു: ഈ ജനം ആഡംബരപ്രമത്തരാണ്. തീ കത്തിക്കാൻ വിറകിനുപകരം ദേവദാരു, ചന്ദനം പോലുള്ള സുഗന്ധമരങ്ങളാണ് അവർ ഉപയോഗിക്കുന്നത്.' അവരുടെ തീരപ്രദേശത്തിലൂടെ കടന്നുപോകുന്ന കച്ചവടക്കപ്പലിലേക്കുവരെ സുഗന്ധം വമിച്ചിരുന്നതായി മറ്റു യവന ചരിത്രകാരൻമാരും പറയുന്നുണ്ട്. ചരിത്രത്തിലാദ്യമായി സ്വൻആയിലെ ഉയർന്ന പർവതപ്രദേശത്ത് ഗുംദാൻ കോട്ട എന്ന പേരിൽ നൂറ്റാണ്ടുകളോളം പ്രസിദ്ധമായിരുന്ന ആ അംബരചുംബിയായ സൗധം പണിതവരായിരുന്നു. അതിന് 20 തട്ടുകളുണ്ടായിരുന്നുവെന്നും ഓരോ തട്ടിനും 36 അടി ഉയരമുണ്ടായിരുന്നുവെന്നുമാണ് അറബി ചരിത്രകാരൻമാർ പറയുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം അവരെ ഉൾക്കൊണ്ട ഘട്ടത്തിലേ ഇതെല്ലാം നിലനിന്നുള്ളൂ. അനുഗ്രഹങ്ങളുടെ നേരെ കൃതഘ്‌നരായപ്പോൾ സർവശക്തനായ അല്ലാഹുവിന്റെ ദയാദാക്ഷിണ്യം അവരിൽനിന്ന് നീങ്ങിപ്പോവുകയും തദ്ഫലമായി അവരുടെ പേരും കുറിയും വരെ മാഞ്ഞുപോവുകയും ചെയ്തു. (Ref. https://www.thafheem.net/)

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ സബഅ്‍ എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
അഹ്സാബ്
ഖുർആൻ അടുത്ത സൂറ:
ഫാത്വിർ
സൂറത്ത് (അദ്ധ്യായം) 34

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സബഅ്&oldid=3926121" എന്ന താളിൽനിന്ന് ശേഖരിച്ചത്