Jump to content

റോബർട്ട് ബേൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റോബർട്ട് ബേൺസ്
റോബർട്ട് ബേൺസിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രം
റോബർട്ട് ബേൺസിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രം
തൊഴിൽകവി, പാട്ടെഴുത്തുകാരൻ, കർഷകൻ, ചുങ്കംപിരിവുകാരൻ
ദേശീയതസ്കോട്ടിഷ്
സാഹിത്യ പ്രസ്ഥാനംകാല്പനികത്വം
ശ്രദ്ധേയമായ രചന(കൾ)ഓൾഡ് ലാങ്ങ് സിൻ, എലിയോട്, അ മേൻ ഈസ് അ മേൻ ഫോർ ഓൾ ദാറ്റ്, ഒരു സ്നേഹചുംബനം, സ്കോട്ട്സ് വാ ഹേ, ഷാന്ററിലെ ടാം
കയ്യൊപ്പ്

സ്കോട്ട്‌ലണ്ടിലെ ഒരു കവിയും പാട്ടുകാരനും ആയിരുന്നു റോബർട്ട് ബേൺസ് (ജനനം: 25 ജനുവരി 1759; മരണം 21 ജൂലൈ 1796). പാട്ടക്കുടിയാനായ ഒരു കർഷകന്റെ മകനായി ജനിച്ച് കർഷകനായി ജീവിച്ച അദ്ദേഹം, ഉഴവുകാരൻ കവി(Ploughman Poet), റാബീ ബേൺസ്, സ്കോട്ട്‌ലണ്ടിന്റെ ഇഷ്ടപുത്രൻ, ഐർഷയറിലെ ഗായകൻ എന്നീ പേരുകളിലും, സ്കോട്ട്‌ലണ്ടിൽ 'ഗായകൻ' ഒറ്റപ്പേരിലും അറിയപ്പെടുന്നു.[1][2]സ്കോട്ട്‌ലണ്ടിന്റെ ദേശീയകവിയായി ലോകമൊട്ടാകെ അദ്ദേഹം മാനിക്കപ്പെടുന്നു. സ്കോട്ട്സ് ഭാഷയിൽ എഴുതിയ കവികളിൽ ഏറ്റവും പ്രശസ്തൻ ബേൺസ് ആണെങ്കിലും, അദ്ദേഹത്തിന്റെ രചനകളിൽ ഗണ്യമായൊരു ഭാഗം ഇംഗ്ലീഷിലും, പുറത്തുള്ളവർക്കും മനസ്സിലാകുന്ന തരം സ്കോട്ട്സ് നാട്ടുഭാഷയിലും ആയിരുന്നു. സാധാരണ ഇംഗ്ലീഷ് ഭാഷയിൽ എഴുതിയ കവിതകളിലാണ്‌ അദ്ദേഹത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ നിലപാടുകൾ ഏറ്റവും നിശിതമായിരിക്കുന്നത്.


കാല്പനികപ്രസ്ഥാനത്തിന്റെ ആരംഭകരിൽ ഒരാളായി ബേൺസ് എണ്ണപ്പെടുന്നു. മരണശേഷം, ലിബറലിസത്തിന്റേയും, സമാജവാദത്തിന്റേയും ആദ്യകാലവക്താക്കളെ അദ്ദേഹം കാര്യമായി സ്വാധീനിച്ചു. സ്കോട്ട്‌ലണ്ടിലും, വിദേശങ്ങളിലെ സ്കോട്ട് പ്രവാസികൾക്കിടയിലും ബേൺസ് ഒരു സാംസ്കാരിക ബിംബമാണ്‌. പത്തൊൻപതും ഇരുപതും നൂറ്റാണ്ടുകളിൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റേയും കവിതകളുടേയും ഉജ്ജ്വലത ഏറെ ആഘോഷിക്കപ്പെടുകയും ഒരു ബേൺസ് ആരാധനയ്ക്കു തന്നെ ജന്മം കൊടുക്കുകയും ചെയ്തു. സ്കോട്ട് സ്വാഹിത്യത്തിന്മേൽ ബേൺസ് ഇന്നും വലിയൊരു സ്വാധീനമാണ്‌. 2009-ൽ സ്കോട്ട്‌ലണ്ടിലെ ദേശീയ ടെലിവിഷൻ ചാനൽ നടത്തിയ ഒരു വോട്ടെടുപ്പിൽ, ഏക്കാലത്തേയും ഏറ്റവും മഹാനായ സ്കോട്ട്‌ലണ്ടുകാരനായി അദ്ദേഹം വിലയിരുത്തപ്പെട്ടു.


ഓൾഡ് ലാങ്ങ് സിൻ (Auld Lang Syne - Old Long Since) എന്ന അദ്ദേഹത്തിന്റെ കവിത വർഷാവസാന ദിനം പാടുന്നത് പതിവാണ്‌. സ്കോട്ട്സ് വാ ഹേ(Scots Wha Hae - Scots Who Have) എന്ന ഗീതം ഏറെക്കാലം സ്കോട്ട്‌ലണ്ടിന്റെ ദേശീയഗാനമായിരുന്നു. ചുവന്നു ചുവന്നൊരു റോസപ്പൂവ് (A Red, Red Rose); അ മേൻ ഈസ് എ മേൻ ഫോർ ഓൾ ദാറ്റ് (A Man's A Man for A' That); പേനിനോട് (To a Louse); ചുണ്ടെലിയോട്(To a Mouse) തുടങ്ങിയവ ബേൺസിന്റെ പ്രസിദ്ധമായ മറ്റു രചനകളിൽ ചിലതാണ്‌. സ്വന്തമായി കവിതകൾ എഴുതിയതിനു പുറമേ, സ്കോട്ട്‌ലണ്ടിലെ നാടൻ പാട്ടുകൾ ശേഖരിക്കാന്നതിൽ വഹിച്ച പങ്കിന്റെ പേരിലും ബേൺസ് സ്മരിക്കപ്പെടുന്നു.

ജീവിതം

[തിരുത്തുക]

ബാല്യം

[തിരുത്തുക]
സ്കോട്ട്‌ലണ്ടിലെ അല്ലോവേയിൽ റോബർട്ട് ബേൻസ് ജനിച്ച മൺകുടിൽ

പാവപ്പെട്ട പാട്ടക്കുടിയാനായിരുന്ന വില്യം ബേൺസിന്റേയും ആഗ്നസ് ബ്രൗണിന്റെയും ഏഴുമക്കളിൽ മൂത്തവനായി സ്കോട്ട്‌ലണ്ടിലെ അല്ലോവേ എന്ന സ്ഥലത്തെ ഒരു മൺകൂരയിലാണ്‌ റോബർട്ട് ബേൺസ് ജനിച്ചത്. അദ്ദേഹത്തിനു ഏഴു വയസ്സുള്ളപ്പോൾ കുടുംബം അല്ലോവേയിൽ നിന്ന് മൗണ്ട് ഒലിഫാന്റ് എന്ന കൃഷിയിടത്തിലേയ്ക്ക് കുടിമാറി. ദാരിദ്ര്യവും കഠിനമായ കായികാദ്ധ്വാനവുമായി ബേൺസ് അവിടെ വളർന്നു. ഇക്കാലത്ത് ഔപചാരിക വിദ്യാഭ്യാസത്തിന്‌ അധികം അവസരമൊന്നും കിട്ടിയില്ലെങ്കിലും തനിക്കറിയാവുന്നത്ര എഴുത്തും വായനയും ഗണിതവും ഭൂമിശാസ്ത്രവും ചരിത്രവും പിതാവ് മക്കളെ പഠിപ്പിച്ചിരുന്നു. മക്കൾക്കുവേണ്ടി, "ക്രിസ്തീയ വിശ്വാസത്തിന്റെ ഒരു ലഘുസംഹിത"(A manual of Christian belief) സ്വയം എഴുതിയുണ്ടാക്കുക പോലും ചെയ്തു അദ്ദേഹം. പതിമൂന്നു വയസ്സുള്ളപ്പോൾ ഒരു പണിയാളുടെ മുഴുവൻ ജോലി കൃഷിയിടത്തിൽ ചെയ്യാൻ തുടങ്ങിയ റോബർട്ട് ബേൺസ് 16-ആമത്തെ വയസ്സിൽ അവിടത്തെ മുഖ്യ വേലക്കാരനായി. കഠിനാദ്ധ്വാനം മൂലം അകാലത്തിലേ അദ്ദേഹത്തിനു ചെറിയ കൂനു ബാധിച്ചിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ വീട്ടിൽ കൃഷിപ്പണിയ്ക്ക് സഹായി ആയി വന്ന നെല്ലി കിക്‌പാട്രിക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാമുമി. കവിതാരചനയിൽ ബേൺസിന്റെ ആദ്യസം‌രംഭത്തിനു പ്രേരണയായത് അവളായിരുന്നു.[൧]

കിർക്കോസ്വാൾഡ്

[തിരുത്തുക]

പതിനേഴു വയസ്സുള്ളപ്പോൾ ബേൺസ്, മാപനവിദ്യ (Surveying) പഠിക്കാനായി വീടുവിട്ട് കിർക്കോസ്വാൾഡ് എന്ന സ്ഥലത്തെത്തി. കള്ളക്കടത്തുകാരുടേയും കുടിയന്മാരുടേയും ക്രമം വിട്ട് ജീവിക്കുന്നവരുടേയും താവളമെന്ന നിലയ്ക്ക് അക്കാലത്ത് കുപ്രസിദ്ധി നേടിയിരുന്ന ആ സ്ഥലത്ത് മോശമായ കൂട്ടുകെട്ടുകളിൽ പെട്ട അദ്ദേഹവും കുടിയും ലഹളയുമായി ജീവിച്ച് പഠനത്തിൽ ശ്രദ്ധിക്കാതായി.[3][൨] അവിടെ കണ്ടു മുട്ടിയ പെഗി തോംസൺ എന്ന പെൺകുട്ടിയെക്കുറിച്ച് അദ്ദേഹം രണ്ടു പാട്ടുകൾ എഴുതിയെങ്കിലും ആ പേമത്തോടെ ബേൺസിന്റെ പഠനം അവതാളത്തിലായി. താമസിയാതെ പഠനം ഉപേക്ഷിച്ച് അദ്ദേഹം വീട്ടിലേയ്ക്കു മടങ്ങി. എന്നാൽ കിർക്കോസ്വാൾഡിൽ പിടിപെട്ട ശീലങ്ങൾ അദ്ദേഹത്തെ വിട്ടുമാറിയില്ല. പിന്നീടും അദ്ദേഹം പല പ്രേമബന്ധങ്ങളിലും പെട്ടു. സദാചാരവിരുദ്ധനെന്ന് ദുഷ്പേര്‌ അയൽക്കാർക്കിടയിൽ ഇത് അദ്ദേഹത്തിനു നേടിക്കൊടുത്തു. 1785-ൽ, അമ്മയുടെ പരിചാരികയായിരുന്ന എലിസബത്ത് പാറ്റൺ അദ്ദേഹത്തിന്റെ ആദ്യസന്താനം എലിസബത്ത് പാറ്റൻ ബേൺസിന്റെ അമ്മയായി. അടുത്ത വർഷം, പിന്നീട് ബേൺസിന്റെ ഭാര്യയായി തീർന്ന ജീൻ ആർമർ അദ്ദേഹത്തിന്റെ ഇരട്ടക്കുട്ടികളെ പ്രസവിച്ചു.

കിൽമാർനോക് പതിപ്പ്

[തിരുത്തുക]
ജന്മനാട്ടിലെ എഗ്ലിണ്ടൺ ഗ്രാമോദ്യാനത്തിൽ ബേൺസിന്റെ പ്രതിമ

ആയിടെ തന്നെ, മേരി കാമ്പ്ബെൽ എന്ന പെൺകുട്ടിയും ബേൺസിന്റെ കാമുകിയായി. സാമ്പത്തിക പരാധീനതയും വിട്ടുമാറാത്ത ദുശ്ശീലങ്ങളും മൂലം വിഷമിച്ച ബേൺസ് 30 പൗണ്ട് വാർഷികശമ്പളത്തിൽ ജമൈക്കയിലെ ഒരു അടിമ എസ്റ്റേറ്റിൽ തൊഴിൽ സ്വീകരിച്ചു പോകാൻ ഒരുങ്ങി. മേരി കാമ്പ്ബെലിനേയും ഒപ്പം കൂട്ടാൻ ഉദ്ദേശിച്ചിരുന്നു എന്നു പറയപ്പെടുന്നു.[൩] ഏതായാലും താമസിയാതെ അവർ ടൈഫസ് രോഗം പിടിപെട്ടു മരിച്ചു. ജമൈക്കയിലേക്കുള്ള കപ്പൽ കൂലി ഉണ്ടാക്കാനായി, താൻ അതേ വരേ എഴുതിയിരുന്ന കവിതകൾ പ്രസിദ്ധീകരിക്കാൻ ബേൺസ് തയ്യാറായി. അങ്ങനെ ഇറങ്ങിയതാണ്‌ അദ്ദേഹത്തിന്റെ കവിതകളുടെ 1786-ലെ പ്രസിദ്ധമായ കിൽമാർനോക് പതിപ്പ്. പ്രതിയൊന്നിനു മൂന്നു ഷില്ലിങ്ങ് വിലവച്ചിരുന്ന ആ പതിപ്പിനു പ്രതിഫലമായി കവിയ്ക്കു കിട്ടിയത് 20 പൗണ്ടായിരുന്നു. ആ സമാഹാരത്തിലെ കവിതകൾ പെട്ടെന്ന് ജനപ്രീയമായി.


തുടർന്ന്, ജമൈക്കയിലേക്കു കപ്പൽ കയറാൻ ഉദ്ദേശിച്ചിരുന്നതിന്റെ തലേന്ന് സ്കോട്ട്‌ലണ്ടിനോട് യാത്ര പറഞ്ഞുള്ള ഒരു കവിത പോലും എഴുതിയ ബേൺസ് നിശ്ചിതദിനം പ്രഭാതത്തിൽ ആ പരിപാടി ഉപേക്ഷിച്ചു. പകരം അദ്ദേഹം ഒരു കുതിരയെ സംഘടിപ്പിച്ച് സ്കോട്ട്‌ലണ്ടിന്റെ തലസ്ഥാനമായ എഡിൻബറോയിലെയ്ക്കു തിരിച്ചു. ആ സന്ദർശനത്തിൽ ബേൺസിന്റെ കവിതയുടെ ആരാധകരും സമൂഹത്തിലെ ഉന്നതന്മാരും അദ്ദേഹത്തെ സ്വീകരിച്ച് അഭിനന്ദിച്ചു. അന്നു പതിനാറു വയസ്സു മാത്രമുണ്ടായിരുന്ന പ്രഖ്യാത ഇംഗ്ലീഷ് ആഖ്യായികാകാരൻ വാൾട്ടർ സ്കോട്ട് ബേൺസിനെ എഡിൻബറോയിൽ കണ്ടത് അനുസ്മരിക്കുന്നുണ്ട്. കൃഷീവലപശ്ചാത്തലം മാത്രമുണ്ടായിരുന്ന ബേൺസ്, എഡിൻബറോയിലെ നാഗരികരുമായി ഇടപഴകുന്നതിൽ പകടിപ്പിച്ച അകൃത്രിമത സ്കോട്ടിൽ മതിപ്പുണ്ടാക്കി. എഡിൻബറോയിലെ താമസത്തിനിടെ രൂപപ്പെട്ട പുതിയ സൗഹൃദങ്ങളിലൊന്ന്, ഭർത്താവുമായി അകന്നുകഴിഞ്ഞിരുന്ന ആഗ്നസ് നാൻസി മക്ക്ലഹോസ് എന്ന വനിതയുമായായിരുന്നു. അവരുമായി അദ്ദേഹം ദീർഘമായ കത്തിടപാടിലേർപ്പെട്ടു. ഇരുവരും കള്ളപ്പേരുകളിലാണ്‌ എഴുതിയിരുന്നത്. എന്നാൽ ആ അടുപ്പം ഏറെ പുരോഗമിക്കാതിരുന്നപ്പോൾ ബേൺസ്, നാൻസിയുടെ വീട്ടുവേലക്കാരി ജെന്നി ക്ലോയുമായുള്ള ബന്ധത്തിൽ ചെന്നെത്തി. 1788 ജെന്നി, ബേൺസിന്റെ പുത്രൻ റോബർട്ട് ബേൺസ് ക്ലോയെ പ്രസവിച്ചു. രണ്ടാമതൊരിക്കൽ എഡിൻബറോയിലെത്തിയെ ബേൺസിനു കിട്ടിയതു പരുക്കൻ സ്വീകരണമായിരുന്നു. നഗരത്തിലെ മദ്യഷാപ്പുകളിലെ നിത്യസന്ദർശകനും, വ്യവസ്ഥാരഹിതമായി ജീവിക്കുന്നവനുമായി അപ്പോഴേക്ക് അദ്ദേഹം തിരിച്ചറിയപ്പെട്ടു കഴിഞ്ഞിരുന്നു. എഡിൻബറോയോട് ബേൺസിനും മടുപ്പായി.

വിവാഹം

[തിരുത്തുക]
ഡംഫ്രീസ് നഗരമദ്ധ്യത്തിൽ റോബർട്ട് ബേൺസിന്റെ പ്രതിമ

1788-ൽ നാട്ടിൽ പഴയ കാമുകി ജീൻ ആർമറെ തേടിയെത്തിയ ബേൺസ് അവളുടെ പിതാവിന്റെ എതിർപ്പിനെ മറികടന്നു അവളെ വിവാഹം കഴിച്ചു.[4] അവർക്ക് ജനിച്ച ഒൻപതു മക്കളിൽ മൂന്നു പേർ മാത്രമേ ശൈശവത്തിനപ്പുറം ജീവിച്ചിരുന്നുള്ളൂ. ഡംഫ്രീസ് നഗരത്തിനടുത്തുള്ള എല്ലിസ്‌ലാണ്ട് കൃഷിയിടത്തിലാണ്‌ അക്കാലത്ത് അവർ താമസിച്ചിരുന്നത്. കൃഷി വിജയിക്കാതിരുന്നതിനെ തുടർന്ന് അവിടം ഉപേക്ഷിച്ച് 1791-ൽ അവർ ഡംഫ്രീസ് നഗരത്തിലേയ്ക്കു തന്നെ താമസം മാറ്റി. ഇക്കാലത്ത് ബേൺസ്, സ്കോട്ട്സ് ഭാഷയിൽ ധാരാളം നാടൻ പാട്ടുകൾ എഴുതി. സ്കോട്ട്‌ലണ്ടിലെ ഗാനങ്ങൾ(Melodies of Scotland) എന്ന ശേഖരത്തിലേയ്ക്ക് അദ്ദേഹം100 ഗാനങ്ങൾ എഴുതിക്കൊടുത്തു. ജോർജ്ജ് തോംസൺ, ജെയിംസ് ജോൺസൺ തുടങ്ങിയവർ സമാഹരിച്ചിരുന്ന ഗാനശേഖരങ്ങൾക്കും അദ്ദേഹത്തിന്റെ പാട്ടുകൾ മുതൽക്കൂട്ടായി. ലിറിക്കൽ കവികളുടെ മുൻ‌നിരയിൽ അദ്ദേഹത്തെ എത്തിച്ച് അനശ്വരനാക്കിയത് ഈ സമാഹാരങ്ങളാണ്‌. സ്വന്തമായ പാട്ടുകൾ എഴുതിയതിനു പുറമേ, സ്കോട്ട്‌ലണ്ടിലെ പഴയ നാടോടിക്കവിതകൾ ശേഖരിക്കുന്നതിലും വ്യാപൃതനായി.

ജീവിതാന്ത്യം

[തിരുത്തുക]
ഡംഫ്രീസിന്റെ വിശുദ്ധ മിഖായേലിന്റെ പള്ളി സിമിത്തേരിയിൽ ബേൺസിന്റെ സംസ്കാരസ്ഥാനം

ബേൺസിന്റെ ജീവിതത്തിലെ അവസാനവർഷങ്ങൾ കഷ്ടത നിറഞ്ഞതായിരുന്നു. അല്പമായ വരുമാനത്തിൽ ജീവിക്കേണ്ടിയിരുന്നിട്ടും മദ്യശാലകളിൽ നിന്നു വിട്ടുനിൽക്കാൻ അദ്ദേഹത്തിനായില്ല. എന്നാൽ കഷ്ടതയുടേയും ജീർണ്ണതയുടേയും ഇക്കാലത്തും പ്രതിഭാവിലാസത്തിന്റെ ഇടവേളകൾ ഉണ്ടായി. "എന്റെ കാമുകി ചുവന്നു ചുവന്ന റോസാപ്പൂവാണ്‌"(My love is like a red red rose) എന്ന പ്രഖ്യാതമായ തുടക്കത്തോടുകൂടിയ എ റെഡ് റോസ്, വർഷാവസാന ദിവസങ്ങളിൽ പാടാറുള്ള ആൾഡ് ലാങ്ങ് സിൻ(Auld Lang Syne), സ്കോട്ട്‌ലണ്ടിന്റെ ദേശീയഗാനമായി മാനിക്കപ്പെടുന്ന സ്കോട്ട്സ് വാ ഹേ(Scots wha hae) തുടങ്ങിയ പ്രസിദ്ധരചനകൾ അദ്ദേഹം നിർ‌വഹിച്ചത് ഇക്കാലത്താണ്‌. മലം‌പ്രദേശത്ത് ഒരു കൊടുങ്കാറ്റിൽ നടത്തിയ കുതിരസവാരിക്കിടെയാണ്‌ സ്കോട്ട്സ് വാ ഹേ രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.

ബേൺസിന്റെ അവസാനത്തെ കത്ത് ജപ്തി ഭീഷണി മുന്നിൽ കണ്ടപ്പോൾ ധനസഹായമാവശ്യപ്പെട്ട് ഒരു സുഹൃത്തിനെഴുതിയതാണ്‌. അദ്ദേഹം അവസാനമായെഴുതിയ ഗാനം, ജെസ്സി ലീവാർസ് എന്ന പെൺകുട്ടിയുടെ സൗമനസ്യത്തോടുള്ള കൃതജ്ഞതയിൽ രചിച്ചതാണ്‌. കവി മരണാവസ്ഥയിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ പത്നി പൂർണ്ണഗർഭിണിയായിരുന്നു. ആ അവസ്ഥയിൽ തന്നേയും കുടുംബത്തെയും സഹായിക്കാൻ ജെസ്സി ലീവാർസ് മുന്നോട്ടുവന്നതിനെക്കുറിച്ചാണ്‌ അദ്ദേഹം വികാരഭരിതമായ ആ വരികൾ എഴുതിയത്. "നീ ശീതക്കൊടുങ്കാറ്റിൽ ആയിരുന്നാലും" (Oh wert thou in the cauld blast) എന്ന ആ കവിതയുടെ സംഗീതാവിഷ്കരണം ഏറെ പ്രസിദ്ധമാണ്‌.[3]

1796 ജൂലൈ 21 പ്രഭാതത്തിൽ, 37 വയസ്സു മാത്രമുള്ള റോബർട്ട് ബേൺസ് ഡംഫ്രീസിൽ മരിച്ചു. ജൂലൈ 25-നായിരുന്നു അദ്ദേഹത്തെ സംസ്കരിച്ചത്. അതേദിവസം അദ്ദേഹത്തിന്റെ ഏറ്റവും ഇളയ മകൻ മാക്സ്‌വെൽ ബേൺസ് ജനിച്ചു. ഡൈഫ്രീസിലെ വിശുദ്ധ മിഖായേലിന്റെ പള്ളി സിമിത്തേരിയുടെ ഒരു മൂല ആയിരുന്നു ആദ്യ സംസ്കാരസ്ഥാനം. എന്നാൽ 1815 സെപ്തംബർ മാസത്തിൽ അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടം, പ്രത്യേകമായൊരു കബറിടത്തിലേയ്ക്കു മാറ്റി സംസ്കരിച്ചു. 1834-ൽ മരിച്ച പത്നി ജീൻ ആർമർക്കും അത് അന്ത്യവിശ്രമസ്ഥാനമായി.[5]

സ്കോട്ട്‌ലണ്ടിൽ അബർഡീനിലെ യൂണിയൻ ടെറസ് ഉദ്യാനത്തിൽ ബേൺസിന്റെ വെങ്കലപ്രതിമ

1786-ൽ ഇറങ്ങിയ ബേൺസിന്റെ കവിതകളുടെ കിൽമാർനോക് പതിപ്പിന്‌, "മുഖ്യമായും സ്കോട്ട്സ് ഭാഷയിലുള്ള കവിതകൾ"[൪] എന്നാണ്‌ പേരിട്ടിരുന്നത്. എന്നാൽ ഇംഗ്ലീഷ് സാഹിത്യത്തിന്റെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു സംഭവം എന്ന് ആ പതിപ്പ് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. വിരസവും ഔപചാരികത നിറഞ്ഞതുമായ കവിതയുടെ ഒരു നൂറ്റാണ്ടിനു ശേഷം വന്ന ആ സമാഹാരത്തിലെ ഹൃദയത്തോടു നേരിട്ടു സം‌വദിക്കുന്ന കവിതകൾ ആസ്വാദകരെ സന്തോഷിപ്പിച്ചു.[3]


കിൽമാർനോക്ക് പതിപ്പിലെ എലിയോട്(To a Mouse), ഒരു ഡെയ്‌സിപ്പൂവിനോട് (To a mountain Daisy) തുടങ്ങിയ കവിതകളിൽ ബേൺസിന്റെ കാർഷിക പശ്ചാത്തലം പ്രതിഭലിക്കുന്നു. എലിയോട് എന്ന കവിതയിൽ, ശീതകാലത്തെ ഒരു ദിവസം ഒരെലിയുടെ മാളം അറിയാതെ ഇളക്കിപ്പോയ കവി തന്നെ കണ്ടു പരിഭ്രമിച്ച എലിയോട് സംസാരിക്കുകയും അതിലെ സമാധാനിപ്പിക്കാൻ ശ്രമിക്കുകയുമാണ്‌. പ്രഭാതത്തിൽ നിലമുഴാൻ തുടങ്ങുന്ന കവിയുടെ കലപ്പയിൽ ഒരു ഡെയ്‌സിപ്പൂ പെട്ടു പോകുന്നതാണ്‌ രണ്ടാമത്തെ കവിതയുടെ പശ്ചാത്തലം. രണ്ടു നായ്ക്കൾ(The Twa Dogs) എന്ന കവിത പ്രഭുവും, കുടിയാനും യജമാനന്മാരായുള്ള രണ്ടു നായ്‌ക്കളുടെ സുഹൃദ്‌ഭാഷണമാണ്‌. ആരുടെ യജമാനനാണ്‌ കൂടുതൽ സംതൃപ്തി എന്നു കണ്ടെത്താനാണ്‌ അവരുടെ ശ്രമം. ഇല്ലായ്മകൾക്കിടയിലും പ്രഭുക്കളേക്കാൾ സംതൃപ്തി കുടിയാന്മാർക്കാണെന്ന് അവർ കണ്ടെത്തുന്നു. എങ്കിലും തങ്ങൾ മനുഷ്യരാകാതെ, നായ്ക്കളായി ജനിച്ചതിലുള്ള അവരുടെ സന്തോഷം ചിത്രീകരിച്ചാണ്‌ കവിത സമാപിക്കുന്നത്. ചെകുത്താനോട്(To the Deil) എന്ന കവിതയിൽ കവി ചെകുത്താനോട് സരസമായി സംസാരിക്കുന്നു. പേനിനോട്(To a Louse) എന്ന കവിതയ്ക്ക് രസകരമായൊരു പശ്ചാത്തലമാണുള്ളത്. ഒരു ഞായറാഴ്ച പള്ളിയിൽ പോയ കവി, അവിടെ ഒരു കൊച്ചമ്മയുടെ തൊപ്പിയിൽ അരിച്ചു നടക്കുന്ന പേനിനെ കണ്ടു. അവളുടെ വേഷത്തിന്റേയും ഭാവത്തിന്റേയും ഗാംഭീര്യം പരിഗണിക്കാത്തതിന്‌ പേനിനെ ശകാരിക്കുന്ന കവി, ഏതെങ്കിലും വൃദ്ധയുടേയോ നിർദ്ധനബാലന്റേയോ ദേഹം തേടിപ്പോകാൻ അതിനെ ഉപദേശിക്കുന്നു. മറ്റുള്ളവർ നമ്മെ കാണുന്നതു പോലെ സ്വയം കാണാനുള്ള കഴിവ് മനുഷ്യനു കിട്ടിയിരുന്നെങ്കിൽ എന്ന കവിയുടെ ആശയയിലാണ്‌ ഈ കവിത സമാപിക്കുന്നത്.

ബേൺസ് 1791-ൽ എഴുതിയ ചുവന്നു ചുവന്ന റോസാപ്പൂവ്(A Red Red Rose) എന്ന ചെറുകവിത ഏറെ പ്രസിദ്ധമാണ്‌. നാലു ഖണ്ഡങ്ങളുള്ള അതിന്റെ ആദ്യഖണ്ഡം ഇങ്ങനെയാണ്‌:

സ്കോട്ട്സ് മൂലം അർത്ഥം

O, my luve's like a red, red rose,
That's newly sprung in June.
O, my luve's like the melodie,
That's sweetly play'd in tune.

ജൂൺ മാസത്തിൽ വിടർന്നുവന്ന,
ചെമ്പനീർപ്പൂവാണെന്റെ ഓമന.
ഈണത്തിൽ മധുരമായി പാടിയ,
രാഗമാണെന്റെ ഓമന.

കുടിയാന്റെ വാരാന്ത്യം(The cotter's Saturday night), ഷാന്ററിലെ ടാം (Tam o' Shanter) എന്നിവ ബേൺസിന്റെ താരതമ്യേന ദീർഘമായ രണ്ടു കവിതകളാണ്‌. പാവപ്പെട്ട കൃഷിക്കാരൻ ആഴ്ച മുഴുവനുമുള്ള അദ്ധ്വാനത്തിനു ശേഷം വാരാന്ത്യമായ ശനിയാഴ്ച വയലിൽ നിന്ന് സ്വന്തം കുടിലിൽ മടങ്ങിയെത്തുന്നതിനെ തുടർന്നുള്ള രംഗങ്ങളാണ്‌ കുടിയാന്റെ വാരാന്ത്യം ചിത്രീകരിക്കുന്നത്. "ഉദാത്തമായ ദാരിദ്ര്യത്തിന്റെ തികവുറ്റ ചിത്രം" എന്ന് അത് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[൫] ഷാന്ററിലെ ടാം (Tam o' Shanter) ഹാസ്യപ്രധാനമാണ്‌. രാത്രി ഏറെ വൈകുവോളം മദ്യഷാപ്പിലിരുന്ന് വെളിവില്ലാതായ ശേഷം, ഭൂതപ്രേതങ്ങൾക്കു പേരുകേട്ട നാട്ടുവഴിയിലൂടെ കുതിരപ്പുറത്ത് വീട്ടിലേയ്ക്കു മടങ്ങുന്ന ഒരാൾക്കു പറ്റുന്ന അമളിയുടെ കഥയാണിത്. സ്കോട്ട്സും ഇംഗ്ലീഷും ചേർന്ന മിശ്രഭാഷയിലാണ്‌ ഈ കവിത.[6]

കുറിപ്പുകൾ

[തിരുത്തുക]

^ "ഒരിക്കൽ ഞാനൊരു സുന്ദരിപ്പെണ്ണിനെ പ്രേമിച്ചിരുന്നു" (O, Once I Lov'd A Bonnie Lass) എന്നായിരുന്നു ആ ആദ്യകവിതയുടെ തുടക്കം.

^ ..."അയലത്തെ തോട്ടത്തിൽ ഒരു സുന്ദരിയെ കണ്ടതോടെ പ്രേമം ത്രികോണമിതിയെ ഓടിച്ചുവിട്ടു."......he saw a pretty girl in the neighboring garden, and love put trigonometry to flight."[3]

^ "നീ ഇൻഡീസിലേയ്ക്ക് പോരുന്നോ എന്റെ മേരീ?"(Will you go to the Indies my Mary?) എന്ന ബേൺസിന്റെ കവിതയാണ്‌ ഈ അനുമാനത്തിന്‌ അടിസ്ഥാനം. ബേൺസിന്റെ ഹൈലാണ്ട് മേരി(Highland Mary) എന്ന കവിതയും ഈ മേരിയെ സംബോധന ചെയ്ത് എഴുതിയിരിക്കുന്നതാണ്‌.

^ Poems Chiefly in the Scottish Dialect.

^ "The most perfect picture.....of a Noble Poverty"[3]

അവലംബം

[തിരുത്തുക]
  1. Andrew O'Hagan, "The People's Poet", The Guardian, 19 January 2008.
  2. "Scotland's National Bard". Robert Burns 2008. Scottish Executive. 25 January 2008. Archived from the original on 2008-07-18. Retrieved 2009-06-10.
  3. 3.0 3.1 3.2 3.3 3.4 English Literature, Its history and its significance for the life of the English speaking world, William J. Long(പുറങ്ങൾ 320-328
  4. "Mauchline kirk session records, National Archives of Scotland". 'The Legacy of Robert Burns' feature on the National Archives of Scotland website. National Archives of Scotland. 1 July 2009. Archived from the original on 2009-10-08. Retrieved 2009-07-21.
  5. Hogg, Patrick Scott (2008). Robert Burns. The Patriot Bard. Edinburgh : Mainstream Publishing. ISBN. 978-1-84596-412-2. p. 321.
  6. Robert Burns Wold Federation, ബേൺസിന്റെ കവിതകൾ, ഇംഗ്ലീഷ് മൊഴിമാറ്റത്തോടെ Archived 2011-05-14 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ബേൺസ്&oldid=3739297" എന്ന താളിൽനിന്ന് ശേഖരിച്ചത്