വിക്ടർ ജോർജ്ജ്
വിക്ടർ ജോർജ്ജ് | |
---|---|
![]() | |
ജനനം | 1955 ഏപ്രിൽ 10 |
മരണം | ജൂലൈ 9, 2001 | (പ്രായം 46)
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഫോട്ടോജേണലിസം |
അറിയപ്പെടുന്നത് | 1985 - യൂണിസെഫ് അവാർഡ് (ആദ്യ പത്ത് ഫോട്ടോഗ്രാഫർമാരിൽ ഒരാൾ.
1994 - ഹിരോഷിമയിൽ പന്ത്രണ്ടാമത് ഏഷ്യാഡ് കവർ ചെയ്തു |
ജീവിതപങ്കാളി(കൾ) | ലില്ലി |
കുട്ടികൾ | അശ്വതി, നീൽ |
കേരളത്തിൽ നിന്നുള്ള പ്രശസ്ത നിശ്ചലച്ചിത്ര ഛായാഗ്രാഹകൻ (ഫോട്ടോഗ്രാഫർ) ആയിരുന്നു വിക്ടർ ജോർജ്ജ്. (ജനനം: ഏപ്രിൽ 10, 1955; മരണം: ജൂലൈ 9, 2001). മലയാള മനോരമ ദിനപത്രത്തിന്റെ മുഖ്യ ഫോട്ടോഗ്രാഫർ ആയിരുന്നു വിക്ടർ ജോർജ്ജ്. മഴ എന്ന നിശ്ചലച്ചിത്ര പരമ്പര വിക്ടറിന്റെ കൃതികളിൽ പ്രശസ്തമാണ്. ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ വെണ്ണിയാനി മലയിൽ ഉരുൾപൊട്ടലിന്റെ ചിത്രങ്ങൾ എടുക്കവേ മണ്ണിടിച്ചിലിൽ ആകസ്മികമായി മരണപ്പെട്ടു.
ജീവിതരേഖ[തിരുത്തുക]
1955 ഏപ്രിൽ 10-നു കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്തുള്ള കാണക്കാരി ഗ്രാമത്തിലാണ് വിക്ടർ ജോർജ്ജ് ജനിച്ചത്. തന്റെ സഹോദരനായിരുന്നു ഫോട്ടോഗ്രഫിയുടെ ആദ്യപാഠങ്ങൾ പഠിപ്പിച്ചുകൊടുത്തത്. ഒരു വിനോദമായി തുടങ്ങിയ ഫോട്ടോഗ്രഫി പിന്നീട് ഒരു മുഴുവൻ സമയ പ്രവൃത്തി ആയി മാറുകയായിരുന്നു. 1981-ൽ വിക്ടർ മലയാള മനോരമയിൽ ചേർന്നു. 1985 മുതൽ 1990 വരെ മനോരമയുടെ ഡെൽഹി ബ്യൂറോയിൽ പ്രവർത്തിച്ചു. 1986-ലെ ദേശീയ ഗെയിംസിന്റെ ചിത്രങ്ങൾ വിക്ടറിനെ അന്താരാഷ്ട്ര പ്രശസ്തനാക്കി.
അനിതാ സൂദ്, കവിതാ സൂദ് എന്നീ നീന്തൽക്കാരികളുടെ അമ്മ (അല്പം തടിച്ച സ്ത്രീ) വനിതകളുടെ 400 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ഗാലറിയിൽ നിന്ന് അവരെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ശക്തമായ ചിത്രങ്ങൾ വിക്ടറിന് ഒരുപിടി അവാർഡുകളും ഖ്യാതിയും നൽകി. സൗത്ത് ഏഷ്യൻ ഫെഡറേഷൻ ഗെയിംസിൽ (കൽക്കട്ട, 1989) ഇന്ത്യൻ റിലേ ടീം ബാറ്റൺ താഴെയിടുന്നതിന്റെ ചിത്രവും പ്രശസ്തമായിരുന്നു. 1990 മുതൽ വിക്ടർ മലയാള മനോരമ കോട്ടയം ബ്യൂറോയുടെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്നു. വിക്ടറിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങൾ പ്രശസ്തമായിരുന്നു. കോട്ടയം ജില്ലാ ആശുപത്രിയിൽ പേവിഷബാധ വന്ന് മരിക്കാറായ ഒരു കുഞ്ഞിന്റെ ചിത്രം വിക്ടർ എടുത്തത് നിസ്സഹായനായ കുട്ടി അച്ഛന്റെ കൈയിൽ ഇറുക്കിപ്പിടിക്കുന്നതിന്റെ ചിത്രമായിരുന്നു. കുഞ്ഞിന്റെ മുഖവും സംരക്ഷിക്കുവാനായി നീണ്ട പിതാവിന്റെ കരവും മാത്രമേ ആ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ.
മലയാളമനോരമയുടെ ഭാഷാസാഹിത്യമാസികയായ ഭാഷാപോഷിണിക്കുവേണ്ടി വിക്ടർ എടുത്ത കവികളുടെയും കലാകാരന്മാരുടെയും എഴുത്തുകാരുടെയും ചിത്രങ്ങൾ തന്റെ ചിത്രങ്ങളുടെ വിഷയമായ കലാകാരനുമായി ഒരേ ഈണത്തിൽ സ്പന്ദിക്കുവാനുള്ള വിക്ടറിന്റെ കഴിവിന് മകുടോദാഹരണമാണ്.
കോട്ടയത്ത് കുറച്ചുനാൾ പത്രത്തിൽ പ്രവർത്തിച്ചതിനു ശേഷം വിക്ടർ തന്റെ ശ്രദ്ധ പ്രകൃതി ഛായാഗ്രഹണത്തിലേക്ക് തിരിച്ചു. പ്രകൃതിയുടെ ആക്രമണത്തിനു വിധേയമായ പരിസ്ഥിതിയും മനുഷ്യന്റെ ദുരയും വിക്ടറിന്റെ ഛായാചിത്രങ്ങൾക്ക് വിഷയങ്ങളായി. കുട്ടനാട്ടിലെ കായലുകള്‍, ഭാരതപ്പുഴ, വന്യജീവികൾ (പ്രത്യേകിച്ചും പാമ്പുകൾ), ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തല ചിത്രീകരണം, കേരളത്തിലെ മൺസൂൺ എന്നിവ വിക്ടറിന്റെ പ്രിയപ്പെട്ട വിഷയങ്ങളായി.
രണ്ടുവർഷത്തോളം വിക്ടർ റെയിൻ ബുക്ക് എന്ന തന്റെ പദ്ധതിയിൽ പ്രവർത്തിച്ചു. കന്യാകുമാരി, കോവളം, ശംഖുമുഖം കടപ്പുറം, ആലപ്പുഴയിലെ കടലോരങ്ങൾ എന്നിവിടങ്ങളിലെല്ലാം മൺസൂൺ ചിത്രീകരിക്കുവാനായി വിക്ടർ സഞ്ചരിച്ചു. മൂന്നാറിലെയും നെല്ലിയാമ്പതിയിലെയും കുന്നുകളിൽ പട്ടുനൂൽ പോലെയുള്ള മഴയുടെ വിവിധ ഭാവങ്ങളും വിക്ടർ കാമറയിൽ പകർത്തി.
ഇടുക്കിയിൽ മഴക്കാലത്ത് വെള്ളത്തിൽ മുങ്ങിപ്പോയ ഒരു അയ്യപ്പക്ഷേത്രത്തിൽ ഒരു വഞ്ചിയിലിരുന്ന് പൂജനടത്തുന്ന പൂജാരിയുടെ ചിത്രം എടുക്കുവാൻ വിക്ടർ ശ്രമിച്ചു. ഹൈറേഞ്ച് മലനിരകളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും സൃഷ്ടിക്കുന്ന മഴയുടെ ക്രോധവും വിക്ടറിനെ ആകർഷിച്ചു.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- വിക്ടറിനെ മഴ കവർന്നിട്ട് അഞ്ചു വർഷം, വൺഇന്ത്യാ വെബ്സൈറ്റ്
- വെളിച്ചം, നിഴൽ, മഴ - ദ് ഹിന്ദു പത്രത്തിൽ നിർമ്മലാ അരവിന്ദ് വിക്ടറെപ്പറ്റി എഴുതിയ അവലോകനം