വോളീബോൾ
![]() വോളീബോൾ കളി | |
കളിയുടെ ഭരണസമിതി | FIVB |
---|---|
ആദ്യം കളിച്ചത് | 1895, ഹോളിയോക് മസാച്ചുസെറ്റ്, അമേരിക്കൻ ഐക്യനാടുകൾ |
സ്വഭാവം | |
ടീം അംഗങ്ങൾ | 6 |
മിക്സഡ് | ഇല്ല |
വർഗ്ഗീകരണം | ഇൻഡോർ |
കളിയുപകരണം | പന്ത് |
ഒളിമ്പിക്സിൽ ആദ്യം | 1964 |
വായു നിറച്ച പന്ത് ഒരു വലക്കുമുകളിൽകൂടി വലയുടെ ഇരുവശത്തുമായി നിൽക്കുന്ന രണ്ട് സംഘങ്ങൾ തമ്മിൽ തട്ടിക്കളിക്കുന്ന കളിയാണ് വോളിബോൾ. വില്യം ജി. മോർഗൻ എന്ന അമേരിക്കൻ കായികാധ്യാപകനാണ് വോളീബോൾ എന്ന കായികവിനോദത്തിന്റെ ഉപജ്ഞാതാവ്[1]. 1895-ൽ ആണ് വോളീബോളിന്റെ പ്രാഥമികരൂപം ആദ്യമായി ഉരുത്തിരിഞ്ഞുവന്നത്[2]. 1947 മുതൽ അന്താരാഷ്ട്ര വോളീബോൾ ഫെഡറേഷൻ വോളീബോളിന്റെ നിയമങ്ങളേയും ഘടനയേയും സംരക്ഷിക്കുകയും പുതുക്കുകയും ചെയ്യുന്ന സംഘടനയാണ്.
ചരിത്രം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ മസാച്യുസെറ്റ് എന്ന സ്ഥലത്തെ ഹോളിയോക്ക് എന്ന പ്രദേശത്തെ വൈ.എം.സി.എ സംഘാംഗങ്ങളാണ് വോളീബോളിന്റെ സൃഷ്ടിക്കുപിറകിൽ. വില്യം ജി. മോർഗൻ അവിടുത്തെ അംഗങ്ങൾക്ക് കായിക പരിശീലനം നൽകാൻ നിയമിക്കപ്പെട്ടു. എന്നാലവിടെയുണ്ടായിരുന്ന പലർക്കും അമേരിക്കൻ ഐക്യനാടുകളിൽ വ്യാപകമായി കളിക്കുന്ന ബാസ്ക്കറ്റ്ബോൾ അടക്കം ഒരുകളിയിലും താത്പര്യമുണ്ടായിരുന്നില്ല. ക്ലേശകരമായ കളികളാണ് അവയെല്ലാമെന്നായിരുന്നു അവരുടെ അഭിപ്രായം. അവർക്ക് വേണ്ട വ്യായാമം നൽകുവാനും അവരെ രസിപ്പിക്കുമാനുമുള്ള ഉതകുന്ന വിനോദത്തിനായുള്ള മോർഗന്റെ ശ്രമമാണ് വോളീബോളിന്റെ പിറവിയിൽ കലാശിച്ചത്. മോർഗൻ തന്നെയാണ് കളിക്കായി ആദ്യമായി കുറച്ചു നിയമങ്ങളുമുണ്ടാക്കിയത്. അദ്ദേഹത്തിന്റെ സുഹൃത്ത് ഡോക്ടർ ഫ്രാൻസ് വുഡ്സും കളിക്ക് പ്രചാരം നൽകി.
പേര്[തിരുത്തുക]
മോർഗന് ഇത്തരമൊരു കളിക്കു രൂപം നൽകാൻ സഹായിച്ചത് അക്കാലത്ത് അമേരിക്കയിൽ പ്രചാരത്തിലിരുന്ന മിൻടെൻ എന്ന ഒരു കളിയായിരുന്നു. ഒരു നൂൽപ്പന്ത് വലക്കുമുകളിൽ കൂടി ബാറ്റുപയോഗിച്ചടിക്കുകയായിരുന്നു ആ കളി. അതുകൊണ്ടു തന്നെ മോർഗൻ തന്റെ കളിക്ക് മിന്റെനെറ്റ് എന്നു പേരു നൽകി. 1896-ൽ വൈ.എം.സി.എ. ഡയറക്ടർമാരുടെ സമ്മേളനത്തോടനുബന്ധിച്ച് ഹോളിയോക്കിലെ രണ്ടു ടീമുകൾ തമ്മിൽ മത്സരം സംഘടിപ്പിച്ചു. ഹോളിയോക്കിലെ മേയർ തന്നെ ഒരു ടീമിന്റെ നായകനായിരുന്നു. അന്ന് കളി വീക്ഷിച്ചുകൊണ്ടിരുന്ന സ്പ്രിംഗ് ഫീൽഡ് കായികാധ്യാപക കലാലയത്തിലെ പ്രൊഫസർ ഡോ. ഏ.റ്റി. ഹാത്സ്റ്റെഡിന് കളി ഇഷ്ടപ്പെട്ടെങ്കിലും കളിയുടെ പേര് ഇഷ്ടപ്പെട്ടില്ല അദ്ദേഹം നിർദ്ദേശിച്ച പേരാണ് വോളീബോൾ എന്നത്[2]. പുതിയ പേര് എല്ലാർക്കും സ്വീകാര്യമായി. അതിനു ശേഷം കളിക്ക് കൂടുതൽ പ്രചാരവും ലഭിച്ചു.
നിയമങ്ങൾ[തിരുത്തുക]

തുടക്ക കാലത്ത് വോളീബോൾ കോർട്ടിന്റെ വലിപ്പം 50 അടി നീളവും 25 അടി വീതിയും വലയുടെ ഉയരം 6 അടി 6 ഇഞ്ചുമായിരുന്നു. പിന്നീട് 1900-ൽ നെറ്റിന്റെ ഉയരും 7 അടിയും, 1912 -ൽ 7 അടി 6 ഇഞ്ചും, 1918 -ൽ 8 അടിയും ആയി പുനർനിശ്ചയിക്കപ്പെട്ടു. കോർട്ടിന്റെ നീളവും വീതിയുമെല്ലാം ഇത്തരത്തിൽ പലതവണ പുനർനിശ്ചയിക്കപ്പെട്ടിട്ടുണ്ട്. 1923-ൽ കോർട്ടിന് നീളം 60 അടിയും വീതി മുപ്പതടിയുമായിരുന്നു. 1917 മുതലാണ് വോളീബോളിനുള്ള നിയമങ്ങൾ വ്യക്തമായി നിർവചിക്കപ്പെട്ടത്. കളിക്കാരുടെ എണ്ണം ഒമ്പതായിരുന്നത് അക്കാലത്ത് ആറായി കുറച്ചു. ഒരു സെറ്റിൽ ജയിക്കാൻ വേണ്ട പോയിന്റ് 15 ആയി നിശ്ചയിക്കപ്പെട്ടു. പോയിന്റു നില പതിനാലിൽ വച്ചു തുല്യത വന്നാൽ രണ്ടു പോയിന്റ് വ്യത്യാസത്തിലേ ജയിക്കൂ എന്നും നിയമമുണ്ടായി.
ഇപ്പോൾ കോർട്ടിന് മുഴുവൻ 18 മീറ്റർ നീളവും 9 മീറ്റർ വീതിയുമായി നിശ്ചയിച്ചിരിക്കുന്നു. വലയുടെ ഉയരം പുരുഷന്മാർക്ക് 2.43 മീറ്ററും, സ്ത്രീകൾക്ക് 2.24 മീറ്ററുമാണ്. കോർട്ട് 9x9 വീതമുള്ള രണ്ടു ഭാഗങ്ങളായി (വലക്കിരുവശവുമുള്ള ഉപകോർട്ടുകളാക്കി) മാറ്റിയിരിക്കുന്നു. വലയുടെ വീതി ഒരു മീറ്ററാണ്. വലയോടു ചേർന്ൻ മൂന്നുമീറ്ററകലത്തിലുള്ള പ്രദേശത്തെ ആക്രമണ മേഖലയെന്നു വിളിക്കുന്നു. മുഴുവൻ കോർട്ടിനും ചുറ്റിനുമായി മൂന്നു മീറ്ററെങ്കിലും അകലത്തിൽ വെറുതേ കിടക്കുന്ന സ്ഥലമുണ്ടാകണമെന്നും നിയമമുണ്ട്.
ഒരു കോർട്ടിനെ(മുഴുവൻ കോർട്ടിന്റെ ഒരു വശത്തിനെ) ആറായി തിരിച്ചിട്ടുണ്ട്. ഒരു ടീമിലുള്ളവർ പന്ത് സർവ് ചെയ്തുകഴിയുമ്പോൾ പ്രദക്ഷിണ ദിശയിൽ മാറണമെന്നാണ് നിയമം.
ഒരു കോർട്ട് 4 3 2 5 6 1
ഇന്ന് റാലീ പോയിന്റ് രീതിയാണ് അന്താരാഷ്ട്ര വോളീബോൾ ഫെഡറേഷൻ അംഗീകരിച്ചിട്ടുള്ളത്. ഇരുപത്തഞ്ച് പോയിന്റിൽ കളി അവസാനിക്കുന്നു. കളി അവസാനിക്കാൻ രണ്ട് പോയിന്റ് വ്യത്യാസം ആവശ്യമാണ്. 2000-ൽ ആണ് ഈ മാറ്റം ഉണ്ടായത്. അതുവരെ പതിനഞ്ചിലായിരുന്നു കളി അവസാനിച്ചിരുന്നത്. സർവ് ചെയ്തിരുന്ന ടീമിനു മാത്രമേ പോയിന്റ് ലഭിക്കുകയും ഉണ്ടായിരുന്നുള്ളു. ഇന്ന് പന്ത് താഴെയിടുന്ന ടീമിന്റെ എതിർ ടീമിന് സർവും പോയിന്റും ലഭിക്കുന്നു. അനന്തമായി നീണ്ടു പൊയ്ക്കൊണ്ടിരുന്ന കളികളെ നിയന്ത്രിക്കാൻ ഈ മാറ്റം മൂലം സാധിച്ചു. ഒന്നാം കോർട്ടിനു പുറകിൽ നിന്നു മാത്രമേ സർവ് ചെയ്യാൻ പറ്റുകയുള്ളു എന്ന നിയമത്തിനും മാറ്റമുണ്ടായി. ഇപ്പോൾ പുറകിലത്തെ വരയുടെ പിന്നിൽ എവിടെ നിന്നും സർവ് ചെയ്യാം.
മൂന്ന് പ്രാവശ്യമേ ടീമംഗങ്ങൾക്ക് എതിർകോർട്ടിലേക്ക് പന്ത് മറിക്കുന്നതിനു മുൻപ് തൊടാൻ കഴിയുകയുള്ളു. ഒരാൾക്ക് തുടർച്ചയായി രണ്ടു പ്രാവശ്യം പന്തിൽ തൊടാൻ കഴിയുകയുമില്ല. ഇരു കോർട്ടിലുമുള്ളവർക്കും വലയിൽ തൊടാൻ അവകാശമില്ല. കളിക്കിടയിൽ അപ്രകാരം പ്രവർത്തിച്ചാൽ എതിർ ടീമിന് പോയിന്റ് ലഭിക്കുന്നതാണ്. മൂന്നു പ്രാവശ്യം പന്തിൽ തൊട്ടോ, തൊടാതെയോ പന്ത് വലക്കുമുകളിലൂടെ എതിർ കോർട്ടിൽ എത്തിക്കാൻ സാധിച്ചില്ലങ്കിൽ എതിർടീമിന് പോയിന്റു ലഭിക്കുന്നതാണ്. സ്വന്തം കോർട്ടിൽ തന്നെ പന്ത് താണാലും അപ്രകാരം സംഭവിക്കും.
സാങ്കേതിക പദങ്ങൾ[തിരുത്തുക]
സർവ്[തിരുത്തുക]

കളിതുടങ്ങുന്നതിനായി ആദ്യം എതിർടീമിന്റെ കോർട്ടിലേക്ക് പന്ത് അടിച്ചുകൊടുക്കുന്നതിനാണ് സർവ് എന്നു പറയുന്നത്. ജമ്പ്സർവ്, ഓവർഹാൻഡ് സർവ് തുടങ്ങി പലതരത്തിൽ ഇതു ചെയ്യാറുണ്ട്.
പാസ്[തിരുത്തുക]
സർവ് ചെയ്തുകിട്ടിയതോ എതിർ ടീമിൽ നിന്നും ആക്രമണസ്വഭാവമില്ലാത്തതോ ആയി കിട്ടിയ പന്തിനെ സുരക്ഷിതത്വത്തെ ലാക്കാക്കി സ്വന്തം ടീമിലുള്ള ഒരാൾക്ക് പന്തിനെ ആക്രമണത്തിന് ഉപയുക്തമാക്കാൻ പാകത്തിൽ താരതമ്യേന സാവധാനം നൽകുന്നതിനാണ് പാസ് എന്നു പറയുന്നത്.
ആക്രമണം[തിരുത്തുക]

എതിർ ടീമിലുള്ളവർക്ക് തടയാൻ സാധിക്കാത്തവിധം കബളിപ്പിച്ചോ അതിവേഗത്തിലോ പന്ത് എതിർകോർട്ടിലേക്ക് എത്തിക്കുന്നതിന് ആക്രമണം എന്നു പറയുന്നു. പന്തിനെ ഒരു കൈയുപയോഗിച്ച് അതിവേഗത്തിൽ എതിർ കോർട്ടിലേക്ക് അടിച്ചു താഴ്ത്തിയോ, അപ്രതീക്ഷിതമായ ദിശയിലേക്ക് പന്തിന്റെ ചലനദിശയിൽ വ്യതിയാനം ഉണ്ടാക്കിയോ ഇതു സാധിക്കുന്നു. അതിവേഗത്തിൽ അടിച്ച് താഴ്‌ത്തി ആക്രമണം നടത്തുന്നതിനു സ്മാഷ് എന്നും പന്ത് അപ്രതീക്ഷിത ദിശയിലേയ്ക്ക് മാറ്റിയിടുന്നതിന് പ്ലേസിങ് എന്നും പറയുന്നു.
തടയൽ (ബ്ലോക്ക്)[തിരുത്തുക]
അതിവേഗത്തിൽ എതിർകോർട്ടിൽ നിന്നും അടിച്ചുതാഴ്ത്തുന്ന പന്തിനെ വലയുടെ തൊട്ടുമുകളിൽ നിന്നു തന്നെ വിടർത്തിയ കൈകൾ കൊണ്ട് തടയുന്നതിനെ ബ്ലോക്ക് എന്നു പറയുന്നു.
അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]
1939-ൽ അന്താരാഷ്ട്ര സർവ്വകലാശാലാ മത്സരങ്ങളുടെ കൂട്ടത്തിൽ വോളീബോൾ ഉൾപ്പെട്ടിരുന്നു. 1949 സ്ഥിരമായി ലോക ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടന്നു വരുന്നു. 1964-ലെ ടോക്യോ ഒളിമ്പിക്സ് മുതൽ വോളീബോളും മത്സരയിനമാണ്.
കേരളത്തിൽ[തിരുത്തുക]
1921-ൽ മദ്രാസ് വൈ.എം.സി.എ ആണ് വോളീബോളിനെ ഇന്ത്യയിലെത്തിച്ചത്. അക്കാലത്തു തന്നെ വോളീബോൾ കേരളത്തിലും എത്തിയിരുന്നു. 1956 ആയപ്പോഴേക്കും വോളീബോൾ കേരളത്തിൽ ജനകീയമായി. കേരളത്തിലെ വ്യത്യസ്തമായ ഭൂപ്രകൃതിയിൽ കളിക്കാൻ കുറച്ചു സ്ഥലം മതിയെന്ന സൗകര്യമാണ് കേരളത്തിൽ ഈ കളി ജനകീയമാകാൻ പ്രധാന കാരണം. വോളീബോൾ ലോകത്തിൽ ഇന്ത്യക്ക് ഒരു സ്ഥാനമുണ്ടാകാൻ കാരണം കേരളം, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ കളിക്കാരുമാണ്. ജിമ്മി ജോർജ്ജ്, ജോസഫ് പപ്പൻ കേരളത്തിലെ ഏറ്റവും മികച്ച വോളീബോൾ കളിക്കാരിൽപ്പെടുന്നു..
അവലംബം[തിരുത്തുക]
- ↑ "History of Volleyball" (ഭാഷ: ഇംഗ്ലീഷ്). Volleyball.com. മൂലതാളിൽ നിന്നും 2007-09-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 ഡിസംബർ 2009.
- ↑ 2.0 2.1 "The Volleyball Story" (ഭാഷ: ഇംഗ്ലീഷ്). fivb.org. ശേഖരിച്ചത് 18 ഡിസംബർ 2009.