മൈക്രോഫോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂമാൻ U87 കണ്ടൻസർ മൈക്രോഫോൺ

ശബ്ദതരംഗങ്ങളെ വൈദ്യുതതരംഗങ്ങളാക്കി മാറ്റുവാനുപയോഗിക്കുന്ന ഉപാധിയാണ് മൈക്രോഫോൺ. മൈക്ക് എന്ന ചുരുക്ക പേരിലും ഇതറിയപ്പെടുന്നു. 1876 ൽ എമൈൽ ബെർലിനെർ എന്നയാളാണ് ആദ്യത്തെ മൈക്രോഫോൺ നിർമ്മിച്ചത്. ടെലിഫോണിൽ ഉപയോഗിക്കാനായിരുന്നു ഇത്. ഇന്ന് ടി.വി,ടേപ് റെക്കോർഡർ, ടെലിഫോണുകൾ, ചലച്ചിത്ര ക്യാമറകൾ, ശ്രവണ സഹായികൾ തുടങ്ങി ഒട്ടനവധി ഉപകരണങ്ങളിൽ മൈക്രോഫോൺ ഉപയോഗികുന്നു.

ശബ്ദമുണ്ടാകുന്നതിനനുസരിച്ച് വിറക്കുന്ന ഒരു തനുസ്തരമാണ് (membrane) സാധാരണയായ രൂപകല്പനകളിൽ ഉപയോഗിക്കുന്നത്. സാധാരണ മൈക്രോഫോണുകൾ വിദ്യുത്കാന്തികപ്രേരണം വഴിയാണ്‌ പ്രവർത്തിക്കുന്നത്. കപ്പാസിറ്റൻസിൽ വരുന്ന മാറ്റങ്ങൾ, പീസോഇലക്ട്രിക് ജനറേഷൻ, പ്രകാശത്തിന്റെ മോഡ്യുലേഷൻ എന്നിവ ഉപയോഗപ്പെടുത്തുന്നവയുമുണ്ട്.

വിവിധ തരം മൈക്രോഫോണുകൾ[തിരുത്തുക]

കപ്പസിറ്റർ അഥവാ ഇലക്ട്രോസ്റ്റാറ്റിക് മൈക്രോഫോണുകൾ[തിരുത്തുക]

ഇത്തരം മൈക്രോഫോണുകളിൽ ശബ്ദത്തിനനുസരിച്ച് വിറക്കുന്ന ഒരു ഡയഫ്രം, ഒരു കപ്പാസിറ്ററിന്റെ രണ്ട് പ്ലേറ്റുകളിൽ ഒന്നായി വർത്തിക്കുന്നു. ശബ്ദവ്യത്യാസത്തിനനുസരിച്ച് ഈ ഡയഫ്രം വിറക്കുമ്പോൾ രണ്ടാമത്തെ പ്ലേറ്റുമായുള്ള അകലം കൂടുകയും കുറയുകയും ചെയ്യുന്നു. കപ്പാസിറ്ററിന്റെ കപ്പാസിറ്റൻസ് പ്ലേറ്റുകൾ തമ്മിലുള്ള അകലത്തിന് വിപരീത അനുപാതത്തിലായതിനാൽ, അകലം വ്യത്യാസപ്പെടുന്നതിനനുസരിച്ച് കപ്പസിറ്റൻസും വ്യത്യാസപ്പെടുന്നു.

ഫലത്തിൽ കപ്പാസിറ്ററിന്റെ കപ്പാസിറ്റൻസ് ശബ്ദത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. അപ്പോൾ ഈ പ്ലേറ്റുകൾക്കിടയിൽ പ്രയോഗിച്ചിരിക്കുന്ന വോൾട്ടതയിലും വ്യത്യാസം വരുന്നു. (C=Q/V എന്ന സമവാക്യം പ്രകാരം). ഈ വോൾട്ടതാ വ്യതിയാനത്തെ വൈദ്യുത തരംഗമാക്കി ഉപയോഗിക്കുന്നു.

ഇലക്ട്രറ്റ് മൈക്രോഫോണുകൾ[തിരുത്തുക]

കപ്പസിറ്റർ മൈക്രോഫോണുകളുടെ തന്നെ പുതിയ ഒരു രൂപകല്പനയാണ് ഇലക്ട്രറ്റ് മൈക്രോഫോണുകൾ. കപ്പാസിറ്റർ മൈക്രോഫോണുകളിലേതു പോലെ പുറമെ നിന്നും ചാർജ്ജ് കൊടുക്കുന്നതിനു പകരം, ഇലക്ട്രറ്റ് മൈക്രോഫോണുകളിൽ സ്ഥിരമായി ചാർജ്ജ് ചെയ്യപ്പെട്ട പ്ലേറ്റ് ആണ് ഉപയോഗിക്കുന്നത്.

ഡൈനാമിക് മൈക്രോഫോണുകൾ[തിരുത്തുക]

ഇത്തരം മൈക്രോഫോണുകൾ വിദ്യുത്കാന്തികപ്രേരണം വഴിയാണ് പ്രവർത്തിക്കുന്നത്. ഒരു കാന്തിക മണ്ഡലത്തിൽ സ്വതന്ത്രമായി ചലിക്കാൻ കഴിയുന്ന ഒരു കോയിൽ, ഇതിന്റെ ഡയഫ്രവുമായി ഘടിപ്പിച്ചിട്ടുണ്ടാകും. ഈ കോയിൽ ശബ്ദവ്യത്യാസതിനനുസരിച്ച് കാന്തിക മണ്ഡലത്തിൽ ചലിക്കുന്നു. അപ്പോൾ അതിൽ ശബ്ദവ്യത്യാസത്തിന് അനുസൃതമായ വൈദ്യുത പ്രവാഹം ഉണ്ടാകുന്നു.

കാർബൺ മൈക്രോഫൊണുകൾ[തിരുത്തുക]

രണ്ട് പ്ലേറ്റുക്കൾക്കിടയിലുള്ള കാർബൺ തരികളാണ് ഇത്തരം മൈക്രോഫൊണുകളുടെ പ്രധാന ഭാഗം. പ്ലേറ്റുകളിൽ ഒരെണ്ണം ശബ്ദത്തിനനുസരിച്ച് ചലിക്കുന്നതാണ്. ഈ പ്ലേറ്റ് ചലിക്കുമ്പോൾ കാർബൺ തരികളിൽ പ്രയോഗിക്കപ്പെടുന്ന മർദ്ദം വ്യത്യാസപ്പെടുന്നു. അപ്പോൾ കാർബൺ തരികൾ തമ്മിലുള്ള സ്പർശന തലം കൂടുകയും കുറയുകയും ചെയ്യുന്നു. ഇതു മൂലം പ്ലേറ്റുകൾക്കു കുറുകെ കാർബൺ തരികളിലൂടെയുള്ള വൈദ്യുത പ്രവാഹത്തിനു അനുഭവപ്പെടുന്ന പ്രതിരോധം വ്യത്യാസപ്പെടുന്നു. അങ്ങനെ വൈദ്യുത പ്രവാഹം ശബ്ദ തരംഗത്തിനു അനുസൃതമായി പരിവർത്തനം ചെയ്യപ്പെടൂന്നു.


ഇതും കാണുക[തിരുത്തുക]

ഉച്ചഭാഷിണി

അവലംബം[തിരുത്തുക]

നാഷണൽ.കോം [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മൈക്രോഫോൺ&oldid=2427918" എന്ന താളിൽനിന്നു ശേഖരിച്ചത്