വില്യം ടിൻഡേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വില്യം ടിൻഡേൽ
ജനനം1494-നടുത്ത്
ഗ്ലൗസേസ്റ്റർഷയർ, ഇംഗ്ലണ്ട്
മരണംഅവ്യക്തം (1536 ഒക്ടോബർ 6-നായിരിക്കാം)
ബൽജിയത്തിലെ വിൽവൂർഡേയ്ക്കടുത്ത് ഫ്ലാൻഡേഴ്സിൽ

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിലെ ഒരു ഇംഗ്ലീഷ് പണ്ഡിതനും ബൈബിൾ പരിഭാഷകനും പ്രൊട്ടസ്റ്റന്റ് നവീകർത്താവുമായിരുന്നു വില്യം ടിൻഡേൽ(ജനനം: 1494; മരണം: 1536). പുതിയനിയമത്തിന്റെ ഗ്രീക്ക് മൂലം യൂറോപ്പിൽ ലഭ്യമാക്കിയ ഇറാസ്മസും നവീകരണനേതാവായ മാർട്ടിൻ ലൂഥറും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു.[1] ബൈബിളിന്റെ ഗണ്യമായൊരു ഭാഗം സാധാരണക്കാർക്കു വേണ്ടി മൂലഭാഷകളിൽ നിന്നു നേരിട്ട് ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ ആദ്യവ്യക്തിയാണു ടിൻഡേൽ. ഏഴാം നൂറ്റാണ്ടു മുതൽ, പ്രത്യേകിച്ച് 14-ആം നൂറ്റാണ്ടിലും, ഭാഗികമോ പൂർണ്ണമോ ആയ ഒന്നിലേറെ ബൈബിൾ പരിഭാഷകൾ ഇംഗ്ലീഷ് ഭാഷയിൽ നിലവിലുണ്ടായിരുന്നെങ്കിലും എബ്രായ, ഗ്രീക്ക് മൂലങ്ങളിൽ നിന്നു നേരിട്ടു നടത്തപ്പെട്ട ആദ്യത്തെ പരിഭാഷ ടിൻഡേലിന്റേതായിരുന്നു. വ്യാപകമായ വിതരണവും വായനയും സാദ്ധ്യമാകും വിധം, അച്ചടിയുടെ മാദ്ധ്യമത്തിലൂടെ വെളിച്ചം കണ്ട ആദ്യപരിഭാഷയും അതായിരുന്നു.

ടിൻഡേലിന്റെ നടപടി റോമൻ കത്തോലിക്കാ സഭയുടേയും ഇംഗ്ലീഷ് രാഷ്ട്രത്തിന്റേയും മേധാവിത്വങ്ങളോട് നേരിട്ടുള്ള വെല്ലുവിളിയായി കണക്കാക്കപ്പെട്ടു. ഇംഗ്ലണ്ടിലെ പീഡനം ഭയന്ന് പരിഭാഷാസംരംഭത്തിന്റെ തുടക്കത്തിൽ യൂറോപ്യൻ വൻകരയിലേക്കു പലായനം ചെയ്ത ടിൻഡേൽ പരിഭാഷയിൽ ഏറിയപങ്കും നിർവഹിച്ചത് അവിടെയാണ്. അതിന്റെ ഒളിച്ചുകടത്തപ്പെട്ട പ്രതികൾ ഇംഗ്ലണ്ടിൽ പ്രചരിക്കവേ 1535-ൽ "വിശുദ്ധറോമാസാമ്രാജ്യത്തിലെ" അധികാരികളുടെ പിടിയിലായ ടിൻഡേൽ, ബ്രസ്സൽസിനു പുറത്തുള്ള വിൽവൂർദെ കോട്ടയിൽ ഒരു വർഷത്തിലേറെ തടവിൽ കഴിഞ്ഞു. ഒടുവിൽ പാഷണ്ഡതയ്ക്കു വിചാരണചെയ്യപ്പെട്ട അദ്ദേഹം 1536-ൽ ദഹനപീഠത്തിൽ വരിഞ്ഞു മുറുക്കപ്പെടുന്നതിനിടെ ശ്വാസംമുട്ടി മരിക്കുകയും തുടർന്ന് മൃതദേഹം തീയിലെരിക്കുകയും ചെയ്തു. ടിൻഡേലിന്റെ വധത്തിനു ശേഷവും "ടിൻഡേൽ ബൈബിൾ" എന്നറിയപ്പെട്ട പരിഭാഷ യൂറോപ്പിലുടനീളം പ്രൊട്ടസ്റ്റന്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതു തുടർന്നു. 1611-ൽ "കിങ്ങ് ജെയിംസിന്റെ ബൈബിൾ" എന്ന പ്രഖ്യാതമായ ഇംഗ്ലീഷ് പരിഭാഷ സൃഷ്ടിച്ച 54 പണ്ഡിതന്മാർ ടിൻഡേലിന്റെ കൃതിയെയാണ് മുഖ്യമായും ആശ്രയിച്ചത്. കിങ്ങ് ജെയിംസ് പരിഭാഷയിലെ പുതിയ നിയമം 83 ശതമാനവും പഴയനിയമം 76 ശതമാനവും ടിൻഡേലിന്റെ പരിഭാഷയിൽ നിന്നെടുത്തതാണെന്നു കണക്കാക്കപ്പെടുന്നു.[2]

ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവിന്റെ വിവാഹമോചനത്തെ, ബൈബിൾ അനുശാസങ്ങൾ ചൂണ്ടിക്കാട്ടി എതിർക്കുന്ന 1530-ലെ "സഭാമേധാവികളുടെ നടപടികൾ" (The Practyse of Prelates) എന്ന രചനയും ടിൻഡേലിന്റേതാണ്.

തുടക്കം[തിരുത്തുക]

ലണ്ടണിലെ സെന്റ് ഡൻസ്റ്റൺ-ഇൻ-ദ-വെസ്റ്റ് പള്ളിയിലുള്ള ടിൻഡേലിന്റെ ശിരോരൂപം

ഗ്ലൗസെസ്റ്റർഷയറിലെ ഡർസ്ലിയ്ക്കടുത്തുള്ള ഗ്രാമങ്ങളിൽ ഒന്നിലാണ് ടിൻഡേൽ ജനിച്ചത്. പതിനഞ്ചാം നൂറ്റാണ്ടിലെ "റോസുകളുടെ യുദ്ധ"-കാലത്തോ മറ്റോ ഗ്ലൗസേസ്റ്റർഷയറിൽ കുടിയേറിയതാണ് അദ്ദേഹത്തിന്റെ കുടുംബം എന്നു കരുതപ്പെടുന്നു. ജോൺ ടിൻഡേലും ആംഫിലിസ് കോണിങ്സ്ബിയും ആയിരുന്നു വില്യം ടിൻഡേലിന്റെ മാതാപിതാക്കൾ. 1512-ൽ ഓക്സ്ഫോർഡിൽ ബിരുദപഠനം തുടങ്ങിയ ടിൻഡേൽ അതേവർഷം തന്നെ സബ്‌ഡീക്കൻ പട്ടം സ്വീകരിച്ചു. 1515-ൽ അദ്ദേഹം മാസ്റ്റർ ബിരുദം നേടി. നന്മയിൽ കളങ്കരഹിതമായ ജീവിതം നയിക്കുന്ന യുവാവായി അദ്ദേഹം അറിയപ്പെട്ടു.[3]ഭാഷാപഠനത്തിനു പ്രത്യേകം വാസനയുണ്ടായിരുന്ന അദ്ദേഹം കാലക്രമത്തിൽ ഇംഗ്ലീഷിനു പുറമേ ഫ്രഞ്ച്, ഗ്രീക്ക്, എബ്രായ, ജർമ്മൻ, ഇറ്റാലിയൻ, ലത്തീൻ, സ്പാനിഷ് ഭാഷകളിൽ അവഗാഹം നേടി.[4] 1517-നും 1521-നും ഇടയ്ക്ക് അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ പഠിച്ചു.

പരിഭാഷാനിശ്ചയം[തിരുത്തുക]

സോഡ്ബറിയിലെ ജോൺ വാൽഷ് പ്രഭുവിന്റെ കുടുംബത്തിന്റെ ആത്മീയോപദേഷ്ടാവും അദ്ദേഹത്തിന്റെ കുട്ടികളുടെ അദ്ധ്യാപകനുമായി ടിൻഡേൽ 1521-ൽ നിയമിതനായി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ മറ്റു പുരോഹിതന്മാർ വിവാദപരമായി കണ്ടതിനെ തുടർന്ന് 1522-ൽ ടിൻഡേൽ റോച്ചെസ്റ്റർ രൂപതയുടെ ചാൻസലറായിരുന്ന ജോൺ ബെല്ലിന്റെ മുൻപാകെ, ഔപചാരികമായ ആരോപണങ്ങളോടെയെല്ലെങ്കിലും വിളിച്ചു വരുത്തപ്പെട്ടു. [5]

ദൈവത്തിലേക്കുള്ള വഴി ബൈബിളിലെ ദൈവവചനത്തിലൂടെയാണെന്നും, വിശുദ്ധഗ്രന്ഥം സാധാരണക്കാർക്കുപോലും പ്രാപ്യമായിരിക്കണമെന്നും കരുതിയ ടിൻഡേൽ, ബൈബിൾ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്താൻ തീരുമാനിച്ചു. ദൈവവചനങ്ങളേക്കാൾ ആവശ്യം മാർപ്പാപ്പായുടെ വചനങ്ങളാണെന്നു വാദിച്ച ഒരു പണ്ഡിതനുമായി ടിൻഡേൽ നടത്തിയ സംവാദത്തിന്റെ കഥ ജോൺ ഫോക്സ് രക്തസാക്ഷിചരിതത്തിൽ വിവരിക്കുന്നുണ്ട്. വികാരപരവശനായി ടിൻഡേൽ ഇങ്ങനെ പ്രതികരിച്ചതായി ഫോക്സ് പറയുന്നു[6][7]:

1523-ൽ ബൈബിൾ പരിഭാഷപ്പെടുത്താനുള്ള അനുമതി തേടി ടിൻഡേൽ ലണ്ടണിലെത്തി. ഇറാസ്മസിന്റെ ഗ്രീക്ക് പുതിയനിയമത്തിന്റെ സംശോധനയിൽ സഹകരിക്കുകയും അതിനെ പുകഴ്ത്തുകയും ചെയ്തിരുന്ന ക്ലാസിക്കൽ പണ്ഡിതൻ, കുത്ബർട്ട് ടൻസ്റ്റാൽ മെത്രാന്റെ സഹായം ടിൻഡേൽ തേടിയെങ്കിലും ലഭിച്ചില്ല. ടിൻഡേലിന്റെ പാണ്ഡിത്യത്തെക്കുറിച്ച് മെത്രാന് വലിയ മതിപ്പില്ലായിരുന്നു; ടിൻഡേലിന്റെ ദൈവശാസ്ത്രത്തെ സംശയിച്ചിരുന്ന അദ്ദേഹത്തെ ജനകീയഭാഷയിലെ ബൈബിൾ എന്ന ആശയം അസ്വസ്ഥനാക്കി. ടിൻഡേലിനെ വീട്ടിൽ സ്വീകരിക്കാൻ മെത്രാൻ വിസമ്മതിച്ചു.[8] തുടർന്ന് അദ്ദേഹം, ഹംഫ്രി മോൺമൗത്ത് എന്ന വസ്ത്രവ്യാപാരിയുടെ ഔദാര്യത്തിൽ ബൈബിൾ പഠനവും മറ്റുമായി കുറേക്കാലം ലണ്ടണിൽ കഴിഞ്ഞു. ഇക്കാലത്ത് സെന്റ് ഡൻസ്റ്റാൻ-ഇൻ-ദ-വെസ്റ്റ് ഉൾപ്പെടെയുള്ള ദേവാലയങ്ങളിൽ അദ്ദേഹം പ്രഭാഷണം നടത്തി.

യൂറോപ്പിൽ[തിരുത്തുക]

1525-ൽ പൂർത്തിയായ ടിൻഡേലിന്റെ പുതിയനിയമപരിഭാഷയിൽ യോഹന്നാന്റെ സുവിശേഷത്തിന്റെ തുടക്കം

താമസിയാതെ ഇംഗ്ലണ്ടു വിട്ടുപോയ ടിൻഡേൽ 1524-ൽ മറ്റോ ജർമ്മനിയിലെ ഹാംബർഗിലും അവിടന്നു യാത്രചെയ്ത് മാർട്ടിൻ ലൂഥറുടെ ആസ്ഥാനമായിരുന്ന വിറ്റൻബർഗ്ഗിലുമെത്തി. വിറ്റൻബർഗ് സർവകലാശാലയിലെ അക്കാലത്തെ മട്രിക്കുലേഷൻ രജിസ്റ്ററിൽ ഇംഗ്ലണ്ടിൽ നിന്നുള്ള വില്യം ടിൻഡേൽ എന്ന് ലത്തീൻ ഭാഷയിൽ രേഖപ്പെടുത്തിയിരിക്കുന്നു.[9] അക്കാലത്ത്, ഒരുപക്ഷേ മാർട്ടിൽ ലൂഥറുടെ മാർഗ്ഗദർശനത്തിൽ വിറ്റൻബർഗിലായിരിക്കാം ടിൻഡേൽ പുതിയനിയമത്തിന്റെ പരിഭാഷ തുടങ്ങിയത്. 1525-ൽ അതിന്റെ പൂർത്തീകരണത്തിൽ അദ്ദേഹത്തിനു ഫ്രാൻസിസ്കൻ സന്യാസിയായ വില്യം റോയ്-യുടെ സഹായം ലഭിച്ചിരുന്നു.

1525-ൽ കൊളോണിൽ പീറ്റർ ക്വന്റൽ പുതിയനിയമം പ്രസിദ്ധീകരിക്കാൻ തുനിഞ്ഞെങ്കിലും ഒരു ഇംഗ്ലീഷ് ഏജന്റ് ടിൻടേലിനെക്കുറിച്ചു അധികാരികൾക്കു മുന്നറിയിപ്പു നൽകിയതിനെ തുടർന്ന് അതു തടസ്സപ്പെട്ടു. 1526-ൽ, വിശുദ്ധറോമാസാമ്രാജ്യത്തിനു കീഴിലുള്ളതെങ്കിലും നവീകൃതക്രിസ്തീയതയിലേക്ക് ക്രമേണ മാറിക്കൊണ്ടിരുന്നതുമായ ജർമ്മനിയിലെ വേംസിൽ നിന്ന് പീറ്റർ ഷോഫറാണ് ടിൻഡേലിന്റെ പരിഭാഷയിലെ പുതിയനിയത്തിന്റെ സമ്പൂർണ്ണരൂപം ആദ്യം പ്രസിദ്ധീകരിച്ചത്. 6000 പ്രതികളായിരുന്നു അച്ചടിച്ചത്.[10] താമസിയാതെ കൂടുതൽ പ്രതികൾ ഇന്നത്തെ ബെൽജിയത്തിലെ ആന്റ്വെർപ്പിലും അച്ചടിക്കപ്പെട്ടു. ഒളിച്ചുകടത്തപ്പെട്ട ബൈബിൾപ്രതികൾ ഇംഗ്ലണ്ടിലും സ്കോട്ട്ലണ്ടിലും എത്തിയതിനെ തുടർന്ന് ടൺസ്റ്റാൾ മെത്രാൻ അതിനു വിലക്കു കല്പിച്ചു. പുസ്തകവ്യാപാരികൾക്ക് അതിന്റെ വില്പനക്കെതിരെ അദ്ദേഹം മുന്നറിയിപ്പു നൽകുകയും കിട്ടാവുന്ന പ്രതികൾ വിലക്കു വാങ്ങി പരസ്യമായി അഗ്നിക്കിരയാക്കുകയും ചെയ്തു.[11] ദൈവവചനം ചുട്ടുകരിക്കപ്പെടുന്നതിൽ വിശ്വാസികളിൽ ചിലർ പ്രതിക്ഷേധിച്ചു.[11] ഇംഗ്ലണ്ടിന്റെ മത-രാഷ്ട്രീയ രംഗങ്ങളിൽ അക്കാലത്ത് ഏറെ അധികാരം കയ്യാളിയിരുന്ന കർദ്ദിനാൾ വോൾസി ടിൻഡേലിലെ പാഷണ്ഡിയായി പ്രഖ്യാപിച്ചു.[12]

1526 ആഗസ്റ്റ് 11 വരെയെങ്കിലും ജർമ്മനിയിലെ വേംസിൽ കഴിഞ്ഞ ടിൻഡേൽ തുടർന്ന് ഇന്നത്തെ ബെൽജിയത്തിലെ ആൻ്റ്‌വെർപ്പിലും ജർമ്മനിയിലെ തന്നെ ഹാംബർഗ്ഗിലും എല്ലാമായി തന്റെ പരിഭാഷാസംരംഭത്തിൽ മുഴുകി കഴിഞ്ഞു. പുതിയനിയമത്തിന്റെ പരിഭാഷയും സശോധനവും പൂർത്തിയാക്കിയ അദ്ദേഹം പഴയനിയമം പരിഭാഷപ്പെടുത്താൻ തുടങ്ങി.

ഹെൻറി എട്ടാമനെതിരെ[തിരുത്തുക]

ടിൻഡേലിന്റെ വധം, ജോൺ ഫോക്സിന്റെ 1563-ലെ രക്തസാക്ഷികളുടെ പുസ്തകത്തിൽ നിന്ന്: "കർത്താവേ, ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണുകൾ തുറന്നാലും" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്തിമമൊഴി എന്നു പറയപ്പെടുന്നു.

ആൻ ബുലിനെ വിവാഹം കഴിക്കാനായി കാതറീൻ രാജ്ഞിയിൽ നിന്നു വിവാഹമോചനം നേടാനുള്ള ഇംഗ്ലണ്ടിലെ ഹെൻറി എട്ടാമൻ രാജാവിന്റെ പദ്ധതിയെ വിമർശിച്ച് 1530-ൽ ടിൻഡേൽ "മതമേലദ്ധ്യക്ഷന്മാരുടെ നടപടികൾ" എന്ന കൃതി രചിച്ചു. വേദപുസ്തകത്തിലെ വചനങ്ങൾക്കു വിരുദ്ധമായ ആ നടപടി, മാർപ്പാപ്പയുടെ കച്ചേരികളിൽ കുടുക്കാനുള്ള കർദ്ദിനാൾ വോൾസിയുടെ ഗൂഡതന്ത്രത്തിന്റെ ഭാഗമാണെന്നു ടിൻഡേൽ വാദിച്ചു. [13] ഇത് ഹെൻറിയെ കുപിതനാക്കി: ഇംഗ്ലണ്ടുമായുള്ള ഉടമ്പടിവ്യവസ്ഥകളനുസരിച്ച് ടിൻഡേലിനെ പിടികൂടി ഇംഗ്ലണ്ടിലേക്കു തിരിച്ചയക്കാൻ അദ്ദേഹം ചാൾസ് അഞ്ചാമൻ ചക്രവർത്തിയോടാവശ്യപ്പെട്ടു. തെളിവു കിട്ടാതെ നാടുകടത്തൽ സാദ്ധ്യമല്ലെന്നു ചാൾസ് മറുപടി പറഞ്ഞു.[14] ടിൻഡേലിനെ പാഷണ്ഡിയെന്നു വിശേഷിപ്പിച്ച് അക്കാലത്ത് ഹെൻറി എട്ടാമന്റെ മന്ത്രിയായിരുന്ന പ്രസിദ്ധചിന്തകൻ തോമസ് മൂറും രംഗത്തെത്തി.[15]

തടവ്, വധം[തിരുത്തുക]

ഒടുവിൽ സഹചരന്മാരിലൊരുവനായ ഹെൻ‌റി ഫിലിപ്പ് ടിൻഡേലിനെ അധികാരികൾക്ക് ഒറ്റിക്കൊടുത്തു[16]. 1535-ൽ ആൻ്റ്‌വെർപ്പിൽ വച്ച് പിടിക്കപ്പെട്ട അദ്ദേഹം ബ്രസ്സൽസിനടുത്തുള്ള വിൽവൂർദെ കോട്ടയിൽ 16 മാസം തടവിൽ കഴിഞ്ഞു.[17] പാഷണ്ഡതയുടെ പേരിൽ വിചാരണചെയ്യപ്പെട്ട ടിൻഡേൽ 1536-ൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു. ദഹനപീഠത്തിൽ ബന്ധിക്കപ്പെടുന്നതിനിടെ ശ്വാസംമുട്ടി മരിച്ച അദ്ദേഹത്തിന്റെ മൃതദേഹം ചുട്ടെരിച്ചു.[18] "കർത്താവേ "ഇംഗ്ലണ്ടിലെ രാജാവിന്റെ കണ്ണുകൾ തുറന്നാലും" എന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി എന്നു പറയപ്പെടുന്നു.[19] അദ്ദേഹത്തിന്റെ അനുസ്മരണാദിനമായി ആചരിക്കപ്പെടുന്നത് ഒക്ടോബർ 6 ആണെങ്കിലും കൊല നടന്നത് ഏതാനും ആഴ്ചകൾ മുമ്പാകാനും സാദ്ധ്യതയുണ്ട്.[20]

അദ്ദേഹത്തിൻ്റെ പ്രാർഥനയ്ക്ക് മറുപടിയെന്നോണം, ടിൻഡേലിന്റെ മരണത്തിനു നാലു വർഷത്തിനകം ഹെൻറി എട്ടാമൻ രാജാവിന്റെ തന്നെ ഉത്തരവനുസരിച്ച് ഇംഗ്ലീഷിൽ നാലു ബൈബിൾ പരിഭാഷകൾ പ്രസിദ്ധീകരിക്കപ്പെട്ടു.[21] അവയെല്ലാം ആശ്രയിച്ചത് ടിൻഡേലിന്റെ പരിഭാഷയെ ആയിരുന്നു. അടുത്ത നൂറ്റാണ്ടിന്റെ തുടക്കത്തിൽ 1611-ൽ ഇറങ്ങിയ പ്രഖ്യാതമായ കിങ്ങ് ജെയിംസ് പരിഭാഷ മുഖ്യമായി ആശ്രയിച്ചതും ടിൻഡേലിന്റെ പരിഭാഷയെ ആയിരുന്നു.

അവലംബം[തിരുത്തുക]

 1. Scientifically proven, see: Tyndale, William (tr.); Martin, Priscilla (ed.) (2002); p. xvi and see also: Daniell, David (1994) William Tyndale: a biography. New Haven & London: Yale University Press, p. 114, line 33 and see also: Vogel, Gudrun (2009) "Tyndale, William" in: Der Brockhaus in sechs Bänden. Mannheim/Leipzig: Brockhaus Verlag and see also: Zwahr. A. (2004) Tyndale, William" in: Meyers Großes Taschenwörterbuch. Mannheim: Bibliographisches Institut
 2. Tadmor, Naomi (2010). The Social Universe of the English Bible: Scripture, Society, and Culture in Early Modern England. Cambridge UP. p. 16. ISBN 9780521769716. Tadmor cites the work of John Nielson and Royal Skousen, "How Much of the King James Bible is William Tyndale's? An Estimation Based on Sampling," Reformation 3 (1998): 49-74.
 3. Brian Moynahan. William Tyndale. If God Spare my Life. Abacus. London. 2003. p11.
 4. eg Daniell, David (1994) William Tyndale: a biography. New Haven & London: Yale University Press, p. 18
 5. Brian Moynahan. William Tyndale. If God Spare my Life. Abacus. London. 2003. p28
 6. Lecture by Dom Henry Wansbrough OSB MA (Oxon) STL LSS
 7. Foxe's Book of Martyrs, Chap XII
 8. Tyndale, preface to Five bokes of Moses (1530).
 9. eg The Life of William Tyndale – Tyndale in Germany – by Dr. Herbert Samworth
 10. Joannes Cochlaeus, Commentaria de Actis et Scriptis Martini Lutheri (St Victor, near Mainz: Franciscus Berthem, 1549), p. 134.
 11. 11.0 11.1 Peter Ackroyd. The Life of Thomas More. Vintage, London 1999. p270.
 12. Brian Moynahan. William Tyndale. If God Spare my Life. Abacus. London. 2003. p177
 13. Richard Marius Thomas More: a biography 1999 p388 "... English kings on one side and the wicked popes and English bishops on the other. Cardinal Wolsey embodies the culmination of centuries of conspiracy, and Tyndale's hatred of Wolsey is so nearly boundless that it seems pathological."
 14. Bellamy J. G. The Tudor law of treason: an introduction 1979 p89 "Henry claimed that Tyndale was spreading sedition, but the emperor expressed his doubts and argued that he must examine the case and discover proof of the English king's assertion before delivering the wanted man. (29)"
 15. Brian Moynahan. William Tyndale. If God Spare my Life. Abacus, London ISBN 034911532 p248.
 16. "Tyndale's Version". Retrieved 2021-10-07.
 17. John Foxe, Actes and Monuments (1570), VIII.1228 (Foxe's Book of Martyrs Variorum Edition Online).
 18. Michael Farris, "From Tyndale to Madison", 2007, p. 37.
 19. John Foxe, Actes and Monuments (1570), VIII.1229 (Foxe's Book of Martyrs Variorum Edition Online[പ്രവർത്തിക്കാത്ത കണ്ണി]).
 20. Arblaster, Paul (2002). "An Error of Dates?". Archived from the original on 2007-09-27. Retrieved 2007-10-07.
 21. Miles Coverdale's, Thomas Matthew's, Richard Taverner's, and the Great Bible
"https://ml.wikipedia.org/w/index.php?title=വില്യം_ടിൻഡേൽ&oldid=3808530" എന്ന താളിൽനിന്ന് ശേഖരിച്ചത്