നന്ദനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു തമിഴ് ഭക്തകവിയായിരുന്നു നന്ദനാർ (തമിഴ്: நந்தனார் or திருநாளைப் போவார் நாயனார்). തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ മെർക്കാട്ടതനൂരിൽ (ഇന്നത്തെ മേളനല്ലൂർ) പറയ സമുദായത്തിൽ ജനിച്ചു. കടുത്ത ശിവഭക്തനായിട്ടാണ് അദ്ദേഹം വളർന്നത്. പക്ഷേ അടുത്തുള്ള പുരാതന ക്ഷേത്രത്തിന് പുറത്ത്, വളരെ ദൂരെ നിന്നു മാത്രമേ അദ്ദേഹത്തിന് ആരാധന നടത്താൻ കഴിഞ്ഞിരുന്നുള്ളു. മെർക്കാട്ടതനൂരിൽ അയിത്തക്കാരുടെ വാസസ്ഥലമായ പുലിയപ്പാടി ചേരിയിലായിരുന്നു അദ്ദേഹം വസിച്ചിരുന്നത്.

ശിവഭക്തൻ[തിരുത്തുക]

ഒരു ജന്മിയുടെ അടിമയായി ജോലിചെയ്തുവന്ന നന്ദനാർ സത്യസന്ധനും കഠിനാധ്വാനിയുമായിരുന്നു. ദിവസവും പണികഴിഞ്ഞ് പ്രാർഥന നടത്തുക പതിവായിരുന്നു. തോൽകൊണ്ട് സ്വന്തമായുണ്ടാക്കിയ ചെണ്ടയും വീണയും മറ്റുമുപയോഗിച്ച് ഭക്തിഗീതങ്ങൾ പാടുകയും, ക്ഷേത്രത്തിനകലെ നിന്നിട്ടാണെങ്കിലും, ചിലപ്പോൾ ഉന്മാദത്തോടെ നൃത്തം ചെയ്യുകയും ചെയ്യും.

ഒരിക്കൽ അദ്ദേഹം തിരുപ്പുങ്കൂറിലെ ശിവലോകനാഥസ്വാമി ക്ഷേത്രത്തിൽ പോയി. താഴ്ന്ന ജാതിക്കാരനെന്ന കാരണത്താൽ ക്ഷേത്രത്തിനു പുറത്തുനിർത്തി. അവിടെനിന്നുകൊണ്ട് വിഗ്രഹം ദർശിക്കാൻ അദ്ദേഹം ശ്രമിച്ചു. എന്നാൽ ശ്രീകോവിലിനു മുന്നിലുള്ള നന്ദിയുടെ പ്രതിഷ്ഠ കാരണം ശിവപ്രതിഷ്ഠ കാണാനായില്ല. നന്ദനാർ മനമുരുകി പ്രാർഥിച്ചപ്പോൾ ശിവൻ നന്ദിയോട് മാറിക്കിടക്കാൻ ആവശ്യപ്പെട്ടു എന്നാണ് ഐതിഹ്യം. പതിനഞ്ചടി നീളവും ഏഴടി വീതിയും ഏഴടി ഉയരവുമുള്ള നന്ദിയുടെ കരിങ്കൽ വിഗ്രഹം വലത്തേക്ക് രണ്ടടി മാറുകയും അദ്ദേഹത്തിന് ശിവദർശനം സാധ്യമാവുകയും ചെയ്തുവെന്ന് ഐതിഹ്യം പറയുന്നു. അവിടെ ഇന്നും നന്ദി വലത്തേക്ക് മാറിയാണത്രെ കിടക്കുന്നത്. നന്ദിയെ മാറ്റിയ ഭക്തനായതിനാലാണ് അദ്ദേഹം നന്ദനാരായത്. ദർശനം സാധിച്ചതിനു പ്രത്യുപകാരമായി, ഉപയോഗശൂന്യമായിക്കിടന്ന ക്ഷേത്രക്കുളത്തെ വിനായകന്റെ സഹായത്തോടെ അദ്ദേഹം പുനരുദ്ധരിച്ചു. ക്ഷേത്രത്തിനകത്ത് കുളംവെട്ടിയ വിനായകന്റെ പ്രതിഷ്ഠയുണ്ട്. ഇവിടെ 1959 മേയ് 13-ന് നന്ദനാർ ക്ഷേത്രം സ്ഥാപിതമാവുകയും ചെയ്തു.

തിരുനാളൈപ്പോവർ[തിരുത്തുക]

തുടർന്ന് നടരാജ പ്രതിഷ്ഠയുള്ള തില്ലൈ (ചിദംബരം)യിലേക്കു പോകാനാണ് നന്ദനാർ ആഗ്രഹിച്ചത്. എന്നാൽ ജന്മി അദ്ദേഹത്തെ പോകാൻ അനുവദിച്ചില്ല. ഉന്നത ജാതിക്കാരുടെ ക്ഷേത്രത്തിൽ താഴ്ന്നവനെന്തിന് പോകുന്നുവെന്ന് ചോദിച്ച് പാടത്തെ പണി തീർക്കുവാനാവശ്യപ്പെട്ടു. തില്ലൈയിൽ എന്നു പോകുമെന്നു ചോദിക്കുന്നവരോടെല്ലാം നാളൈ എന്നു പറഞ്ഞു നടന്ന അദ്ദേഹത്തിന് നാളൈപ്പോവർ (തിരുനാളൈപ്പോവർ) എന്ന പേരും ഉണ്ടായി. സവർണരുടെ ദൈവമായ നടരാജനുപകരം അവർണരുടെ ദൈവങ്ങളായ കറുപ്പൻ, മുനിയൻ, മൂക്കൻ തുടങ്ങിയവരെ ആരാധിച്ചാൽ മതിയെന്നു ജന്മി നന്ദനാരോടു പറഞ്ഞു. വർഷങ്ങൾ പഴക്കമുള്ള തങ്ങളുടെ പാരമ്പര്യ വിശ്വാസങ്ങൾ ഉപേക്ഷിക്കരുതെന്നു ബന്ധുജനങ്ങളും അദ്ദേഹത്തെ ഉപദേശിച്ചു. നന്ദനാർ ഒന്നും ചെവിക്കൊണ്ടില്ല. വീണ്ടും ജന്മിയെക്കണ്ട് അഭ്യർഥന നടത്തി. 40 വെല്ലി (250 ഏക്കർ‍) നിലം ഒരുദിവസംകൊണ്ട് ഉഴുതുമറിച്ചിട്ട് തില്ലൈയിലേക്കു പോയ്ക്കൊള്ളാൻ ജന്മി പറഞ്ഞു. അസാധ്യമായ ആ കാര്യം അന്നു രാത്രി ശിവൻ തന്റെ ഭക്തനുവേണ്ടി ചെയ്തുതീർത്തത്രെ. ജന്മി നന്ദനാരുടെ കാൽക്കൽ വീണ്, അദ്ദേഹത്തിന്റെ ആരാധകനായി എന്നതാണ് മറ്റൊരൈതിഹ്യം.

ചിദംബരത്തിലെത്തിയ നന്ദനാർ, അയിത്തഭയത്താൽ ഓരോ തെരുവിലും നിന്ന് വരുകലാമാ (വരാമോ) എന്നു വിളിച്ചുചോദിക്കേണ്ടിയിരുന്നു. അതുകേട്ട് ഉന്നതജാതിക്കാർ വാതിലുകൾ കൊട്ടിയടച്ച് അകത്തിരിക്കുമ്പോൾ തെരുവു മുറിച്ചു കടക്കുകയായിരുന്നു ഉദ്ദേശ്യം. അങ്ങനെ ക്ഷേത്രദർശനം നടത്തിയും ദൈവനാമമുരുവിട്ടും കീർത്തനങ്ങൾ ചൊല്ലിയും ഭക്തിപരവശനായി നൃത്തം ചെയ്തും നന്ദനാർ ക്ഷേത്രപരിസരത്ത് പല ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒരു ദിവസം നന്ദനാരുടെയും ക്ഷേത്രദീക്ഷിതരുടെയും (ബ്രാഹ്മണ പുരോഹിതൻ) സ്വപ്നത്തിൽ ശിവൻ പ്രത്യക്ഷപ്പെട്ടു. അഗ്നിസ്നാനം നടത്തിയാൽ നന്ദനാർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്നായിരുന്നു സ്വപ്നം. ബ്രാഹ്മണപുരോഹിതർ ഒരുക്കിയ തീക്കുണ്ഡത്തിൽ നന്ദനാർ സ്നാനം നടത്തി. കണ്ടുനിന്ന മൂവായിരം ബ്രാഹ്മണ പുരോഹിതർ തൊഴുകൈകളോടെ നന്ദനാരെ ക്ഷേത്രത്തിലേക്കാനയിച്ചു. ക്ഷേത്രത്തിനുള്ളിൽ ഭക്തിനൃത്തം ചവിട്ടിയ നന്ദനാർ ശിവനിൽ ലയിച്ച് അപ്രത്യക്ഷനായി എന്നാണു വിശ്വാസം.

പെരിയ പുരാണത്തിലെ ശിവഭക്തന്മാരായ 63 നായനാർമാരിൽ ഒരാളും ദക്ഷിണേന്ത്യയിലാദ്യമായി അവർണർക്കു ക്ഷേത്രപ്രവേശനം ആവശ്യപ്പെട്ട ചരിത്ര പുരുഷനുമാണ് നന്ദനാർ.

അവലംബം[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നന്ദനാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നന്ദനാർ&oldid=3634985" എന്ന താളിൽനിന്ന് ശേഖരിച്ചത്