ബീമാപള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബീമാപ്പള്ളിയുടെ മുൻപിൽ നിന്നുള്ള ദൃശ്യം

കേരളത്തിലെ മുസ്ലിം ആരാധനാലയങ്ങളിൽ ഏറെ പഴക്കം ചെന്നതും പ്രസിദ്ധവുമാണ്‌ തിരുവനന്തപുരത്തെ ബീമാപള്ളി. നാനാജാതി മതസ്ഥർക്ക്‌ ആശ്രയവും അഭയവും കഷ്ടതകളിൽ നിന്നു മോചനവും നൽകുന്നു[അവലംബം ആവശ്യമാണ്]. ഈ പള്ളിയിലെ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി പരമ്പര. അന്ത്യ പ്രവാചകനായ നബി തിരുമേനിയുടെ പരമ്പരയിൽപെട്ട ബീമാ ബീവി, മകൻ ശൈയ്ഖ്‌ സെയ്യിദ്‌ ശഹീദ്‌ മാഹീൻ അബൂബക്കർ എന്നിവരുടെ ഖബറുകളാണ്‌ ബീമാപള്ളിയിൽ ഉള്ളത്‌. ബീമാ ബീവിയുടെ പേരിൽ നിന്നാണ് ബീമാ പള്ളി എന്ന പേര് ഉണ്ടാകുന്നത്. ആതുര സേവനവും മത പ്രബോധനവുമായി കേരളം മുഴുവൻ ചുറ്റിയ ഇവർ ഒടുവിൽ തിരുവല്ലം എന്ന സ്ഥലത്തു എത്തി സ്ഥിരതാമസം ആക്കി. വലിയ വിദഗ്‌ദ്ധനായ ഒരു ഹാക്കിം (വൈദ്യൻ) ആയിരുന്ന മാഹിന്റെയും ബീമാ ബീവിയുടെയും പ്രശസ്തി തെക്കൻ തിരുവിതാംകൂറിൽ വ്യാപിച്ചു. രോഗികളും കഷ്ടത അനുഭവിക്കുന്നവരും ഇവരുടെ സ്വാധീനത്താൽ ഇസ്‌ലാമിലേക്ക് മതാരോഹണം നടത്തി. എന്നാൽ സാമൂഹിക ഘടനയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യതയേകിയ കൺവേർഷനെ തങ്ങളുടെ നില നില്പിന്നു ഭീഷണി ആയി കണ്ട രാജ ഭരണ കൂടം 'വിദേശിക'ളായ ഇവർക്കെതിരെ ഗൂഢാലോചനകൾ മെനഞ്ഞു. കരം നൽകണമെന്ന ഉത്തരവിനോട് ദൈവത്തിന്റെ ഭൂമിയിൽ ദൈവത്തിനു മാത്രമേ കരം നൽകുകയുള്ളൂ എന്നു മാഹിൻ പ്രതികരിച്ചു. മാഹിനേയും കൂട്ടാളികളെയും ചതിയിലുടെ വെട്ടി കൊലപ്പെടുത്തി. മകന്റെ വേർപാടിൽ മനം നൊന്ത ബീമാ ബീവിയും വൈകാതെ വിട പറഞ്ഞു. ഇവരെ ഖബറടക്കിയ സ്ഥലത്താണ് പള്ളി വന്നത്. രോഗ ശമനത്തിന് ഈ പള്ളിയിൽ വന്നുള്ള പ്രാർത്ഥന ഉത്തമമാണെന്നു ആളുകൾ വിശ്വസിക്കുന്നു. നൂറ്റാണ്ടുകൾക്കു മുൻപ്‌ മാലിക് ബിൻ ദീനാറിന് ശേഷം ഇസ്ലാം മത പ്രബോധനത്തിനായി ഇന്ത്യ യിലെത്തിയ ഈ പുണ്യാത്മാക്കളുടെ സ്മരണയിൽ വർഷം തോറും ഉറൂസ്‌ (ചന്ദനക്കുടം) ആഘോഷിക്കുന്നു.

തിരുവനന്തപുരം ബീമാപള്ളിയിൽ കേരളം കണ്ട ഏറ്റവും വലിയ വെടിവെപ്പാണ് 2009 മെയ്‌ 17ന് ഉച്ച തിരിഞ്ഞ് പോലീസ് ജനങ്ങൾക്ക്‌ നേരെ വെടിവെപ്പ് നടത്തിയ സംഭവമാണ് ബീമാപള്ളി പോലീസ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. സംഭവത്തിൽ 6 പേര് കൊല്ലപ്പെടുകയും 50 ഓളം പേർക്ക് വെടിയേറ്റ്‌ പരിക്കേൽക്കുകയും ചെയ്തു. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തമന്ത്രി ആയിരുന്ന ഇടത് സർക്കാരിന്റെ കാലത്താണ് സംഭവം.[1] മൽസ്യ ബന്ധനം ആണ് ബീമാപള്ളിക്കാരുടെ പ്രധാന വരുമാന മാർഗം.

വിശ്വാസം[തിരുത്തുക]

ഈ ഖബറിൽ ആശ്രയം തേടിയെത്തുന്ന ഭക്‌തലക്ഷങ്ങൾക്ക്‌ രോഗ മുക്‌തി ലഭിക്കുമെന്നത്‌ സുനിശ്ചിതം എന്നു പഴമക്കാർ പറയുന്നു. ഇവിടെ എത്തുന്ന അന്യമതക്കാരിൽ ഭൂരിഭാഗവും രോഗശാന്തി തേടി വരുന്നവരാണ്‌. ശ്രേഷ്ഠമായ സിദ്ധി വൈഭവങ്ങളുള്ള ഈ തീർത്ഥാടന കേന്ദ്രത്തിൽ താമസിച്ച്‌ രോഗമുക്‌തി വരുത്തിയവർ ധാരാളം[അവലംബം ആവശ്യമാണ്].

ഏതു രോഗത്തേയും ശമിപ്പിക്കാൻ കഴിയുന്നതെന്നു വിശ്വസിക്കപ്പെടുന്ന ദിവ്യ ഔഷധ ഗുണങ്ങളുള്ള ജലം ലഭിക്കുന്ന 'മരുന്നു കിണർ' എന്ന അത്ഭുത ജല സംഭരണി ഇവിടെയുണ്ട്‌. ദിവ്യ ജലം ലക്ഷ്യമായ രണ്ടു കിണറുകളാണ്‌ ഇവിടെയുള്ളത്‌. ഇതിൽ ഒന്നിൽ തണുത്ത വെള്ളവും ഒന്നിൽ ചൂടുള്ള വെള്ളവുമാണ്‌. ഈ വെള്ളത്തിൽ കുളിക്കുന്നതിനും കുടിക്കാനായി ശേഖരിക്കുന്നതിനും ഇവിടെ എപ്പോഴും തിരക്കു തന്നെ. പള്ളിയുടെയത്ര പഴക്കമുള്ള ഈ കിണർ വറ്റിയിട്ടില്ലെന്ന്‌ പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

ഖബറുകൾ[തിരുത്തുക]

പള്ളിയിൽ മൂന്ന്‌ ഖബറുകളാണ്‌ ഉള്ളത്‌. ബാബാമസ്‌താന്റേതാണ്‌ ഒരു ഖബര്‍. ഈ പുണ്യാത്മ സ്മരണകളും പുതുക്കുന്ന ഉറൂസ്‌ എല്ലാ വർഷവും റബീഉൽ ആഖർ ഒന്ന് മുതൽ പത്തു വരയാണ്. ദൈംനംദിനം ആയിരക്കണക്കിന്‌ ഭക്‌തർ അനുഗ്രഹം തേടിയെത്തുന്ന പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ ഇവിടെ പ്രസാദമായി നൽകുന്നത്‌ പൂവും പട്ടും എണ്ണയും മറ്റുമാണ്‌. ഭക്‌തർ നേർച്ചയായി ഖബറിൽ അർപ്പിക്കുന്നതും ഇവ തന്നെ.


അനുബന്ധ പ്രവർത്തനം[തിരുത്തുക]

ആലംബമറ്റവരെ സഹായിക്കുന്നതിനായി ബീമാ മാഹീൻ മെമ്മോറിയൽ ആശുപത്രി പള്ളി മാനേജിംഗ്‌ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നു. നിർദ്ധന വിദ്യാർത്ഥികൾക്കായി ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ എന്ന വിദ്യാഭ്യാസ സ്ഥാപനവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്‌. തികച്ചും സൗജന്യ പഠനമാണ്‌ ഇവിടെ. പള്ളിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നാണ്‌ ഈ പ്രവർത്തന പദ്ധതികൾ നടപ്പാക്കുവാൻ ഫണ്ട്‌ കണ്ടെത്തുന്നത്‌.

ബീമാപള്ളി ഇമാമിന്റെ നേതൃത്വത്തിൽ ദുഃആ പ്രാർത്ഥനയോടെ ആരംഭിക്കുന്ന പട്ടണ പ്രദക്ഷിണത്തോടെയാണ്‌ ഉറൂസ്‌ മഹോത്സവത്തിന്റെ ആരംഭം. മതപ്രസംഗങ്ങളും വിവിധ കലാപരിപാടികളും ഉണ്ടാകും.അനന്തപുരിയിലെ നാനാജാതി മതസ്ഥരും ഭക്‌തിയിൽ നിറഞ്ഞ മനസ്സോടെ വിശ്വാസത്തിന്റെ ഈ പുണ്യ ഉത്സവത്തിൽ പങ്കു ചേരും. ഓരോ ഉറൂസ്‌ ആഘോഷവും മതേതരത്വത്തിന്റെ പ്രതീകാത്മക ആഘോഷം കൂടിയാകുമ്പോൾ അതിന്‌ ഭാരതത്തിന്റെ ആത്മാംശം കൈവരുന്നു.


അവലംബം[തിരുത്തുക]

  1. https://malayalam.indianexpress.com/news/features/trivandrum-beemapally-police-fire-eight-years-udf-ldf-government/
"https://ml.wikipedia.org/w/index.php?title=ബീമാപള്ളി&oldid=3609909" എന്ന താളിൽനിന്ന് ശേഖരിച്ചത്