തിരുക്കുറൾ
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2009 ഓഗസ്റ്റ്) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തമിഴ് പദ്യ സാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്നപേരിൽ അറിയപ്പെടുന്നത്. ശ്രീ എന്നർത്ഥമുള്ള തിരു എന്നത് മഹത്ത്വത്തെ സൂചിപ്പിക്കുന്നു തിരുവള്ളുവർ ആണ് ഈ പുരാതനമായ തത്ത്വചിന്താ ശാസ്ത്ര ഗ്രന്ഥത്തിന്റെ രചയിതാവ്[1]. ഇംഗ്ലീഷ്:Thirukkural(തമിഴ്: திருக்குறள். (കുറൾ എന്നും അറിയപ്പെടുന്നു) തമിഴ് സാഹിത്യത്തിലെ അനശ്വരകാവ്യങ്ങളിലൊന്നായി തിരുക്കുറളിനെ കണക്കാക്കുന്നു. [2] കാവ്യഭംഗിയോടൊപ്പം മൗലികത, സാർവ ജനീനത, സാർവകാലികപ്രസക്തി, സരളത, ഗഹനത എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ ഭീമമായ അർത്ഥങ്ങൾ ചേർത്താണ് വള്ളുവർ ഇത് രചിച്ചിരിക്കുന്നത്.
“ | നന്ദി മറക്കുക നന്നല്ല, നന്നല്ലവ അന്നേ മറക്കുക നന്നേ |
” |
എന്ന ഈരടിയിലൂടെ മറ്റുള്ളവർ ചെയ്തു തന്ന നന്മകളെ മറക്കുന്നത് ധർമ്മമല്ല എന്നും അവർ എന്തെങ്കിലും തിന്മകൾ ചെയ്തിട്ടുണ്ടെങ്കിൽ അത് അപ്പപ്പോൾ തന്നെ മറന്നു കളയുന്നതാണ് നല്ലതെന്നുമുള്ള സാർവലൗകിക ശാന്തി തന്ത്രമാണ് അദ്ദേഹം ഉപദേശിക്കുന്നത്. ഇതിലില്ലാത്ത പ്രപഞ്ചതത്വം മറ്റൊന്നിലും ഇല്ല എന്ന് പറയാറുണ്ട്. കപിലർ, പരണർ, നക്കീരൻ, മാമൂലർ തുടങ്ങിയ തമിഴ് കവികളെല്ലാം തിരുക്കുറളിലെ മാഹാത്മ്യം പ്രകീർത്തിച്ച് പാടിയിട്ടുണ്ട്.
സംഘകാലത്താണ് തിരുക്കുറൾ രചിക്കപ്പെട്ടത്. സംഘകാലത്തെ കീഴ്‌കണക്ക് വിഭാഗത്തിൽ പെടുന്ന പുസ്തകമാണ്. മേൽകണക്ക് എന്ന ഇതര വിഭാഗത്തിൽ പെടുന്നത് വെൺപാ, ആശിരിയപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുൾപ്പാ എന്നീ അഞ്ചു തരം കവിതകളുറ്റെഹ് സംഘാതമാണ്. കീഴ്‌കണക്ക് ധർമ്മം, അർത്ഥം, കാമം എന്നീ വിഷയങ്ങൾ പ്രതിപാദിക്കുന്നതും വെൺപാ, കുറൾ തുടങ്ങിയ സൂത്രണങ്ങളിൽ രചിക്കപ്പെട്ട കൃതികളുമാണ്. 18 കൃതികളാണിതിലുള്ളത്. മുപ്പാൽ (തിരുക്കുറൽ), നാലടിയാർ, നാന്മണിക്കടികൈ, ഇനിയവൈ നാല്പത്, ഇന്നാ നാല്പത്, കാർ നാല്പത്, കളവഴി നാല്പത്, എന്തിണൈ നാല്പത്, ഐന്തിണൈ എഴുപത്, തിണൈമൊഴി അൻപത്, തിണൈ മാലൈ നൂറ്റി അൻപത്, തിരികടുകം, ആചാരക്കോവൈ, പഴമൊഴി, ചെറുപഞ്ചമൂലം, കാഞ്ചി, ഏലാതി, കൈന്നിലൈ എന്നിവയാണ് അവ. തിരുക്കുറൾ ഈ വിഭാഗത്തിലെ ആദ്യഗ്രന്ഥമാണ്.
“ | ആലും വേലും പല്ലുക്കറുതി നാലും രണ്ടും ചൊല്ലുക്കറുതി |
” |
അതായത് ആലിൽ നിന്നു വീഴുന്നതും കരുവേല മരത്തിലെ വേരും പല്ലിനെ ശുദ്ധിയാക്കും അതേ പോലെ നാലടി, ഈരടി പാട്ടുകൾ പദങ്ങളെ ശുദ്ധിവരുത്തും എന്ന തമിഴ് ചൊല്ലിൽ നിന്ന് നാലടി പാട്ടുകളും ഈരടിപാട്ടുകളുമാണ് വാക്കുകളുടെ ഉന്നതിയിൽ നിൽകുന്നതെന്നു മനസ്സിലാക്കാം. അതിബൃഹത്തും മഹത്തും വിശാലവുമായ സംസ്കാരങ്ങൾക്കുടമകളായിരുന്നു ദ്രാവിഡർ എന്നതിനു കനത്ത തെളിവാണ് ഉപനിഷത്തുക്കളോട് കിടപിടിക്കുന്ന താത്വിക ചിന്തകളടങ്ങിയ കുറൾ.
133 അധികാരങ്ങളിലായി 1330 കുറലുകൾ അടങ്ങിയ ഗ്രന്ഥമാണ് തിരുക്കുറൾ. ഓരോ കുറലും അർത്ഥസാഗരം അടങ്ങിയതാണ്. ഏഴുപദങ്ങൾ കൊണ്ടാണ് ഒരോ കുറലുകളും രചിച്ചിരിക്കുന്നത്. തമിഴ് ബൈബിൾ എന്നറിയപ്പെടുന്നത് തിരുക്കുറൾ ആണ്
പേരിനു പിന്നിൽ
[തിരുത്തുക]തമിഴ് പദ്യസാഹിത്യത്തിലെ ഈരടികളാണ് കുറൾ എന്ന പേരിൽ അറിയപ്പെടുന്നത്. തിരു ശ്രീ എന്നത് അതിന്റെ മഹത്ത്വത്തെ വെളിപ്പെടുത്തുന്നു. കുറളിലെ ആദ്യവരിയിൽ നാല് പദങ്ങളും രണ്ടാമത്തേതിൽ മൂന്ന് പദങ്ങളും അടങ്ങിയിരിക്കും. തിരുക്കുറൾ 12 പേരുകളിൽ അറിയപ്പെടുന്നുണ്ട്. മുപ്പാൽ(ധർമ്മം, അർത്ഥം, കാമം എന്നിവയടങ്ങിയതിനാൽ), പൊയ്യാമൊഴി (എക്കാലവും ധർമ്മം ഓതുന്നതിനാൽ) വായുറൈ വാഴ്ത്ത്(ഔഷധഗുണമുള്ളത്), ഉത്തരവേദം (വേദങ്ങളുടെ സത്ത ഉള്ളത്) ദൈവനൂൽ (ദൈവികത്തമുള്ളത്) തിരുവള്ളുവം (വള്ളുവർ രചിച്ചത്) തമിഴ് മറൈ (തമിഴ് വേദം) പൊതുമറൈ (ഏതു ജാതിക്കുമുള്ള വേദം) തിരുവള്ളുവപ്പയൻ (തിരുവള്ളുവർ രചിച്ചത്) പൊരുളുരൈ (സാഗരം പോലെ വിശാലമായ പല അർത്ഥങ്ങൾ ഉള്ളത്) മുതുമൊഴി (പഴമയുള്ള വാക്കുകൾ ചേർന്നത്)
രചയിതാവ്
[തിരുത്തുക]'പൊയ്യമൊഴിപ്പുലവർ (സത്യവക്താവായ ജ്ഞാനി)'എന്നറിയപ്പെടുന്ന തിരുവള്ളുവർ ആണ് ഇതിന്റെ രചയിതാവ്.
കാലഘട്ടം
[തിരുത്തുക]ക്രിസ്തുവിനു മുന്ന് രണ്ടാം നൂറ്റാണ്ടുമുതൽ ക്രിസ്തുവർഷം 8-)ം നൂറ്റാണ്ടുവരെയുള്ള കാലഘട്ടങ്ങളിലായിരിക്കണം ഇത് രചിച്ചത് എന്നു കരുതുന്നു. അർത്ഥശാസ്ത്രത്തിനുശേഷവും മണിമേഖല ചിലപ്പതികാരം എന്നിവക്കുമുന്നുമാണ്- ഇത് രചിക്കപ്പെട്ടത്. മണിമേഖലയിലും ചിലപ്പതികാരത്തിലും കുറളിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. സംഘസാഹിത്യത്തിൽ കീഴ്കണക്ക്, മേൽക്കണക്ക് എന്നീ രണ്ടുവിഭാഗത്തിൽ പെടുന്ന ഗ്രന്ഥങ്ങളാണുള്ളത്. തിരുക്കുറൾ സംഘസാഹിത്യത്തിലെ കീഴ്കണക്ക് വിഭാഗത്തില്പെട്ട ഗ്രന്ഥമാണ്. മേൽക്കണക്ക് എന്നത് വെൺപാ, ആശിരിയിപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുൾപ്പാ എന്നീ അഞ്ചുവക കവിതകളുടെ സംഘാതമാണ്. നാല്പ്പതുമുതൽ ആയിരത്തി മുന്നൂറ്റി മുപ്പത് വരെ പാട്ടുകൾ ഇവയിൽ ഒരോന്നിലും ഉണ്ടാകാം. കീഴ്കണക്കാകട്ടെ ധർമ്മം, അർത്ഥം, കാമം എന്നീ വിഷയങ്ങളിലുള്ള വെൺപാ, കുറൾ എന്നീ സൂത്രണങ്ങളിൽ രചിക്കപ്പെട്ടതുമായിരിക്കും. ഇവയിൽ 18 കൃതികൾ അടങ്ങിയിരിക്കുന്നു. മുറയേ, മുപ്പാൽ നാലടിയാർ തുടങ്ങിയവയാണവ.
വിഭാഗങ്ങൾ
[തിരുത്തുക]അറത്തുപ്പാൽ (ധർമ്മമാർഗ്ഗം), പൊരുട്പ്പാൽ (അർത്ഥമാർഗ്ഗം), കാമത്തുപ്പാൽ (കാമമാർഗ്ഗം) എന്നീ മുന്ന് വിഭാഗങ്ങളായിട്ടാണ് തിരുവള്ളുവർ ഈ ഗ്രന്ഥത്തെ ഒരുക്കിയിരിക്കുന്നത്. കീഴ്ക്കണക്ക് വിഭാഗത്തിൽ പെടുന്ന 18 കൃതികളും ഏതാണ്ട് ഇതേ രീതിയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്. ഈ വിഭഗങ്ങളിലായി ജീവിതദർശനം അതീവ ജാഗ്രതയോടെ ഒതുക്കി എഴുതിയിരിക്കുന്നു. ലോകധർമ്മം ഉണർത്തുന്ന ധർമ്മമാർഗ്ഗം ഏത് ജാതിയില്പ്പെട്ട(ധർമ്മം സ്വീകരിച്ചവർ)വർക്കും ജീവന്റെ സത്യം ഉണർത്തി ജീവിതം ധന്യമാക്കാനുള്ള പൊതുവായ നീതിമാർഗ്ഗം ഉപദേശിക്കുന്നു. ധർമ്മമാർഗ്ഗം തിരുക്കുറളിൽ രണ്ട് ഭാഗമായി രചിച്ചിരിക്കുന്നു. ധർമ്മവഴി അന്വേഷിച്ച് ജീവിതം സഫലമാക്കുന്നതിൽ സാധാരണക്കാരനാണ് പ്രഥമസ്ഥാനം. ജന്മമെടുക്കുന്നത് ചില പ്രത്യേക കർമ്മങ്ങൾ ചെയ്യാനാണ്, അതിൽ പ്രാധാന്യം ഗൃഹസ്ഥാശ്രമിയുടെ കർമ്മത്തിനാണ്. അതിനാൽ ആദ്യമായി ഗൃഹസ്ഥാശ്രമധർമ്മത്തിനും രണ്ടാമതായേ സന്യാസത്തിനായുള്ള കർമ്മമാർഗ്ഗങ്ങളും ഉപദേശിക്കുന്നു. അർത്ഥമാർഗ്ഗത്തിൽ രാജാവിനോടും രാജ്യത്തോടുമുള്ള കടപ്പാടും ഭരണചക്രം എങ്ങനെ തിരിയണം എന്നതുമായ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയിരിക്കുന്നു. പ്രണയസുഖത്തിലെ കാമമാർഗ്ഗം മൂന്നാമത്തേതാണ്. അന്നത്തെ ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ അന്തസ്സത്ത ഉൾക്കൊണ്ട ദൈവികപ്രേമത്തിനെ വിവരണമായാണ് കാമമാർഗ്ഗത്തെ ദർശിക്കാവുന്നത്. തിരുക്കുറൾ ലോകധർമ്മം ഉദ്ഘോഷിക്കുന്ന ഗ്രന്ഥമാണ്. ഏതു മതം സ്വീകരിച്ചവരായാലും ഏതു ജനതയായാലും അവർക്കൊക്കെ ജീവന്റെ സത്യവും ലക്ഷ്യവും ദർശനയോഗ്യമാക്കി ജീവിതം സഫലമാക്കുവാനുള്ള പൊതുവായ നീതിമാർഗ്ഗം ഉപദേശിക്കുന്നു. ജീവിതബന്ധിയായ ധർമ്മം, അർത്ഥം, കാമം എന്നീ മൂന്ന് തത്ത്വങ്ങൾ എന്താണെന്നും അവ എങ്ങനെ കൈവരിക്കാമെന്നും സാരോപദേശരൂപേണ ഇതിൽ പ്രതിപാദിക്കുന്നു. ധർമാത്ഥകാമങ്ങളെക്കുറിച്ചുള്ള അറിവു നേടുകയും കർമ്മങ്ങളിലൂടെ ആ അറിവ് സഫലമാക്കുകയുമാണ് ജന്മ സാഫല്യം നേടാനുള്ള മാർഗ്ഗമെന്നും അതുതന്നെയാണ് അറിവ് എന്നും ജന്മം കൊണ്ട് ആത്മാവുമായി ശരീരം അഭിരമിച്ച് കർമ്മം ചെയ്യ്ത് തീർക്കുന്നതാണ് പുരുഷാർത്ഥധർമ്മം എന്നും തിരുക്കുറൾ ഉപദേശിക്കുന്നു. ഇവ മൂന്നും ചേർന്നല്ലതെ ഒറ്റക്കൊറ്റക്കായോ മറ്റൊന്നുമായി ചേർന്നോ നിലനില്പ് നിഷിദ്ധമത്രെ.
അറത്തുപ്പാൽ
[തിരുത്തുക]അറം എന്നാൽ ധർമ്മം എന്നാണർത്ഥം, അറത്തുപ്പാൽ എന്നാൽ ധർമ്മത്തെ പ്രവചിക്കുന്നതെന്നും. ജീവിതം കർമ്മബദ്ധമാണ്, ജീവന്റെ നിലനിൽപും കർമ്മങ്ങളിൽ തന്നെയാനടങ്ങിയിരിക്കുന്നത്. ഇത് ഗൃഹസ്ഥാശ്രമ ധർമ്മമെന്നും (ഇല്ലറം, വീട്ടിലെ ധർമ്മം) സന്യാസധർമ്മമെന്നും(തുറവറം, സന്യാസം) രണ്ടായിതിരിച്ചിരിക്കുന്നു.
പായിരം (ആമുഖം) ഇല്ലറം (ഗാർഹസ്ഥ്യം), തുറവറം (സന്ന്യാസം), ഊഴ് (വിധി) എന്നീ നാലു അദ്ധ്യായങ്ങളാണ് ഇതിൽ ഉള്ളത്. പായിരം എന്ന അദ്ധ്യായം മുഖവുരയെന്നോണം എല്ലാ മാർഗ്ഗങ്ങൾക്കുമുന്നായും രചിക്കപ്പെട്ടിരിക്കുന്നു. ഈശ്വരസ്തുതിയും പ്രപഞ്ചസത്യവും വെളിപ്പെടുത്തുന്നതാണീ ആമുഖങ്ങൾ.
“ | അകര മുതല എഴുത്തെല്ലാം ആദി ഭഗവൻ മുതറ്റേ ഉലകു |
” |
എന്നതാണ് ആദ്യത്തെ കുറൾ. എഴുത്തിലെല്ലാം 'അ'കാരൻ ആദ്യാക്ഷരമാകുന്നതുപോലെ ഈ പ്രപഞ്ചം ആദിയായ ഭഗവനിൽ (ബ്രഹ്മം) നിന്നുണ്ടാകുന്നു എന്നാണ് ഇതിനർത്ഥം.