Jump to content

നന്തനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി.സി. ഗോപാലൻ
നന്തനാർ
ജനനം
പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ

(1926-01-05)ജനുവരി 5, 1926[1]
മരണംഏപ്രിൽ 24, 1974(1974-04-24) (പ്രായം 48)[1]
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾനന്തനാർ
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
അറിയപ്പെടുന്നത്കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്

നോവലിസ്റ്റ്, ചെറുകഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ ഒരു മലയാളസാഹിത്യകാരനാണ് നന്തനാർ എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന പൂരപ്പറമ്പിൽ ചെങ്ങര ഗോപാലൻ (1926 - 1974). ആത്മാവിന്റെ നോവുകൾ എന്ന നോവൽ 1963-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് നേടി. തമിഴ് ശിവഭക്തസന്യാസിയായിരുന്ന നന്ദനാരോടുള്ള ആദരസൂചകമായാണ് അദ്ദേഹം തൂലികാനാമം സ്വീകരിച്ചത്.

ജീവിതരേഖ

[തിരുത്തുക]

1926-ൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത്‌ പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീട്. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്റ്റിൽ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവേ 1974-ൽ പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയിൽ വച്ച് നന്തനാർ ആത്മഹത്യ ചെയ്തു. ഈ കടുംകൈ ചെയ്യുമ്പോൾ അദ്ദേഹത്തിന് 48 വയസ്സേ ആയിരുന്നുള്ളൂ.

ഏഴു നോവലുകളും ഒരു നാടകവും പതിനൊന്ന് കഥാസമാഹാരങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ബാല്യം മുതൽ താൻ അനുഭവിച്ചറിഞ്ഞ കഷ്ടപ്പാടുകൾ കഥയിൽ അവതരിപ്പിച്ചിട്ടുള്ള നന്തനാരുടെ കഥാപാത്രങ്ങൾ പാവപ്പെട്ടവരും സാധാരണക്കാരും മണ്ണിന്റെ മണവും പ്രകൃതിയുടെ കനിവും അറിഞ്ഞ ഹൃദയ നൈർമല്യവുമുള്ളവരുമാണ്. മലബാർ കലാപവും ഇന്ത്യാ-പാക് വിഭജനവും ഹിന്ദുമുസ്ലീം ലഹളയും നന്തനാർ കഥകളുടെ ജീവത് സ്പന്ദനങ്ങളായി മാറുന്നുണ്ട്. യുദ്ധക്കെടുതികളും പട്ടാളക്യാമ്പുകളിലെ മനം മടുപ്പിക്കുന്ന ജീവിതവും കഥകളുടെ ശക്തികേന്ദ്രങ്ങളാണ്. ആത്മാവിന്റെ നോവുകൾ ഇംഗ്ലീഷിലും ഹിന്ദിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചെറുകഥകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ കവിയും ഗാനരചയിതാവുമായ പി.സി. അരവിന്ദൻ നന്തനാരുടെ അനന്തരവനാണ്.

കൃതികൾ

[തിരുത്തുക]
  • ആത്മാവിന്റെ നോവുകൾ (1965)
  • അനുഭൂതികളുടെ ലോകം (1965)
  • ഉണ്ണിക്കുട്ടന്റെ ഒരു ദിവസം (1966)
  • ഉണ്ണിക്കുട്ടൻ സ്കൂളിൽ (1967)
  • മഞ്ഞക്കെട്ടിടം (1968)
  • ഉണ്ണിക്കുട്ടൻ വളരുന്നു (1969)
  • ആയിരവല്ലിക്കുന്നിന്റെ താഴ്വരയിൽ (1971)
  • അനുഭവങ്ങൾ (1975)

ചെറുകഥകൾ

[തിരുത്തുക]
  • തോക്കുകൾക്കിടയിലെ ജീവിതം (1957)
  • നിഷ്കളങ്കതയുടെ ആത്മാവ് (1961)
  • മിസ്റ്റർ കുൽക്കർണി (1965)
  • കൊന്നപ്പൂക്കൾ (1971)
  • ഇര (1972)
  • ഒരു സൗഹൃദ സന്ദർശനം (1974)
  • നെല്ലും പതിരും
  • വിലാസിനി

കുറിപ്പുകൾ

[തിരുത്തുക]

൧.^ നന്തനാരുടെ യഥാർഥ ജീവിത സന്ദർഭങ്ങളെയും കഥാസന്ദർഭങ്ങളെയും കോർത്തിണക്കി എം.ജി. ശശി സംവിധാനം ചെയ്ത ചലച്ചിത്രമാണ് സംസ്ഥാന പുരസ്കാരം നേടിയ അടയാളങ്ങൾ.

അവലംബങ്ങൾ

[തിരുത്തുക]
  1. 1.0 1.1 ഷമീർ (24 ഏപ്രിൽ 2014). "നന്തനാർ ഓർമ്മയായിട്ട് 40 വർഷം" (പത്രലേഖനം). മാധ്യമം. Archived from the original on 2014-04-30. Retrieved 30 ഏപ്രിൽ 2014.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ (1926 - 74) നന്തനാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നന്തനാർ&oldid=3921605" എന്ന താളിൽനിന്ന് ശേഖരിച്ചത്