ദിമാപൂർ
നാഗാലാൻഡ് സംസ്ഥാനത്തിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാന പട്ടണവും ആണ് ദിമാപൂർ. സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറേ അറ്റത്തായി വ്യാപിച്ചുകിടക്കുന്ന ദിമാപൂർ ജില്ലയ്ക്ക് 972 ച.കി.മീ. വിസ്തൃതിയുണ്ട്. ജനസംഖ്യ: 3,08,382 (2001); ജനസാന്ദ്രത: 333/ച.കി.മീ. (2001); അതിരുകൾ: വടക്കും പടിഞ്ഞാറും അസം സംസ്ഥാനം, കിഴക്കും തെക്കും കൊഹിമ ജില്ല.
മുമ്പ് കൊഹിമ ജില്ലയുടെ ഭാഗമായിരുന്ന ദിമാപൂർ പ്രദേശം. 1997-ൽ ആണ് പുതിയ ജില്ല രൂപം കൊണ്ടത്. മലയടിവാരപ്രദേശത്തു സ്ഥിതിചെയ്യുന്ന ഈ ജില്ലയിലെ നദികളിൽ പ്രമുഖ സ്ഥാനം ധാൻസിരിക്കാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഗിരിവർഗക്കാരാണ്. നാഗഭാഷയും ഉപഭാഷകളും പ്രചാരത്തിലുള്ള ദിമാപൂരിൽ ക്രിസ്ത്യൻ, ഹിന്ദു, മുസ്ലിം മതവിഭാഗങ്ങളിൽ പ്പെട്ടവർ നിവസിക്കുന്നു.
ചരിത്രം
[തിരുത്തുക]16-ാം ശ. വരെ അസം ഭരിച്ചിരുന്ന കചാരികളുടെ (Cachari) ആസ്ഥാനം ദിമാപൂർ ആയിരുന്നു എന്നാണ് അനുമാനം. ആധുനിക നഗരമായ ദിമാപൂരിൽനിന്ന് കുറച്ചകലെ മാറി ധാൻസിരി നദിക്കരയിലുള്ള ഘോരവനാന്തരങ്ങളിൽനിന്ന് പുരാതന നഗരത്തിന്റേതാണെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
കൃഷി
[തിരുത്തുക]ഭൂപ്രകൃതിക്കനുസൃതമായി തട്ടുകൃഷിക്കും മാറ്റക്കൃഷിക്കുമാണ് ഇവിടെ പ്രചാരം. നെല്ലാണ് മുഖ്യ വിള; ചേന, ചോളം, ഉരുളക്കിഴങ്ങ്, കരിമ്പ് തുടങ്ങിയവയും പഴം, പച്ചക്കറി എന്നിവയും ജില്ലയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. കന്നുകാലിവളർത്തലാണ് ജനങ്ങളുടെ മറ്റൊരു പ്രധാന ഉപജീവന മാർഗം.
വ്യവസായം
[തിരുത്തുക]തുന്നൽ, ചായംമുക്കൽ, ചൂരൽവ്യവസായം, ലോഹപ്പണി, കളിമൺവ്യവസായം തുടങ്ങിയവ ദിമാപൂർ ജില്ലയിലെ പ്രധാന പരമ്പരാഗത-കുടിൽ വ്യവസായങ്ങളാണ്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഷാളുകൾ, ബാഗുകൾ, ചൂരൽ ഉത്പന്നങ്ങൾ തുടങ്ങിയവയ്ക്ക് വൻ വിപണനസാധ്യതയാണുള്ളത്. 1988-ൽ പ്രവർത്തനം ആരംഭിച്ച യന്ത്രവത്കൃത ഇഷ്ടിക പ്ലാന്റിനു പുറമേ പഞ്ചസാര മിൽ, ടി.വി. അസംബ്ലി യൂണിറ്റ്, ഡിസ്റ്റിലറി യൂണിറ്റ് തുടങ്ങിയവയും ദിമാപൂരിൽ പ്രവർത്തിക്കുന്നു.
ഗതാഗതം
[തിരുത്തുക]റോഡ്-റെയിൽ-വ്യോമ ഗതാഗത സൗകര്യങ്ങൾ ദിമാപൂർ ജില്ലയിൽ ലഭ്യമാണ്. ദേശീയപാത 39 ഈ ജില്ലയിലൂടെ കടന്നു പോകുന്നു. ദിമാപൂർ പട്ടണത്തെ കൊൽക്കത്ത, ഗുവാഹത്തി നഗരങ്ങളുമായി വ്യോമമാർഗ്ഗം ബന്ധിപ്പിച്ചിട്ടുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]ഒരു ആർട്സ് കോളജും 9 സെക്കൻഡറി സ്കൂളുകളും ഉൾ പ്പെട്ടതാണ് ദിമാപൂർ ജില്ലയുടെ വിദ്യാഭ്യാസ മേഖല.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ദിമാപൂർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |