ശശികുമാർ
ശശികുമാർ | |
---|---|
ജനനം | |
വിദ്യാഭ്യാസം | ബിരുദാനന്തര ബിരുദം(ചരിത്രം). |
തൊഴിൽ | മാദ്ധ്യമ പ്രവർത്തകൻ, ചലച്ചിത്രകാരൻ, അഭിനേതാവ്,പത്രപ്രവർത്തകൻ |
ജീവിതപങ്കാളി(കൾ) | രാധിക |
ദൃശ്യമാധ്യമരംഗത്തെ പ്രഗൽഭനായ ഒരു മലയാളിയാണ് ശശികുമാർ. ഇന്ത്യയിലെ ആദ്യ സ്വകാര്യ പ്രാദേശിക ഭാഷാ ചാനലായ ഏഷ്യാനെറ്റിന്റെ സ്ഥാപകൻ. ഇപ്പോൾ ചെന്നൈയിലെ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം എന്ന സ്ഥാപനത്തിന്റെ ചെയർമാൻ.[1][2] 1984 മുതൽ 86 വരെയുള്ള വർഷങ്ങളിൽ ഹിന്ദുവിന്റെയും, ഫ്രണ്ട്ലൈനിന്റെയും ആദ്യ പശ്ചിമേഷ്യാലേഖകനായി ജോലിചെയ്തു.[3] ചലച്ചിത്രകാരൻ, അഭിനേതാവ് എന്നീ നിലകളിലും പ്രസിദ്ധനാണ് ശശികുമാർ. ദൂരദർശനിലൂടെ ദൃശ്യമാധ്യമരംഗത്തേക്കു ചുവടുവെച്ച ശശികുമാർ ദൂരദർശനുവേണ്ടി നിരവധി ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും നിർമ്മിച്ചിട്ടുണ്ട്. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ, ലൗഡ്സ്പീക്കർ ,എന്നു നിന്റെ മൊയ്തീൻ എന്നീ മലയാള സിനിമകളിൽ അഭിനയിച്ചു.[4][5] എൻ.എസ്. മാധവന്റെ "വന്മരങ്ങൾ വീഴുമ്പോൾ' എന്ന കഥയെ അടിസ്ഥാനപ്പെടുത്തി ഹിന്ദിയിൽ 'കായ തരൺ' എന്ന ചിത്രം സംവിധാനം ചെയ്തു.[1][6][7]
ജീവിതരേഖ[തിരുത്തുക]
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത കരൂപടന്നയാണ് ശശികുമാറിന്റെ ജന്മദേശം. പിതാവ് വി ബാലകൃഷ്ണമേനോൻ. മാതാവ്:തോട്ടപ്പിള്ളിൽ ഭാനുമതി[8]. ബോംബെ, കൽകട്ട,ചെന്നൈ എന്നിവിടങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ കുട്ടിക്കാലം. ചെന്നൈയിലെ ലയോള കോളേജിൽ നിന്ന് ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.[3] സംഗീതാസ്വാദനത്തിൽ താത്പര്യമുള്ള അദ്ദേഹം വെങ്കട്ടരാമഭാഗവതരുടെ കീഴിൽ പത്തുവർഷം സംഗീതവും പഠിച്ചു. ഐ.എ.എസിനു സെലക്ഷൻ ലഭിച്ചെങ്കിലും ചലച്ചിത്രത്തോടുള്ള ആഗ്രഹം കാരണം ഐ.എ.എസ് വേണ്ടെന്നു വെക്കുകയായിരുന്നു. ചെന്നൈയിലും ഡൽഹിയിലും ദൂരദർശന്റെ വാർത്താവതാരകനും നിർമ്മാതാവുമായാണ് ടി.വി രംഗത്തേക്കുള്ള പ്രവേശം. പിന്നീട് പി.ടി.ഐ. യുടെ ചീഫ് പ്രൊഡ്യൂസറും ജനറൽ മാനേജറുമായി. ദൂരദർശന്റെ ജന്മഞ്ച്,താനാബാന,മണിമാറ്റേഴ്സ് എന്നീ ജനപ്രിയ പരിപാടികൾ നിർമ്മിച്ചതും ശശികുമാർ ആയിരുന്നു. ശശികുമാർ സ്ഥാപിച്ച മറ്റൊരു സ്ഥാപനമാണ് ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന മീഡിയ ഡവലപ്മെന്റ് ഫൗണ്ടേഷൻ ട്രസ്റ്റ് . പ്രധാനമന്ത്രിയുടെ ഓഫീസ് രൂപീകരിച്ച Empowered Committee on Information, communication and Technology എന്ന സമിതിയിൽ ഒരംഗമാണ് ശശികുമാർ.[1]
- സ്വകാര്യ ജീവിതം
കവിയും ഗാനരചയിതാവും ചലച്ചിത്രകാരനുമായിരുന്ന പി. ഭാസ്കരന്റെ മകൾ രാധികയാണ് ശശികുമാറിന്റെ ഭാര്യ.
മാദ്ധ്യമ നിലപാട്[തിരുത്തുക]
ഇടതുപക്ഷ ചിന്താഗതി പുലർത്തുന്ന ശശികുമാർ തന്റെ മാധ്യമ നിലപാടുകളേയും ആ നിലക്ക് വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ്. പക്ഷപാതിത്വങ്ങൾ മറച്ചുവെക്കുന്നതല്ല; അതു വെളിപ്പെടുത്തുന്നതാണ് ശരിയായ പത്രപ്രവർത്തനം എന്ന് അദ്ദേഹം പറയുന്നു. അദ്ദേഹം തുടരുന്നു: "എനിക്കു പക്ഷപാതിത്വങ്ങളുണ്ട്. എന്റെ ഏത് പ്രവൃത്തിയിലും അതു പ്രതിഫലിക്കുകയും ചെയ്യും"[1]
ഏഷ്യാനെറ്റ് സ്ഥാപകൻ[തിരുത്തുക]
പി.ടി.ഐക്ക് സ്വന്തമായ ഒരു സ്വകാര്യ ചാനൽ എന്തുകൊണ്ട് ആയിക്കൂടാ എന്ന ശശികുമാറിന്റെ ചിന്തയിൽ നിന്നാണ് ഏഷ്യാനെറ്റിന്റെ പിറവി. ചാനലിനുവേണ്ടിയുള്ള പ്രൊപ്പോസൽ പി.ടി.ഐ അംഗീകരിക്കാതെ വന്നപ്പോഴാണ് ശശികുമാർ തന്റെ അമ്മാവനായ ഡോ. റജിമേനോനുമായി ചേർന്ന് സ്വന്തമായി ചാനൽ തുടങ്ങാൻ തീരുമാനിച്ചത്. ഇന്നത്തെ ഏഷ്യാനെറ്റിന്റെ പേരും ലോഗോയും ശശികുമാർ ഉണ്ടാക്കിയതായിരുന്നു. ലോഗോ ഡിസൈൻ ചെയ്തത് രാമചന്ദ്ര ഗുഹയുടെ ഭാര്യ സുജാത കേശവൻ ആണ്.[1]
നുറുങ്ങുകൾ[തിരുത്തുക]
അരവിന്ദന്റെ "പോക്കുവെയിൽ" എന്ന ചിത്രത്തിൽ ശശികുമാറിന്റെ ഒരു ദുഃസ്വപ്നം അതേപടി ചേർത്തിട്ടുണ്ട്. തിളച്ചവെള്ളവുമായി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥാപാത്രത്തിനു പിന്നാലെ മൊട്ടത്തലയനായ ഒരു തടിയൻ ഓടുന്ന രംഗം ശശികുമാറിന്റെ ഒരു സ്വപ്നം അതേപടി അരവിന്ദൻ ആവിഷ്കരിച്ചതാണ്. ഇതൊരു സിനിമയിൽ ഉപയോഗിക്കാൻ പോവുകയാണെന്നും അതുകണ്ടാൽ ശശി പിന്നീട് ഈ സ്വപ്നം കാണുകയില്ലന്ന് അരവിന്ദൻ പറഞ്ഞുവെന്നും പിന്നീട് ആ ദുഃസ്വപ്നം താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം ഓർക്കുന്നു.[1]
അവലംബം[തിരുത്തുക]

- ↑ 1.0 1.1 1.2 1.3 1.4 1.5 മലയാളം വാരിക 2010 ആഗസ്റ്റ് 20 ഓണപ്പതിപ്പ്[പ്രവർത്തിക്കാത്ത കണ്ണി] ശശികുമാറുമായി ഒ.കെ. ജോണി നടത്തിയ അഭിമുഖം-"മലയാളത്തിന്റെ പിൻവിളികൾ" പേജ് 28-39
- ↑ "amrita tv sasikumar profile". മൂലതാളിൽ നിന്നും 2010-09-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-24.
- ↑ 3.0 3.1 http://cerebrate.in/2010/marg-tapovan/who.html
- ↑ ധനം മാഗസിൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://thatsmalayalam.oneindia.in/movies/news/2009/06/08-sasikumar-to-act.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.thirdi.org/~dc/events.html
- ↑ 'There's no difference between Godhra and 1984 riots'-rediff
- ↑ http://www.mathrubhumi.com/news/kerala/obituary-1.2682220