Jump to content

ആൻ ബുലിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആൻ ബുലിൻ
പെംബ്രോക് പ്രഭ്വി

ആൻ ബുലിൻ രാജ്ഞിയുടെ ചിത്രം Hever Castle, c. 1550[1][2]
Queen consort of England
Tenure 28 May 1533 – 17 May 1536
കിരീടധാരണം 1 June 1533
ജീവിതപങ്കാളി
(m. 1533; ann. പ്രയോഗരീതിയിൽ പിഴവ്: അപ്രതീക്ഷിതമായ < ഓപ്പറേറ്റർ)
മക്കൾ
Elizabeth I
Family Boleyn
പിതാവ് Thomas Boleyn, 1st Earl of Wiltshire
മാതാവ് Lady Elizabeth Howard
ഒപ്പ്

ആൻ ബുലിൻ (/ˈbʊlɪn, bʊˈlɪn/;[3][4][5] c. 1501 – 19 May 1536) ഇംഗ്ലണ്ടിലെ ഹെൻ‌റി VIII രാജാവിന്റെ രണ്ടാം രാജ്ഞിയായിരുന്നു. ഇംഗ്ലണ്ടിൻ്റെ രാഷ്ട്രീയ, മതചരിത്രത്തിൽ ആഴത്തിലുള്ള വ്യക്തിമുദ്ര വളരെക്കുറഞ്ഞ കാലയളവുകൊണ്ട് പതിപ്പിച്ചെടുക്കാനായ വ്യക്തിയായിരുന്നു ആൻ രാജ്ഞി. രാജാവുമായുള്ള അവരുടെ വിവാഹവും, തുടർന്നു രാഷ്ട്രീയത്തിലും സഭയിലും ഉണ്ടായ മാറ്റങ്ങളും ഒടുവിൽ രാജ്ഞി ശിരഛേദം ചെയ്യപ്പെട്ടതുമെല്ലാം ചേർന്ന് ആൻ രാജ്ഞിയെ മധ്യകാല ഇംഗ്ലണ്ടിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികളിൽ ഒരാളായാണ് ചരിത്രകാരന്മാർ വിലയിരുത്തുന്നത്.

കുടുംബവും ബാല്യവും

[തിരുത്തുക]

ഇംഗ്ലണ്ടിലെ പ്രഭുകുടുംബത്തിൽ ഉൾപ്പെട്ട തോമസ് ബുലിൻ എലിസബത്ത് ബുലിൻ ദമ്പതികളുടെ മകളായായിരുന്നു ആൻ ജനിച്ചത്. ബാല്യകാലവും വിദ്യാഭ്യാസവും നെതർലൻ്റിലും ഫ്രാൻസിലും‌​ ആയിരുന്നു. ഫ്രാൻസിലെ ക്ലൗഡി രാജ്ഞിയുടെ തോഴിയായി കുറെക്കാലം ചെലവഴിച്ച ആൻ, 1522-ൽ ഇംഗ്ലണ്ടിലേക്ക് തിരികെയെത്തി. അവിടെ തൻ്റെ കുടുംബാംഗം തന്നെയായിരുന്നു ജെയിംസ് ബട്‌ലറിനെ വിവാഹം കഴിക്കുവാനായായിരുന്നു ഈ മടക്കം. എന്നാൽ ഈ വിവാഹം നടന്നില്ല. ആൻ പിന്നീട് ഹെൻ‌റി എട്ടാമൻ്റെ ആദ്യഭാര്യയായിരുന്ന കാതറിൻ്റെ തോഴിയായിത്തീർന്നു.

വിവാഹം

[തിരുത്തുക]

ഇതിനിടെ ഹെൻ‌റി പെർസി എന്നൊരാളുമായി ആൻ രഹസ്യവിവാഹനിശ്ചയത്തിലേർപ്പെട്ടു. എന്നാൽ ഈ വിവാഹവും ഹെൻ‌റിയുടെ കുടുംബത്തിൻ്റെ എതിർപ്പു മൂലം നടന്നില്ല. അന്നത്തെ കർദ്ദിനാൾ ആയിരുന്ന തോമസ് വൊൾസിയും ഈ വിവാഹത്തിനു എതിരുനിന്നതിനാൽ ആൻ സ്വഭവനമായ ഹെവർ കാസിലിലേയ്ക്ക് മടങ്ങിപ്പോയി.

അധികം വൈകാതെതന്നെ രാജാവിൻ്റെ ശ്രദ്ധ ആനിൽ പതിഞ്ഞു. ബുദ്ധിമതിയും, ആരെയും ആകർഷിക്കുന്ന വ്യക്തിത്തവും അനുഭവപരിചയവും ഉള്ള ആനിനോട് രാജാവിനു താത്പര്യം ഉടലെടുക്കുകയും അവളെ സ്വന്തമാക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ ബുദ്ധിമതിയായ ആൻ ഒരു വെപ്പാട്ടി ആയി രാജാവിൻ്റെ അന്തഃപ്പുരത്തിൽ വരികയില്ല എന്ന് തീർത്തു പറയുകയും ചെയ്തു. ആനിൻ്റെ സഹോദരി ഇതിനോടകം തന്നെ രാജാവിൻ്റെ വെപ്പാട്ടി ആയിരുന്നു. രാജാവിന് ആനിനോടുള്ള ആഗ്രഹം വർദ്ധിച്ചുവരികയും തൻ്റെ ഭാര്യയായ കാതറിനെ ഒഴിവാക്കി ആനിനെ രാജ്ഞിയാക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ കർദ്ദിനാൾ വൊൾസിക്ക് പോപ് ക്ലമൻ്റിൻ്റെ കൈയിൽനിന്നും വിവാഹം അസാധുവാക്കിയെടുക്കാനായില്ല. 1529-30കളോടെ വൊൾസിയുടെ പതനം ആരംഭിക്കുകയും അധികം താമസിയാതെതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.

ചർച്ച് ഓഫ് ഇംഗ്ലണ്ടും പോപ്പും തമ്മിൽ അകലുന്നു

[തിരുത്തുക]

പോപ് ക്ലമൻ്റ് രാജാവിൻ്റെ വിവാഹം അസാധുവാക്കിക്കൊടുക്കുകയില്ല എന്ന് മനസിലാക്കിയതോടെ രാജാവ് തൻ്റെ ഉപദേശകന്മാരായ തോമസ് ക്രോംവെൽ മുതലായവരോട് ചേർന്ന് കത്തോലിക്കാ സഭയുടെ അധികാരം ഇംഗ്ലണ്ടിൽ കുറയ്ക്കാൻ തുടങ്ങി. 1532ൽ ഹെൻ‌റി ആനിനെ പെംബ്രൊക് പ്രഭ്വിയായി നാമകരണം ചെയ്തു, അവരെ രഹസ്യമായി വിവാഹം കഴിക്കുകയും ചെയ്തു.

കാന്റർബെറി ബിഷപ്പായിരുന്ന വില്യം വാർഹം കാലശേഷം രാജാവ് തോമസ് ക്രാൻ‌മറിനെ തൽസ്ഥാനത്ത് ബിഷപ്പ് ആയി നിയമിച്ചു. ഇതിനു മുമ്പ് ക്രാൻ‌മറിനു വലിയ പദവികളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും ആൻ കുടുംബത്തിനു രാജാവിലുണ്ടായിരുന്ന സ്വാധീനം ഇക്കാര്യത്തിൽ ക്രാൻ‌മറെ സഹായിച്ചു. 1533 ജനുവരി 23൹ ബിഷപ് ക്രാൻ‌മർ ഹെൻറിയുടെയും കാതറിൻ്റെയും വിവാഹം അസാധുവാക്കി. കാതറിനെ മുമ്പ് രാജാവിൻ്റെ സഹോദരന് വിവാഹനിശ്ചയം ചെയ്തിരുന്നതായിരുന്നു. അദ്ദേഹം മരിച്ച് പോയതിനാലാണ് ഹെൻ‌റി കാതറിനെ വിവാഹം ചെയ്തത്. എന്നാൽ കാതറിനിൽ രാജാവിനു പെണ്മക്കൾ മാത്രമേ പിറന്നുള്ളൂ. ഇത് ഈ വിവാഹത്തിലുള്ള ദൈവത്തിൻ്റെ അപ്രീതി കാരണമാണെന്ന വാദം ഉന്നയിച്ചാണ് കാതറിനുമായുള്ള വിവാഹത്തെ അസാധുവാക്കിക്കൊടുത്തത്.

ഹെൻ‌റി VIII, Hans Holbein the Younger, 1537നോടടുത്ത് വരച്ച ചിത്രം

25൹ ഹെൻ‌റി ആനിനെ ഔദ്യോഗികമായി വിവാഹം ചെയ്തു. 5 ദിവസങ്ങൾക്ക് ശേഷം ബിഷപ് ക്രാൻ‌മർ ആനുമായുള്ള രാജാവിൻ്റെ വിവാഹത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ഇതറിഞ്ഞ പോപ് ക്ലമൻ്റ് ഹെൻ‌റി രാജാവിനെയും ബിഷപ് ക്രാൻ‌മറെയും സഭയിൽനിന്നും മുടക്കി. ഇത് ഇംഗ്ലണ്ടിലെ സഭയും പോപ്പുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടാകുവാൻ കാരണമായി. രാജാവാകട്ടെ ഇംഗ്ലണ്ടിലെ സഭയുടെ അധിപനായി സ്വയം അവരോധിക്കുകയും ചെയ്തു.

കിരീടധാരണം

[തിരുത്തുക]

1533 ജൂൺ 1൹ ആൻ ഇംഗ്ലണ്ടിൻ്റെ രാജ്ഞിയായി അവരോധിക്കപ്പെട്ടു. ഇംഗ്ലണ്ടിലെ ജനത ഇക്കാര്യത്തിൽ അസംതൃപ്തരായിരുന്നു. കാതറിൻ്റെ കാര്യത്തിൽ രാജാവ് അന്യായമായാണ് പ്രവർത്തിച്ചതെന്ന് അവർ കരുതി. അതുകൊണ്ട്തന്നെ ഇതിനു കാരണക്കാരിയായ ആനിനോട് വിദ്വേഷവും വെറുപ്പും ജനങ്ങൾക്കിടയിൽ ഉടലെടുക്കുകയും ആനിൻ്റെ ജീവിതാവസാനം വരെ ഈ നില തുടർന്നും പോന്നു.

എന്നിരുന്നാൽത്തന്നെയും ആൻ രാജ്ഞി രാജാവിൻ്റെ ജീവിതത്തിലും ഭരണത്തിലും നിർണായകസ്വാധീനം ചെലുത്തിപ്പോന്നു. രാജ്ഞിയുടെ ധീരവും ശക്തവുമായ നിലപാടുകൾ ഇംഗ്ലണ്ടിലെ നവീകരണത്തിനു ആക്കം പകർന്നു. രാജ്ഞിയുടെ സ്വാധീനത്താൽ നവീകരണപ്രസ്ഥാനത്തിൻ്റെ വക്താക്കൾ ക്രമേണ പല ഔദ്യോഗികമേഖലകളിലും എത്തിച്ചേരപ്പെടുകയും ചെയ്തു. വേദപുസ്തകം ഇംഗ്ലീഷിലേയ്ക്ക് പരിഭാഷപ്പെടുത്തി എന്ന കാരണത്താൽ ജീവനോടെ അഗ്നിക്കിരയാക്കപ്പെട്ട വില്യം റ്റിൻഡേലിൻ്റെ അനുചരനായ കവർഡേലിനെ രാജാവ് തന്നെ വേദപുസ്തകപരിഭാഷ പൂർത്തിയാക്കാനായി നിയോഗിച്ച്. ഇംഗ്ലണ്ടിൻ്റെ സഭാചരിത്രത്തിലെ ഏറ്റവും നിർണായകമായ സമയങ്ങളായിരുന്നു ആൻ രാജ്ഞിയുടെ കാലഘട്ടം.

ഇതിനിടെ 1533 സെപ്റ്റംബർ 7൹ രാജ്ഞി എലിസബെത്ത് രാജകുമാരിക്ക് ജന്മം നൽകി. തൻ്റെ കാലശേഷം രാജ്യം ഭരിക്കാൻ ഒരാൺകുഞ്ഞിനെ ആഗ്രഹിച്ചിരുന്ന രാജാവിൽ ഇത് നിരാശയുളവാക്കുവാനിടയായി. എന്നിരുന്നാൽത്തന്നെ എലിസബെത്തിനു ശേഷം ഒരു ആൺകുഞ്ഞ് തനിക്ക് ലഭിക്കും എന്ന് പ്രതീക്ഷിച്ചതിനാൽ എലിസബെത്തിനെ അദ്ദേഹം അംഗീകരിക്കുവാൻ മനസുകാട്ടി. ആൻ രാജ്ഞിയുടെ പല ഇടപെടലുകളും രാജാവിനു ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. അവർ രാജാവിൻ്റെ തീരുമാനങ്ങളെ പരസ്യമായി എതിർക്കുവാനും തുടങ്ങി. അങ്ങനെ അവരുടെ വിവാഹത്തിലും വിള്ളൽ വീഴുവാനാരംഭിച്ചു. ആൻ രാജ്ഞിയുടെ ഒരു തോഴിയായിരുന്ന ജയ്ൻ സേയ്മോറിൽ രാജാവ് താത്പര്യം കാട്ടിത്തുടങ്ങി. ഇതിനിടെ തുടരെത്തുടരെ ആനിൻ്റെ 3 ഗർഭം അലസിപ്പോയി. മൂന്നാമത്തേതാകട്ടെ ഒരു ആൺകുഞ്ഞുമായിരുന്നു. അതോടെ അവരുടെ ദാമ്പത്യം ഏകദേശം പൂർണമായി തകർന്നു. എങ്ങനെയെങ്കിലും ആൻ രാജ്ഞിയെ ഒഴിവാക്കി ജയ്‌നിനെ വിവാഹം ചെയ്യാനുള്ള തീരുമാനം രാജാവ് എടുത്തു.

മതനേതൃത്വവുമായുള്ള അകൽച്ച

[തിരുത്തുക]
തോമസ് ക്രാൻ‌മർ, രാജ്ഞിയെ അനുകൂലിച്ച് സംസാരിച്ച ഏകവ്യക്തി

തോമസ് ക്രോംവെല്ലിൻ്റെ ചിലതീരുമാനങ്ങളെ ആൻ രാജ്ഞി ശക്തമായി എതിർത്തു. അത് അവർ തമ്മിലുള്ള ബന്ധത്തെയും കാര്യമായി ബാധിച്ചു. അദ്ദേഹവും ആൻ രാജ്ഞിക്കെതിരായി തിരിഞ്ഞു. ഒന്നുകിൽ താൻ, അല്ലെങ്കിൽ രാജ്ഞി —തങ്ങളിൽ ഒരാൾമാത്രമെ അതിജീവിക്കപ്പെടുകയുള്ളൂ എന്ന് അദ്ദേഹം മനസിലാക്കി രാജ്ഞിക്കെതിരായ കരുനീക്കങ്ങൾ ആരംഭിച്ചു.

വൈകാതെ രാജാവ് ആൻ രാജ്ഞിക്കെതിരായി രാജ്യദ്രോഹക്കുറ്റം ചുമത്തി അന്വേഷണത്തിനുത്തരവിട്ടു. 1536 ഏപ്രിൽ 2൹ ആൻ രാജ്ഞിയെ അറസ്റ്റ് ചെയ്ത് ലണ്ടൻ ഗോപുരത്തിലേക്ക് മാറ്റി. അവിടെവെച്ച് അവരുടെ വിചാരണ നടക്കുകയും വ്യഭിചാരം അഗമ്യഗമനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് അവരെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഈ തീരുമാനം എടുത്തതാകട്ടെ ആനിനു മുമ്പ് വിവാഹനിശ്ചയം കഴിച്ച ഹെൻ‌റി പെർസി, ആനിൻ്റെ മാതുലൻ തോമസ് ഹോവാർഡ് തുടങ്ങിയവർ ഉൾപ്പെട്ട ജൂറിയും. 1536 മെയ് മാസം 5-ാം തിയതിയാണീ വിധി വന്നത്. നാലു ദിവസത്തിനുശേഷം 9൹ അവരെ ശിരഛേദം ചെയ്തുകൊണ്ട് ഈ വിധി നടപ്പിലാക്കുകയും ചെയ്തു. മിക്ക ആധുനിക ചരിത്രകാരന്മാരും ആൻ രാജ്ഞിക്കെതിരായി ആരോപിക്കപ്പെട്ട കുറ്റകൃത്യങ്ങൾ കെട്ടിച്ചമച്ചുണ്ടാക്കിയതാണെന്ന് കരുതുന്നു[6][7].

അക്കാലത്തെ ലഭ്യമായ രേഖകൾ പ്രകാരം വളരെ ധൈര്യത്തോടെയാണ് ആൻ രാജ്ഞി തൻ്റെ ശിക്ഷ ഏറ്റുവാങ്ങിയത്. ശിക്ഷനടപ്പാക്കുന്നതിനു തൊട്ടുമുമ്പും അവരെ ദൈവത്തെ സാക്ഷിനിർത്തി താൻ കുറ്റക്കാരിയല്ല എന്ന് പ്രസ്താവിക്കുകയുണ്ടായി. രാജ്യത്തിനുവേണ്ടിയും, രാജാവിനു വേണ്ടിയും തനിക്കീ ദുർവിധിവരാൻ കാരണക്കാരായവർക്കുംവേണ്ടിക്കൂടി പ്രാർഥിച്ചതിനു ശേഷം ആണ് ആൻ വധിക്കപ്പെട്ടത്.

ഫ്രാൻസിൽനിന്നും വന്ന അരാച്ചാരാണ് ഈ കൃത്യം നിർവഹിച്ചത്, ഒരൊറ്റ വെട്ടിനുതന്നെ അവരുടെ ശിരസും ഉടലും വേർപെട്ടുപോയി എന്നും രേഖകളിൽ കാണുന്നു.

അംഗീകാരം

[തിരുത്തുക]

ഹെൻ‌റി രാജാവിൻ്റെ മരണശേഷം ആൻ രാജ്ഞിയുടെ മകൾ എലിസബെത്ത് രാജ്ഞി അധികാരം ഏറ്റെടുത്തു. തുടർന്ന് എലിസബെത്ത് ആൻ രാജ്ഞിയെ ഒരു രക്തസാക്ഷിയായും ഇംഗ്ലണ്ടിലെ സഭയുടെ ഒരു വീരപുത്രിയായും പ്രഖ്യാപിച്ചു.[8] തുടർന്നുള്ള നൂറ്റാണ്ടുകളിൽ ആൻ രാജ്ഞിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി പല കലാസൃഷ്ടികളും രൂപപ്പെടുകയുണ്ടായി.

  1. "Doubts raised over Anne Boleyn portraits". Hever Castle. Retrieved 19 June 2021.
  2. Spender, Anna. "The many faces of Anne Boleyn" (PDF). Hever Castle. Archived from the original (PDF) on 2021-12-01. Retrieved 19 June 2021.
  3. Pronunciations with stress on the second syllable were rare until recently and were not mentioned by reference works until the 1960s; see The Big Book of Beastly Mispronunciations (2006) by Charles Harrington Elster
  4. Jones, Daniel Everyman's English Pronouncing Dictionary 12th edition (1963)
  5. Wells, John C. (1990). Longman pronunciation dictionary. Harlow, England: Longman. p. 83. ISBN 0-582-05383-8. entry "Boleyn"
  6. Gairdner, James, ed. (1887). Letters and Papers, Foreign and Domestic, Henry VIII, Volume 10, January–June 1536. Her Majesty's Stationery Office. pp. 349–371.
  7. Wriothesley, Charles (1875). A Chronicle of England During the Reigns of the Tudors, From A.D. 1485 to 1559. Vol. 1. Camden Society. pp. 189–226.
  8. Ives, p.261, Google Books, retrieved on 5 December 2009.
"https://ml.wikipedia.org/w/index.php?title=ആൻ_ബുലിൻ&oldid=3825193" എന്ന താളിൽനിന്ന് ശേഖരിച്ചത്