മെഹ്ദി ഹസൻ (ഗായകൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മെഹ്ദി ഹസൻ
Mehdi hassan.png
മെഹ്ദി ഹസൻ
ജീവിതരേഖ
അറിയപ്പെടുന്ന പേരു(കൾ) ഖാൻ സാഹിബ്
'ഗസലുകളുടെ ചക്രവർത്തി' (ഉർദു: شہنشاہِ غزل)
മരണം 2012 ജൂൺ 13(2012-06-13) (പ്രായം 84)
കറാച്ചി, Sindh, പാകിസ്താൻ
സംഗീതശൈലി ശാസ്ത്രീയസംഗീതം, ഗസൽ, പിന്നണിഗായകൻ
തൊഴിലു(കൾ) ഗായകൻ, സംഗീതസംവിധായകൻ
ഉപകരണം ഹാർമോണിയം
സജീവമായ കാലയളവ് 1957–1999 (സജീവമല്ല)

പാകിസ്താനിലെ ഒരു പ്രമുഖ ഗസൽ കലാകാരനാണ്‌ മെഹ്ദി ഹസൻ (ഇംഗ്ലീഷ്: Mehdi Hassan, ഉറുദു: مہدی حسنജൂലൈ 18, 1927 – 13 ജൂൺ 2012)). ഗസലുകളുടെ ചക്രവർത്തി ("ഷഹൻഷായി ഗസൽ" ഉർദു: شہنشاہ غزل ) എന്ന അപരനാമധേയത്തിലാണ്‌ മെഹ്ദി ഹസൻ അറിയപ്പെടുന്നത്.[1][2][3] റേഡിയോ പാകിസ്താനിലെ സംഗീതപരിപാടികളിലൂടെ പ്രശസ്തിയാർജ്ജിച്ച ഇദ്ദേഹം, സിനിമാസംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. 1950-കൾ മുതൽ 1980-കളുടെ അവസാനം വരെ സംഗീതരംഗത്ത് മെഹ്ദി ഹസൻ സജീവമായിരുന്നു. പാകിസ്താൻ സർക്കാരിന്റെ ഹിലാൽ-ഇ-ഇംത്യാസ്, തംഗ-ഇ-ഇംത്യാസ്, പ്രൈഡ് ഓഫ് പെർഫോമൻസ് എന്നീ പുരസ്കാരങ്ങളും, നേപ്പാൾ സർക്കാരിന്റെ ഗൂർഖ ദക്ഷിണ ബാഹു പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1927-ൽ ഇന്ത്യയിലെ രാജസ്ഥാനിൽ ജനിച്ച ഇദ്ദേഹം ഇന്ത്യ-പാകിസ്താൻ വിഭജനാനന്തരം പാകിസ്താനിലേക്ക് കുടിയേറുകയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

രാജകുടുംബാംഗങ്ങളെയും പ്രഭുകുടുംബാംഗങ്ങളെയും സംഗീതം അഭ്യസിപ്പിച്ചിരുന്ന “കലാവന്തി“ എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരുടെ കുടുംബത്തിലെ പതിനാറാമത്തെ തലമുറയിൽപെട്ടതാണു മെഹ്ദി ഹസൻ. 1927-ൽ രാജസ്ഥാനിലെ ലൂണാ എന്ന ഗ്രാമത്തിൽ ജനിച്ചു. സംഗീതത്തിന്റെ സമ്പന്നമായ ഒരു പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു കുടുംബത്തിലായിരുന്നു മെഹ്ദി ഹസന്റെ ജനനം. പിതാവിന്റെ കീഴിലായിരുന്നു മെഹ്ദി ഹസന്റെ സംഗീത പഠനം. ഹിന്ദുസ്ഥാനിസംഗീതത്തിലെ ഏറ്റവും പഴക്കം ചെന്ന ദ്രുപദ് സംഗീതശൈലിയിലെ മികച്ച സംഗീതജ്ഞന്മാരായിരുന്ന ഉസ്താദ് അസീം ഖാന്റെയും അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഉസ്താദ് ഇസ്മയിൽ ഖാന്റെയും ശിഷ്യഗണത്തിൽ തന്റെ ആറാമത്തെ വയസ്സിൽ സംഗീതം അഭ്യസിച്ചു തുടങ്ങിയ മെഹ്ദി ഹസൻ, തുമ്രി, ദ്രുപദ്, ഖായൽ, ദാദ്ര എന്നീ സംഗീതശൈലികളിൽ എങ്ങനെ വായ്പാട്ടു കൂടി കൂട്ടിയിണക്കാമെന്നു പഠിച്ചു. എട്ടാമത്തെ വയസ്സിൽ ജയ്പൂർ രാജസദസ്സിൽ വെച്ചു നടത്തിയ പ്രകടനത്തെതുടർന്ന് അദ്ദേഹം കൊട്ടാരത്തിലെ ആസ്ഥാന സംഗീതജ്ഞനായി പിന്നീട് ഉയർന്നു.

ഇന്ത്യ-പാകിസ്താൻ വിഭജനാന്തരം തന്റെ ഇരുപതാം വയസ്സിൽ മെഹ്ദി ഹസനും കുടുംബവും പാകിസ്താനിലേക്കു മാറുകയുണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുകളെ നേരിടുന്നതിനായി മെഹ്ദി ഹസൻ ഒരു സൈക്കിൾ വർക്ക് ഷോപ്പിലും പിന്നീട് ഒരു ഡീസൽ ട്രാക്റ്റർ മെക്കാനിക്കുമായും ജോലി നോക്കുകയുണ്ടായി. കഠിനമായ സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായിട്ടും അദ്ദേഹം തന്റെ സംഗീതസപര്യക്ക് യാതൊരു കോട്ടവും തട്ടാതെ നോക്കുകയുണ്ടായി. 1950ൽ റേഡിയൊ പാകിസ്താനിൽ അവസരം കിട്ടുന്നതോടൂ കൂടി അദ്ദേഹത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ അവസാനിച്ചു. 2000 ൽ ആയുർവേദ ചികിത്സാ സംബന്ധമായി കേരളത്തിലെത്തിയിരുന്നു.

റേഡിയോ പാകിസ്താനിൽ[തിരുത്തുക]

ഉസ്താദ് മെഹ്ദി ഹസൻ തന്റെ യഥാർഥ കഴിവുകൾ പുറത്തെടുക്കുന്നതു റേഡിയോ പാകിസ്താനിലൂടെയാണ്. ആദ്യം തുമ്രിയും ഗസലുകളും വഴിയാണ് മെഹ്ദിയുടെ റേഡിയോയിലെ തുടക്കം. ഇതു അദ്ദേഹത്തിനു പാകിസ്താനിൽ സാർവത്രികമായ അംഗീകാരം നേടിക്കൊടുക്കുകയും എണ്ണപ്പെട്ട സംഗീതജ്ഞന്മാരിലൊരാളായി മാറ്റുകയും ചെയ്തു. ഉസ്താദ് ബർക്കത്ത് അലി ഖാൻ, ബീഗം അക്തർ, മുക്താർ ബീഗം എന്നിവരോടൊപ്പം അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു.

കുറഞ്ഞ കാലത്തിനുള്ളിൽ മെഹ്ദി ഹസന് ഇതു സിനിമയിലേക്കുള്ള വഴി നയിക്കുകയും അവിടെ അദ്ദേഹം തന്റെ വെന്നിക്കൊടി നാട്ടുകയും ചെയ്തു. 1962ൽ ശിക്കാർ എന്ന സിനിമയിൽ 'മേരെ ഖവാബ് ഓ ഖയാൽകി ദുനിയലിയേ ഹുവേ' എന്ന ഗാനത്തോടെയായിരുന്നു തുടക്കം.[4] അക്കാലയളവിലും അദ്ദേഹം ഒരു ആഴ്ചയിൽ ഏഴു പാട്ടു വരെ റേഡിയോയിലും, മൂന്ന് നാല് സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചു പോന്നു. 1950 മുതൽ 70 വരെയുള്ള കാലഘട്ടം മെഹ്ദി ഹസന്റെ ദശകങ്ങൾ എന്നു തന്നെ അറിയപ്പെട്ടു. അക്കാലയളവിൽ മെഹ്ദി ഹസന്റെ സംഗീതമില്ലാതെ പാകിസ്താനി സിനിമകളിറങ്ങുന്നത് അപൂർവ്വമായിരുന്നു. 1960ൽ അദ്ദേഹം തന്റെ അനന്യമധുരമായ ഗസലുകളുമായി ലോക പര്യടനം ആരംഭിച്ചു. ബീഗം അക്തർ, ബർക്കത്ത് അലി ഖാൻ, മുക്താർ ബീഗം എന്നീ ഗസൽ ഗായകരുടെ സ്വാധീനമാണ് മെഹ്ദിയെ ഗസലിന്റെ ലോകത്തെത്തിച്ചത്. [5] ഏറ്റവും ബുദ്ധിമുട്ടുള്ള രാഗങ്ങൾ പോലും അദ്ദേഹത്തിന്റെ സ്വരമാധുരിയിലുടെ പുറത്തു വന്നു. ശബ്ദങ്ങളുടെ തമ്പുരാൻ'എന്നാണ് ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്ക്കർ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

പ്രസിദ്ധ ഗസൽ ആൽബങ്ങൾ[തിരുത്തുക]

 • "കെഹ്ന ഉസേ"
 • "നർസാ"
 • "ദിൽ ജോ രഹ്താ ഹേ"
 • "ഗാലിബ് ഗസൽസ്"
 • "ഖൂലി ജോ ആംഘ്"

ബഹുമതികൾ[തിരുത്തുക]

നിരവധി അംഗീകാരങ്ങൾ ഉസ്താദ് മെഹ്ദി ഹസനെ തേടിയെത്തിയിട്ടുണ്ട്. പാകിസ്താനിലെ ബഹുമതികളയ തംഘാ - ഇ- ഇംത്യാസ്, ഹിലാൽ-ഇ-ഇംത്യാസ് മുതലായ അതിൽ പെടുന്നു. 28 നിഗാർ അവാർഡുകൾ, 67 മറ്റു അവാർഡുകൾ എന്നിവ പാകിസ്താനിൽ നിന്നു മാത്രം അദ്ദേഹത്തിനു ലഭിച്ചു. 1979-ൽ ഇന്ത്യയിൽ നിന്നും സൈഗാൾ അവാർഡ് ലഭിച്ചു. 1983-ൽ നേപ്പാൾ ഗൂർഖ ദക്ഷിൺ ബാഹു പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. പിന്നീട് 1999-ൽ നൂറ്റാണ്ടിലെ ഗായകനുള്ള അവാർഡ് തുടങ്ങിയവ നേടി[6]ഗസൽ ഇതിഹാസമെന്നാണ് മെഹ്ദിയെ സംഗീതലോകം വിശേഷിപ്പിച്ചിരുന്നത്.[7]

ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്നു ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ അവസാനത്തോടൂ കൂടി അദ്ദേഹം സിനിമയിൽ പാടുന്നതു അവസാനിപ്പിക്കുകയുണ്ടായി. രോഗം മൂർച്ഛിച്ചതോടു കൂടി മറ്റു സംഗീതപരിപാടികളിൽ നിന്നും അദ്ദേഹം പുർണ്ണമായി പിൻ‌വാങ്ങുകയുണ്ടായി. കരൾ രോഗത്തെതുടർന്ന് എൺപത്തി നാലാം വയസ്സിൽ മരണമടഞ്ഞു[8].

അവലംബം[തിരുത്തുക]

 1. http://www.deshabhimani.com/newscontent.php?id=166261
 2. "സ്മരണ" (ഭാഷ: മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 750. 2012 ജൂലൈ 09. ശേഖരിച്ചത് 2013 മെയ് 08. 
 3. http://www.metrovaartha.com/2012/06/13142016/MEHDI-HASSAN-20120613.html
 4. http://www.madhyamam.com/news/172916/120613
 5. http://www.deshabhimani.com/newscontent.php?id=164730
 6. http://www.deshabhimani.com/newscontent.php?id=164730
 7. http://www.madhyamam.com/news/172910/120613
 8. http://www.mathrubhumi.com/story.php?id=278970

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മെഹ്ദി_ഹസൻ_(ഗായകൻ)&oldid=2285223" എന്ന താളിൽനിന്നു ശേഖരിച്ചത്