Jump to content

പെരെൻ ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ വടക്ക് കിഴക്കൻ സംസ്ഥാനമായ നാഗാലാന്ഡിലെ പതിനൊന്ന് ജില്ലകളിൽ അവസാനം രൂപീകൃതമായ ജില്ലയാണ് പെരെൻ. നാഗാലാൻഡിന്റെ കൊഹിമ ജില്ല വിഭജിച്ചാണ് 2003 ആഗസ്റ്റ് 15ന് ഈ ജില്ല രൂപീകരിച്ചത്. പർവ്വതനിരകളുടെ മുകളിലായി സ്ഥിതി ചെയ്യുന്ന ഈ ജില്ലയിൽ നിബിഡ വനങ്ങൾ ധാരാളമായി കാണപ്പെടുന്നു. പടിഞ്ഞാറ് ആസാമും ദിമാപൂർ ജില്ലയും കിഴക്ക് കൊഹിമയും തെക്ക് മണിപ്പൂരും വടക്ക് അരുണാചൽ പ്രദേശുമാണ് പെരെന്റെ അതിർത്തികൾ. പതിനാറോളം ഗോത്രവർഗ്ഗക്കാർ ഉൾപ്പെടുന്ന നാഗാലാന്റിലെ ഏഴ് ജില്ലകളിൽ ഒന്നാണ് ഈ ജില്ല.[1][2]

ജനതയും സംസ്കാരവും

[തിരുത്തുക]

സെലിയാങ്, കുക്കി ഗോത്രവർഗ്ഗത്തിൽപ്പെട്ടവരാണ് ഇവിടെയുള്ള ഭൂരിഭാഗം ജനങ്ങളും. മണിപ്പൂരിലെ സേനാപതി ജില്ലയിലെ ൻങ്കുൽവാങ്ങ്ടിയിൽ നിന്നാണ് ഇവർ ഇവിടെ എത്തിച്ചേർന്നത്. കൊളോണിയൽ കാലഘട്ടത്തിൽ കച്ചാ നാഗാസ് എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. കൃഷിയാണ് പ്രധാന ഉപജീവന മാർഗ്ഗം. പൂർവ്വികരിൽ നിന്നും പകർന്നു കിട്ടിയ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും മുറ തെറ്റാതെ ഇവർ പാലിച്ചുവരുന്നു. ഇവർക്ക് സ്വന്തമായ കലയും സംസ്കാരവും പാട്ടും നൃത്തവുമെല്ലാം ഉണ്ട്. നാഗാലാന്ഡിലെ പ്രധാന വർഗ്ഗക്കാരായി ഇവർ കണക്കാക്കപ്പെടുന്നു. ബ്രിട്ടീഷുകാരുടെ വരവോടെ നിരവധി മിഷനറി സ്ഥാപനങ്ങളും മറ്റും ഇവിടെ സ്ഥാപിക്കപ്പെടുകയുണ്ടായി. ക്രിസ്ത്യൻ മതത്തിന്റെ വരവിന് അതോടെ ഇവിടെ തുടക്കം കുറിച്ചു. ഇവിടുത്തുകാരുടെ സംസ്കാരത്തിലും ജീവിതരീതിയിലുമെല്ലാം വലിയ മാറ്റത്തിന് വഴി തെളിയിച്ച ഒരു കാലഘട്ടമായിരുന്നു അത്. കൊഹിമ മിഷൻ സെന്റർ ക്രിസ്ത്യൻ മതത്തിന്റെ പ്രചാരത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പെരെൻ ജനതയുടെ പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് ക്രിസ്തുമസ്സ്. വിളവെടുപ്പ് ഉത്സവമായ മിംകൂറ്റ്, ചേഗ ഗഡി തുടങ്ങിയ പരമ്പരാഗത ആഘോഷങ്ങളും ഇവിടെ നടത്തപ്പെടുന്നു. ഗോത്ര വർഗ്ഗത്തിലെ ധീരന്മാരെ വാഴ്ത്തുന്ന ചാഗ-ങീ ഇവിടത്തെ മറ്റൊരു പ്രധാന ഉത്സവമാണ്.

ചരിത്രം

[തിരുത്തുക]

ഇവിടെയുള്ള ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമായി ഒട്ടേറെ കാലം നാഗാലാന്റിന്റെ ഇതര ഭൂപ്രദേശങ്ങളിൽ നിന്നും മറ്റും ഒറ്റപ്പെട്ടു കിടക്കുകയായിരുന്ന ഈ പ്രദേശം, ബ്രിട്ടീഷ് അധിനിവേശത്തോടെയാണ് പുറംലോകവുമായി ബന്ധപ്പെട്ട് തുടങ്ങിയത്. 1879-ൽ ബ്രിട്ടീഷുകാർ കൊഹിമയിൽ അധികാരം ഉറപ്പിച്ചതിനു ശേഷം ക്രമേണ അവർ പെരെനിലും ആധിപത്യമുറപ്പിക്കുകയും ഈ പ്രദേശത്തെ നാഗാലാന്റിന്റെ മറ്റു പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കാൻ ഗതാഗത മാർഗ്ഗങ്ങൾ പണിയുകയും ചെയ്തു. കാലക്രമേണ മറ്റു നഗരങ്ങളിൽ നിന്നും കച്ചവടങ്ങൾക്കും മറ്റുമായി നിരവധി ആളുകൾ ഇവിടെ എത്തുകയും പെരെൻ നാഗാലാന്റിന്റെ അവിഭാജ്യഘടകമാവുകയും ചെയ്തു.

ഭൂമിശാസ്ത്രം

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്നും 800 മീറ്റർ മുതൽ 2500 മീറ്റർ വരെ ഉയരത്തിലാണ് ഈ ജില്ല. ടെറുവാകി, എംബീക്കി (ബരാക്), നൻട്ടികി, മംഗുലു, തെസ്സാങ്കി, എൻഗുവി, എൻകെയർ, തെക്കുകി, എൻഗുങ്രു, തഹിക്കി, ടെപ്യുക്കിയുടെ ഉപനദിയായ ഡ്യൂളുംറെ എന്നിവ പ്രധാന നദികളാണ്. ടെനിങ്ങ്, ജലുകിയ, പെരെൻ എന്നിവയാണ് പ്രധാന നഗരങ്ങൾ.

ഒരു മിതോഷ്ണ മേഖലയായ പേരെന്റെ വനസമ്പത്ത് അപൂർവ്വയിനം ജന്തുവർഗ്ഗങ്ങൾ, സസ്യലതാതികൾ, പറവകൾ എന്നിവയാൽ സമ്പുഷ്ടമാണ്. വനത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ചൂരൽ, മുള, പൈന്, യുക്കാലിപ്റ്റസ് എന്നീ മരങ്ങളാൽ നിബിഡമാണ്. കുടാതെ വ്യത്യസ്തയിനം ഓർക്കിഡുകളും കാണാം. ബരൈൽ മല നിരകളുടെ ഭാഗമായ ഈ പ്രദേശം നിരവധി ധാതുക്കളുടെ പ്രധാന ഉറവിടമാണ് കൂടിയാണ്.

ജനസംഖ്യ

[തിരുത്തുക]

2011-ലെ സെൻസസ് പ്രകാരം, പെരെൻ ജില്ലയിൽ ജനസംഖ്യ 94,954 ആണ്. 1000 പുരുഷന്മാർക്ക് 917 സ്ത്രീകളാണുള്ളത്. 79% ആണ് ഇവിടത്തെ സാക്ഷരതാനിരക്ക്.

ടൂറിസം

[തിരുത്തുക]

വടക്ക് കിഴക്കേ ഇന്ത്യയിലെ പ്രധാന നാഷണൽ പാർക്കുകളിലൊന്നായ ടാങ്കി, മൗണ്ട് പയോന, മൗണ്ട് കിസ, റാണി ഗൈടിൻലു ഗുഹകൾ എന്നിവയും പെരെന്റെ പ്രധാന സന്ദർശന കേന്ദ്രങ്ങളാണ്.

ടാങ്കി നാഷണൽ പാർക്ക്

[തിരുത്തുക]

ഇടാങ്കി എന്ന പേരിലും അറിയപ്പെടുന്ന ഈ പാർക്ക് പെരെനിൽ നിന്നും 40 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്നു. ദിമാപൂരിൽ നിന്നും ഏകദേശം 37 കിലോമീറ്റർ ദൂരം കാണും ഇവിടേക്ക്. ഏതാണ്ട് 200 ചതുരശ്ര കിലോമീറ്ററോളം പരന്നു വിശാലമായാണ് ഈ പാർക്ക് നിലകൊള്ളുന്നത്.

മൗണ്ട് പൌണ

[തിരുത്തുക]

പെരെൻ നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെ ബെൻരു പർവ്വതനിരകൾക്കൊപ്പം സ്ഥിതി ചെയ്യുന്ന മൗണ്ട് പൌണ നാഗാലാന്ഡിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയാണ്. നൂറ്റാണ്ടുകളോളം പഴക്കമുള്ള ശില്പങ്ങൾ ഇവിടത്തെ പാറകളിൽ കൊത്തിയിട്ടിരിക്കുന്നത് കാണാം. പെരെനിലെ മറ്റൊരു സഞ്ചാര കേന്ദ്രമായ ബെൻരു ഗ്രാമം ഇവിടെ നിന്നും 6 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യന്നു.

മൗണ്ട് കിസ

[തിരുത്തുക]

പെരെന് നഗരത്തിന്റെ തെക്കേയറ്റത്തായി സൗണ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് കിസ ചരിത്രപരമായി ഒട്ടേറെ പ്രാധാന്യം അർഹിക്കുന്ന പ്രദേശമാണ്. പണ്ട് നാഗ വർഗ്ഗക്കാരുടെ അതിർത്തി ദേശമായിരുന്നു ഇവിടം. കുടാതെ, ഈ ദേശത്തെ മറ്റ് വർഗ്ഗക്കാരുമായി സമ്മേളിക്കുന്ന പ്രദേശം കൂടിയായിരുന്നു ഇത്. പെരെനിൽ നിന്നും 28 കിലോമീറ്റർ അകലെയാണിത് സ്ഥിതി ചെയ്യുന്നത്.

റാണി ഗൈടിൻലു ഗുഹകൾ

[തിരുത്തുക]

പെരെൻ നഗരത്തിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള പുലിവാമ ഗ്രാമത്തിലാണ്‌ റാണി ഗൈടിന്ലു ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ഈ ഗുഹകൾക്ക് ഇവിടുത്തുകാരുടെ ജീവിതവുമായി അഭേദ്യമായ ബന്ധമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത്, നാഗാലാൻഡിലെ വിപ്ലവകാരിയായിരുന്ന റാണി ഗൈടിൻലു ഈ ഗുഹകളെ ഒളിത്താവളമാക്കിയാണ് പോരാട്ടം നയിച്ചിരുന്നത്. ഈ ഗുഹകൾ ഒരു ഇതിഹാസസ്മാരകമായി ഇന്നും നാഗജനതയുടെ മനസ്സിൽ നിലകൊള്ളുന്നു.

അവലംബം

[തിരുത്തുക]
  1. "പെരെൻ". Native Planet.
  2. "District Census Handbook - Peren" (PDF). 2011 Census of India. Directorate of Census Operations, Nagaland. Retrieved 2015-07-22.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പെരെൻ_ജില്ല&oldid=3806247" എന്ന താളിൽനിന്ന് ശേഖരിച്ചത്