പത്താം നിലയിലെ തീവണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പത്താം നിലയിലെ തീവണ്ടി
സംവിധാനംജോഷി മാത്യൂ
നിർമ്മാണംജോസ് തോമസ്
രചനഡെന്നിസ് ജോസഫ്
അഭിനേതാക്കൾഇന്നസെന്റ്
ജയസൂര്യ
മീര നന്ദൻ
അനൂപു് മേനോൻ
വിജയരാഘവൻ
സംഗീതംഎസ്.പി. വെങ്കടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഛായാഗ്രഹണംവിനോദ് ഇല്ലമ്പള്ളി
ചിത്രസംയോജനംബീന പോൾ
റിലീസിങ് തീയതി2009 നവംബർ 13
രാജ്യം ഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം102 മിനിറ്റ്

2009-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പത്താം നിലയിലെ തീവണ്ടി (Train in the 10th floor). ഒരു ചിത്തഭ്രമ (സ്കിറ്റ്സോഫ്രീനിയ) രോഗിയുടെ ജീവിതവും ഒറ്റപ്പെടലുമാണ് ഈ ചലച്ചിത്രത്തിന്റെ പ്രമേയം. ഡെന്നിസ് ജോസഫ് തിരക്കഥയെഴുതിയ ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ജോഷി മാത്യൂ ആണ്. ഡെന്നിസ് ജോസഫ് തന്നെ കലാകൗമുദിയിൽ എഴുതിയ ഒരു ചെറുകഥയെ അടിസ്ഥാനമാക്കിയാണ് ചലച്ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്നസെന്റ്, ജയസൂര്യ, അനൂപ് മേനോൻ, മീര നന്ദൻ തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കേരളത്തിന്റെ പതിനാലാം അന്തർദേശീയ ചലച്ചിത്രമേളയിൽ മികച്ച മലയാളചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം പത്താം നിലയിലെ തീവണ്ടി നേടി.

കഥാസംഗ്രഹം[തിരുത്തുക]

റെയിൽവേയിൽ ഗാങ്ങ്മാനാണ് ശങ്കരനാരായണൻ (ഇന്നസെന്റ്). മാനസികരോഗത്തിലേക്ക് വഴുതിവീഴുന്ന ശങ്കരനാരായണന് റെയിൽവേ ജോലി നഷ്ടപ്പെടുന്നു. എപ്പോഴും തീവണ്ടി ശബ്ദം കേൾക്കുന്നതായും തീവണ്ടി തന്നെ പിൻതുടരുന്നതായും അയാൾക്ക് തോന്നുന്നു. കച്ചവടം നടത്താൻ അയാൾ ശ്രമിക്കുന്നുവെങ്കിലും അതും പച്ചപിടിക്കാതെ അയാൾ തികഞ്ഞ മദ്യപാനിയായി മാറുന്നു, മാനസികരോഗവും മൂർച്ഛിക്കുന്നു. മദ്യപാനം മൂലമാണ് ശങ്കരനാരായണന് ഭ്രാന്തായതെന്ന് എല്ലാവരും വിശ്വസിക്കുന്നു. ഒടുവിൽ അനേകം സ്വകാര്യാശുപത്രികളിലെ ചികിത്സയ്ക്കുശേഷം ഒരു സൗജന്യ സർക്കാർ മാനസികരോഗാശുപത്രിയിൽ ശങ്കരനാരായണനെ പ്രവേശിപ്പിക്കുന്നു. അവിടെ വച്ച് അയാൾ മകനായ രാമനാഥന് (ജയസൂര്യ) അയക്കുന്ന കത്തുകളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.

ആശുപത്രിയിലെത്തുന്ന പുതിയ ജൂനിയർ ഡോക്ടർ ജോൺ മത്തായി (അനൂപ് മേനോൻ) ശങ്കരനാരായണനെ പ്രത്യേകം ഇഷ്ടപ്പെടുന്നു. ശങ്കരനാരായണന് സ്കിറ്റ്സോഫ്രീനിയ (ചിത്തഭ്രമം) ആണെന്ന് അയാൾ കണ്ടെത്തുന്നു. ശങ്കരനാരായണന്റെ മാനസികരോഗിയായ അമ്മാവൻ (ജഗന്നാഥൻ) ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യ ചെയ്ത അമ്മയ്ക്കും മാനസികരോഗമായിരുന്നിരിക്കാം എന്ന് ഡോക്ടർ അനുമാനിക്കുന്നു. ഒരു മരുന്നുകമ്പനി പുതുതായി പുറത്തിറക്കിയ മരുന്ന് കഴിച്ചാൽ രോഗം ഭേദമായേക്കാം എന്ന് ഡോക്ടർ പറയുന്നു. ഇതിനെക്കുറിച്ച് മകന് കത്തയക്കുന്നുവെങ്കിലും ദാരിദ്യത്തിൽ ഉഴലുന്ന മകന് അത്രയും പണം സമ്പാദിക്കാൻ കഴിയാത്തതിനാൽ ആ കത്തുകളെ അവഗണിക്കുന്നു. കുടുംബക്കാർ ശങ്കരനാരായണനെ കാണുകയോ കത്തുകൾക്ക് മറുപടിയയക്കുകയോ ചെയ്യുന്നില്ല. ശങ്കരനാരായണൻ അക്രമാസക്തനാകുന്നു. ഇടയ്ക്ക് കൂട്ടുകാരൻ അയ്യപ്പൻ (വിജയരാഘവൻ) മാത്രം ശങ്കരനാരായണനെ സന്ദർശിക്കുന്നു. ആ ആശുപത്രിയിൽ ശങ്കരന് ആകെ പ്രതീക്ഷ നൽകിയിരുന്ന ജൂനിയർ ഡോക്ടർ ആശുപത്രിരീതികളുമായി ഒത്തുപോകാനാകാതെ സ്ഥലംമാറിപ്പോകുന്നു. ഇതോടെ ശങ്കരനാരായണൻ കൂടുതൽ ഒറ്റപ്പെടുന്നു. മകളുടെ വിവാഹം നടന്നതുപോലും അയ്യപ്പനാണ് ശങ്കരനാരായണനെ അറിയിക്കുന്നത്. മകളുടെ വിവാഹഫോട്ടോ അയച്ചുകൊടുക്കാനുള്ള അഭ്യർഥനയ്ക്ക് പോലും രാമു മറുപടിയയയ്ക്കുന്നില്ല.

സ്കോളർഷിപ്പ് നേടി രാമു ഉന്നതപഠനം നടത്തുന്നു. ഒടുവിൽ പ്രൊജക്റ്റ് എഞ്ചിനീയറായി ജോലി നേടുകയും അമ്മാവന്റെ മകൾ ഇന്ദുവിനെ (മീര നന്ദൻ) വിവാഹം കഴിക്കുകയും ചെയ്യുന്നു. രാമുവിന് ശങ്കരനാരായണൻ അവസാനമായി ഒരു കത്തയക്കുന്നു. തിമിരവും മസ്തിഷ്കാഘാതവും വന്ന് എല്ലാത്തിനും പരസഹായമാവശ്യമായ രീതിയിലാണ് താനിപ്പോൾ ജീവിക്കുന്നതെന്ന് കത്തിൽ പറയുന്നു. സൗജന്യ നേത്രശസ്ത്രക്രിയ വിജയിക്കാത്തതിനാൽ ശങ്കരനാരായണൻ തികച്ചും അന്ധനായി മാറുന്നു. പത്താം നിലയിൽ നിന്ന് ചാടി അയാൾ ആത്മഹത്യ ചെയ്യുന്നു.

എഴുതിയിട്ടും ശങ്കരനാരായണൻ അയക്കാതിരുന്ന കത്തുകളിൽ നിന്ന് രാമുവിന്റെ വിലാസം തേടിപ്പിടിച്ച് ജോൺ മത്തായി അവരെ സന്ദർശിക്കുന്നു. മരണവിവരം അറിയിക്കുമ്പോഴും താൻ ശങ്കരനാരായണന്റെ മകനാണെന്ന് രാമു സമ്മതിക്കുന്നില്ല. മക്കൾക്കും അടുത്ത കുടുംബത്തിനും അതേ രോഗം വരാൻ സാധ്യതയുണ്ടെന്ന് അറിയിച്ച് ഡോക്ടർ തിരിച്ചുപോകുന്നു. അന്ന് രാത്രി രാമനാഥൻ തികച്ചും മാനസികരോഗിയായി മാറിയിരിക്കുന്നതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതോടെ കഥ അവസാനിക്കുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

ഐ.എഫ്.എഫ്.കെ. 2009[തിരുത്തുക]

  • മികച്ച മലയാളചലച്ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരം : പത്താം നിലയിലെ തീവണ്ടി [1]

ഫിലിം ക്രിട്ടിക്സ് അവാർഡ് 2009[തിരുത്തുക]

കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2009[തിരുത്തുക]

  • ശബ്ദലേഖനം : എൻ. ഹരികുമാർ[3]

അവലംബം[തിരുത്തുക]

  1. "കേരളത്തിന്റെ 14-ആം അന്തർദേശീയ ചലച്ചിത്രമേള അവാർഡുകൾ". മൂലതാളിൽ നിന്നും 2010-01-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-03-20.
  2. ടൈംസ് ഓഫ് ഇന്ത്യ : ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു, ഇന്നസെന്റ് മികച്ച നടൻ[പ്രവർത്തിക്കാത്ത കണ്ണി]
  3. "മാതൃഭൂമി : മികച്ച ചിത്രം പാലേരിമാണിക്യം: മമ്മൂട്ടി നടൻ, ശ്വേത നടി". മൂലതാളിൽ നിന്നും 2010-04-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-04-06.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പത്താം_നിലയിലെ_തീവണ്ടി&oldid=3636109" എന്ന താളിൽനിന്ന് ശേഖരിച്ചത്