മഡിയൻ കൂലോം ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മടിയൻ കൂലോം ക്ഷേത്രം
മടിയൻ കൂലോം ക്ഷേത്രം.
മടിയൻ കൂലോം ക്ഷേത്രം.
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കാസർഗോഡ് ജില്ല
സ്ഥാനം:മൂലക്കണ്ടം മടിയൻ റോഡ്, മടിയൻ, കാഞ്ഞങ്ങാട്.
വാസ്തുശൈലി, സംസ്കാരം
പ്രധാന ഉത്സവങ്ങൾ:പാട്ടുൽത്സവം, കലശം ഉത്സവം.

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ അജാനൂർ ഗ്രാമപഞ്ചായത്തിലെ മടിയൻ എന്ന പ്രദേശത്താണ് മടിയൻ കൂലോം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഹോസ് ദുർഗ്ഗ് താലൂക്കിന്റെ ആസ്ഥാനമായ കാഞ്ഞങ്ങാടുനിന്നും അഞ്ച് കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. ഭദ്രകാളി (കാളരാത്രിഅമ്മ) യാണ് ഇവിടത്തെ പ്രധാന ആരാധനമൂർത്തി. ക്ഷേത്രപാലകൻ, ഭഗവതി, ഭൈരവൻ എന്നീ ആരാധനാമൂർത്തികളും ഇവിടെയുണ്ട്. ഉഷഃപൂജയും സന്ധ്യാപൂജയും നടത്തുന്നത് മണിയാണികളും (യാദവർ) ഉച്ചപൂജ നടത്തുന്നത് ബ്രാഹ്മണരുമാണ്.[1]

ഇടവ മാസത്തിലെ (മെയ്, ജൂൺ) കലശവും ധനു മാസത്തിലെ (ഡിസംബർ, ജനുവരി) പാട്ടുൽസവവും ആണ് ഇവിടുത്തെ പ്രധാന ഉത്സവങ്ങൾ. കൂടാതെ ഭക്തർക്കുള്ള വിവിധ വഴിപാടുകളും ഉണ്ട്. തണ്ണീലാമൃത്, ഉദയസ്തമാന പുജ എന്നിവ ഇവയിൽ പ്രധാനമാണ്.

വാസ്തുവിദ്യയും ദാരു ശിൽപ്പങ്ങളും[തിരുത്തുക]

6 ഏക്കറോളം സ്ഥലത്താണ് ക്ഷേത്രം വ്യാപിച്ചുകിടക്കുന്നത്. 3 ഏക്കറിൽ പരമ്പരാഗത കേരള ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമ്മിച്ച ക്ഷേത്രമാണ്. ശില്പങ്ങൾക്കും വിസ്മയകരമായ തടി കൊത്തുപണികൾക്കും പേരുകേട്ടതാണ് ഈ ക്ഷേത്രം. അപൂർവ്വമായ നിരവധി ദാരു ശിൽപ്പങ്ങൾ ഇവിടുണ്ട്. പലതും നാശത്തിന്റെ വക്കിലാണ്. രാമായണത്തിലെ പുരാതന കഥകളും മറ്റ് ഇതിഹാസങ്ങളുമാണ് പല ശിൽപ്പങ്ങളിലും ചിത്രീകരിച്ചിരിക്കുന്നത്. കൊത്തുപണികളിൽ ഭൂരിഭാഗവും തെക്കിനി, പടിഞ്ഞാറൻ ഗോപുരം, കുളത്തിനടുത്തുള്ള മണ്ഡപം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അടുക്കള സമീപമുള്ള 'തെക്കിനി മണ്ഡപത്തിൽ ദക്ഷയാഗം, സീതാ സ്വയം വരം, രാമ - ലക്ഷ്മണൻമാരുടെ വനയാത്ര തുടങ്ങി നിരവധി കൊത്തുപണികൾ ഉണ്ട്. അടുക്കളയിൽ നിന്ന് തുടർച്ചയായുള്ള കരിയും പുകയുമേറ്റ് ക്ഷേത്രത്തിന്റെ ഈ ഭാഗത്തെ എല്ലാ തടി കൊത്തുപണികളും ഭാഗികമായി അല്ലെങ്കിൽ മിക്കവാറും നശിപ്പിക്കപ്പെട്ടിരിക്കുന്നു. കുളത്തിലെ ഗോപുരത്തിനു താഴെ 12 രാശികളുടെയും നവഗ്രഹ ദേവതകളുടെയും ദാരുശിൽപ്പങ്ങൾ വെള്ളി നിറം പൂശി നശിപ്പിച്ച അവസ്ഥയിലാണ്.

പടിഞ്ഞാറൻ ഗോപുരത്തിൽ അമൃതമഥനം, കാളിയമർദ്ദനം, അനന്തശയനം തുടങ്ങിയവ ചിത്രീകരിച്ചിരിക്കുന്നു. വാസുകിയെ കയറാക്കി പാലാഴി കടയുന്നതിന്റെ പ്രധാന ഭാഗം കാണിക്കുന്ന കൊത്തുപണികൾ അസാധാരണമായി മനോഹരമായി കാണപ്പെടുന്നു. മധ്യപ്രദേശിലെ ലോകപ്രശസ്ത ഖജുരാഹോ ക്ഷേത്രത്തിൽ കാണുന്നതു പോലുള്ള രതി വ‍ർണ്ണനകളും ദാരു ശിൽപ്പങ്ങളിലുണ്ട്. [2] ക്ഷേത്രക്കുളത്തിനു സമീപത്തെ ഗോപുരത്തിലെ ശിൽപ്പങ്ങൾ പെയിന്റടിച്ച് നശിപ്പിച്ച നിലയിലാണ്. പുരാവസ്തു വകുപ്പ് ക്ഷേത്രം ഏറ്റെടുക്കാൻ ആലോചിക്കുന്നുണ്ട്.[3]അത്ഭുതകരമായ കൊത്തുപണികളും മരം കൊത്തുപണികളും കാണാൻ നിരവധി സഞ്ചാരികൾ ഇവിടെ സന്ദർശിക്കുന്നുണ്ട്. തനതായ സസ്യങ്ങളിൽ നിന്നും മരങ്ങളിൽ നിന്നും ലഭിക്കുന്ന സ്വാഭാവിക നിറങ്ങളുടെ ഉപയോഗവും സംയോജനവും കൊത്തുപണികളുടെ ഭംഗി വർദ്ധിപ്പിക്കുന്നു. മഹാവിഷ്ണുവിന്റെ നരസിംഹാവതാരം ഉള്ളടക്കമായ ഒരു ചുവർ ചിത്രവും ഇവിടെയുണ്ട്. ക്ഷേത്രത്തിൽ രണ്ട് കുളങ്ങളുണ്ട്. പ്രവേശന കവാടത്തിനടുത്ത് ഒരു 'കുനിയുന്ന' ആനയുടെ ചെറിയ ശിൽപ്പവും കുളത്തിൽ ഒരു പാമ്പിന്റെ മറ്റൊരു ശില്പമുണ്ട്,

ചിത്രശാല[തിരുത്തുക]

അലംബം[തിരുത്തുക]

  1. https://kasargod.nic.in/ml/%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%8D%E0%B4%A5%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%8D/
  2. https://www.deshabhimani.com/news/kerala/news-kasaragodkerala-01-06-2019/802528
  3. https://localnews.manoramaonline.com/kasargod/local-news/2017/11/01/g3-campaign-story.html
"https://ml.wikipedia.org/w/index.php?title=മഡിയൻ_കൂലോം_ക്ഷേത്രം&oldid=3816379" എന്ന താളിൽനിന്ന് ശേഖരിച്ചത്